Jump to content

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
അമ്പലപ്പുഴ ക്ഷേത്രക്കുളവും ക്ഷേത്രവും
അമ്പലപ്പുഴ ക്ഷേത്രക്കുളവും ക്ഷേത്രവും
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം is located in Kerala
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°24′5″N 76°21′5″E / 9.40139°N 76.35139°E / 9.40139; 76.35139
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:അമ്പലപ്പുഴ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പാർത്ഥസാരഥി/ആദിനാരായണൻ(മഹാവിഷ്‌ണു)
പ്രധാന ഉത്സവങ്ങൾ:പൈങ്കുനി ഉത്സവം (മീനം)
മുപ്പതിനായിരം കളഭം
പള്ളിപ്പാന
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
എ.ഡി. 1545 (കൊ.വ. 720)
സൃഷ്ടാവ്:ചെമ്പകശ്ശേരി പൂരാടംതിരുനാൾ ദേവനാരായണൻ
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആലപ്പുഴ ജില്ലയിലെ (കേരളം, ഇന്ത്യ) അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത് [1]. എന്നാൽ, പ്രതിഷ്ഠയ്ക്ക് ഗോശാലകൃഷ്ണന്റെ ഭാവവും, ഗുരുവായൂരപ്പന്റെ ഭാവത്തിലും സങ്കല്പിച്ചുവരുന്നുണ്ട്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. ഉച്ചപൂജയ്ക്ക് പാല്പായസം സേവിക്കുവാൻ ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ എത്തുമെന്ന് ഐതീഹ്യമുണ്ട്. ഇക്കാരണത്താലാണ് ഇവിടെ ഉച്ചപൂജയ്ക്ക് ഗുരുവായൂരപ്പനായി സങ്കൽപ്പിച്ചു ഭഗവാനെ ആരാധിക്കുന്നത്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ ക്രി.വർഷം 1545-ലാണ് (കൊ.വർഷം 720) അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളിൽ ചമ്പക്കുളം പമ്പാനദിയിൽ രാജപ്രമുഖൻ വള്ളംകളി 1545-മുതൽ അരങ്ങേറുന്നത് [2]. ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം ക്ഷേത്രത്തിലുണ്ട്. ഇവയിൽ ഒമ്പതാം ദിവസമാണ് ഏറ്റവും വിശേഷം. കൂടാതെ അഷ്ടമിരോഹിണി, വിഷു എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

[തിരുത്തുക]

ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാൽ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.

അമ്പലപ്പുഴയിൽ പ്രസിദ്ധമായ ഐതിഹ്യമാണ് നാറാണത്തുഭ്രാന്തൻ നടത്തിയ പ്രതിഷ്‌ഠ. പ്രതിഷ്‌ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാർ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോൾ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീൻ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാൻ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്‌ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു. എന്നാൽ, ഈ ഐതിഹ്യത്തിന് ചരിത്രപരമായ അടിത്തറയില്ല.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും ക്ഷേത്രക്കുളവും

തന്ത്രിമാരെപ്പറ്റിയും ഒരൈതിഹ്യം നിലവിലുണ്ട്. തുടക്കത്തിൽ കടികക്കോൽ മനയിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. പ്രതിഷ്ഠിക്കാനായി തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠായോഗ്യമല്ലെന്ന് പുതുമന തിരുമേനി പറഞ്ഞതിനെ കടികക്കോൽ നമ്പൂതിരി എതിർക്കുകയും തെളിയിക്കാൻ ആവശ്യപ്പെടുകയും തെളിയിച്ചാൽ പാതി തന്ത്രം കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടൻ വിഗ്രഹം തല്ലിത്തകർത്തു. അപ്പോൾ അതിൽ നിന്നും അഴുക്കുവെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിയ്ക്കാനുള്ള വിഗ്രഹം ക്ഷേത്രക്കുളത്തിൽ ഉണ്ടെന്ന് പുതുമന പറഞ്ഞതനുസരിച്ച് കടിയക്കോൾ മുങ്ങിത്തപ്പിയെടുത്ത വിഗ്രഹം പ്രതിഷ്ഠിച്ചു. ദൈവനിർമ്മിതമെന്ന് പറയപ്പെടുന്ന ഈ വിഗ്രഹമാണ് ഇന്നും ശ്രീകോവിലിലുള്ളത്. [അവലംബം ആവശ്യമാണ്]

