Jump to content

വി. ദക്ഷിണാമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഗീത സരസ്വതി

വി. ദക്ഷിണാമൂർത്തി
ജനനം
വെങ്കിടേശ്വരയ്യർ ദക്ഷിണാമൂർത്തി

(1919-12-09)ഡിസംബർ 9, 1919[1]
മരണംഓഗസ്റ്റ് 2, 2013(2013-08-02) (പ്രായം 93)
മരണ കാരണംഹൃദയസ്തംഭനം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽസംഗീതസംവിധായകൻ
സജീവ കാലം1950 - 2013
അറിയപ്പെടുന്നത്ചലച്ചിത്ര സംഗീതസംവിധായകൻ
ജീവിതപങ്കാളി(കൾ)കല്യാണി അമ്മാൾ
കുട്ടികൾവെങ്കിടേശ്വരൻ, ജയശ്രീ, ഗോമതിശ്രീ
മാതാപിതാക്ക(ൾ)പാർവ്വതി അമ്മാൾ,
വെങ്കിടേശ്വര അയ്യർ
പുരസ്കാരങ്ങൾമികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാനസർക്കാറിന്റെ ചലച്ചിത്രപുരസ്കാരം;
ജെ.സി.ഡാനിയൽ പുരസ്കാരം;
'സംഗീത സരസ്വതി' പുരസ്കാരം;
സ്വാതിതിരുനാൾ പുരസ്കാരം

പ്രസിദ്ധനായ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്രസംഗീതസംവിധായകനുമായിരുന്നു വി. ദക്ഷിണാമൂർത്തി (ഡിസംബർ 9, 1919[1] - ആഗസ്റ്റ് 2, 2013). മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിൽ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട് എങ്കിലും, കൂടുതലായും മലയാളത്തിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 125-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 2013 ആഗസ്റ്റ് 2-നു 94-ആം വയസ്സിൽ ചെന്നൈയിലെ മൈലാപൂരിലെ വസതിയിൽ വെച്ച് ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് അന്തരിച്ചു.[3]

ജീവിതരേഖ

[തിരുത്തുക]

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഡി. വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായി 1919 ഡിസംബർ 9-ന് ആലപ്പുഴയിലാണ് ദക്ഷിണാമൂർത്തി ജനിച്ചത്[1]. മാതാപിതാക്കളുടെ എഴുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. 'സപ്തസ്വരങ്ങൾ പോലെ ഏഴുപേർ' എന്ന് അദ്ദേഹം പറയുമായിരുന്നു. താഴെ രണ്ട് അനുജന്മാരും നാല് അനുജത്തിമാരുമുണ്ടായിരുന്നു. ദക്ഷിണാമൂർത്തിക്ക് ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ഉള്ള താത്പര്യം മൂലം, ഇദ്ദേഹത്തിന്റെ അമ്മ തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇദ്ദേഹത്തിന് പഠിപ്പിച്ച് കൊടുത്തത്.[1] ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ ദക്ഷിണാമൂർത്തി മനസ്സിലാക്കിയിരുന്നു.പന്ത്രണ്ടാമത്തെ വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി[4]. വെങ്കടേശ്വര അയ്യർക്ക് മകനെ പഠിപ്പിച്ച് പണ്ഡിതനാക്കാനായിരുന്നു ആഗ്രഹം. എന്നാൽ സംഗീതത്തിലുള്ള താൽപര്യം മൂലം പത്താം ക്ലാസിൽ വെച്ചു പഠനം നിർത്തി ദക്ഷിണാമൂർത്തി കർണ്ണാടകസംഗീതം അഭ്യസിക്കുകയാണുണ്ടായത്[5]. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഇദ്ദേഹത്തിന്റെ കീഴിൽ മൂന്നു വർഷം സംഗീതം അഭ്യസിച്ചു. പിന്നീട് കർണ്ണാടക സംഗീതത്തിൽ കൂടുതൽ അറിവ് നേടുകയും, ഇതിൽ വിദഗ്ദ്ധനാവുകയും ചെയ്തു.

കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, കുഞ്ചാക്കോ നിർമ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവ്വഹിച്ചത്. കെ. ജെ. യേശുദാസിന്റെ പിതാവായ അഗസ്റ്റിൻ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകൻ വിജയ് യേശുദാസിനും വിജയുടെ പുത്രി അമേയയ്ക്കും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.

