Jump to content

രാജരാജ ചോളൻ ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജരാജ I
മുന്മുടി ചോഴൻ


എ.ഡി. 1014-ൽ രാജരാജ ചോഴന്റെ സാമ്രാജ്യത്തിനുണ്ടായിരുന്ന വ്യാപ്തി
ഭരണകാലഘട്ടം 985–1014 എ.ഡി.
സ്ഥാനനാമം രാജകേസരി
തലസ്ഥാനം തഞ്ചാവൂർ
രാജ്ഞി(മാർ) ലോകമഹാദേവി
ചോഴമഹാദേവി
ത്രൈലോക്യമഹാദേവി
പഞ്ചവൻമഹാദേവി
അഭിമാനവല്ലി
ഇലദമഡെവിയാർ
പൃഥ്വിമഹാദേവി
മക്കൾ രാജേന്ദ്രചോഴൻ ഒന്നാമൻ
കുന്ദവൈ
മദേവഡിഗൾ
മുൻഗാമി ഉത്തമ ചോഴൻ
പിൻഗാമി രാജേന്ദ്ര ചോഴൻ ഒന്നാമൻ
പിതാവ് സുന്ദര ചോഴ
ജനനം ഉദ്ദേശം 947 എ.ഡി.
മരണം 1015 എ.ഡി.

ഇന്ത്യയിലെ തമിഴ് ചോഴ സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ചക്രവർത്തിമാരിൽ ഒരാളായിരുന്നു രാജ രാജ ചോഴൻ I (തമിഴ്: ராஜ ராஜ சோழன்). എ.ഡി. 985-നും 1014-നും ഇടയിലായിരുന്നു ഇദ്ദേഹം ഭരിച്ചിരുന്നത്. അരുണ്മൊഴി തേവർ[1][2] എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. രാജ കേസരി വർമ്മൻ എന്നും രാജ രാജ ദേവർ[3] എന്നും ബഹുമാനസൂചകമായി പെരുവുടയാർ എന്നും വിളിക്കപ്പെട്ടിരുന്നുവെങ്കിലും, സാധാരണഗതിയിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നത് മഹാനായ രാജരാജൻ എന്നായിരുന്നു. ദക്ഷിണേന്ത്യയിലെ പല ചെറു രാജ്യങ്ങളെയും കീഴടക്കുന്നതുവഴി ഇദ്ദേഹം ചോളസാമ്രാജ്യത്തെ തെക്ക് ശ്രീലങ്ക വരെയും വടക്കുകിഴക്ക് കലിംഗം (ഒഡിഷ) വരെയും വ്യാപിപ്പിച്ചു. വടക്ക് ചാലൂക്യന്മാരുമായും തെക്ക് പാണ്ഡ്യന്മാരുമായും ഇദ്ദേഹം ധാരാളം യുദ്ധങ്ങളിലേർപ്പെടുകയുണ്ടായി. വെങ്കൈ പിടിച്ചടക്കിക്കൊണ്ട് രാജരാജൻ പിൽക്കാല ചോളസാമ്രാജ്യത്തിന്റെ അടിത്തറ സ്ഥാപിക്കുകയുണ്ടായി. ശ്രീലങ്ക കീഴടക്കിയ ഇദ്ദേഹം ഇവിടെ ഒരു നൂറ്റാണ്ടുനീണ്ടുനിന്ന ചോളഭരണത്തിന് അടിത്തറയിട്ടു.

തിയതികൾ

[തിരുത്തുക]

രാജരാജന്റെ ഭരണകാലത്തെ പ്രധാന തിയതികൾ നിർണ്ണയിക്കുക ബുദ്ധിമുട്ടാണ്. പണ്ഡിതനായ എൻ. സേതുരാമന്റെ നിഗമനം ഇദ്ദേഹം എ.ഡി. 947-നാണ് ജനിച്ചതെന്നും 985 ജൂലൈ 18-നാണ് കിരീടധാരണം നടന്നതെന്നും 1014-ൽ തമിഴ് മാസം മകത്തിലാണ് മരിച്ചതെന്നുമാണ്.[4]

ജനപ്രിയനായ രാജകുമാരൻ

[തിരുത്തുക]

പരാന്തക സുന്ദര ചോഴന്റെയും വേളിർ മലയമാൻ രാജവംശത്തിലെ വാനവൻ മഹാദേവിയുടെയും മൂന്നാമത്തെ സന്താനമായി അരുൾമൊഴിവർമൻ എന്ന പേരിലാണ് രാജരാജചോഴൻ തിരുകൊയിലൂരിൽ (നാടു നാടിന്റെ തലസ്ഥാനമായിരുന്നു ഇത്) ജനിച്ചത് (ആദിത്യകരികാളൻ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും കുന്തവൈ മൂത്ത സഹോദരിയുമായിരുന്നു). ആദിത്യ കരികാളനെ കിരീടാവകാശിയായി പ്രഖ്യാപിക്കുകയുണ്ടായില്ല. ഇദ്ദേഹത്തിന്റെ പിതാവായ സുന്ദര ചോഴന്റെ ജീവിതകാലത്തുതന്നെ അരുൾമൊഴിവർമൻ സിംഹളന്മാരുമായും പാണ്ഡ്യപടയുമായുള്ള യുദ്ധങ്ങളിലെ വീരകൃത്യങ്ങളിലൂടെ പ്രശസ്തനായിരുന്നു. സുന്ദര ചോഴന്റെ മൂത്ത പുത്രനും അനന്തരാവകാശിയുമായ ആദിത്യ രണ്ടാമൻ വ്യക്തമല്ലാത്ത സാഹചര്യത്തിൽ കൊല ചെയ്യപ്പെടുകയായിരുന്നു.[5] മധുരാഥഗ ഗന്ധരാദിത്യന്റെ (അരിഞ്ചയചോഴന്റെ സഹോദരൻ) ഏകമകൻ എന്ന നിലയിൽ ചോഴസാമ്രാജ്യത്തിന്റെ കിരീടം തന്റെ ജന്മാവകാശമാണെന്ന് വിശ്വസിച്ചു. ആദിത്യ രണ്ടാമന്റെ മരണശേഷം സുന്ദര ചോഴൻ മഥുരാന്തഗനെ അരുൾമൊഴിവർമ്മനു മീതേ കിരീടാവകാശിയായി വാഴിച്ചു.[5] മഥുരാന്തഗന്റെ (ഉത്തമ ചോഴൻ) മരണശേഷമാണ് അരുണ്മൊഴിവർമൻ അധികാരമേറ്റെടുത്തത്.[5] തിരുവാലങ്ങാട് ചെമ്പു തകിട് ലിഖിതങ്ങൾ ഇപ്രകാരം പറയുന്നു:

"…അദ്ദേഹത്തിന്റെ പ്രജകൾ…അരുൾമൊഴിവർമ്മനോട് അപേക്ഷിച്ചുവെങ്കിലും അദ്ദേഹം…രാജ്യം ലഭിക്കണമെന്ന ആഗ്രഹം മനസ്സിൽ വച്ചിരുന്നില്ല".

