Jump to content

ഭാസ്കര രവിവർമ്മൻ ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാസ്കര രവിവർമ്മൻ ഒന്നാമൻ
രണ്ടാം ചേരസാമ്രാജ്യം
ഭരണകാലം എ.ഡി. 962 - 1019
മുൻഗാമി ഇന്ദുക്കോതവർമ്മ (944 - 962)
പിൻഗാമി ഭാസ്കര രവിവർമ്മൻ രണ്ടാമൻ (1019 - 1021)

'രണ്ടാം ചേരസാമ്രാജ്യം' എന്നറിയപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിലെ ഒരു ഭരണാധികാരിയാണ് ഭാസ്കര രവിവർമ്മൻ ഒന്നാമൻ. ഇന്ദുകോതവർമ്മയുടെ കാലശേഷം എ.ഡി. 962 മുതൽ 1019 വരെ മഹോദയപുരം ആസ്ഥാനമാക്കി ഇദ്ദേഹം ഭരണം നടത്തിയിരുന്നു.[1] ഇദ്ദേഹത്തെ അവസാനത്തെ ചേരമാൻ പെരുമാളായി കണക്കാക്കുന്നു.

ജൂതപ്രമാണിയായിരുന്ന ജോസഫ് റബ്ബാന് പ്രത്യേക അവകാശങ്ങൾ നൽകിക്കൊണ്ട് ഭാസ്കര രവി വർമ്മൻ എ.ഡി. 1000-ത്തിൽ ജൂത ശാസനം പുറപ്പെടുവിച്ചിരുന്നു.[2] എ.ഡി. 1020-ൽ ഭാസ്കര രവിവർമ്മന്റേതായി പുറത്തിങ്ങിയ കൊടവലം ശാസനം കാഞ്ഞങ്ങാടിനടുത്തുള്ള കൊടവലം വാമനക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നു.[3] ഇവകൂടാതെ തിരുനെല്ലി, തൃക്കൊടിത്താനം, പെരുന്ന (പെരുനെയ്തൽ), മൂഴിക്കുളം എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്റെ ശാസനങ്ങളുണ്ട്.[4][5]

ഭാസ്കര രവിവർമ്മൻ ഒരു പരാക്രമശാലിയായ ഭരണാധികാരിയായിരുന്നുവെങ്കിലും ചോള ചക്രവർത്തിമാരായ രാജരാജ ചോളനും രാജേന്ദ്ര ചോളനും ഇദ്ദേഹത്തെ പരാജയപ്പെടുത്തിയിട്ടുണ്ട്.[4] ചേരന്മാരും ചോളന്മാരും തമ്മിൽ 'നൂറ്റാണ്ട് യുദ്ധം' ആരംഭിച്ചതും ഭാസ്കര രവി വർമ്മന്റെ കാലത്താണ്.

ശാസനങ്ങൾ[തിരുത്തുക]

ജൂതശാസനം[തിരുത്തുക]

ജൂതപ്രമുഖനായിരുന്ന ജോസഫ് റബ്ബാന് പ്രത്യേക അവകാശങ്ങൾ നൽകിക്കൊണ്ട് എ.ഡി. 1000-ത്തിൽ ഭാസ്കര രവി വർമ്മൻ ഒന്നാമൻ പുറപ്പെടുവിച്ച ശാസനമാണ് ജൂതശാസനം. കേരളത്തിലെ ഭരണാധികാരികൾ പുലർത്തിയിരുന്ന മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും തെളിവായി ജൂതശാസനത്തെ കണക്കാക്കുന്നു.[6] മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയിൽ ഈ ശാസനം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.[7] 2017-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോൾ അവിടുത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ജൂതശാസനത്തിന്റെ പകർപ്പ് സമ്മാനമായി നൽകിയിരുന്നു.[2]

കൊടവലം ശാസനം[തിരുത്തുക]

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള കൊടവലം വാമന ക്ഷേത്രത്തിൽ കൊത്തിവച്ചിട്ടുള്ള ശിലാലിഖിതമാണ് കൊടവലം ശാസനം.[3] എ.ഡി. 1020-ൽ ഭാസ്കര രവിവർമ്മൻ ഒന്നാമനാണ് ഇത് പുറത്തിറക്കിയത്. കൊടവലം ഗ്രാമത്തിൽ നിന്നു പിരിച്ചെടുക്കുന്ന നികുതിയിൽ നിന്ന് മൂന്ന് കഴഞ്ച് സ്വർണ്ണം കൊടവലം ക്ഷേത്രത്തിന്റെ നടത്തിപ്പിനായി നൽകിക്കൊണ്ടുള്ള രാജകൽപ്പനയാണ് ഇതിലുള്ളത്.[3] ബ്രാഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് ശാസനം തയ്യാറാക്കിയിരിക്കുന്നത്.[3]