അമ്പലപ്പുഴ ഗ്രാമം

[തിരുത്തുക]

അമ്പലപ്പുഴ ഗ്രാമം ജില്ലാതലസ്ഥാനമായ ആലപ്പുഴ പട്ടണത്തിൽ നിന്നും, 13 കി.മി. തെക്ക് മാറി സ്ഥിതി ചെയ്യുന്നു. ദേശീയപാത 66-ൽ നിന്നും 1.5 കി.മി. കിഴക്കോട്ടു മാറി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ആദ്യകാലങ്ങളിൽ ഇങ്ങനെ ഒരു സഥലം തന്നെ ഉണ്ടായിരുന്നില്ല. ഈ സ്ഥലം കേവലം ജലാശയങ്ങളാൽ ചുറ്റപ്പെട്ട കൃഷിയിടങ്ങൾ ആയിരുന്നു[അവലംബം ആവശ്യമാണ്]. ആ കാലങ്ങളിൽ ഈ ഭാഗം പാണ്ഡ്യരാജ്യത്തിന്റെയോ മറ്റോ കീഴിലായിരിക്കം എന്നും അഭ്യൂഹങ്ങൾ ഉണ്ട്.

ഉത്തരകേരളത്തിൽ നിന്നും തോറ്റോടിവന്ന ഒരുകൂട്ടം ഭടന്മാർ ആഹാരത്തിനായി കുടമാളൂർ ദേശത്തു (കോട്ടയം ജില്ല) വരുകയുണ്ടായി. ഇവർ ആഹാരത്തിനായി അവിടെ പല വീടുകളിലും പോയങ്കിലും, ആഹാരം കിട്ടാതെ അലയുകയുണ്ടായി. ഇതു മനസ്സിലാക്കിയ ചില ബാലന്മാർ അടുത്തുള്ള 'ചെമ്പകശ്ശേരി' എന്ന ദരിദ്ര ഇല്ലത്തിലേക്ക് ഇവരെ അയച്ചു. ആ ഇല്ലത്തിലെ നമ്പൂതിരി ബാലനെ കളിയാക്കാനായി അവന്റെ കൂട്ടുകാർ മനപൂർവ്വം ചെയ്തതായിരുന്നു ഇത്. എന്നാൽ ദരിദ്രനായ ആ ഉണ്ണി ആ പരിഹാസം മനസ്സിലാക്കി അവർക്ക് തന്റെ സ്വർണ്ണ മോതിരം ഊരി നൽകി ഭക്ഷണം കഴിച്ചു വരുവാൻ നിർദ്ദേശിച്ചു. ആ പടയാളികൾ തങ്ങളുടെ നന്ദി പ്രകാശിപ്പിക്കുവാനായി, പരിഹസിക്കാൻ വന്നവരുടെ കുടുംബം കൊള്ളയടിച്ച് നമ്പൂതിരി ഉണ്ണിക്ക് സമ്മാനിച്ചു. തുടർന്ന് ആ ഭാഗം മുഴുവനും പിടിച്ചെടുക്കുകയും ഒരു രാജ്യമായി വികസിപ്പിച്ചു അതിന്റെ രാജാവായി ആ ബാലനെ തന്നെ അധികാരസ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. [3] ആ രാജ്യത്തിന് ചെമ്പകശ്ശേരി എന്ന പേരുതന്നെ നൽകുകയും ചെയ്തു. ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണരാജ്യമാകാം അത്. ഈ ഉണ്ണിയുടെ മകനായിരുന്നു അമ്പലപ്പുഴ ക്ഷേത്രത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ പ്രസിദ്ധനായ പൂരാടം തിരുനാൾ ദേവനാരായണൻ.

