കൊല്ലം പൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം പൂരം
ഔദ്യോഗിക നാമംകൊല്ലം പൂരം
ആചരിക്കുന്നത്മലയാളികൾ
തരംഹിന്ദു ക്ഷേത്ര ഉത്സവം
പ്രാധാന്യംകൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ആഘോഷം.
അനുഷ്ഠാനങ്ങൾചെറുപൂരം
ആനയൂട്ട്
ആൽത്തറമേളം (തിരുമുമ്പിൽ മേളം)
കുടമാറ്റം
വെടിക്കെട്ട്
തിയ്യതിമേടം മാസത്തിലെ വിഷു ദിനത്തോടു ചേർന്ന്

കൊല്ലം ജില്ലയിൽ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും ഏപ്രിൽ മാസത്തിൽ ആശ്രാമം മൈതാനത്തു വച്ച് നടക്കുന്ന ആഘോഷമാണ് കൊല്ലം പൂരം. റെയിൽവേ സ്റ്റേഷന് അടുത്തുള്ള പുതിയകാവ് ഭഗവതി ക്ഷേത്രവും സിവിൽ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രവുമാണ് ഈ ആഘോഷത്തിലെ പ്രധാന പങ്കാളികൾ. [1] കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വിപുലമായി ആഘോഷിക്കുന്ന തൃശ്ശൂർ പൂരം പോലെയുള്ള പൂരങ്ങൾ തെക്കൻ ജില്ലക്കാർക്കു കൂടി ആസ്വദിക്കുവാനായി 1992-ൽ ആരംഭിച്ചതാണ് കൊല്ലം പൂരം.[2] കൊല്ലം ജില്ലയിലെ പതിമൂന്ന് ക്ഷേത്രങ്ങളിലെ ദേവീദേവൻമാരുടെ തിടമ്പുമായി കൊമ്പനാനകളും വാദ്യമേളങ്ങളും ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെയാണ് പൂരം ആരംഭിക്കുന്നത്. ഗജവീരൻമാരുടെ നീരാട്ടിനും ആനയൂട്ടിനും ശേഷം പ്രശസ്ത വാദ്യമേളക്കാർ നയിക്കുന്ന ആൽത്തറമേളം അഥവാ തിരുമുമ്പിൽ മേളം നടക്കുന്നു. താമരക്കുളം മഹാഗണപതി ക്ഷേത്രത്തിലെയും പുതിയകാവ് ദേവീക്ഷേത്രത്തിലെയും സംഘങ്ങൾ ആശ്രാമം മൈതാനത്ത് മുഖാമുഖം അണിനിരന്ന് നടത്തുന്ന കുടമാറ്റമാണ് കൊല്ലം പൂരത്തിലെ പ്രധാന ആകർഷണം. മണിക്കൂറുകൾ നീണ്ട കുടമാറ്റത്തിനുശേഷം ഇരുകൂട്ടരും അടുത്ത വർഷം കാണാം എന്നുപറഞ്ഞുകൊണ്ട് ഉപചാരം ചൊല്ലി പിരിയുന്നു.[3] പിന്നീടു നടക്കുന്ന വെടിക്കെട്ടോടെ പൂരം സമാപിക്കുന്നു. കൊല്ലം പൂരം കാണുന്നതിനായി സമീപജില്ലകളിൽ നിന്നുപോലും വൻ ജനക്കൂട്ടമാണ് ഓരോവർഷവും ഇവിടെയെത്തുന്നത്.

ചരിത്രം[തിരുത്തുക]

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ട്.[2] ദേശിങ്ങനാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ ക്ഷേത്രത്തെക്കുറിച്ച് ഉണ്ണുനീലിസന്ദേശത്തിലും മയൂരസന്ദേശത്തിലും താളിയോലഗ്രന്ഥങ്ങളിലും പരാമർശമുണ്ട്.[2] വില്വമംഗലം സ്വാമികളാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നും സന്താനഭാഗ്യം ലഭിക്കാതിരുന്ന ഒരു വിഷ്ണു ഭക്തയ്ക്ക് ശിലാരൂപത്തിൽ ഭൂജാതനായതാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമിയെന്നും ഐതിഹ്യങ്ങളുണ്ട്.[2]