ഗാനരചനയിൽ ആദ്യകാലത്ത് അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമാണ് ദക്ഷിണാമൂർത്തിയുടെ കൂടെ കൂടുതൽ തവണ സഹകരിച്ചത്. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു. വിശ്വപ്രസിദ്ധ സംഗീതസംവിധായകൻ എ. ആർ. റഹ്മാന്റെ പിതാവ് ആർ. കെ. ശേഖർ കുറച്ച് ചിത്രങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി പ്രശസ്തരായ പല ഗായകരുടേയും, സംഗീതസംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി. ലീല, പി. സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങിയവർ ഇവരിൽ ചിലരാണ്.[6]

സംഗീതസംവിധാന മേഖലയിൽ നിന്നും വിരമിച്ചു എങ്കിലും, ശാസ്ത്രീയസംഗീതരംഗത്ത് ഇദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.[7] 2008ൽ മിഴികൾ സാക്ഷി എന്ന ചിത്രത്തിലെ നാലു ഗാനങ്ങളൊരുക്കിയ ദക്ഷിണാമൂർത്തി അവസാനമായി സംഗീതസംവിധാനം ചെയ്ത ചിത്രം, മരണത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് സംഗീതസംവിധാനം ചെയ്ത ശ്യാമരാഗം ആണ്. (പുറത്തിറങ്ങാനുള്ള ചിത്രം.) ഭക്തി ഗാനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ബിലഹരി രാഗത്തിൽ വൈക്കത്തഷ്ടമി നാളിൽ എന്ന പ്രണയഗാനം ചിട്ടപ്പെടുത്തി.

           പ്രശസ്തമായ ഗാനങ്ങൾ : ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, ആകാശം ഭൂമിയെ വിളിക്കുന്നു , മരുഭുമിയിൽ മലർ വിടരുകയേ || വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു വാകപ്പൂമര  സൂക്ഷിക്കുക) അവൾ ചിരിച്ചാൽ, ഒന്നു ചിരിക്കു സഖീ ഉള്ളത്തിൽ വാതിൽ തുറക്കൂ,
കന്യാമറിയമേ തായേ, വൃശ്ചിക പൂ നിലാവേ പിച്ചക പൂനിലാവേ , നിന്റെ മിഴിയിൽ നിലോല്പലം,  പഞ്ചബാണന്നെൻ ചെവിയിൽ പറഞ്ഞു നിന്റെ പതിനേ ഴു വസന്തങ്ങൾ, മുല്ലപ്പൂ പല്ലി ലോ മുക്കുറ്റി കവിളിലോ അല്ലിമലർ മിഴിയിലോ ഞാൻ മയങ്ങി(അരക്കള്ളൻ മുക്കാൽ കള്ളൻ ), പൂമിഴിയാൽ പുഷ്പാഭിഷേകം പുഞ്ചിരിയാൽ പുളകാഭിഷകം ,മനോഹരി നിൻ മനോരഥത്തിൽ മലരോടു മലർ, കുംഭ മാസ നിലാവു പോലെ കുമാരിമാരുടെ ഹൃദയം(ലോട്ടറി ടിക്കറ്റ്),   മറക്കാൻ കഴിയുമോ , തൈപൂയ കാവടിയാട്ടം തങ്കമയിൽ പീലിയാട്ടം മനസിലെ യമ്പലത്തിൽ തേട്ടം മാര മഹോത്സവത്തിൻ   ,  എത്ര കണ്ടാലും കൊതി തീരുകില്ല എനിക്കെത്ര കണ്ടാലും ഈ ചിത്രം,     ചെന്തെങ്ങ് കുലച്ചപോലെ ചെമ്പകം പൂത്ത പേലെ ചെമ്മാനം ,  നനഞ്ഞ നേരിയപട്ടുറുമാൽ സുവർണ്ണ നൂലിലെഅക്ഷരങ്ങൾ,   മധുരം നിൻ കാക്കക്കുയിലേ ചൊല്ലൂ കൈ നോക്കാനറിയാമോ,     കാർകൂന്തൽ കെട്ടിൽ എന്തിനു വാസന തൈലം നിന്റെ വാർനെറ്റി തടത്തിൽ എന്തിനു സിന്ദൂരതിലകം , ആലാപനം അനാദിമധ്യാന്തമീ വിശ്വചലനം, താരകരൂപിണി നീയെന്നുമെന്നുടേ ,  കള ഭമഴ പെയ്യുന്ന രാത്രി കല്ലുകൾ പൂക്കുന്ന രാത്രി, ദേവീ ശ്രീ ദേവീ തേടി വരുന്നു ഞാൻ, അശോക പൂർണ്ണിമ വിടരും വാനം അനുഭൂതികൾ തൻ രജനീ യാമം, ഗോവർദ്ധനഗിരി കൈയ്യിലുയർത്തിയ , ഒരിക്കൽ മാത്രം വിളി കേൾക്കുമോ, ഓടക്കുഴൽ വിളി മേളം കേട്ടാൽ ഓളങ്ങളിളകും യമുനയിൽ, ചൈത്ര യാമിനി ചന്ദ്രികയാലൊരു ചിത്ര നീരാളം വിരിച്ചു , രാമ രാമ രാമ ലോകാഭിരാമ രഘുരാമ രാമ രാമ ജയദാസ പതേ, സന്ധ്യക്കെന്തിനു സിന്ദൂരം ചന്ദ്രികക്കെന്തിനു വൈഡൂര്യം കാട്ടാറിനെന്തിനു പാദസരം,  
 ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം , ആറാട്ടിനാനകൾ എഴുന്നള്ളി