ചരിത്രം

[തിരുത്തുക]
അമ്പലപ്പുഴ ക്ഷേത്രത്തിൽ കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ച മിഴാവ് പ്രദർശിപ്പിച്ചിരിക്കുന്നു
പടിഞ്ഞാറു നിന്നുള്ള ദൃശ്യം

AD 1200-നു ശേഷം ആണ് ഇവിടെ ഇന്നത്തെ ക്ഷേത്രം പണിതത് എന്ന് പറയപ്പെടുന്നു. മറ്റൊരു സമയത്ത്, രാജാവ് തന്റെ രാജ്യവും മറ്റും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് സാങ്കല്പികമായി കാഴ്ച്ചവച്ചു. ദേവനാരായണൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.18-ആം നൂറ്റാണ്ടിൽ (1746-ൽ) തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരിയെ ആക്രമിച്ചു കീഴ്പെടുത്തിയ ശേഷം ചെമ്പകശ്ശേരി രാജാവിന്റെ ശൈലി സ്വീകരിച്ചാണു തിരുവിതാംകൂറിനെ ശ്രീപദ്മനാഭനു സമർപ്പിച്ച ശേഷം പദ്മനാഭദാസൻ എന്ന പേരു സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു.

ഒരു ക്ഷാമകാലത്ത്, ചെമ്പകശ്ശേരി രാജാവ് തലവടി സ്വദേശിയായിരുന്ന ഒരു തമിഴ് ബ്രാഹ്മണപ്രഭുവിൽ നിന്നും കുറച്ചു ധനം വായ്പ വാങ്ങുകയുണ്ടായി. എന്നാൽ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഒരിക്കൽ ആ ബ്രാഹ്മണൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വന്ന് തന്റേ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ ഉച്ചപൂജ നടത്തരുതു എന്നു. അതു കേട്ട ഖിന്നനായ രാജാവ് തന്റെ മന്ത്രിയായ മണക്കാട്ടമ്പിള്ളി മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവൻ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ കൊണ്ടു ചൊരിഞ്ഞു. മന്ത്രി ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുൻപായി ധാന്യം എല്ലാം എടുത്തു മാറ്റുവാനും ആവശ്യപ്പെട്ടു. എന്നാൽ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാൻ കൂട്ടാക്കിയില്ല. ചുരുക്കത്തിൽ ആ ബ്രാഹ്മണൻ ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമർപ്പിച്ച് പറഞ്ഞു: 'ആ നെല്ലിന്റെ വിലയും പലിശയും കൊണ്ടു ഭഗവാനു നിത്യവും ഉച്ചപ്പൂജക്കു പാല്പായസം നൽകൂ.' അന്നു മുതലാണു ഇപ്പോൾ നാം കാണുന്ന പാൽപ്പായസം തുടങ്ങിയത്.

കേരളത്തിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രമായ ഗുരുവായൂർ ക്ഷേത്രവുമായും അമ്പലപ്പുഴയ്ക്ക് വലിയ ബന്ധമുണ്ട്. ടിപ്പു സുൽത്താൻ ഗുരുവായൂർ ആക്രമിയ്ക്കുമോ എന്ന് സംശയം തോന്നിയ സമയത്ത് ഗുരുവായൂർ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയും തന്ത്രിയും ശാന്തിക്കാരും കഴകക്കാരും കൂടി ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുവന്നു. പഴയ ചെമ്പകശ്ശേരി രാജകൊട്ടാരമായിരുന്ന അമ്പലപ്പുഴ തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണികഴിപ്പിച്ച് ഗുരുവായൂരപ്പനെ അവിടെ കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. അവിടെ വിളക്കുവയ്പുമുണ്ട്. എന്നാൽ, സമീപത്തെ ക്ഷേത്രങ്ങൾ പലതും തകർത്തിട്ടും ടിപ്പുവിന് ഗുരുവായൂർ ക്ഷേത്രം മാത്രം തകർക്കാൻ കഴിഞ്ഞില്ല. തുടർന്ന്, ഗുരുവായൂരിലേയ്ക്ക് വിഗ്രഹം മടക്കിക്കൊണ്ടുപോയി. ഇന്നും അമ്പലപ്പുഴയിൽ പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നത് കാണാം. അത് സാക്ഷാൽ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമായി ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം, ഗുരുവായൂരിൽ ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ നടയടയ്ക്കുന്നു. നിത്യശീവേലിയുള്ള എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ നടക്കുന്ന ഉച്ചശീവേലി, ഗുരുവായൂരിൽ മാത്രം വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്.