ഉത്തിരമേരൂർ ലിഖിതത്തിൽ ചോഴന്മാർ പിന്തുടർന്നിരുന്നു എന്ന് പരാമർശിച്ചിരിക്കുന്നതുപോലുള്ള ജനാധിപത്യ സംവിധാനത്തിലൂടെയാണ് രാജരാജൻ തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലിഖിതത്തിന്റെ ശരിയായ വ്യാഖ്യാനം ഇതാണെന്നാണ് പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. പല്ലവ രാജ്യാവകാശം ശ്രീ നന്ദി വർമ്മൻ രണ്ടാമന് ലഭിച്ചതാണ് ഈ പ്രക്രീയയ്ക്ക് മറ്റൊരുദാഹരണം. രാജാവ് ചോോഴ സാമ്രാജ്യത്തിന്റെ സൈനികലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാനുള്ള വിഭവങ്ങൾ സമാഹരിക്കുന്നതിനായി ഈ വാഗ്ദാനം നിരസിച്ചിരിക്കാൻ നല്ല സാദ്ധ്യതയുണ്ട്. തന്റെ മരണശേഷം തന്റെ പുത്രനുപകരം അരുൾമൊഴി രാജാവാകും എന്ന് മഥുരാന്തഗൻ സുന്ദര ചോ‌ഴനുമായി ഒരു ഒത്തുതീർപ്പുണ്ടാക്കി. തിരുവാലങ്ങാട് ലിഖിതത്തിൽ വീണ്ടും ഇതെപ്പറ്റി പരാമർശമുണ്ട്:

"അരുൾമൊഴിയുടെ (ശരീരത്തിലുള്ള) പാടുകളിൽ നിന്ന് ഇദ്ദേഹം മൂന്നു ലോകങ്ങളുടെയും സംരക്ഷകനായി ലോകത്തവതരിച്ച വിഷ്ണു തന്നെയാണെന്ന് കാണാൻ സാധിച്ചതിനാൽ, [മഥുരാന്തഗൻ] ഇദ്ദേഹത്തെ യുവരാജാവായി (അനന്തരാവകാശിയായി) വാഴിക്കുകയും രാജ്യഭരണം തുടരുകയും ചെയ്തു…"

ആക്രമണത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങൾ

[തിരുത്തുക]

തെക്കൻ മേഖലയിലെ യുദ്ധങ്ങൾ

[തിരുത്തുക]

പാണ്ഡ്യന്മാർ, ചേരന്മാർ സിംഹളന്മാർ എന്നീ തെക്കൻ രാജ്യങ്ങൾ മിക്കപ്പോഴും ചോളന്മാർക്കെതിരായി സഖ്യത്തിലായിരുന്നു.[6] രാജരാജൻ അധികാരമേറ്റപ്പോൾ ഇതായിരുന്നു സ്ഥിതി. രാജരാജന്റെ ആദ്യകാല പടയോട്ടങ്ങൾ സഖ്യത്തിലുള്ള പാണ്ഡ്യ ചേര സൈന്യങ്ങൾക്കെതിരേയായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ എട്ടാം വർഷം വരെ ഒരു സൈനിക നടപടിയും ഉണ്ടായതായി തെളിവുകളില്ല. ഈ സമയത്ത് ഇദ്ദേഹം വരും കാലത്തുള്ള സൈനിക നടപടിക‌ൾക്കായി സൈന്യത്തെ സംഘടിപ്പിക്കുകയും ശക്തിവർദ്ധിപ്പിക്കുകയുമായിരുന്നു.[7]

കണ്ടലൂർ ശാലൈ

[തിരുത്തുക]

രാജരാജന്റെ ഭരണകാലത്തെ ആദ്യ സൈനിക വിജയം കേരളത്തിലെ പടയോട്ടത്തിൽ. ഉദ്ദേശം 994 എ.ഡി. യിലായിരുന്നു നേടിയത്. രാജരാജന്റെ ആദ്യകാല ലിഖിതങ്ങളിൽ ‘കണ്ടലൂർ ശാലൈ കലമറുത്ത’ (காந்தளூர் சாலைக் களமறுத்த) എന്ന വിശേഷ‌ണം ഉപയോഗിക്കുന്നുണ്ട്. ഈ പടയോട്ടത്തിൽ കണ്ടലൂർ തുറമുഖത്തുണ്ടായിരുന്ന ഒരു കപ്പൽ വ്യൂഹം രാജരാജൻ നശിപ്പിച്ചതായി പറയപ്പെടുന്നു. ചേര രാജാവായ ഭാസ്കര രവിവർമ്മൻ തിരുവടിയുടെ രാജ്യത്തായിരുന്നു ഈ കപ്പൽ വ്യൂഹം നിലയുറപ്പിച്ചിരുന്നത്. (ഉദേശം. 978–1036 എ.ഡി.).[7][8] തഞ്ചാവൂരിന്റെ സമീപപ്രദേശങ്ങളിൽ നിന്നു ലഭിച്ച ലിഖിതങ്ങളിൽ ചേരരാജാവിനും പാണ്ഡ്യന്മാർക്കുമെതിരായി മലൈ-നാടിൽ (ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീരം) നേടിയ വിജയങ്ങളെപ്പറ്റി ധാരാ‌ളം പ്രസ്താവനകളുണ്ട്. പിന്നീടുള്ള ലിഖിതങ്ങളിൽ ചേര രാജാവിന്റേതായിരുന്നു എന്ന് വിവരിക്കപ്പെടുന്ന കണ്ടലൂർ-ശാലൈ, രാജരാജൻ ആക്രമിച്ചു കീഴടക്കുന്ന കാലത്ത് ഒരുപക്ഷേ പാണ്ഡ്യന്മാരുടെ കൈവശമായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്. ഈ പ്രദേശം പൂർണ്ണമായി കീഴടക്കുകയും പിടിച്ചെടുത്ത പ്രദേശങ്ങൾ ഭരണം നടത്തുന്നതിനുതകും വിധം ശാന്തമാകുന്നതിനും ചില വർഷങ്ങൾ യുദ്ധം ചെയ്യേണ്ടത് ആവശ്യമായിരുന്നിരിക്കണം.[9]പാണ്ഡ്യന്മാർക്കെതിരായ യുദ്ധത്തിൽ പാണ്ഡ്യ രാജാവായ അമരഭുജംഗനെ രാജരാജൻ പിടികൂടുകയും ചോള സൈന്യാധിപൻ വിരിനം തുറമുഖം (വിഴിഞ്ഞം) പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സൈനിക വിജയങ്ങളുടെ ഓർമയ്ക്കായി രാജരാജൻ മുമ്മുടി-ചോ‌ള, (മൂന്ന് കിരീടങ്ങൾ ധരിക്കുന്ന ചോളരാജാവ് – ചേരമ്നാരുടെയും ചോളന്മാരുടെയും പാണ്ഡ്യരുടെയും) എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയുണ്ടായി. പരമ്പരാഗത വിശ്വാസമനുസരിച്ച് ചോളരാജകുമാരന്മാരെയും പല്ലവ രാജകുമാരന്മാരെയും രാജ്യാധികാരമേൽപ്പിക്കുന്ന ചുമതലയുണ്ടായിരുന്ന പുരാതന ചിദംബരം ക്ഷേത്രത്തിലെ അംഗങ്ങളാണ് ഇദ്ദേഹത്തിന് രാജരാജ എന്ന പദവി നൽകിയത്.