സംഗീതത്തിന്റെ നാലുതലമുറ

[തിരുത്തുക]

ഒരു കുടുംബത്തിലെ നാലുതലമുറയിൽപെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്രസംഗീതസംവിധായകൻ എന്ന അപൂർവ്വ ബഹുമതിയും ദക്ഷിണാമൂർത്തിക്കുണ്ട്. മലയാള നാടക - ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫ് ഭാഗവതർ, അദ്ദേഹത്തിന്റെ പുത്രൻ ഗാനഗന്ധർവ്വൻ പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസ്, യേശുദാസിന്റെ പുത്രൻ വിജയ് യേശുദാസ്, വിജയിന്റെ പുത്രി അമേയ എന്നിവരാണ് ആ നാലുതലമുറകളിലെ ഗായകർ.[8] അഗസ്റ്റിൻ ജോസഫ് ഭാഗവതർ (നല്ല തങ്ക), വിജയ് യേശുദാസ് (ഇടനാഴിയിൽ ഒരു കാലൊച്ച), അമേയ (ശ്യാമരാഗം) എന്നിവരുടെ ചലച്ചിത്രപ്രവേശനവും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങളിലൂടെ ആയിരുന്നു.[8]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1971-ൽ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാനസർക്കാറിന്റെ ചലച്ചിത്രപുരസ്കാരം ലഭിച്ചു.[9]
  • 1998-ൽ ജെ.സി.ഡാനിയൽ പുരസ്കാരം.[9]
  • 2003-ൽ ബാംഗ്ലൂരിൽ വെച്ച്, പൂജ്യ ശ്രീ ഗുരുജി വിശ്വനാഥിന്റെ കൈകളിൽ നിന്ന് 'സംഗീത സരസ്വതി' പുരസ്കാരം ലഭിച്ചു.
  • 2013-ൽ സ്വാതിതിരുനാൾ പുരസ്കാരം.[9]

അവസാനകാലത്ത് വാർദ്ധക്യസഹജമായ അവശതകൾ അനുഭവിച്ചിരുന്നെങ്കിലും സംഗീതലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു ദക്ഷിണാമൂർത്തി. ഇക്കാലത്ത് അദ്ദേഹം നിരവധി ആൽബങ്ങൾക്ക് ഈണം പകർന്നു. 2013 ജൂലൈ മാസത്തിലാണ് ഒരേ കുടുംബത്തിലെ നാല് തലമുറകളെക്കൊണ്ട് പാടിച്ച് അദ്ദേഹം ശ്രദ്ധേയനായത്. അപൂർവ്വമായ ഈ ബഹുമതി നേടി ഒരു മാസത്തിനുള്ളിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. 2013 ഓഗസ്റ്റ് 2-ന് വൈകീട്ട് ചെന്നൈയിലെ വീട്ടിൽ വച്ചാണ് ദക്ഷിണാമൂർത്തി അന്തരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

അടുത്തുതന്നെയുള്ള മകളുടെ വീട്ടിൽ പോകാൻ അന്നേ ദിവസം ദക്ഷിണാമൂർത്തിയും ഭാര്യ കല്യാണിയമ്മാളും പദ്ധതിയിട്ടിരുന്നു. പരിചയമുള്ള ഒരു ടാക്സി ഡ്രൈവറെ അവർ പറഞ്ഞുവയ്ക്കുകയും ചെയ്തു. എന്നാൽ ഡ്രൈവർ വരാൻ വൈകും എന്നറിഞ്ഞതോടെ അദ്ദേഹം ഉറങ്ങാൻ പോയി. പിന്നീട് ഡ്രൈവർ വന്നപ്പോൾ കല്യാണിയമ്മാൾ ഭർത്താവിനെ കാണാതെ അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ ചെന്നുവിളിച്ചെങ്കിലും അദ്ദേഹം വിളി കേട്ടില്ല. മരണം ഉടനെ സ്ഥിരീകരിച്ചു.

ദക്ഷിണാമൂർത്തിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. പി. ജയചന്ദ്രൻ, എസ്.പി. ബാലസുബ്രഹ്മണ്യം, പി. സുശീല, എസ്. ജാനകി, ഇളയരാജ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലികളർപ്പിച്ചു. കേരള സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റ ഭാര്യ കല്യാണിയമ്മാൾ 2021 ഒക്ടോബർ 22-ന് അന്തരിച്ചു.