അമ്പലപ്പുഴ ഉത്സവം

[തിരുത്തുക]

തൃക്കൊടിയേറ്റ്

[തിരുത്തുക]

ഉച്ചശീവേലിക്കുശേഷം തെക്കേ ഗോശാലയിൽ ഗണപതിപൂജയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഗണപതിപൂജയ്ക്കുശേഷം ഉത്സവദിവസങ്ങളിൽ എടുക്കുന്ന കോയ്മവടി മേൽശാന്തി ശ്രീകോവിലിൽ കൊണ്ടുപോയി പൂജിച്ച് കോയ്മസ്ഥാനി വലിയമഠം പണിക്കർക്ക് കൈമാറും. തുടർന്ന് വാദ്യപൂജ. കൊടി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു പൂജിച്ച് ദേവചൈതന്യം ആവാഹിച്ച് കോയ്മയുടെ അനുവാദത്തോടെ വാദ്യപരീക്ഷ നടത്തി, പാണികൊട്ടി കൊടിമരച്ചുവട്ടിലേക്ക് കൊടിയെഴുന്നള്ളിക്കുകയും പിന്നീട് തന്ത്രി കൊടിയേറ്റ് നടത്തുന്നു. കൊടിയേറ്റിനുശേഷം അമ്പലപ്പുഴ തച്ചന്റെ നേതൃത്വത്തിൽ നാളികേരം ഉടച്ച് രാശി നോക്കി ഫലം പ്രവചിക്കുന്നു. വൈകീട്ട് ദീപാരാധനയ്ക്കു മുൻപായി എട്ടുദിക്കിലും ദിക്കുകൊടിയേറ്റ്റുകയും ചെയ്യുന്നു

ശുദ്ധാദി കലശപൂജ

[തിരുത്തുക]

കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളിൽ ഒന്നാണ്. രണ്ടാം ഉത്സവദിനം ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാൽ,തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീർ എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വർണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങൾ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്.

പുലർച്ചെ 5 മണിയോടുകൂടി കിഴക്കേ നാലമ്പലത്തിൽ പ്രത്യേകമായി പത്മമിട്ട് അലങ്കരിക്കുന്ന സ്ഥലത്ത് കുംഭങ്ങൾ നിറച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചാണ് കലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളിൽ ഉച്ചപൂജ രാവിലെ 8.30ന് നടക്കുന്നതിനാൽ എട്ടുമണിയോടെയാണ് ശുദ്ധാദി ചടങ്ങുകൾ നടക്കുന്നത്. ശുദ്ധാദി ദർശിക്കുന്നതിനും ആടിയശേഷമുള്ള തീർഥം സേവിക്കുന്നതിനും നല്ല തിരക്കാണ് ഉണ്ടാകുക. ക്ഷേത്രം തന്ത്രിമാരായ പുതുമന-കടിയക്കോൽ നമ്പൂതിരിമാരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്

കുടവരവ്

[തിരുത്തുക]

അമ്പലപ്പുഴയിലെ ഏഴാം ഉത്സവദിനമാണ് തകഴി ധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് ഉത്സവക്കുട ആഘോഷമായി എഴുന്നള്ളിക്കുന്നത്. അമ്മയുടെ (അമ്പലപ്പുഴ കണ്ണന്റെ) ഉത്സവം കാണാൻ ഹരിഹരപുത്രൻ (ശാസ്താവ്) എഴുന്നള്ളുന്നതായും, തകഴി ക്ഷേത്രത്തിൽനിന്ന് ശാസ്താവിന്റെ കലവറക്കാരൻ വേലതുള്ളാൻ വരുന്നതായും രണ്ടു സങ്കല്പങ്ങൾ കുടവരവിന് പിന്നിലുണ്ട്. തകഴി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന കുടവരവിനെ വഴിനീളെ ഭക്തർ നിറപറയും നിലവിളക്കും വെച്ച് എതിരേക്കുന്നു. കുടവരവിനൊപ്പം കൊടിയും വേലകളിക്കാരും മേളക്കാരുമുണ്ടായിക്കും. ക്ഷേത്രത്തിനടുത്തുള്ള പുതുപ്പുരപ്പടിയിൽനിന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്ന് കുടവരവിനെ സ്വീകരിച്ച് നെറ്റിപ്പട്ടമേന്തിയ ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുംകയും ചെയ്യും.

