അയിരൂർ സദാശിവൻ
അയിരൂർ സദാശിവൻ | |
---|---|
അയിരൂർ സദാശിവൻ | |
ജനനം | ജനുവരി 19, 1939 |
മരണം | ഏപ്രിൽ 9, 2015 (വയസ്സ് 76) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഗായകൻ |
ജീവിതപങ്കാളി(കൾ) | രാധ |
കുട്ടികൾ | ശ്രീലാൽ ശ്രീകുമാർ |
ശ്രദ്ധേയനായ മലയാളചലച്ചിത്രപിന്നണിഗായകനും സംഗീതജ്ഞനുമാണ് അയിരൂർ സദാശിവൻ.
ജീവിതരേഖ[തിരുത്തുക]
പത്തനംതിട്ട ജില്ലയിലെ അയിരൂർ എന്ന ഗ്രാമത്തിൽ 1939ൽ സദാശിവൻ ജനിച്ചു. അച്ഛനും മുത്തച്ഛനും കലാരംഗത്തു പ്രവർത്തിച്ചിരുന്നു. മുത്തച്ഛൻ കൃഷ്ണൻ ആചാരി തിരുവിതാംകൂർ കൊട്ടാരം ചിത്രകാരനും ഭാഗവതരുമായിരുന്നു. ആണ്ടിപ്പിള്ള ഭാഗവതർ, നാഗസ്വരവിദ്വാൻ കുഞ്ചുപ്പണിക്കരാശാൻ, കുട്ടപ്പൻ ഭാഗവതർ, ഹരിപ്പാട് ഗോപി ഭാഗവതർ എന്നിവരിൽനിന്നുമായിരുന്നു സംഗീതാഭ്യസനം[1]. ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ അടുത്ത സുഹൃത്തായിരുന്നു. സ്കൂൾ ഫൈനൽ പാസായ ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്ത് കെ എസ് കുട്ടപ്പൻഭാഗവതരുടെ വീട്ടിൽ താമസിച്ച് സംഗീത അഭ്യസനം നടത്തിയത്.
പന്ത്രണ്ടു വയസ്സ് മുതല്കേ അമേച്വർ നാചകങ്ങളിൽ പാടാൻ തുടങ്ങിയിരുന്നു.[1] തുടർന്ന് എം. കെ. അർജുനന്റെയൊപ്പം നാടകഗാനരംഗത്തു പ്രവർത്തിച്ചു. കെ.പി.എ.സി. യുമായും ചങ്ങനാശേരി ഗീഥാ, കാളിദാസ കലാകേന്ദ്രം എന്നീ നാടകസമിതികളുമായും ചേർന്നു പ്രവർത്തിച്ചു. കെ.പി.എ.സിയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് ആലുംമൂടൻ, കോട്ടയം ചെല്ലപ്പൻ, ഖാൻ തുടങ്ങിയവർ കോട്ടയത്ത് നാഷനൽ തിയേറ്റേഴ്സ് എന്ന പുതിയ നാടകട്രൂപ്പ് തുടങ്ങിയപ്പോൾ സദാശിവനും കൂടെച്ചേർന്നു.[1] കൂടാതെ ചന്ദ്രശേഖരൻ നായരുടെ ഓപ്പറ ഹൗസ് എന്ന നാടകക്കമ്പനിയുമായും ഇദ്ദേഹം സഹകരിച്ചിരുന്നു.
1973ലാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് കടന്നുവന്നത് - ചിത്രം 'മരം', ഗാനം 'മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട്'. ജി. ദേവരാജൻ മാസ്റ്ററാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകൾക്കും സംഗീതം പകർന്നത്. രാജഹംസം എന്ന സിനിമയ്ക്കുവേണ്ടി വയലാർ രചിച്ച് ദേവരാജൻ ഈണം പകർന്ന് യേശുദാസ് ആലപിച്ച സന്യാസിനി നിൻ പുണ്യാശ്രമത്തിൽ എന്ന പ്രശസ്തഗനം ആദ്യം റെക്കോർഡ് ചെയ്തത് അയിരൂർ സദാശിവന്റെ ശബ്ദത്തിലായിരുന്നു. ഏന്നാൽ സിനിമയിൽ അതുപയോഗിച്ചില്ല[1]. 1985 വരെ അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് നിന്നു. പിന്നീട്, അജ്ഞാതമായ ചില കാരണങ്ങളെത്തുടർന്ന് അദ്ദേഹം പുറത്തുപോയി. പിന്നീട് അനേകം ആൽബങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്.