സ്മാരകങ്ങൾ

[തിരുത്തുക]

കണ്ണൂരിലെ മക്രേരി സുബ്രഹ്മണ്യസ്വാമി-ഹനുമാൻ ക്ഷേത്രത്തിനനുബന്ധിച്ച് ദക്ഷിണാമൂർത്തി സ്വാമികളുടെ സ്മാരക മ്യൂസിയം സ്ഥാപിക്കാൻ കേരളാ ടൂറിസം വകുപ്പ് 2014-ൽ തീരുമാനിച്ചിരുന്നു. ഇവിടെ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും ഉപഹാരങ്ങളും മൊമെന്റോകളും മറ്റും പൊതുജനങ്ങൾക്കു കാണാനാകുന്ന രീതിയിൽ സൂക്ഷിക്കുപ്പെടും. അദ്ദേഹത്തിന്റെ കൃതികളുടേയും മറ്റും കൈയ്യെഴുത്തു പ്രതികളും ഇവിടെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നു. തന്റെ അവസാനകാലത്ത് ക്ഷേത്രത്തിലെ നിത്യസന്ദർശകനായിരുന്ന അദ്ദേഹം ക്ഷേത്രത്തിനായി കൊടുത്ത വിലപ്പെട്ട പുരസ്കാരങ്ങളെല്ലാമാണ് ഇവിടെ സൂക്ഷിക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്.[10] വൈക്കത്തപ്പന്റെ പരമഭക്തനായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി 2014 മുതൽ എല്ലാ വർഷവും വൈക്കത്തഷ്ടമിക്കാലത്ത് 'ദക്ഷിണാമൂർത്തി സംഗീതോത്സവം' നടത്തപ്പെടുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "സംഗീത രാജാങ്കണത്തിൽ - ദക്ഷിണാമൂർത്തിയുടെ ആത്മകഥ". മാതൃഭൂമി ബുക്ക്സ്. ;. Archived from the original on 2013-08-05. Retrieved 2013 ആഗസ്റ്റ് 3. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: extra punctuation (link)
  2. "Music composer Dakshinamoorthy passes away at 94". articles.timesofindia.indiatimes.com. Archived from the original on 2013-09-23. Retrieved 2013 സെപ്റ്റംബർ 23. {{cite web}}: Check date values in: |accessdate= (help)
  3. "വി. ദക്ഷിണാമൂർത്തി അന്തരിച്ചു" (പത്രവാർത്ത). കൗമുദി. 2013 ആഗസ്റ്റ് 3. Archived from the original on 2013-08-05. Retrieved 2014 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
  4. ഹൃദയസരസ്സിലെ സംഗീതപുഷ്‌പം-സുചിത്ര പ്രിയദർശിനി(മാതൃഭൂമി-03 ആഗസ്റ്റ് 2013)[1] Archived 2013-08-05 at the Wayback Machine.
  5. "താരാട്ടും ഈണവും തലമുറകൾ കടന്ന്". ദേശാഭിമാനി. 2013 ആഗസ്റ്റ് 4;. Retrieved 2013 ആഗസ്റ്റ് 4. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: extra punctuation (link)
  6. The Hindu - Down music lane Archived 2007-10-29 at the Wayback Machine.
  7. The Hindu - Choice Dakshinamoorthy fare Archived 2008-06-12 at the Wayback Machine.
  8. 8.0 8.1 "നാലു തലമുറയെ പാടിച്ച നാദർഷി - ആർ.കെ. ദാമോദരൻ". മാതൃഭൂമി ദിനപത്രം. 2013 ആഗസ്റ്റ് 3;. Archived from the original on 2013-08-07. Retrieved 2013 ആഗസ്റ്റ് 3. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: extra punctuation (link)
  9. 9.0 9.1 9.2 "സ്വാതിതിരുനാൾ പുരസ്കാരം ദക്ഷിണാമൂർത്തിക്ക്". മാതൃഭൂമി. ഏപ്രിൽ 23, 2013. Archived from the original on 2013-04-23. Retrieved 2013 ഏപ്രിൽ 23. {{cite web}}: Check date values in: |accessdate= (help)
  10. "മക്രേരിയിൽ 71 ലക്ഷം ചെലവിൽ ദക്ഷിണാമൂർത്തിസ്മാരക മ്യൂസിയം" (പത്രലേഖനം). മാതൃഭൂമി. 2014 ജൂലൈ 11. Archived from the original on 2014-07-11. Retrieved 2014 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വി._ദക്ഷിണാമൂർത്തി&oldid=3945119" എന്ന താളിൽനിന്ന് ശേഖരിച്ചത്