തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിൽ തട്ടയിൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രമാണ് തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം.

ചരിത്രസ്മരണകൾ ഉറങ്ങികിടക്കുന്ന തട്ടയിൽ ദേശത്തിൻറെ തിലകകുറിയായി നിലകൊളളുന്ന 'തട്ടയിൽ ഒരിപ്പുറത്ത് ഭഗവതിക്ഷേത്രം' പഴയ പന്തളം നാട്ടുരാജ്യത്തിൻറെ തെക്കേക്കരയായ, ഇപ്പോഴത്തെ പന്തളം തെക്കേക്കര പഞ്ചായത്തിലെ, തട്ടയിൽ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ആയിരം വർഷങ്ങൾക്കുമുൻപ്, യോഗീശ്വരൻറെ കാലശേഷം കാടുമൂടിക്കിടന്നിരുന്ന ദേവീവിഗ്രഹം അടിയാളസ്ത്രീ അരിവാളുരസ്സിയപ്പോൾ രക്തം പൊടിഞ്ഞ് ദേവീചൈതന്യം വെളിപ്പെടുകയും, ഭൂവുടമയുടെ നേതൃത്വത്തിൽ ഒരു പുറം മാത്രമുള്ള താൽക്കാലിക ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്മൂലം ഒരിപ്പുറം എന്ന നാമം സിദ്ധിച്ചു. ഇരുനിലകളുള്ള ഇപ്പോഴത്തെ ശ്രീകോവിൽ ശില്പാലംകൃതമായ കൃഷ്ണശിലയിൽ നിർമ്മിച്ച് പിത്തള പൊതിഞ്ഞിരിക്കുന്നു. ഉഗ്രമൂർത്തിയും അഷ്ടബാഹുക്കളിലും ആയുധവുമേന്തിയ ശ്രീഭദ്രകാളിയുടെ മൂലപ്രതിഷ്ഠയും, മുമ്പിലായി ശാന്തഭാവത്തിൽ ശ്രീഭദ്രയുമായി ദേവിയുടെ ശിലാനിർമ്മിതമായ രണ്ടു വിഗ്രഹങ്ങൾ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവയിൽ തുല്യപ്രാധാന്യത്തോടെ അഭിഷേകവും സപരിവാര പൂജയും ചെയ്യുന്നു. ചുറ്റുമതിലുകൾ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ മഹാഗണപതി, ശ്രീകൃഷ്ണൻ, മാടൻ മുഹൂർത്തി, നാഗ രാജാവ്, നാഗയക്ഷി, രക്ഷസ്സ്, യോഗീശ്വരൻ, യക്ഷിയമ്മ എന്നീ ഉപദേവാലയങ്ങൾ ഉണ്ട്. വടക്ക് ദർശനമായി പ്രതിഷ്ഠയുളള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം. ഏഴംകുളം ദേവിയുമായുളള ഒരിപ്പുറത്തമ്മയുടെ ബന്ധമാണ് മറ്റൊരു ഐതീഹൃം. ഒരിപ്പുറത്തമ്മയുടെ സഹോദരിയാണ് ഏഴംകുളത്തമ്മ എന്നാണ് ഇരുദേശവാസികളും വിശ്വസിക്കുന്നത്. ക്ഷേത്രാചാരങ്ങളിലും ഇത് നിഴലിയ്ക്കുന്നു.

       മീനഭരണിനാൾ ഒരിപ്പുറത്ത് ക്ഷേത്രത്തിൽ കെട്ടുകാഴ്ച നടക്കുമ്പോൾ ഏഴംകുളം ദേവി കിഴക്കേ എതിരേൽപ്പ് ആൽത്തറയിലിരുന്ന് ഉത്സവം കാണുന്നു എന്നാണ് ഐതീഹൃം. അന്നേ ദിവസം ഏഴംകുളം ക്ഷേത്രം തുറക്കാറില്ല എന്നത് ഇതിന് ഉപോത്ബലകമാണ്.

ഒരിപ്പുറം നേർച്ചതൂക്കം.

        തൂക്കവഴിപാട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തട്ടയിൽ ഒരിപ്പുറം .ഇഷ്ടസന്താന ലബ്ധിയ്ക്കും പിഞ്ചുകുഞ്ഞുങ്ങളുടെ ആയൂരാരോഗൃ സംഖൃത്തിനും നടത്തുന്ന ആചാരമാണ് ഒരിപ്പുറം നേർച്ചതൂക്കം.പിഞ്ചുകുഞ്ഞുങ്ങളെ തൂക്കവില്ലിലേറ്റി നടത്തുന്ന ഈ ആചാരം ദർശിക്കുന്നതിന് ദുരെ ദേശങ്ങളിൽ നിന്നു പോലും ഭക്തസഹസ്രങ്ങളാണ് എത്തുന്നത്. ക്ഷേത്രത്തിൽ കാർത്തികനാളിൽ നടക്കുന്ന ഗരുഡൻ തൂക്കവും ഒരു സവിശേഷതയാണ്. ഗരൂഡാരൂഡനായ മഹാവിഷ്ണു ദേവിയുടെ ഉത്സവാഘോഷങ്ങളിൽ പങ്ക് കൊളളാൻ വൈകുണ്ഠത്തിൽ നിന്നും എത്തുന്നതായാണ് ഐതീഹൃം.