1969-ൽ ചരിത്രകാരനായ എം.ജി.എസ്. നാരായണൻ കൊടവലം ക്ഷേത്രത്തിലെത്തി ഈ ശാസനം വായിച്ചെടുത്തു. ഭാസ്കര രവിവർമ്മൻ സ്ഥാനമേറ്റ് 58-ആം വർഷത്തിലാണ് (എ.ഡി.1020) കൊടവലം ശാസനം പുറത്തിറക്കിയതെന്നാണ് എം.ജി.എസ്. നാരായണനും എം.ആർ. രാഘവ വാരിയരും അഭിപ്രായപ്പെടുന്നത്.[3]

അന്ത്യം[തിരുത്തുക]

ചോള രാജാക്കന്മാരായ രാജരാജ ചോളന്റെയും രാജേന്ദ്ര ചോളന്റെയും ആക്രമണങ്ങൾക്കു മുമ്പിൽ ഭാസ്കര രവിവർമ്മനു പരാജയം സമ്മതിക്കേണ്ടി വന്നു. എ.ഡി. 1018-ൽ രാജേന്ദ്ര ചോളൻ ഇദ്ദേഹത്തെ പരാജയപ്പെടുത്തുകയും കിരീടം അപഹരിച്ചുകൊണ്ടു പോവുകയും ചെയ്തു.[4] ഭാസ്കര രവിവർമ്മന്റെ പരാജയത്തോടെ കേരളത്തിലെ പെരുമാൾ വാഴ്ച അവസാനിച്ചു. പരാജയത്തെത്തുടർന്ന് ഭാസ്കര രവി വർമ്മൻ തന്റെ രാജ്യത്തെ പലർക്കായി വീതം വച്ച ശേഷം ഇസ്ലാം മതം സ്വീകരിച്ച് അറേബ്യയിലേക്ക് പോയി എന്നൊരു ഐതിഹ്യമുണ്ട്.[1] ഈ കഥയെ ഏതെങ്കിലും സമകാലികരേഖയോ തെളിവോ സ്ഥിരീകരിക്കുന്നില്ല. പ്രാചീന കാലത്തോ മധ്യകാലത്തോ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളാരും ഇക്കാര്യം സൂചിപ്പിച്ചിട്ടുമില്ല.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "പ്രാചീന കേരളം, ചരിത്രം". കേരള വിനോദസഞ്ചാര വകുപ്പ്. Archived from the original on 2018-01-05. Retrieved 2018-01-05.
  2. 2.0 2.1 "ഇസ്രായേലിന് മോദി നല്കുന്ന ഉപഹാരങ്ങൾ കൊച്ചിയിൽ നിന്ന്: കേരളത്തിന്റെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളും..." റിപ്പോർട്ടർ ചാനൽ. 2017-07-05. Archived from the original on 2017-12-27. Retrieved 2018-01-05.
  3. 3.0 3.1 3.2 3.3 3.4 ഇ.വി. ജയകൃഷ്ണൻ (2014-09-06). "വടക്കേയറ്റത്തുമുണ്ടൊരു വാമനക്ഷേത്രം". മാതൃഭൂമി ദിനപത്രം. Archived from the original on 2018-01-05. Retrieved 2018-01-05.
  4. 4.0 4.1 4.2 "സംസ്കൃതസാഹിത്യം - Sayahna". Sayahna.org. Archived from the original on 2018-01-05. Retrieved 2018-01-05.
  5. "ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം". വയനാട് വിഷൻ. 2017-08-14. Archived from the original on 2018-01-05. Retrieved 2018-01-05.
  6. കെ.ജി. ശിവാനന്ദൻ (2017-12-08). "ട്രംപ് ലോകത്തെ സംഘര്ഷത്തിലേക്കും യുദ്ധത്തിലേക്കും തള്ളിനീക്കുന്നു". ജനയുഗം. Archived from the original on 2017-12-14. Retrieved 2018-01-05.
  7. "ഇസ്രായേൽ പ്രധാനമന്ത്രിക്ക് മോഡിയുടെ സമ്മാനം..." മംഗളം ദിനപത്രം. 2017-07-05. Archived from the original on 2018-01-05. Retrieved 2018-01-05.