വെള്ളച്ചാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Udaspes folus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളച്ചാത്തൻ
Grass demon.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Udaspes
വർഗ്ഗം: ''U. folus''
ശാസ്ത്രീയ നാമം
Udaspes folus
(Cramer, 1775)

ഇലപൊഴിയും കാടുകളിലും അർദ്ധഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണ് വെള്ളച്ചാത്തൻ. ഇംഗ്ലീഷിൽ ഗ്രാസ് ഡീമൻ(Grass Demon) എന്നാണ് പേര്, ഉഡാസ്പെസ് ഫോളസ്(Udaspes folus) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. മഴക്കാലത്താണിവയുടെ വിഹാരം കൂടുതലും. വിരളമായി വീട്ടുവളപ്പുകളിലും കാണാം.

വിതരണം[തിരുത്തുക]

ശ്രീലങ്ക, ദക്ഷിണേന്ത്യ മുതൽ സൗരാഷ്ട്ര, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നീ സ്ഥലങ്ങൾ വരെയും മ്യാന്മാർ, ചൈന, തായ്‌ലാണ്ട്, മലേഷ്യ, ഇന്തോനേഷ്യ, തുടങ്ങി കിഴക്കൻ രാജ്യങ്ങൾ അടക്കം ഓസ്ട്രേലിയ വരെയും ഇവയെ കണ്ടുവരുന്നു. കേരളത്തിലെ എല്ലായിടങ്ങളിലും ഇവയെ കാണാൻ സാധിക്കും. ഹിമാലയൻ കാടുകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

വിവരണം[തിരുത്തുക]

അടിവശം

ചെറിയ പൂമ്പാറ്റയാണിത്. ചിറകുപുറത്തിന്‌ ഇരുണ്ട തവിട്ടുനിറമാണ്. മുൻചിറകിൻ പുറത്ത് മങ്ങിയ വെളുത്തപൊട്ടുകൾ കാണാം. പിൻചിറകിൻ പുറത്ത് നടുവിലായി ഒരു വലിയ വെളുത്ത പാടുണ്ടാകും. ചിറകിന്റെ അടിവശം ഏതാണ്ട് പുറവശം പോലെത്തന്നെയിരിക്കും. തേൻ കുടിക്കുന്ന തുമ്പിക്കൈക്ക് സാമാന്യം നീളമുണ്ട്.

സ്വഭാവവിശേഷങ്ങൾ[തിരുത്തുക]

മനുഷ്യരുമായി അടുപ്പം കാണിക്കാത്ത പൂമ്പാറ്റയാണിത്. നിലമ്പറ്റി പറക്കാനാണ് താല്പര്യം. ഒറ്റപ്പറക്കലിൽ അധികദൂരം താണ്ടാറുമില്ല. ഇലപ്പുറത്തും തണ്ണീർത്തടങ്ങളിലെ കല്ലുകളിലും ഇരുന്ന് വെയിൽ കായുന്ന ശീലമുണ്ട്. വെയിൽ കായുമ്പോൾ പിൻചിറകുകൾ പരത്തിയും മുൻചിറകുകൾ അല്പം പൊക്കിപ്പിടിക്കുകയും ചെയ്യുന്ന ചാത്തൻ വിശ്രമിക്കുന്ന സമയങ്ങളിൽ ചിറകുകൾ പൂട്ടിപ്പിടിക്കുകയാണ് പതിവ്. രണ്ടു ചിറകുകളും വെവ്വേറെ ഇളക്കാറുണ്ട്.