ഏഴാം ഉത്സവനാളിൽ ക്ഷേത്രത്തിൽ തകഴിക്കാരുടെ വേലകളിയുണ്ട്. കുളത്തിൽ വേല കഴിഞ്ഞ് തകഴിക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള സാധനങ്ങളുമായാണ് കലവറക്കാരൻ മടങ്ങി പോകുന്നത്. തകഴിയിൽനിന്ന് കൊണ്ടുവന്ന കുട ക്ഷേത്രത്തിൽ നൽകിയശേഷം ക്ഷേത്രത്തിലെ കുട തിരികെ തകഴിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. തകഴിയിൽനിന്ന് കൊണ്ടുവരുന്ന കുടയാണ് അടുത്ത ഒരു വർഷത്തേക്ക് ക്ഷേത്രത്തിലെ പ്രഭാത, അത്താഴശീവേലികൾക്ക് ഉപയോഗിക്കുന്നത്.

ഏഴാം ഉത്സവം

[തിരുത്തുക]

ഏഴാംഉത്സവം മുതൽ എഴുന്നള്ളത്തിന് അഞ്ചാനകളുണ്ട്. ഒന്നാംതരം നെറ്റിപ്പട്ടവും ആറാട്ടുചട്ടവും സ്വർണക്കുടകളും വെള്ളിക്കുടകളുമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. ഏറ്റുമാനൂർ ഏഴരപ്പൊന്നാനയ്ക്കു തുല്യമായ പതക്കമാണ് ഏഴാം ഉത്സവ വൈകുന്നേരത്തെ എഴുന്നള്ളത്തു മുതൽ ചട്ടത്തിൽ ചാർത്തുന്നത്.

വാദ്യഘോഷങ്ങളോടെ ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽ നിന്ന് എത്തുന്ന കുട്ടവരവിന് ഞായറാഴ്ച വൈകിട്ട് 4.30ന് കിഴക്കേനടയിൽ സ്വീകരണം നൽകും. രാത്രി 8ന് ഊട്ടുപുരയിൽ നാടകശാലസദ്യക്കുള്ള കറിക്കുവെട്ട് നടക്കും. തിങ്കളാഴ്ച ഉച്ചക്ക് 12 നാണ് പ്രസിദ്ധമായ നാടകശാലസദ്യ.

കുട്ട വരവ്

[തിരുത്തുക]

ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാലസദ്യക്കുള്ള കുട്ടവരവ് എട്ടാ൦ ഉത്സവദിവസ൦ വൈകിട്ട് ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽനിന്നാണ് ആരംഭിക്കുന്നത്.

നാടകശാല സദ്യ

[തിരുത്തുക]

ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാല സദ്യ മധുരമൂറുന്ന ഐതിഹ്യത്തിന്റെ നവ്യാവിഷ്‌കാരമാണ്. നാടിന്റെ നാനാദിക്കുകളിൽനിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ നാടകശാലസദ്യയിൽ പങ്കെടുക്കാനും ചടങ്ങ് ദർശിക്കാനുമായി ശ്രീകൃഷ്ണസന്നിധിയിലെത്തും. നാടകശാലസദ്യക്കു പിന്നിലുള്ള ഐതിഹ്യമിങ്ങനെ: ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാർ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം നാടകശാലയിൽ ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കിയെത്തിയ സ്വാമിയാർ, ബാലന്റെ വേഷത്തിൽ സദ്യക്ക് നെയ്യ് വിളമ്പുന്ന സാക്ഷാൽ ഭഗവാനെയാണ് കണ്ടത്. 'കണ്ണാ' എന്നുവിളിച്ച് സ്വാമിയാർ ഓടിയടുത്തെങ്കിലും ഭഗവാൻ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാർക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോൾ ഭഗവാൻ മണിക്കിണറിനു മുകളിൽ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം.

സദ്യവട്ടം

[തിരുത്തുക]

നാലുകൂട്ടം പ്രഥമൻ, നാലുകൂട്ടം ഉപ്പേരി, അവിയൽ, തോരൻ, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാർ, കാളൻ, പാല്, പഞ്ചസാര, കൽക്കണ്ടം തുടങ്ങിയ വിഭവങ്ങളാണ് സദ്യക്കുള്ളത്. നാടകശാലയിൽ വരിവരിയായിട്ട തൂശനിലകളിൽ ഉച്ചയ്ക്ക് 12ഓടെയാണ് സദ്യ വിളമ്പുന്നത്. സദ്യയുണ്ട ഭക്തർ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തൻകുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികൾ ക്ഷേത്രസന്നിധിയിൽ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. തുടർന്ന് കയ്യും വായയും കഴുകി ക്ഷേത്രദർശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകൾ പൂർത്തിയാവും.

അമ്പനാട്ട് പണിക്കരുടെ വരവ്

[തിരുത്തുക]

ഒൻപതാം ഉത്സവനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് വൈകുന്നേരത്തെ അമ്പനാട്ടു പണിക്കരുടെ വരവ്. ക്ഷേത്രനിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത ഈഴവ പ്രമാണിയായ അമ്പനാട്ട് ഉണ്ണിരവിക്ക് ചെമ്പകശ്ശേരി രാജാവ് കല്പിച്ചു കൊടുത്തതാണ് അമ്പനാട്ടു പണിക്കർ സ്ഥാനം. അമ്പലപ്പുഴ രാജാവ് നല്കിയ തോട്ടിക്കടുക്കനും, വാളുമായാണ് അമ്പനാട്ടു പണിക്കരുടെ പിന്മുറക്കാർ ഒമ്പതാം ഉത്സവനാളിൽ പരിവാരസമേതം ക്ഷേത്രദർശനത്തിനെത്തുന്നത്.

ആറാട്ട്

[തിരുത്തുക]

പത്താം ദിവസം രാത്രിയാണ് ക്ഷേത്രത്തിലെ ആറാട്ട്. വൈകുന്നേരം ആറുമണിയോടെ എല്ലാ താന്ത്രികച്ചടങ്ങുകളും കഴിഞ്ഞ് അമ്പലപ്പുഴ കൃഷ്ണൻ ആറാട്ടിന് പുറപ്പെടുന്നു. ഇവിടെ കൊടിയിറക്കത്തിനുശേഷമാണ് ആറാട്ട് നടക്കുന്നത്. ഇരട്ടക്കുളങ്ങര ശിവക്ഷേത്രക്കുളത്തിലാണ് ആറാട്ട്. അഞ്ച് ആനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്ത് അത്യാകർഷകമാണ്.

ദർശന സമയം

[തിരുത്തുക]
  • രാവിലെ 3 AM മുതൽ ഉച്ചക്ക് 12.30 PM വരെ.
  • വൈകുന്നേരം 5 PM മുതൽ രാത്രി 8 PM വരെ.

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]

ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്നും 14 കിലോമീറ്റർ അകലെ അമ്പലപ്പുഴയിൽ ആണ് ക്ഷേത്രം. ദേശീയപാത 66 വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം. ധാരാളം ബസ് സർവീസുകൾ ലഭ്യമാണ്.

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - അമ്പലപ്പുഴ

അടുത്തുള്ള വലിയ റെയിൽവേ സ്റ്റേഷൻ - ആലപ്പുഴ

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ടെമ്പിൾസ് ആൻഡ് ലെജെൻഡ്സ് ഓഫ് കേരളാ -- കെ.ആർ. വൈദ്യനാഥൻ
  2. http://www.alappuzhaonline.com/champakulammoolam-boatrace.htm
  3. ഐതിഹ്യമാല :ചെമ്പകശ്ശേരി രാജാവ് -- കൊട്ടാരത്തിൽ ശങ്കുണ്ണി