സൂപ്പർ മെലഡി എന്ന ഗാനമേള ട്രൂപ്പ് നടത്തിയിരുന്നു. കേരളത്തിലെ സ്റ്റേജ് കലാകാരന്മാരുടെ സംഘടനയായ സവാക്കിന്റെ വൈസ് പ്രസിഡന്റായിരുന്നു. 78 വയസ്സ്.[2] ആകാശവാണിയിൽ സംഗീതസംവിധായകനും ഓഡിഷൻ കമ്മറ്റി അംഗവും ആയിരുന്നു.[3] ഒരുപാട് ലളിതഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. 1984ൽ നിർമ്മിച്ച, ഇനിയും പുറത്തിറങ്ങാത്ത വിപഞ്ചിക എന്ന ചിത്രത്തിനും അദ്ദേഹം ഈണം പകർന്നു. 2015 ഏപ്രിൽ 9ന് രാവിലെ ഏഴുമണിയോടെ ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡിലുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം അന്തരിച്ചു.[4] 76 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം ജന്മനാട്ടിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ആലപിച്ച ഗാനങ്ങൾ[തിരുത്തുക]
ഗാനം | ചലച്ചിത്രം / നാടകം | സംഗീതം |
---|---|---|
അങ്കത്തട്ടുകളുയർന്ന നാട് | അങ്കത്തട്ട് | ജി. ദേവരാജൻ |
അമ്മേ അമ്മേ അവിടുത്തെ മുൻപിൽ [5] | ചായം | ജി. ദേവരാജൻ |
അല്ലിമലർതത്തേ | ശാപമോക്ഷം | ജി. ദേവരാജൻ |
അഹം ബ്രഹ്മാസ്മി | അതിഥി | ജി. ദേവരാജൻ |
ഇതിലേ പോകും കാറ്റിനു പോലും | വിപഞ്ചിക | അയിരൂർ സദാശിവൻ |
ഈശ്വരന്മാർക്കെല്ലാം പ്രേമിക്കാം | ലവ് മാര്യേജ് | അഹുഅൻ സെബാസ്റ്റ്യൻ |
ഉദയസൗഭാഗ്യതാരകയോ | അജ്ഞാതവാസം | എം. കെ. അർജ്ജുനൻ |
ഉദയതാരക | മറ്റൊരു സീത | വി. ദക്ഷിണാമൂർത്തി |
കസ്തൂരിഗന്ധികൾ പൂത്തുവോ | സേതുബന്ധനം | ജി. ദേവരാജൻ |
കാമിനി മൗലിയാം | മറ്റൊരു സീത | വി. ദക്ഷിണാമൂർത്തി |
കുടു കുടു പാണ്ടിപ്പെണ്ണ് | മുച്ചീട്ടുകളിക്കാരന്റെ മകൾ | ---- |
കൊച്ചുരാമാ കരിങ്കാലീ | അജ്ഞാതവാസം | എം. കെ. അർജ്ജുനൻ |
ഗാനമധു വീണ്ടും | കല്യാണസൗഗന്ധികം | പുകഴേന്തി |
ഗോപകുമാര | രഹസ്യരാത്രി | എം. കെ. അർജ്ജുനൻ |
ചന്ദനക്കുറി ചാർത്തി | അലകൾ | വി. ദക്ഷിണാമൂർത്തി |
ജന്മദിനം ജന്മദിനം | കൊട്ടാരം വില്ക്കാനുണ്ട് | ജി. ദേവരാജൻ |
ജോലി തരൂ | ഉദ്യോഗപർവം(നാടകം) | ----- |
പാലം കടക്കുവോളം | കലിയുഗം | ജി. ദേവരാജൻ |
പ്രാണനാഥയെനിക്കു നൽകിയ | ധർമ്മയുദ്ധം | ജി. ദേവരാജൻ |
ഭഗവാൻ ഭഗവാൻ | കൊട്ടാരം വില്ക്കാനുണ്ട് | ജി. ദേവരാജൻ |
മനുഷ്യൻ ഹാ മനുഷ്യൻ | ഉദ്യോഗപർവം(നാടകം) | ---- |
മൊഞ്ചത്തിപ്പെണ്ണെ നിൻ ചുണ്ട് [6] | മരം | ജി. ദേവരാജൻ |
ശകുന്തളേ | രാജഹംസം | ജി. ദേവരാജൻ |
ശ്രീവത്സം മാറിൽ ചാർത്തിയ | ചായം | ജി. ദേവരാജൻ |
സംഗതി അറിഞ്ഞാ പൊൻ കുരിശേ | മുച്ചീട്ടുകളിക്കാരന്റെ മകൾ | ജി. ദേവരാജൻ |
സ്വാമിയേ ശരണം അയ്യപ്പ | --- | കോട്ടയം ജോയ് |
സിംഫണി സിംഫണി | പഞ്ചവടി | എം. കെ. അർജ്ജുനൻ |
ജയജയ ഗോകുലാ | പാലാഴി മഥനം | ജി. ദേവരാജൻ |
സംഗീതം നൽകിയ ചിത്രം[തിരുത്തുക]
- വിപഞ്ചിക (1984)
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സംഗീത നാടക അക്കാദമിയുടെ ലളിതഗാന ശാഖയിലെ പുരസ്കാരം (2004)[8]
കുടുംബം[തിരുത്തുക]
ഭാര്യ: പരേതയായ രാധ
മക്കൾ: ശ്രീലാൽ, ശ്രീകുമാർ
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 രവിമേനോൻ (2013). "പണ്ടുപാടിയ പാട്ടിലൊരെണ്ണം". ഹൃദയഗീതങ്ങൾ. കോഴിക്കോട്: മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്. p. 134. ISBN 9788182657809.
- ↑ http://www.joychenputhukulam.com/newsMore.php?newsId=47821
- ↑ http://www.mathrubhumi.com/online/malayalam/news/story/2825481/2014-03-23/kerala
- ↑ http://www.thehindu.com/news/national/kerala/ayroor-sadasivan-killed-in-accident/article7087532.ece
- ↑ http://www.youtube.com/watch?v=AzqRqAQPhww
- ↑ https://www.youtube.com/watch?v=_zOI2zEvGrk
- ↑ http://en.msidb.org/songs.php?tag=Search&singers=Ayiroor+Sadasivan&limit=26
- ↑ "AWARD". കേരള സംഗീത നാടക അക്കാദമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 14. Check date values in:
|accessdate=
(help)
- മാതൃഭൂമി വാരാന്തപ്പതിപ്പ് 2014 മാർച്ച് 23 ഞായർ