മഞ്ഞൾ, ഇഞ്ചി മുതലായ സസ്യങ്ങളിലാൺ മുട്ടയിടുന്നത്[1]. മുട്ടയിടുന്നതിനു മുൻപേ പെൺശലഭം ആഹാരസസ്യത്തിനു ചുറ്റും കുറച്ചുനേരം പറന്നു നടക്കും. സസ്യം അനുയോജ്യമാണോ എന്ന് കണ്ടെത്താൻ വേണ്ടിയാണിത്. ഇലപ്പുറത്താണ് മുട്ടയിടുക. പൊതുവെ ഒരു മുട്ടവീതമാണ് ഇടുക. ചിലപ്പോൾ രണ്ടോ മൂന്നോ മുട്ടയിടും. ഇട്ടയുടനെ മുട്ടക്ക് ചുവപ്പുനിറമായിരിക്കും. പിന്നീട് ഇവ വെളുത്തനിറമാകും. മുട്ടയിടുന്നതോടെ ഇവ ചത്തുപോകുന്നു. ഒരു തേൻ കൊതിയൻ ശലഭമാണിത്. ശവംനാറിച്ചെടിയിൽ നിന്നും അരിപ്പൂ ചെടിയിൽ നിന്നും തേൻ കുടിക്കും. ചിലപ്പോൾ ചാണകത്തിൽ നിന്നും പക്ഷിക്കാട്ടത്തിൽ നിന്നും മറ്റും പോഷകങ്ങൾ നുണയുന്നതും കാണാം.

ശലഭപ്പുഴു[തിരുത്തുക]

ശലഭപ്പുഴു

പുഴുവിന്‌ നീലകലർന്ന പച്ച നിറമാണ്. പുറത്ത് പച്ച നിറത്തിൽ ഒരു വരകാണാം. ശിരസ്സ് ഇരുണ്ടിട്ടാണ്. പുഴുവിനെ തൊട്ടാൽ ഒരു ചുവന്ന ഗ്രന്ഥി പുറത്തേക്ക് തള്ളി വരും. ഇതെന്തിനാണെന്ന് വ്യക്തമല്ല. മുട്ട വിരിഞ്ഞു വരുന്ന ശലഭപുഴു മുട്ടത്തോടിന്റെ ഒരു ഭാഗം തിന്ന് ബാക്കി ഉപേക്ഷിക്കും. ചില മുട്ടകൾ മാസങ്ങൾ കഴിഞ്ഞാൺ വിരിയുക. മഞ്ഞളിന്റെ ഇലയുടേയും ഇലകൾ തിന്നു വളരുന്നു. ഇതിനാൽ പുഴുവിനെ കാർഷിക ശത്രുവായി കണക്കാക്കുന്നു. ശലഭപ്പുഴു ആഹാരസസ്യത്തിന്റെ ഇല ചുരുട്ടി ഒരു വീടുണ്ടാക്കുന്നു. പകൽ മുഴുവനും ഇതിനുള്ളിൽ ചുരുണ്ടുകൂടിക്കിടക്കും. വെളിച്ചത്ത് ശല്യം ചെയ്താൽ കൂടെ പുറത്ത് വരില്ല. സന്ധ്യക്കും പുലരുന്നതിനു മുൻപുമാണ് പുറത്തിറങ്ങുക. ആഹാരം കഴിച്ചശേഷം കൂട്ടിനകത്തേക്ക് കയറും. മറ്റു സമയങ്ങളിൽ പുറത്ത് പോലുമിറങ്ങാത്ത ശലഭപ്പുഴുക്കൾ ഇക്കാരണത്താൽ ചിലപ്പോൾ കൂടിനുള്ളിൽ വെള്ളം കയറി പുഴുക്കൾ ചത്തുപോകാറുണ്ട്.

പുഴുപ്പൊതി(പ്യൂപ)[തിരുത്തുക]

പുഴുപ്പൊതി

പുഴുപ്പൊതിക്ക് ഇരുണ്ട പച്ചനിറമാണ്. നാലോ അഞ്ചോ മാസം നീണ്ടു നിൽക്കുന്ന സമാധി ദശ വിരളമായി ആറേഴുമാസം നീണ്ടുപോകാറുണ്ട്. സെപ്റ്റംബർ മുതൽ ഒക്ടൊബർ മാസങ്ങളിൽ സമാധിയാകുന്ന ഇവ നാലു മാസത്തിനുശേഷം ഫെബ്രുവരി മാർച്ചോടെ ശലഭമായി പുറത്തുവരുന്നു.

അവലംബം[തിരുത്തുക]

  1. "Udaspes folus (Grass Demon)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 27 ഒക്ടോബർ 2009. 
"https://ml.wikipedia.org/w/index.php?title=വെള്ളച്ചാത്തൻ&oldid=1837005" എന്ന താളിൽനിന്നു ശേഖരിച്ചത്