താളിയോല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താളിയോലയും നാരായവും

കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാധ്യമമായിരുന്നു താളിയോല. ഉണങ്ങിയ പനയോലയാണ് താളിയോല ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ മതപരവും സാഹിത്യപരവും ആയുർവേദ സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. 1960കൾ വരെ കളരിയാശാൻമാർ കുട്ടികൾക്കുള്ള പാഠങ്ങൾ എഴുതിക്കൊടുത്തിരുന്നത് താളിയോലകളിലാണ്. നാരായം എന്നറിയപ്പെടുന്ന മൂർച്ചയുള്ള ചെറിയ ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു ഈ ഓലകളിൽ എഴുതിയിരുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനത്തിൽ നിന്ന്

പല രൂപത്തിലും വലിപ്പത്തിലും താളിയോലകൾ കാണാമെങ്കിലും അധികവും ദീർഘചതുരാകൃതിയിലാണ്. എഴുത്താണി അഥവാ നാരായം കൊണ്ടാണ് പനയോലയിൽ എഴുതിയിരുന്നത്.

കുടപ്പന ഓലകളിൽ തയ്യാറാക്കിയവയാണു് താളിയോലഗ്രന്ഥങ്ങൾ. കുടപ്പന ദുർലഭമായ സ്ഥലങ്ങളിൽ കരിമ്പനയും ഉപയോഗിക്കാറുണ്ടായിരുന്നു. ഇവയെ പ്രത്യേകമായി കരിമ്പനയോലഗ്രന്ഥങ്ങൾ എന്നും വിളിച്ചുവരാറുണ്ടു്. പല നീളത്തിലും വീതിയിലും ഇത്തരം ഓലകൾ കണ്ടെന്നിരിക്കാം. പക്ഷേ, ഒരൊറ്റ ഗ്രന്ഥത്തിൽ ഇവ ഒരേ വലിപ്പത്തിലാണു് അടുക്കിയിട്ടുണ്ടാവുക. ശരാശരി 20 സെന്റിമീറ്റർ മുതൽ 45 സെന്റിമീറ്റർ വരെ നീളമുള്ള താളിയോലഗ്രന്ഥങ്ങൾ സാധാരണമാണു്. നീളം കുറഞ്ഞ ഗ്രന്ഥങ്ങളുടെ ഇടത്തേ അറ്റത്തുനിന്നും അഞ്ചു സെന്റീമീറ്റർ അകത്തേക്കു മാറി, ചുട്ട ഇരുമ്പുകമ്പി കൊണ്ടു കുത്തിയുണ്ടാക്കിയ, ഏകദേശം ഒരു സെന്റീമീറ്റർ വ്യാസത്തിലുള്ള ദ്വാരം ഓരോ ഓലയിലും കാണാം. താരതമ്യേന നീളം കൂടിയ (30 സെ.മീ.യിൽ കൂടിയ) ഓലകളിൽ ഇതിനു പകരം, ഇരുവശങ്ങളിൽ നിന്നും 5 സെ.മീ. വീതം ഉള്ളിലേക്കു മാറി രണ്ടു ദ്വാരങ്ങൾ വീതം കാണും. ഗ്രന്ഥത്തിന്റെ ഓലകൾ എല്ലാം കൂടി ഒരു ചരടിൽ കോർത്തിട്ടിരിക്കും. തയ്യാറാക്കിയ ഓലകളുടെ വലിപ്പങ്ങളിലെ നേരിയ വ്യത്യാസമനുസരിച്ച് ക്രമത്തിൽ തന്നെയായിരിക്കും ഇപ്രകാരം കോർത്തുകെട്ടുന്നതും. (അതായത് എഴുതിത്തുടങ്ങുന്നതിനുമുമ്പു തന്നെ, താളുകളുടെ അടുക്കും ക്രമവും നിശ്ചയിച്ചിട്ടുണ്ടായിരിക്കും.). ഗ്രന്ഥത്തിന്റെ ആദ്യത്തെ ഓലയ്ക്കു മീതെയും അവസാനത്തെ ഓലയ്ക്കു കീഴെയുമായി ഏകദേശം അര സെന്റീമീറ്റർ കനമുള്ള ചെത്തിമിനുക്കിയ മരപ്പലകകൾ കവചസംരക്ഷണമായി ചേർത്തിരിക്കും. ഈട്ടി, ശീലാന്തി(പൂവരശു്) തുടങ്ങിയ ഇനങ്ങളിൽപ്പെട്ട ഇത്തരം പലകകൾ ഓലകളുടെ അതേ നീളത്തിലും വീതിയിലുമായി, പ്രത്യേകമായി ചെത്തിമിനുക്കിയിട്ടുള്ളവയായിരിക്കും. പലകകളിലും മേൽച്ചൊന്ന തരത്തിലുള്ള അതേ വലിപ്പത്തിലും സ്ഥാനത്തിലും ദ്വാരങ്ങൾ കാണാം.


ഗ്രന്ഥരചനയ്ക്കു പുറമേ പ്രാചീനകാലത്ത് സന്ദേശങ്ങൾ അയയ്ക്കുന്നതിന് (അധികവും രാജാക്കന്മാർ) താളിയോല ഉപയോഗിച്ചിരുന്നു. വിശേഷരീതിയിലുള്ള ചിത്രപ്പണികൾ ചെയ്ത താളിയോല ഗ്രന്ഥങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള 'ചിത്ര രാമായണം' ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്.

