വെട്ടത്തുനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താനൂർ സ്വരൂപം
നാട്ടുരാജ്യം
ആധുനിക രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം

പൊന്നാനി, തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്നതാണ് വെട്ടത്തുനാട് (വെട്ടം) അഥവാ താനൂർ സ്വരൂപം. താനൂർ, തൃക്കണ്ടിയൂർ, ചാലിയം, തൃപ്രങ്ങോട് മുതലായ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. വെട്ടത്തു രാജാവ് ക്ഷത്രിയനായിരുന്നു. സാഹിത്യകൃതികളിൽ വെട്ടത്തുനാടിനെ ‘പ്രകാശഭൂ’എന്നും രാജാവിനെ പ്രകാശഭൂപാലൻ എന്നും പരാമർശിച്ചിട്ടുണ്ടു്.

സാഹിത്യം, കല എന്നിവയുടെ പോഷണത്തിൽ വെട്ടത്തു രാജാക്കന്മാർ ഉത്സാഹിച്ചിരുന്നു. ഒരു വെട്ടത്തുനട് രാജാവ് കഥകളിയിൽ നടത്തിയ സുപ്രധാന പരിഷ്കാരങ്ങളാണു് പിന്നീട് ‘വെട്ടത്തു സമ്പ്രദായം’ എന്നറിയപ്പെട്ടതു്. കഥകളിയിൽ ആടുന്നവർ സ്വയം പാടുന്നതിനു പകരം പിന്നണിയിൽ പ്രത്യേകം ആളുകളെ (പൊന്നാനി, ശിങ്കിടി) ഏർപ്പാടാക്കിയത് ഇദ്ദേഹമാണത്രേ. കഥകളി നടന്മാരുടെ ശ്രദ്ധ അഭിനയത്തിൽ കേന്ദ്രീകരിക്കാനും ആയാസം ലഘൂകരിക്കാനും ഇതു കാരണമായി. ഇതുകൂടാതെ, കിരീടങ്ങളും കുപ്പായവും ചുട്ടിയും കൂടുതൽ വർണ്ണശബളമാക്കിയതും ചെണ്ടമേളം കഥകളിയിൽ കൊണ്ടുവന്നതും വെട്ടത്തു പരിഷ്കാരങ്ങളിൽ പെടുന്നു. സാമൂതിരിയുടെ തെക്കേ മലബാറിലൂടെയുള്ള പടയോട്ടം വെട്ടത്തുനാടിനെ സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിപ്പിക്കാൻ നിർബന്ധിതരാക്കി. എന്നാൽ പോർട്ടുഗീസുകാരുടെ ആഗമനത്തോടെ അവരെയും സാമൂതിരിയേയും പരസ്പരം അണിനിരത്തി മലബാറിലെ രാഷ്ട്രീയശക്തി സമതുലിതമാക്കുവാൻ വെട്ടത്തരചനു കഴിഞ്ഞു.

1521-ൽ ചാലിയം കോട്ട പണിയുവാനുള്ള സ്ഥലം പോർട്ടുഗീസുകാർക്കു് വിറ്റൊഴിഞ്ഞതു് അന്നത്തെ വെട്ടത്തു രാജാവാണു്. പതിനെട്ടാം ശതകത്തിന്റെ അവസാനത്തോടുകൂടി വെട്ടത്തു രാജവംശം അന്യം നിന്നു.


"https://ml.wikipedia.org/w/index.php?title=വെട്ടത്തുനാട്&oldid=2307015" എന്ന താളിൽനിന്നു ശേഖരിച്ചത്