കലാമണ്ഡലം രാജശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയനായ ഒരു കഥകളി കലാകാരനാണ് കലാമണ്ഡലം രാജശേഖരൻ. കഥകളിയിൽ പ്രധാനമായും സ്ത്രീ വേഷങ്ങളാണ് അദ്ദേഹം ചെയ്തുവരുന്നത്. കഥകളി തെക്കൻ ചിട്ട , കഥകളിയിലെസ്ത്രീ കഥാപാത്രങ്ങൾ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

പി.എൻ. മാധവക്കുറുപ്പിന്റെയും തങ്കമ്മ അമ്മയുടേയും മകനായി 1954 നവംബർ 25 ന് കൊല്ലം ജില്ലയിൽ കൊട്ടാരക്കരത്താലൂക്കിൽ പോരേടത്ത് ജനനം. പന്ത്രണ്ടാം വയസ്സിൽ അർക്കന്നൂരിലെ ബന്ധുവീട്ടിലെ കളരിയിലാണു കഥകളി അഭ്യസിച്ചു തുടങ്ങിയത്. 1967 മുതൽ 1968 വരെ കാർത്തികപ്പള്ളി കുട്ടപ്പപ്പണിക്കരുടെ കീഴിൽ കഥകളി പഠനം നടത്തി. പിന്നീട് ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയുടെ കീഴിൽ ഒരു വർഷം കഥകളി അഭ്യസിച്ചു. ഒൻപതാം ക്ലാസിനു ശേഷം 1969 മുതൽ 1975 വരെ കേരള കലാമണ്ഡലത്തിൽ കഥകളി വേഷത്തിൽ ഡിപ്ലോമക്ക് ചേർന്നു. ആറുവർഷത്തെ കലാമണ്ഡലം ഡിപ്ലോമ കോഴ്‌സിൽ മികച്ച വിദ്യാർത്ഥി എന്ന അംഗീകാരത്തോടെ സ്വർണ്ണ മെഡൽ നേടി കോഴ്സ് പൂർത്തിയാക്കി.[2] കഥകളിയിലെ "മിനുക്ക്" (സ്ത്രീ) കഥാപാത്രങ്ങളിലാണ് അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം.[3] 1979 മുതൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ജോലിചെയ്ത അദ്ദേഹം 2010 ൽ കലാമണ്ഡലം പ്രിൻസിപ്പൽ പദവിയിലിരിക്കെ വിരമിച്ചു.[4] അദ്ദേഹം ഇപ്പോൾ കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രഫസറാണ്.[5]

അയ്യായിരത്തോളം വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുള്ള രാജശേഖരൻ, ഇന്ത്യക്ക് വെളിയിൽ അമേരിക്ക, റഷ്യ, യൂറോപ്പ്, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്.[5]

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമി പുരസ്കാരം.[6]
  • കേന്ദ്ര സർക്കാർ സാംസ്കാരിക വകുപ്പ് സീനിയർ ഫെലോഷിപ്പ്[3]
  • എ.ഡി. ബോളണ്ട് ഗോൾഡ് മെഡൽ[3]
  • കൊല്ലം കഥകളി ക്ലബ് അവാർഡ്[3]
  • എംകെകെ നായർ അവാർഡ്[5]
  • തുളസീവനം പുരസ്കാരം[5]
  • ഗുരു ചെങ്ങന്നൂർ പുരസ്കാരം[5]
  • നാട്യരത്നം പുരസ്കാരം[5]
  • വീരശൃംഖല[7]

കുടുംബം[തിരുത്തുക]

ഭാര്യ കലാമണ്ഡലം ശൈലജ കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം മേധാവിയായി വിരമിച്ചു.[5] അവർക്ക് രണ്ട് ആൺമക്കൾ ഉണ്ട്, ശരത് ചന്ദ്രനും വൈശാഖനും.[5]

അവലംബം[തിരുത്തുക]

  1. "Kerala Kalamandalam". www.kalamandalam.ac.in.
  2. "Kerala's disciples of dance". The National.
  3. 3.0 3.1 3.2 3.3 "Kathakali Artists - Kalamandalam Rajasekharan". www.cyberkerala.com.
  4. "കലാമണ്ഡലം രാജശേഖരൻ | കഥകളി.ഇൻഫൊ | Kathakali.info | കളിയറിവുകളുടെ തിരമൊഴി | The internet Kathakali hangout". www.kathakali.info. Archived from the original on 2021-09-10. Retrieved 2021-09-10.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 "പുരസ്ക്കാര തിളക്കത്തിൽ കൊല്ലം". ManoramaOnline.
  6. "Sangeetha Nataka Akademi fellowships for 3". The Hindu (in Indian English). 16 സെപ്റ്റംബർ 2020.
  7. Daily, Keralakaumudi. "കഥകളിയെ നെഞ്ചേറ്റിയ നടൻ". Keralakaumudi Daily (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_രാജശേഖരൻ&oldid=3802792" എന്ന താളിൽനിന്ന് ശേഖരിച്ചത്