മലൈനാട്

[തിരുത്തുക]

1008 എ.ഡി.യ്ക്ക് മുൻപായി ചേരന്മാരുമായുള്ള യുദ്ധത്തിൽ രാജരാജൻ പടിഞ്ഞാറൻ മലനിരകളിലു‌ള്ള ഉദഗൈ പിടിച്ചെടുത്തിരുന്നു. കുലോത്തുംഗ ചോളൻ ഒന്നാമന്റെ കാലത്തുള്ള കലിങ്കാട്ടുപരണി എന്ന യുദ്ധസംബന്ധിയായ പാട്ടിൽ ചേര സാമ്രാജ്യത്തിലേയ്ക്കയച്ച ചോള സ്ഥാനപതിക്ക് രാജസദസ്സിൽ നേരിട്ട അപമാനമാണ് ഈ ആക്രമണത്തിനു കാരണം എന്ന സൂചനയുണ്ട്. രാജരാജന്റെ മകൻ രാജേന്ദ്രനായിരുന്നു ഈ യുദ്ധത്തിൽ ചോള സൈന്യത്തെ നയിച്ച സൈന്യാധിപൻ.[7] ഉദഗൈ എന്ന ഒരു സ്ഥലം പാണ്ഡ്യന്മാരെ കീഴ്പ്പെടുത്തിയതുമായി ബന്ധപ്പെട്ടും പ്രസ്താവിക്കപ്പെടുന്നുണ്ട്. രാജരാജന്റെ ഭരണകാലത്തെപ്പറ്റിയുള്ള കലിങ്കാട്ട്-പരണിയിൽ “ഉദഗൈയിലേയ്ക്ക് സൈന്യം ഇരച്ചുകയറുന്നത്” സംബന്ധിച്ച് പ്രസ്താവനയുണ്ട്. കുലോത്തുംഗ-ചോളൻ-ഉലാ എന്ന കൃതിയിലും ഉദഗൈ ചാമ്പലാക്കുന്നതുസംബന്ധിച്ച പ്രസ്താവനയുണ്ട്. ചോളരാജാവ് പിടിച്ചെടുത്ത ഈ സ്ഥലം പാണ്ഡ്യരാജ്യത്തിന്റെ ഒരു പ്രധാന ശക്തികേന്ദ്രമായിരുന്നിരിക്കണം. വിക്കിറമ ചോളൻ ഉലാ എന്ന തമിഴ് കവിതയിൽ മലൈ നാട് ആക്രമിക്കുന്നതും രാജപ്രതിനിധിയെ അപമാനിച്ചതിനു പ്രതികാരമായി 18 രാജകുമാരന്മാരെ വധിക്കുന്നതും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. എ ഡി 1005 ൽ നടന്ന ഈ കൂട്ടക്കൊലയിൽ ജനങ്ങൾ ഭയപ്പെട്ട് കൂട്ടത്തോടെ വനപ്രദേശങ്ങളിൽ ഒളിക്കുകയും. കുറെയധികം ആളുകൾ വനങ്ങളിൽ താമസമാരംഭിച്ചു. ഇപ്പോളുള്ള ഇടുക്കി ജില്ലയിലെ മൂന്നാർ, മാങ്കുളം, അടിമാലി പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന വനപ്രദേശങ്ങൾ ഇവരുടെ ആവാസ കേന്ദ്രമായി തുടർന്ന് പോന്നു.മൃഗബലി പോലുള്ള ആചാരങ്ങൾ ചെയ്തിരുന്ന ഇവർ വനാചാരപ്രകാരമുള്ള ക്ഷേത്രങ്ങൾ നിർമിച്ച് ഇവരുടെ ജീവിതക്രമം പാലിച്ചു പോരവേ ശൈവ ഭക്തനായിരുന്ന രാജ രാജ ചോളന്റെ സൈന്യം രക്ഷപെട്ട രാജകുമാരനേം ജനങ്ങളേം തേടി വരികയും. ഇവരുടെ ആവാസ വ്യവസ്ഥിതി തകർക്കുകയും ചെയ്തു.[10]

ശ്രീലങ്ക ആക്രമിച്ചത്

[തിരുത്തുക]

ത്രികക്ഷി സഖ്യത്തിലെ മൂന്നാം ശക്തിയെ ഒഴിവാക്കാനായി രാജരാജൻ എ.ഡി. 993-ൽ ശ്രീലങ്ക ആക്രമിച്ചു. ഇതെപ്പറ്റിയുള്ള ചെമ്പുലിഖിതത്തിൽ രാജരാജന്റെ ശക്തമായ സൈന്യം കപ്പലുകളിൽ കടൽ കടന്ന് ലങ്ക ചുട്ടെരിച്ചതായി പ്രസ്താവിക്കുന്നു. മഹീന്ദ്ര അഞ്ചാമനായിരുന്നു സിംഹളരാജാവ്. എ.ഡി. 991-ൽ മഹീന്ദ്രന്റെ സൈന്യം കേരളത്തിൽ നിന്നുള്ള കൂലിപ്പട്ടാളത്തോടു ചേർന്ന് കലാപമുണ്ടാക്കി. മഹീന്ദ്രനു തെക്കൻ പ്രദേശമായ രോഹനയിൽ അഭയം പ്രാപിക്കേണ്ടിവന്നു. ഈ അവസരം മുതലെടുത്താണ് രാജരാജൻ ദ്വീപ് ആക്രമിച്ചത്. ചോള സൈന്യം ശ്രീലങ്കയുടെ വടക്കൻ പകുതി പിടിച്ചടക്കുകയും ഈ പ്രദേശത്തെ ‘മുന്മുടി ചോള മണ്ഡലം’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. സിംഹളരാജാക്കന്മാരുടെ 1400 വർഷം പഴക്കമുള്ള തലസ്ഥാനമായ അനുരാധപുര നശിപ്പിക്കപ്പെട്ടു. നശീകരണത്തിന്റെ വ്യാപ്തികാരണം രാജ്യം ഉപേക്ഷിക്കപ്പെട്ടു. ചോളന്മാർ പോലൊന്നരുവ എന്ന പട്ടണം തങ്ങളുടെ തലസ്ഥാനമാക്കുകയും ഇതിന് ജനനാഥമംഗളം എന്ന് പേരിടുകയും ചെയ്തു. ഈ പട്ടണം തലസ്ഥാനമായി തിരഞ്ഞെടുത്തത് നിന്ന് ദ്വീപു മുഴുവൻ കിഴടക്കാൻ ചോൾന്മാർക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. പൊല്ലൊനുർവയിൽ രാജരാജൻ ഒരു ശിവക്ഷേത്രം നിർമ്മിക്കുകയുമുണ്ടായി.[10] ലങ്കൻ ദ്വീപുമുഴുവൻ ചോള സാമ്രാജ്യത്തിനു കീഴിൽ കൊണ്ടുവരാനുള്ള രാജരാജന്റെ ആഗ്രഹം ഒരിക്കലും പൂർത്തീകരിക്കപ്പെട്ടില്ല. ദ്വീപിന്റെ തെക്കൻ ഭാഗം (രുഹുന) സ്വതന്ത്രമായി തുടർന്നു. പിന്നീട് 1070-ൽ വിജയബാഹു ഒന്നാമൻ ചോളന്മാരെ ശ്രീലങ്കയിൽ നിന്ന് പുറത്താക്കുകയും ഒരു നൂറ്റാണ്ടിനു ശേഷം ആദ്യമായി രാജ്യത്തെ യോജിപ്പിക്കുകയും ചെയ്തു.[11][12]

വടക്കൻ യുദ്ധങ്ങൾ

[തിരുത്തുക]

രാജരാജൻ വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശങ്ങളും കീഴടക്കുകയുണ്ടായി. ഗംഗാപാടി (ഗംഗാവാടി), നോലംബാപാടി (നോലംബാവാടി), തടിഗൈപാടി എന്നിവ രാജരാജന്റെ ഭരണകാലത്ത് ചോളസാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായി.

ഗംഗായുദ്ധങ്ങൾ

[തിരുത്തുക]

ഇദ്ദേഹത്തിനു പതിനാലു വയസ്സാകുന്നതിനു മുൻപുതന്നെ ഉദ്ദേശം 998–999 എ.ഡി. കാലഘട്ടത്തിൽ രാജരാജൻ ഗംഗാപാടി (ഗംഗാവാടി), നുറംബപാടി (നൊലംബവാടി) എന്നീ പ്രദേശങ്ങൾ പിടിച്ചടക്കിയിരുന്നു. ഇപ്പോൾ കർണാടക സംസ്ഥാനത്തിന്റെ ഭാഗമാണ് ഈ പ്രദേശങ്ങൾ. സുന്ദര ചോളന്റെ പരിശ്രമങ്ങളാൽ ചോളന്മാർ ഒരിക്കലും ഗംഗാ പ്രദേശത്തെ സ്വാധീനം നഷ്ടപ്പെടുത്തിയിരുന്നില്ല എന്നത് ഈ പിടിച്ചെറ്റുക്കൽ എളുപ്പമാക്കി. ഗംഗ രാജ്യത്തിന്റെ സാമന്തരായിരുന്ന നൊളംബർ അവരുടെ യജമാനന്മാർക്കെതിരേ തിരിയുകയും ചോളന്മാരെ ഗംഗാപ്രദേശം കീഴടക്കാൻ സഹായിക്കുകയും ചെയ്തിരിക്കാം. ചോള സൈന്യത്തിനെതിരേ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് ശക്തമായ പ്രതിരോധം തീർത്തിരുന്നവരായിരുന്നു ഇവർ.

ഗംഗാരാജ്യത്തിന്റെ ആക്രമണം ഒരു വിജയമായിരുന്നു. അടുത്ത ഒരു നൂറ്റാണ്ടുകാലത്ത് ഗംഗാ രാജ്യം ചോളന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. ചാലൂക്യന്മാർ പടിഞ്ഞാറുനിന്ന് ആക്രമിച്ചതിനാൽ രാഷ്ട്രകൂടന്മാർ ഉദ്ദേശം 973 എ.ഡി.യോടുകൂടി അപ്രത്യക്ഷരായതും ഗംഗാരാജ്യത്ത് ചോളന്മാർ എളുപ്പത്തിൽ വിജയിച്ചതിന് കാരണമായിരുന്നു. ഈ സമയം മുതൽ വടക്കു പടിഞ്ഞാറ് ചോളന്മാരുടെ പ്രധാന എതിരാളികൾ ചാലൂക്യന്മാരായിരുന്നു.

പടിഞ്ഞാറ് ചാലൂക്യരുമായുള്ള യുദ്ധങ്ങൾ

[തിരുത്തുക]

രാജരാജ ചോളന്റെ ഭരണകാലത്ത് പടിഞ്ഞാറ് ചാലൂക്യന്മാരുമായി ആധിപത്യം സ്ഥാപിക്കുവാനുള്ള തുടർച്ചയായ യുദ്ധങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചോളന്മാർ ചാലൂക്യന്മാരുമായോ അവരുടെ സാമന്തരാജ്യങ്ങളുമായോ നിരന്തരം യുദ്ധം ചെയ്യുകയായിരുന്നു എന്ന് പ്രസ്താവിക്കുന്ന ലിഖിതങ്ങൾ ധാരാളമുണ്ട്. രാജരാജൻ സത്യാശ്രയ ആക്രമിച്ചതെന്തിനെന്ന് വ്യക്തമല്ല. ചരിത്രകാരനായ യൂജെൻ ഹൾട്ഷിന്റെ അഭിപ്രായത്തിൽ ഈ യുദ്ധത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങൾ രാജരാജന്റെ ലിഖിതങ്ങളിലൊന്നും പരാമർശിക്കപ്പെടുന്നില്ല. കീഴടക്കപ്പെട്ട ഈ രണ്ടു പ്രദേശങ്ങളിലെയും ഭരണകർത്താക്കൾ രാഷ്ട്രകൂടരുടെ സാമന്തരായിരുന്നുവെന്ന് നമുക്കറിയാവുന്നതാണ്.[13] ധാർവാറിലെ ഇരിവബെഡങ്ക സത്യാശ്രയയുടെ ഒരു ലിഖിതത്തിൽ ഇദ്ദേഹം പടിഞ്ഞാറൻ ചാലൂക്യനായ അഹ്‌വമല്ലന്റെ സാമന്തനാണെന്ന് വിവരണമുണ്ട്. 1002 എ.ഡി.യിലെ ഈ ലിഖിതത്തിൽ താൻ അഹ്‌വമല്ലന്റെ പത്മപാദത്തിലെ ഒരു വണ്ടാണെന്നാണ് വിവരിച്ചിരിക്കുന്നത്. രാജരാജന്റെ ഒരു ലിഖിതത്തിൽ അദ്ദേഹം രട്ടപാഡി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്. രാജേന്ദ്രൻ പടിഞ്ഞാറൻ ചാലൂക്യന്മാർക്കെതിരേ പടനയിക്കുകയും ചാലൂക്യൻ തലസ്ഥാനമായ മാന്യഖേത, തന്റെ കളിസ്ഥലമാക്കുകയും ചെയ്തിരുന്നുവത്രേ. ഏഴരലക്ഷം രൂപ രാജരാജൻ ഇറട്ടപടിയിൽ നിന്ന് നഷ്ടപരിഹാരമായി അവകാശപ്പെട്ടിരുന്നു. ഇതാവണം സത്യാശ്രയയുമായി രാജരാജൻ യുദ്ധം ചെയ്ത് വിജയിച്ചതും ചാലൂക്യ രാജാവ് നഷ്ടപരിഹാരം നൽകിയതുമായ സ്ഥലം. ചാലൂക്യ രാജ്യമായ സത്യാശ്രയ ചോള സാമ്രാജ്യത്തിന്റെ സാമന്തരാജ്യമാകാമെന്ന വാഗ്ദാനം നിറവേറ്റിയില്ല, പക്ഷേ രാജേന്ദ്ര ചോളൻ ഒന്നാമൻ രാജാവായപ്പോൾ അദ്ദേഹം ഈ രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തുകയുണ്ടായി. ഇരിവബേദങ്ക സത്യാശ്രയ ഭാഗികമായി ഈ ചോള ആക്രമണം തന്റെ ഹോട്ടൂർ (ധാർവാദ്) ലിഖിതത്തിൽ വേദനയോടെ വിവരിക്കുന്നുണ്ട്. താൻ ചാലൂക്യവംശത്തിന്റെ ആഭരണമാണെന്നും തമിഴരുടെ ഘാതകനാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. തന്റെ എതിരാളിയെ ചോളകുലത്തിന്റെ ആഭരണമായ നൂർമാഡി ചോള (നൂറിരട്ടി ശക്തിയുള്ളവൻ) രാജരാജ നിത്തവിനോദ രാജേന്ദ്ര വിദ്യാധര എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കുന്നത്.[14] ഇതേ ലിഖിതത്തിൽ രാജേന്ദ്രൻ 900,000 സൈനികരുമായെത്തി ദോണുവാരയിൽ അതിക്രമങ്ങൾ നടത്തിയെന്നും ധർമശാസ്ത്രങ്ങളിൽ പറയുന്ന യുദ്ധനൈതിക നിയമങ്ങൾ അവഗണിച്ചുവെന്നും ഇദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.[15] തന്റെ പ്രജകളുടെ കോട്ടകൾ എതിരാളി നശിപ്പിച്ചുവെന്ന് (jāti nāsa) ഇദ്ദേഹം പറയുന്നു.