മുമ്പ് തൃശ്ശൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ മാത്രമാണ് പൂരമുണ്ടായിരുന്നത്. പൂരത്തിന്റെ ആസ്വാദനാനുഭവം തെക്കൻ ജില്ലക്കാർക്കു കൂടി ലഭിക്കുന്നതിനായി 1992-ൽ (കൊല്ലവർഷം 1166-ൽ) ആരംഭിച്ചതാണ് കൊല്ലം പൂരം.[3] രവീന്ദ്രൻ നായർ പ്രസിഡന്റും എസ്.കെ. ബോസ് സെക്രട്ടറിയുമായ ഭരണസമിതിയാണ് പൂരത്തിനു തുടക്കം കുറിച്ചത്.[3]

വിഷു ഉത്സവം[തിരുത്തുക]

എല്ലാവർഷവും വിഷുദിനത്തിൽ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നു. ഉത്സവത്തിന്റെ ഭാഗമായി ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങൾ, തെയ്യം, നിലക്കാവടി, പൂക്കാവടി, മയൂരനൃത്തം, അമ്മൻകുടം എന്നിവയുടെ അകമ്പടിയോടെ പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിക്കുന്നത്.[4] 1964-ലാണ് ക്ഷേത്രത്തിലെ തിരുവാഭരണഘോഷയാത്ര ആരംഭിച്ചത്. അതിനുമുമ്പ് ശബരിമല ക്ഷേത്രത്തിൽ മാത്രമാണ് തിരുവാഭരണഘോഷയാത്ര ഉണ്ടായിരുന്നത്.[2]

കൊല്ലം പൂരം[തിരുത്തുക]

വിഷു ഉത്സവത്തിന്റെ അവസാനമാണ് കൊല്ലം പൂരം നടക്കുന്നത്. പൂരം നടക്കുന്ന ദിവസം രാവിലെ കോയിക്കൽ ശ്രീകണ്ഠൻ ക്ഷേത്രം, ഉളിയക്കോവിൽ ദുർഗാദേവി, ഉളിയക്കോവിൽ കണ്ണമത്ത് ഭദ്രാദേവി ക്ഷേത്രം, ശ്രീനാരായണപുരം സുബ്രഹ്മണ്യ ക്ഷേത്രം, കടപ്പാക്കട ധർമശാസ്താ ക്ഷേത്രം, മുനീശ്വര ക്ഷേത്രം, തുമ്പറ മഹാദേവി ക്ഷേത്രം, ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം, ശങ്കരകുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രം, ആശ്രാമം മാരിയമ്മൻ ക്ഷേത്രം, പടിഞ്ഞാറെ പുതുപ്പള്ളി മാടസ്വാമി ക്ഷേത്രം, ആശ്രാമം കേളേത്തുകാവ് നാഗരാജ ക്ഷേത്രം, ചേക്കോട്ട് കളരിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെദേവീദേവൻമാർ ഗജവീരൻമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ചെറുപൂരങ്ങളായി ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെയാണ് കൊല്ലം പൂരം ആരംഭിക്കുക. ഗജവീരൻമാരുടെ നീരാട്ടും ആനയൂട്ടും കാണുവാനായി ധാരാളം ആളുകൾ എത്തുന്നു. ഉച്ചയോടെ കേരളത്തിലെ പ്രശസ്തരായ വാദ്യമേളക്കാരുടെ നേതൃത്വത്തിൽ ആൽത്തറമേളം അഥവാ തിരുമുമ്പിൽ മേളം നടക്കുന്നു. ഇത് തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളത്തിനു സമാനമായാണ് നടക്കുന്നത്. വൈകിട്ട് ക്ഷേത്രത്തിൽ കൊടിയിറങ്ങി ദേവൻ ആറാട്ടിനായി പുറപ്പെടുമ്പോൾ താമരക്കുളം മഹാഗണപതി ക്ഷേത്രത്തിലെയും പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെയും വാദ്യഘോഷാദികൾ ശ്രീകൃഷ്ണസ്വാമിക്ക് മുന്നിലെത്തുന്നു. ഈ കൂടിക്കാഴ്ചയുടെ ഭാഗമായി ഇരുകൂട്ടരും ദേവനുമുമ്പിൽ കുടമാറ്റം ആരംഭിക്കുന്നു. ദേവസംഗമം കഴിഞ്ഞ് ആറാട്ടിനായി പുറപ്പെടുന്ന ദേവൻ ആറാട്ടുകുളത്തിനപ്പുറത്തേക്ക് പോവുകയില്ല എന്നാണ് വിശ്വാസം.[2] തുടർന്ന് ഇരുക്ഷേത്രങ്ങളിലെയും സംഘങ്ങൾ ആശ്രാമം മൈതാനത്തേക്ക് പുറപ്പെടുന്നു.

കുടമാറ്റം[തിരുത്തുക]

ആശ്രാമം മൈതാനത്തുവച്ച് താമരക്കുളം മഹാഗണപതി ക്ഷേത്രത്തിലെയും പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെയും സംഘങ്ങൾ മുഖാമുഖം അണിനിരക്കുന്നു. ഇരുപക്ഷത്തും 15 വീതം ആനകളുണ്ടാകും. അഞ്ച് ആനകൾ കാഴ്ചക്കാരായി നിൽക്കും.[5] പിന്നീട് കൊല്ലം പൂരത്തിലെ പ്രധാന ആകർഷണമായ കുടമാറ്റം ആരംഭിക്കുന്നു. ആനപ്പുറത്തിരിക്കുന്നവർ പല വർണ്ണങ്ങളും അലങ്കാരങ്ങളുമുള്ള കുടകൾ ഉയർത്തിക്കാണിക്കുന്നതാണ് കുടമാറ്റം. ഓരോ ഭാഗവും ഉയർത്തുന്ന കുടകളെ വെല്ലുന്ന വർണ്ണക്കുടകൾ ഉയർത്തി മറുഭാഗം മറുപടി നൽകുന്നു. പൂരക്കുടകളുടെ മുകളിൽ ദേവീദേവൻമാരുടെ ചെറുരൂപങ്ങൾ, കൊടിമരം, എടുപ്പുകുതിര, കാളിയമർദ്ദനം എന്നിവയൊക്കെ ഉണ്ടാകും. ഇവയെല്ലാം ഇപ്പോൾ മറ്റു പൂരങ്ങൾ മാതൃകയാക്കിയിട്ടുണ്ട്. കുടമാറ്റം നടക്കുന്നതോടെ പൂരാവേശം പാരമ്യത്തിലെത്തുന്നു. മണിക്കൂറുകൾ നീണ്ട കുടമാറ്റത്തിനുശേഷം ഇരുക്ഷേത്രക്കാരും അടുത്ത വർഷം കാണാം എന്നുപറഞ്ഞ് പിരിയുന്നു. അതിനുശേഷം വർണ്ണാഭമായ വെടിക്കെട്ടോടെ പൂരം അവസാനിക്കുന്നു. 2016 ഏപ്രിൽ 10-ന് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് ക്ഷേത്രങ്ങളിൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൊല്ലം പൂരത്തിന്റെ 25-ആം വാർഷികമായ 2017-ൽ വെടിക്കെട്ട് നടത്തിയിരുന്നില്ല.

അവലംബം[തിരുത്തുക]

  1. "Kollam pooram on April 15". The Hindu. 2016-04-05. മൂലതാളിൽ നിന്നും 2017-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.
  2. 2.0 2.1 2.2 2.3 2.4 2.5 "കൊല്ലം പൂരം നാളെ". മാതൃഭൂമി. 2017-04-13. മൂലതാളിൽ നിന്നും 2017-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.
  3. 3.0 3.1 3.2 "കൊല്ലം പൂരം". ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഔദ്യോഗിക വെബ്സൈറ്റ്. 2017-04-15. മൂലതാളിൽ നിന്നും 2017-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.
  4. "കൊല്ലം പൂരം നാളെ". മലയാള മനോരമ. 2017-04-13. മൂലതാളിൽ നിന്നും 2017-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.
  5. "കൊല്ലം പൂരം നാളെ". ദീപിക. 2017-04-14. മൂലതാളിൽ നിന്നും 2017-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊല്ലം_പൂരം&oldid=3803537" എന്ന താളിൽനിന്ന് ശേഖരിച്ചത്