ഉപയോഗവും നിർമ്മാണവും[തിരുത്തുക]

താളി എന്ന വാക്കിന് പന എന്നർഥമുണ്ട്. കുടപ്പനയുടേയും കരിമ്പനയുടേയും ഇളം ഓലകൾ എടുത്ത് ഉണക്കിയാണ് എഴുതാൻ ഉപയോഗിച്ചിരുന്നത്. ഓലകൾ വാട്ടി ഉണക്കി എടുക്കുന്ന രീതിയാണ് സാധാരണ അവലംബിക്കാറ്. ഉണക്കി പുകകൊള്ളിക്കുന്ന രീതിയും ഉണ്ടായിരുന്നു. കൂടുതൽകാലം ഈടുനില്ക്കുന്നതിനായി മഞ്ഞൾ ചേർത്ത് വാട്ടി ഉണക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഓലകൾ നൂറ്റാണ്ടുകൾ പഴക്കമായാലും കേടുകൂടാതെ ഇരിക്കും. എഴുതിയ ഓലകൾ ഒന്നിനുമുകളിൽ ഒന്നായി ക്രമത്തിൽ അടുക്കി ഓലയിൽ സുഷിരങ്ങളുണ്ടാക്കി ചരട് കോർത്ത് കെട്ടിവയ്ക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്. 'ഗ്രന്ഥക്കെട്ട്' എന്ന പ്രയോഗം ഇതിൽ നിന്ന് ഉണ്ടായതാകാം. താളുകൾ അടുക്കിവയ്ക്കുമ്പോൾ ഘനക്കുറവും വീതി കൂടുതലും കിട്ടും എന്നതിനാൽ കുടപ്പന ഓലകളാണ് ഗ്രന്ഥരചനയ്ക്ക് അധികവും ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ച് കൂടുതൽ താളുകൾ വേണ്ടിവരുന്ന വലിയ ഗ്രന്ഥങ്ങളുടെ രചനയ്ക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ ചില കൊട്ടാരങ്ങളിലും ഗ്രന്ഥപ്പുരകളിലും ഇന്നും സൂക്ഷിക്കുന്നുണ്ട്. ഗ്രന്ഥങ്ങൾക്ക് പുറമേ ക്രിസ്തീയ ദേവാലയങ്ങളിൽ കണക്കുകൾ എഴുതുന്നതിനും ധാരാളമായി ഓലകൾ ഉപയോഗിച്ചിരുന്നു. ഇന്നും അവ ഈ ദേവാലയങ്ങളിൽ സൂക്ഷിച്ചു പോരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കണക്കുകൾ എഴുതുന്നതിനു പ്രത്യേകം ഓലകളാണു (വലിപ്പത്തിൽ ഉള്ള വ്യത്യാസം)ഉപയോഗിച്ചിരുന്നത്.Ernakulam Archdiocese Archives - ൽ ഇത്തരം 200 വർഷത്തോളം പഴക്കമുള്ള ഓലകൾ കേടു കൂടാതെ സൂക്ഷിച്ചിരിക്കുന്നു. ഏകദേശം 15,000 ത്തോളം ഓലകൾ ഇവിടെ ഉണ്ട്.

കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ഇന്നും അപൂർവമായി പനയോല ഉപയോഗിക്കാറുണ്ട്. നീളത്തിൽ ഈർക്കിലോടുകൂടി മുറിച്ചെടുത്ത ഓലയാണ് എഴുത്താശാന്മാർ (കളരി) ഉപയോഗിച്ചിരുന്നത്. ജാതകം കുറിക്കുന്നതിനും പനയോല ഉപയോഗിച്ചിരുന്നു.

ഓലകളിലെ എഴുത്തിനെപ്പറ്റി പറഞ്ഞാൽ 18, 19 നൂറ്റാണ്ടുകളിൽ ഇപ്പോഴത്തെ മലയാളം അഥവാ മോഡേൺ മലയാളം ആണു കണ്ടു വരുന്നത്. അതിനു മുന്നോട്ട് 17 നൂറ്റാണ്ടുകളിൽ മലയാളത്തിന്റെ തന്നെ പഴയ ലിപിയായ കോലെഴുത്ത് പിന്നെ തമിഴ് എന്നിവയാണു ഉപയോഗിച്ചിട്ടുള്ളത്.

കേരള സർവ്വകലാശാലയുടെ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ (കാര്യവട്ടം) അമൂല്യങ്ങളായ വളരെയധികം താളിയോല ഗ്രന്ഥങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് കൂടുതൽ ഭംഗി കിട്ടുന്നതിനും ശ്രദ്ധേയമാക്കുന്നതിനുമായി കല്യാണക്കത്തുകൾ പനയോലയിൽ അച്ചടിച്ചിറക്കുന്ന രീതിയും അപൂർവമായി കാണാറുണ്ട്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താളിയോല&oldid=3990662" എന്ന താളിൽനിന്ന് ശേഖരിച്ചത്