ജെയിംസ് ഹൈറ്റ്സ്‌മാൻ, വൂൾഫ്ഗാങ് ഷെൻക്ലൂൺ എന്നിവരുടെ നിഗമനത്തിൽ വ്യക്തിപരമായ തലത്തിൽ ചോള ചാലൂക്യ രാജ്യങ്ങളുടെ ഭരണകർത്താക്കൾ തമ്മിലുള്ള സ്പർദ്ധയും തങ്ങൾ വ്യത്യസ്തരാണെന്ന കാഴ്ച്ചപ്പാടും മറുപക്ഷത്തെ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയും അക്രമത്തിലേയ്ക്കും നിലവിലുള്ള സാമൂഹ്യവ്യവസ്ഥ അട്ടിമറിക്കപ്പെടുന്നതിലേയ്ക്കും (നിലവിലുള്ള ജാതിവ്യവസ്ഥയുടെ നാശം). നയിച്ച യുദ്ധമായി മാറി ബാദാമിയിലെ ചാലൂക്യന്മാരും കാഞ്ചിയിലെ പല്ലവന്മാരും തമ്മിലുള്ള ബന്ധവും ശത്രുതയും ഇതിന് സമാനമാണ് എന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.[16] ചോളന്മാരും പടിഞ്ഞാറൻ ചാലൂക്യന്മാരുടെ സാമന്തന്മാരായ ഹൊയ്സാലന്മാരും രാജരാജന്റെ ഭരണകാലഘട്ടത്തിൽ ഇതിനുമുൻപും ഏറ്റുമുട്ടിയതിന് ലിഖിതങ്ങളിൽ തെളിവുകളുണ്ട്. രാജരാജന്റെ വൈസ്രോയിയായിരുന്ന അപ്രമേയ ഹൊയ്സാലമന്ത്രിയായിരുന്ന നാഗണ്ണ, ഹൊയ്സാലന്മാരുടെ സേനാധിപന്മാരായിരുന്ന മഞ്ചണ്ണ, കലെഗ (കാളി ഗംഗ), നാഗവർമ്മൻ എന്നിവരെ വധിച്ച് ധീരത തെളിയിച്ചതായി തിരുമുകുടലു നരസിപൂർ താലൂക്കിലെ കേളയൂരുള്ള ഗോപാലകൃഷ്ണക്ഷേത്രത്തിന്റെ മച്ചിലുള്ള ശകവർഷം 929-ലെഴുതിയതെന്ന് കണക്കാക്കപ്പെടുന്ന (എ.ഡി. 1006) ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്നപട്ന താലൂക്കിൽ സമാനമായ ഒരു ലിഖിതത്തിൽ രാജരാജൻ ഹൊയ്സാലന്മാരെ തകർക്കുന്നതായി വിവരിച്ചിട്ടുണ്ട്.[17] യുദ്ധത്തിൽ വിജയിച്ച് തിരിച്ചുവന്നപ്പോൾ രാജരാജേശ്വര ക്ഷേത്രത്തിൽ സ്വർണ്ണ പുഷ്പങ്ങൾ നൽകിയതിലൂടെ സത്യാശ്രയനെതിരായ വിജയത്തിന് രാജരാജൻ വലിയ പ്രാധാന്യമാണ് നൽകിയത് എന്ന് മനസ്സിലാക്കാം. ഈ യുദ്ധം കഴിഞ്ഞപ്പോൾ തുംഗഭദ്ര നദിയുടെ തെക്കൻ തീരം ഈ രണ്ടു സാമ്രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയായി മാറി.

വെങ്കൈ കീഴടക്കിയത്

[തിരുത്തുക]

ദുഷ്ട രാജ്യങ്ങളെ തകർത്ത് മണ്ണടിക്കുന്നതിലൂടെ കലിയുഗത്തിൽ അധികമായുണ്ടാകുന്ന ദുഷ്കൃതങ്ങൾ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ചോളന്മാർ പല രാജ്യങ്ങളുമായും യുദ്ധം ചെയ്തിരുന്നു. വെങ്കൈ ഇതിൽ ഒരു രാജ്യമായിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന ഡക്കാൺ രാജ്യത്തെ പരാന്തക ചോളൻ ഒന്നാമൻ 913 എ.ഡി.യിൽ കീഴ്പ്പെടുത്തിയിരുന്നു. സുന്ദരചോളന്റെ ലിഖിതത്തിലും കിഴക്കൻ ഡക്കാണിലുള്ള ഒരു ചോള സൈനിയവ്യൂഹം ഒഡിഷ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി പരാമർശമുണ്ട്. ചോള സിംഹാസനത്തിന് വെങ്കൈയുമായി ബന്ധമുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

വെങ്കൈക്കെതിരായ യുദ്ധത്തിനിടെ ഈ പ്രദേശം ഭരിച്ചിരുന്ന ഭീമ എന്ന ഭരണാധികാരിയെ തന്റെ സേനാധിപന്മാരിൽ ഒരാളെ യുദ്ധത്തിൽ കൊന്നു എന്ന കുറ്റത്തിന് രാജാവുതന്നെ വധിച്ചതായി രാജരാജചോളന്റെ ചില ലിഖിതങ്ങളിൽ വിശദീകരിക്കുന്നു. ചോളന്മാർ കിഴക്കൻ ഡെക്കാണിൽ ശക്തമായ നിലയിലായിരുന്നുവെങ്കിലും ചെറിയ പ്രദേശമായ വെങ്കൈ ഒഡിഷയ്ക്കും പടിഞ്ഞാറൻ ഡെക്കാണുമെതിരേ ഇടയ്ക്കിടെയുള്ള സൈനിക നടപടികൾക്കുള്ള ഒരു താവളമായുപയോഗിക്കാം എന്ന സൈനിക കാഴ്ച്ചപ്പാടുണ്ടായിരുന്നിരിക്കണം. തെക്ക് പാണ്ഡ്യദേശത്തും ശുചീന്ദ്രത്തിനടുത്തും ശ്രീലങ്കയിലെ കൊളംബോയിലും ഇത്തരം സൈനിക താവളങ്ങളും വിഷ്ണുക്ഷേത്രങ്ങളും ചോളന്മാർ നിർമിച്ചിട്ടുണ്ട്.

കലിംഗം കീഴടക്കിയത്

[തിരുത്തുക]

വെങ്കൈ ആക്രമിച്ചു കീഴടക്കിയതിനു ശേഷമായിരിക്കണം കലിംഗം ആക്രമിക്കപ്പെട്ടത്.[18] ആന്ധ്ര രാജാവായിരുന്ന ഭീമനെ ചോള സൈന്യത്തിന്റെ തലവനായിരുന്ന രാജേന്ദ്ര ചോളനാണ് കീഴടക്കിയത്.

നാവികവിജയങ്ങൾ

[തിരുത്തുക]
തഞ്ചാവൂർ ക്ഷേത്രത്തിലെ പ്രധാന ഗോപുരം.

രാജരാജന്റെ അവസാന സൈനിക വിജയങ്ങളിലൊന്ന് കടലിലെ 12,000 വരുന്ന പഴയ ദ്വീപുകളായിരുന്നു, (മാലദ്വീപുകൾ).[19]

ഈ സൈനികനടപടി സംബന്ധിച്ച് നമുക്ക് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഇത് ചോള നാവികസേനയുടെ ശേഷിയുടെ ഒരു മതിയായ സൂചന നൽകുന്നുണ്ട്. രാജേന്ദ്രൻ ഒന്നാമന്റെ കാലഘട്ടത്തിൽ ഇത് കൂടുതൽ നന്നായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ചോള നാവികവ്യൂഹം ലങ്ക കീഴടക്കുന്നതിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്.[20]

നല്ല നാവികസേനയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള തിരിച്ചറിവും ഉയർന്നുവരുന്ന ചേര നാവികശക്തിയെ നേരിടാനുള്ള കഴിവുണ്ടാകണം എന്ന ആഗ്രഹവുമാകണം രാജരാജന്റെ ഭരണകാലത്തിന്റെ തുടക്കത്തിലെ കണ്ടലൂർ യുദ്ധത്തിനു കാരണം.[21]

ബംഗാൾ ഉൾക്കടലിലെ നാഗപട്ടണമായിരുന്നു ചോളന്മാരുടെ പ്രധാന തുറമുഖം. ഇത് നാവികസേനാ ആസ്ഥാനമായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്. ദക്ഷിണപൂർവ്വേഷ്യയിലേയ്ക്കും തന്റെ ഭരണം വ്യാപിപ്പിക്കാൻ ഇദ്ദേഹത്തിന് നാവികശക്തിയിലൂടെ സാധിച്ചു. ബംഗാൾ ഉൾക്കടലിനപ്പുറവും തന്റെ നിയന്ത്രണത്തിലാക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. ദക്ഷിണപൂർവ്വേഷ്യയിലെ ജാവ, സുമാത്ര എന്നീ പ്രദേശങ്ങളും മലേഷ്യയുടെ ഭാഗങ്ങളും മ്യാന്മാർ , ബ്രൂണൈ ദ്വീപുകൾ എന്നിവയും ഇദ്ദേഹത്തിന്റെ സ്വാധീനത്തിലായിരുന്നു.

തഞ്ചാവൂർ ക്ഷേത്രം

[തിരുത്തുക]

രാജരാജന്റെ ഭരണത്തിന്റെ ഓർമയ്ക്കായി തഞ്ചാവൂർ (രാജരാജേശ്വരം) നിർമ്മിക്കപ്പെട്ട ശിവക്ഷേത്രമാണ് ബ്രിഹദീശ്വരക്ഷേത്രം. 2010-ൽ ക്ഷേത്രം നിർമിച്ച് 1000 വർഷം പൂർത്തിയായി. ക്ഷേത്രം ഇപ്പൊൾ യുനെസ്കോ ലോക പൈതൃക സ്ഥാനമായി കണക്കാക്കപ്പെടുന്നു.

ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ ഇരുപ‌ത്തഞ്ചാം വർഷം 275-ആം ദിവസമാണ് ക്ഷേത്രത്തിന്റെ പണി അവസാനിച്ചത് എന്ന് പറയപ്പെടുന്നു.[22] ക്ഷേത്രം പ്രവർത്തനമാരംഭിച്ചശേഷം തലസ്ഥാനവും ക്ഷേത്രവും രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി അടുത്തബന്ധം പുലർത്തിയിരുന്നു. മതസംബന്ധവും സാമ്പത്തികവുമായ പ്രവർത്തനങ്ങളുടെ തലസ്ഥാനമായി ഇവിടം പ്രവർത്തിച്ചുവന്നു. എല്ലാ വർഷവും രാജ്യത്തെ ഗ്രാമങ്ങൾ മനുഷ്യശേഷിയും വിഭവങ്ങളും ക്ഷേത്രനടത്തിപ്പിനായി നൽകേണ്ടിയിരുന്നു.[23]

ഗോപുരം വളരെ ഉയരമുള്ളതും ധാരാളം ശില്പങ്ങളാൽ അലങ്കരിച്ചതുമാണ്. ക്ഷേത്രത്തിന്റെ ഭിത്തികളിൽ ഭരതനാട്യത്തിലെ എൺപത്തൊന്നു മുദ്രകൾ കൊത്തി വച്ചിട്ടുണ്ട്.

ഭരണസംവിധാനം

[തിരുത്തുക]
തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രത്തിലുള്ള രാജരാജ ചോളന്റെ ശില്പം.

രാജരാജന്റെ ഭരണത്തിന്റെ 23-ആം വർഷം മുതൽ 29-ആം വർഷം വരെ അധീനപ്രദേശങ്ങളിൽ സമാധാനം പുലർന്നിരുന്നു. രാജാവ് തന്റെ ശ്രദ്ധ ഈ സമയത്ത് ആന്തര ഭരണസംവിധാനത്തിലായിരുന്നിരിക്കണം കേന്ദ്രീകരിച്ചത്. തഞ്ചാവൂരിൽ രാജരാജേശ്വരക്ഷേത്രം പണികഴിപ്പിക്കുന്നതും അതിന് നൽകിയ വിവിധ സമ്മാനങ്ങളും എ‌ൻഡോവ്മെന്റുകളുമായിരുന്നിരിക്കണം ഈ സമയത്ത് രാജാവിന്റെ മനസ്സിലുണ്ടായിരുന്നത്.

ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന സമയത്ത് രാജരാജൻ ഒരു റെവന്യൂ സെറ്റിൽമെന്റ് നടപ്പിലാക്കി. തഞ്ചാവൂർ ക്ഷേത്രത്തിലെ ലിഖിതങ്ങൾ ഈ പദ്ധതിയുടെ സൂക്ഷ്മതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഒരു 'വെളി'യുടെ (ഭൂമിയുടെ ഒരു അളവ്) 1/52,428,800,000 വരെയുള്ള ഭൂമി റെവന്യൂ വരുമാനത്തിനായി അളന്നിരുന്നു. നികുതിയടയ്ക്കാത്ത ഭൂവുടമകളുടെ ഭൂമി പിടിച്ചെറ്റുക്കാൻ ഈ പരിശോധനയിലൂടെ സാധിച്ചു.[24]

ഒരു കേന്ദ്രീകൃത സംവിധാനവും പ്രാദേശിക ഭരണാധികാരികളെയും നിയമിക്കുകവഴി രാജരാജൻ രൂപീകരിച്ച ഭരണസംവിധാനം മികച്ചതായിരുന്നു. ഗ്രാമസഭകൾക്കും പൊതുഭരണസംവിധാനങ്ങൾക്കും ഓഡിറ്റ് നടപ്പിലാക്കിയതിലൂടെ സ്വയംഭരണം നൽകുമ്പോൾ തന്നെ കൂടുതൽ നിയന്ത്രണം നടപ്പിലാക്കാൻ ഇദ്ദേഹത്തിന് സാധിച്ചു.

അറേബ്യ മുതൽ മലയ വരെ വ്യാപാരം നടത്തിയിരുന്ന വ്യാപാര സമൂഹമായ "ദിസൈ ആയിരത്തി എട്ടു ഐനൂട്രുവരെ" പങ്കെടുപ്പിച്ച് ഇദ്ദേഹം അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിച്ചു.

സൈന്യത്തിന്റെ ഘടന

[തിരുത്തുക]

ശക്തമായ ഒരു സ്ഥിരം സൈന്യത്തെയും വിപുലമായ ഒരു നാവികസേനയെയും ഇദ്ദേഹം തയ്യാറാക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മകൻ രാജേന്ദ്രന്റെ ഭരണകാലത്താണ് നാവികസേനയ്ക്ക് കൂടുതൽ വിജയങ്ങൾ നേടാൻ സാധിച്ചത്. പാണ്ഡ്യന്മാരെ കീഴടക്കിയതുമുതൽ രാജാവിന്റെ ഭരണത്തിന്റെ അവസാന ദിവസം വരെ സൈന്യത്തിനു നൽകിയ പ്രാധാന്യം എടുത്തുപറയത്തക്കതാണ്. തഞ്ചാവൂർ ലിഖിതങ്ങളിൽ ധാരാളം സൈനികറെജിമെന്റുകളെപ്പറ്റി പ്രസ്താവനയുണ്ട്. യുദ്ധവിജയങ്ങളുടെ ഖ്യാതിയുടെ അർഹമായ പങ്ക് ഇദ്ദേഹം സൈന്യത്തിനു നൽകിയിരുന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

രാജാവിന്റെയോ പുത്രന്റെയോ സ്ഥാനപ്പേരുകളും പേരുകളുമാണ് സൈനികവിഭാഗങ്ങളുടേ പേരുകളുടെ ആദ്യഭാഗമായി നൽകിയിരുന്നത്. ഇതും ചോളരാജാവ് തന്റെ സൈന്യത്തോടു കാട്ടിയിരുന്ന അടുത്ത ബന്ധമാണ് സൂചിപ്പിക്കുന്നത്.

സൈനികവിജയത്തിനു ശേഷം രാജനാമങ്ങൾ സൈനികവിഭാഗങ്ങൾക്ക് നൽകപ്പെട്ടിരുന്നതാവാൻ സാദ്ധ്യതയുണ്ട്. ആനപ്പടയും കുതിരപ്പടയും കാലാൾപ്പടയും ഈ റെജിമെന്റുകളിൽ ഉൾപ്പെടുന്നു. ചില ചെറിയ ക്ഷേത്രങ്ങളുടെ നടത്തിപ്പുചുമതല ഈ റെജിമെന്റുകളിൽ ചിലവ്യ്ക്ക് നൽകപ്പെട്ടിരുന്നു. ചിലവ ക്ഷേത്രത്തിൽ നിന്ന് പലിശയ്ക്ക് പണമെടുത്തിട്ടുണ്ട്. എന്തുപയോഗത്തിനാണ് ഈ പണം വിനിയോഗിച്ചതെന്ന് വിശദമാക്കുന്നില്ല. രാജാവ് ഇത്തരം ഇടപാടുകളിലൂടെ താൻ നിർമിച്ച ക്ഷേത്രത്തിൽ തന്റെ സൈന്യത്തിന് താല്പര്യമുണ്ടാക്കുകയായിരുന്നിരിക്കണം.

ഉദ്യോഗസ്ഥരും പ്രഭുക്കന്മാരും

[തിരുത്തുക]

രാജരാജന്റെ ഭരണത്തിന്റെ അവസാന സമയത്ത് രാജേന്ദ്രനെ ഭരണത്തിൽ പങ്കാളിയാക്കിയിരുന്നു (co-regent) ഉത്തരാംഗുടയൻ കോൺ വിഡിവിഡങ്കൻ (വിൽവൻ മുവെൻന്താളൻ) എന്നയാൾ രാജരാജന്റെ പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു (പെരുന്താരം)

തിരുച്ചിറപ്പള്ളി പ്രദേശത്തുനിന്നുള്ള പാലുവേട്ടരയർ പരാന്തകൻ ഒന്നാമന്റെ കാലം മുതൽ ചോളന്മാരുമായി അടുത്ത ബന്ധം പുലർത്തിവന്നവരാണ്. ഇദ്ദേഹം ഒരു പാലുവേട്ടരയർ രാജകുമാരിയെ വിവാഹം കഴിച്ചതാണ് ഇതിനു കാരണം. ഇവർ ചോള ഭരണത്തിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു. അഡിഗൾ പാലുവേട്ടരയർ കണ്ടൻ എന്ന പ്രഭുവിന്റെ പേര് ലിഖിതങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗംഗൈ കൊണ്ട ചോളപുരത്ത് ഒരു വലിയ ക്ഷേത്രം ഇദ്ദേഹം പണികഴിപ്പിക്കുകയുണ്ടായി. ചോള ശില്പചാതുരിയുടെ ഒരു നാഴികക്കല്ലാണിത്. ക്ഷേത്രവിഷയങ്ങളുമായി ബന്ധപ്പെട്ട് രാജരാജന്റെ സഭയിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രധാന ഉദ്യോഗസ്ഥനാണ് മദുരാന്തകൻ ഗന്തരാദിത്യൻ. ക്ഷേത്രങ്ങളുടെ നടത്തിപ്പു സംബന്ധിച്ച് ഇദ്ദേഹം രാജ്യമാകമാനം അന്വേഷണങ്ങൾ നടത്തുകയും കുഴപ്പക്കാരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

ബന രാജകുമാരൻ നരസിംഹവർമ്മൻ, സേനാപതി ശ്രീ കൃഷ്ണൻ രാമൻ, സാമന്ത പ്രമുഖൻ വല്ലവരായൻ വന്തിയദേവൻ, നികുതി ഉദ്യോഗസ്ഥനായ ഇരയിരവൻ പല്ലവരായൻ, ഭൂമി സർവേ നടത്തിയ കുരുവൻ ഉലഗലന്തൻ എന്നിവർ ലിഖിതങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ഒരേ മാതൃകയിലുള്ള ലിഖിതങ്ങൾ

[തിരുത്തുക]
ചോളകാലഘട്ടത്തിലെ ശിലാലിഖിതത്തിന്റെ മാതൃക

തന്റെ സൈനികനേട്ടങ്ങൾ ലിഖിതങ്ങളിൽ ഉൾപ്പെടുത്താനുള്ള ഇദ്ദേഹത്തിന്റെ ആഗ്രഹം ജീവിതത്തിലെ പ്രധാന ചില സംഭവങ്ങൾ സ്ഥിരമായി കാത്തുസൂക്ഷിക്കപ്പെടാനിടയാക്കിയിട്ടുണ്ട്. നമ്മുടെ അറിവനുസരിച്ച് തന്റെ ലിഖിതങ്ങളിൽ ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യയിലെ ആദ്യ രാജാവാണ് രാജരാജൻ. ഇദ്ദേഹത്തിന്റെ കാലത്തിനുമുൻപ് ദക്ഷിണേന്ത്യയിലെ പല്ലവ, പാണ്ഡ്യ, ചോള വംശങ്ങളിലെ ശക്തരായ ചില രാജാക്കന്മാർ ധാരാളം ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പക്ഷേ ഇവരിലാരും ശിലാലിഖിതങ്ങളിൽ തങ്ങളുടെ വിജയങ്ങൾ രേഖപ്പെടുത്തുന്നത് പരിഗണനയിലെടുത്തിരുന്നില്ല.

എല്ലാ ലിഖിതങ്ങളുടെയും തുടക്കത്തിൽ തന്റെ സൈനികവിജയങ്ങളെക്കുറിച്ച് ഒരു സംക്ഷിപ്തവിവരണം ന‌ൽകുക എന്ന ആശയം രാജരാജന്റേതാണ്. ഇദ്ദേഹത്തിനു ശേഷമുള്ള രാജാക്കന്മാർ ഈ ഉദാഹരണം പിന്തുടരുകയും തങ്ങളുടെ സൈനികവിജയങ്ങളുടെ ഏകദേശം പൂർണ്ണമായ രേഖകൾ ശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനാൽ രാജരാജന്റെ ഈ പ്രവൃത്തി പ്രശംസനീയമാണ്. ചോളരാജാക്കന്മാരുടെ ശിലാലിഖിതങ്ങളുടെ തുടക്കത്തിൽ കാണുന്ന ചരിത്രപരമായ ആമുഖമൊഴിവാക്കിയാൽ തമിഴ് ദേശത്തുള്ള ശിലാരേഖകൾക്ക് വളരെ ശുഷ്കമായ മൂല്യമേയുള്ളൂ. ഇവയില്ലായിരുന്നുവെങ്കിൽ ദക്ഷിണേന്ത്യൻ ചരിത്രത്തെപ്പറ്റി നമുക്ക് ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങൾ പോലും ലഭിക്കുക ബുദ്ധിമുട്ടായിരുന്നേനെ.

കർണാടകത്തിലെ മുൽബാഗൾ ജില്ലയിൽ തമിഴിലുള്ള ഒരു ലിഖിതത്തിൽ ഇദ്ദേഹം 19-ആം വർഷത്തിൽ തന്നെ നേടിയ നേട്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇദ്ദേഹത്തിന്റെ മഹത്തായ വിജയങ്ങൾ പരാമർശിക്കുന്ന മൈകീർത്തി എന്ന ലിഖിതത്തിന്റെ ഒരു ഭാഗം താഴെക്കൊടുത്തിരിക്കുന്നു:[25]

ஸ்வஸ்திஸ்ரீ் திருமகள் போல பெருநிலச் செல்வியுந் தனக்கேயுரிமை பூண்டமை மனக்கொளக் காந்தளூர்ச் சாலைக் களமறூத்தருளி வேங்கை நாடும் கங்கைபாடியும் நுளம்பபாடியும் தடிகை பாடியும் குடமலை நாடும் கொல்லமும் கலிங்கமும் எண்டிசை புகழ்தர ஈழ மண்டலமும் இரட்டபாடி ஏழரை இலக்கமும் திண்டிறல் வென்றி தண்டால் கொண்டதன் பொழில் வளர் ஊழியுள் எல்லா யாண்டிலும் தொழுதகை விளங்கும் யாண்டே செழிஞரை தேசுகொள் ஸ்ரீ்கோவிராஜராஜகேசரி பந்மரான ஸ்ரீராஜராஜ தேவர்

തഞ്ചാവൂർ ക്ഷേത്രത്തിൽ ഇദ്ദേഹം നൽകിയ എല്ലാ സംഭാവനകളും ശിലയിൽ കൊത്തിവയ്ക്കാനുള്ള ഉത്തരവിൽ നിന്നും രാജരാജന്റെ ചരിത്രപരമായ കാഴ്ച്ചപ്പാട് വ്യക്തമാണ്. തന്റെ നേട്ടങ്ങൾ രേഖപ്പെടുത്തുന്നതിൽ മാത്രമല്ല, തന്റെ മുൻഗാമികളുടെ നേട്ടങ്ങൾ രേഖപ്പെടുത്തുന്നതിലും രാജരാജൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഉദാഹരണത്തിന് തിരുച്ചിക്കടുത്തുള്ള തിരുമലവടിയിൽ ഇദ്ദേഹ‌ത്തിന്റെ ഭരണകാലത്തുള്ള ഒരു ലിഖിതത്തിൽ വൈദ്യനാഥ ക്ഷേത്രത്തിന്റെ പ്രധാന കോവിൽ പുനർനിർമ്മിക്കണമെന്നും ഭിത്തികൾ തകർക്കുന്നതിനു മുൻപായി അവയിൽ എഴുതിവച്ചിട്ടുള്ള ലിഖിതങ്ങൾ ഒരു ഗ്രന്ഥത്തിലേയ്ക്ക് പകർത്തണമെന്നുമുള്ള ഉത്തരവ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം പുനർനിർമിച്ചശേഷം ഈ രേഖകൾ വീണ്ടും ക്ഷേത്രഭിത്തിയിൽ കൊത്തിവയ്ക്കപ്പെടുകയുണ്ടായി.

മതസംബന്ധമായ നയം

[തിരുത്തുക]

ഇദ്ദേഹം ശൈവമതാനുയായിയായിരുന്നുവെങ്കിലും മറ്റുമതങ്ങളോടും വിഭാഗങ്ങളോടും അനുഭാവപൂർവ്വമായ നയമാണ് സ്വീകരിച്ചത്. ഇദ്ദേഹം വിