Jump to content

നാരകക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോർമൺ ചിത്രശലഭം
(Common Mormon)
മോർമൺ ചിത്രശലഭം (ആൺ) സാധാരണ കാണാറുള്ള വിധത്തിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. polytes
Binomial name
Papilio polytes
(Linneaus, 1758)

നഗരങ്ങളിലും, നാട്ടിൻപുറങ്ങളിലും, വനങ്ങളിലും ധാരാളമായി കാണാറുള്ള ചിത്രശലഭമാണ് നാരകക്കാളി(Common Mormon - Papilio polytes).[1][2][3][4] മോർമൺ ചിത്രശലഭം എന്നും ഇതിനെ വിളിയ്ക്കുന്നു. വലിയ ചിറകുകളുള്ള ഇവ ഉദ്യാനങ്ങളിൽ സാധാരണ കാണാറുള്ള ഷഡ്‌പദമാണ്.

പേരിന് പിന്നിൽ

[തിരുത്തുക]

ഈ വിഭാഗത്തിൽ പെടുന്ന ശലഭങ്ങൾ പ്രധാനമായും നാരകങ്ങളിൽ മുട്ടയിടുന്നതുകൊണ്ടാണ് നാരകക്കാളി എന്ന് വിളിയ്ക്കുന്നത്[5].

സവിശേഷതകൾ

[തിരുത്തുക]
നീണ്ട അടയാളമുള്ള പെൺ ശലഭങ്ങൾ
നാരകക്കാളി

ആൺ-പെൺ ശലഭങ്ങൾക്ക് നിറവ്യത്യാസമുണ്ട്. പ്രഭാതങ്ങളിൽ മോർമൺ പൂമ്പാറ്റകൾ വെയിൽ കായാനെന്നപോലെ ഇലകളിലും മറ്റും ചിറകുവിടർത്തി ഇരിക്കാറുണ്ട്. അപ്പോഴിവയെ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നു. പെൺശലഭങ്ങൾ കേരളത്തിൽ സാധാരണ കണ്ടുവരുന്ന ചെമ്പനീർ ശലഭം, പനിനീർ ശലഭം തുടങ്ങിയ ചിത്രശലഭങ്ങളുടെ നിറങ്ങൾ അനുകരിക്കാറുണ്ട് (Bio-mimic)[6]. പനീർ ശലഭങ്ങൾ പുഴുവായിരിക്കുമ്പോൾ കഴിക്കുന്ന ചില വിഷച്ചെടികളുടെ വിഷാംശം ശരീരത്തിലുണ്ടാകും അതിനാൽ അത്തരം ശലഭങ്ങളെ സാധാരണ ശത്രുക്കൾ ഒഴിവാക്കുകയാണ് പതിവ്. അതു മുതലാക്കാനാണ് മോർമൺ ശലഭത്തിന്റെ അനുകരണം. പെൺശലഭം മാത്രമേ അനുകരണം നടത്താറുള്ളു. പനീർ ശലഭങ്ങളുടെ ശരീരം കടും ചുവപ്പുനിറത്തിലായിരിക്കുമെങ്കിലും മോർമൺ ശലഭങ്ങളുടെ ശരീരം കറുത്തനിറത്തിലായിരിക്കുമുണ്ടാവുക.

അധികം അടയാളമുള്ള പെൺ ശലഭങ്ങൾ

ആൺശലഭങ്ങൾക്ക് കറുത്ത ചിറകുകളാണുണ്ടാവുക, മുൻ‌ചിറകിൽ അരികുകളിലായി വെള്ളപ്പൊട്ടുകൾ കാണാം. പിൻ‌ചിറകുകളുടെ മധ്യഭാഗത്തായി നാലഞ്ച് വെളുത്ത പൊട്ടുകൾ ഉണ്ട്, പിൻ‌ചിറകുകളുടെ അരികുകളിലായി ചന്ദ്രക്കലയുടെ ആകൃതിയിൽ വെളുത്ത അടയാളങ്ങൾ കാണാം. പിൻ‌ചിറകുകൾ രണ്ടിലും നീളൻ വാലുകളുമുണ്ട്.

പെൺശലഭങ്ങൾ മൂന്നു വ്യത്യസ്ത നിറങ്ങളിലാണ് കണ്ടു വരുന്നത്. ആൺശലഭത്തിന്റെ നിറത്തോടുകൂടിയവ. പിൻ‌ചിറകുകളിൽ നീണ്ട വെളുപ്പും ചുവപ്പും അടയാളമുള്ളവ, പിൻ‌ചിറകുകളിൽ വെളുപ്പും കടും ചുവപ്പും ധാരാളം പാടുകളോടുകൂടിയവ. മിമിക്രി എന്ന ഒരു സൂത്രവിദ്യ കാണിക്കുന്ന സ്വഭാവക്കാരാണ്. ഇവയുടെ ശലഭപ്പുഴുക്കളുടെ ആരംഭദശയിൽ ചെടിയിൽ പറ്റിയിരിക്കുന്നത് കണ്ടാൽ ഇലയിൽ വീണുകിടക്കുന്ന പക്ഷി കാഷ്ടമാണെന്നെ തൊന്നുകയുള്ളൂ.

ആൺ പെൺ ശലഭങ്ങൾക്ക് കറുത്ത ശരീരമാണുണ്ടാവുക[7]

പ്രത്യുത്പാദനം

[തിരുത്തുക]
പെൺമോർമൺ ചിത്രശലഭം കോമൺ റോസ് ചിത്രശലഭത്തെ അനുകരിക്കുന്നു

നാരക വർഗ്ഗത്തിൽ പെട്ട ചെടികളിലാണ് മോർമൺ ശലഭങ്ങൾ സാധാരണ മുട്ടയിടുന്നത്. കറിവേപ്പും ചിലപ്പോൾ ഉപയോഗിക്കുന്നു. ഗോളാകൃതിയിലുള്ള മുട്ട തളിരിലകളിലും, ഇളംതണ്ടുകളിലും മഴക്കാലമല്ലാത്ത സമയങ്ങളിലിടുന്നു. മുട്ട വിരിഞ്ഞു വരുന്ന പുഴുവിന്(ലാർവ) ആദ്യം പക്ഷിക്കാഷ്ഠത്തിന്റെ നിറമായിരിക്കും. ഇക്കാരണം കൊണ്ടു ഇലയുടെ മുകളിൽ നിശ്ചലമായിരിക്കുന്ന പുഴുവിനെ ശത്രുക്കൾ ഉപേക്ഷിക്കുന്നു. പിന്നീട് നിറം പച്ചയായി മാറുന്നു, അപ്പോഴും ഇലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവയെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. കണ്ണുകള് എന്ന് തോന്നിപ്പിക്കുന്ന രണ്ട് പാടുകൾ പ്യൂപ്പയാകുന്നതിന് തൊട്ടു മുമ്പുള്ള ലാർവ്വയ്ക്കുണ്ട്. തുന്നാരൻ കിളി, ഓലേഞ്ഞാലി, ചെമ്പോത്ത്, ചിലന്തികൾ, തൊഴും‌പ്രാണികൾ മുതലായവയാണ് പ്രധാന ശത്രുക്കൾ. ശത്രുക്കൾ അടുത്തു വരുമ്പോൾ ശിരസ്സിലെ കണ്ണുപോലുള്ള ഭാഗങ്ങൾ കാട്ടി അവയെ ഭയപ്പെടുത്തുന്നു. വായ്ക്കുള്ളിലെ കടും ചുവപ്പവയവം കാട്ടിയും, ദുർഗന്ധമുള്ള ഒരു ദ്രവം പുറത്തുവിട്ടും[8] ശത്രുക്കളെ പുഴുക്കൾ തുരത്താറുണ്ട്.

അപകടഘട്ടങ്ങൾ തരണം ചെയ്ത് പൂർണ്ണവളർച്ചയെത്തിയ പുഴു, സുരക്ഷിതമായ സ്ഥലം കണ്ടെത്തി പിൻ‌കാലുകൾ കൊണ്ടു പിടിച്ചിരുന്ന് ശരീരം വളച്ച് നിദ്രയാരംഭിക്കുന്നു. ക്രമേണ നാരുകൾ ശരീരത്തിൽ നിന്നും വന്ന് പുഴുവിനെ പ്യൂപ്പ ആക്കി മാറ്റുന്നു. 21 ദിവസങ്ങൾ കഴിയുമ്പോൾ പ്യൂപ്പയുടെ കവചം പൊളിച്ച് ശലഭം പുറത്തു വരുന്നു.

ആവാസവ്യവസ്ഥകൾ

[തിരുത്തുക]

തെക്കു കിഴക്കൻ ഏഷ്യയിലെമ്പാടും ഈയിനം ശലഭങ്ങളെ കണ്ടുവരുന്നു. കേരളത്തിലും മോർമൺ ശലഭങ്ങളെ ധാരാളമായി കാണാം. രാജമല്ലി, ചെത്തി, മന്ദാരം, അശോകം, ചെമ്പരത്തി മുതലായ ചെടികളുടെ സമീപത്ത് മോർമൺ ശലഭങ്ങൾ സാധാരണ തേൻ‌കുടിക്കാനെത്തുന്നു. വനങ്ങളിലാകട്ടെ ചീനി, ഇലവ്, മുരിക്ക് മുതലായ സസ്യങ്ങളുടെ പൂക്കാല സമയത്ത് ഇവ കൂട്ടമായെത്തുന്നതു കാണാം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 7. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Papilio Linnaeus, 1758". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 61–63.
  4. Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 223–232.{{cite book}}: CS1 maint: date format (link)
  5. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
  6. "Common Mormon" (in ഇംഗ്ലീഷ്). naturemagics.com. Archived from the original on 2009-09-25. Retrieved 24 ഒക്ടോബർ 2009.{{cite web}}: CS1 maint: unrecognized language (link)
  7. "Papilio polytes (Common Mormon, Kleiner Mormon, Mormon Commun)" (in ഇംഗ്ലീഷ്). butterflycorner.ne. Archived from the original on 2009-11-14. Retrieved 25 ഒക്ടോബർ 2009.
  8. ARSHAD MUNIR (2004). "BIONOMIC STUDIES OF COMMON MORMON,PAPILIO POLYTES L. IN COMPARISON WITH CITRUS BUTTERFLY PAPILIO DEMOLEUS L. (LEPIDOPTERA: PAPILIONIDAE) FROM „_ LOWER SINDH, PAKISTAN" (പി.ഡി.എഫ്.) (in ഇംഗ്ലീഷ്). പാകിസ്താൻ സർക്കാർ. Retrieved 25 ഒക്ടോബർ 2009.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാരകക്കാളി&oldid=4077368" എന്ന താളിൽനിന്ന് ശേഖരിച്ചത്