കൊട്ടാരക്കരത്തമ്പുരാൻ സ്മാരക ക്ലാസിക്കൽ കലാ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊട്ടാരക്കരത്തമ്പുരാൻ സ്മാരക ക്ലാസിക്കൽ കലാ മ്യൂസിയം

കൊട്ടാരക്കരത്തമ്പുരാൻ ജന്മം കൊണ്ട കൊട്ടാരം ഏറ്റെടുത്ത് കേരള പുരാവസ്തു ഗവേഷണ വകുപ്പും ദേവസ്വവും ചേർന്ന് നടത്തുന്ന ക്ലാസിക്കൽ കലാ മ്യൂസിയമാണ് കൊട്ടാരക്കരത്തമ്പുരാൻ സ്മാരക ക്ലാസിക്കൽ കലാ മ്യൂസിയം. കൊട്ടാരക്കരത്തമ്പുരാൻ (1653-1694) കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണാധികാരി ആയിരുന്നു. വീരകേരളവർമ എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ. രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയത്തിൽ കഥകളിയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും ശിൽപ്പങ്ങളുമുണ്ട്. മഹാശിലാ യുഗ കാലത്തെ അവശിഷ്ടങ്ങളും പഴയ കാല നാണയങ്ങളും കേണൽ മൺട്രോ ഉപയോഗിച്ച തോക്കും പ്രദർശിപ്പിച്ചിരിക്കുന്നു.

ചരിത്രം[തിരുത്തുക]

1983 ലാണ് കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തിൽ ക്ലാസ്സിക്കൽ കലാ മ്യൂസിയം ആരംഭിക്കുന്നത് 2010 ഏപ്രിൽ 15 ന് മ്യൂസിയം ഇപ്പോൾ പ്രവർത്തിക്കുന്ന കൊട്ടാരത്തിലേക്ക് മാറ്റി. അഞ്ച് ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്. ക്ലാസ്സിക്കൽ കലകൾക്ക് പ്രത്യേകിച്ച് കഥകളിക്ക് പ്രാധാന്യം നൽകിയാണ് പ്രദർശന ക്രമീകരണം. പഞ്ചമുഖ മിഴാവ് ഉൾപ്പെടെ അപൂർവ്വ ഇനത്തിൽപ്പെട്ട പ്രദർശന വസ്തുക്കൾ ഇവിടെയുണ്ട്.

  • നാട്യകരണ മുദ്രകളുടെ ഗ്യാലറി
  • കഥകളിച്ചമയങ്ങളുടെ (കോപ്പുകൾ) ഗ്യാലറി
  • നാണയ ഗ്യാലറി, ശിൽപ്പ ഗ്യാലറി
  • മഹാ ശിലായുഗ ഗ്യാലറി എന്നിവയാണിവിടെയുള്ളത്.
കൊട്ടാരക്കരത്തമ്പുരാൻ സ്മാരക ക്ലാസിക്കൽ കലാ മ്യൂസിയത്തിലെ പ്രദർശന വസ്തുക്കൾ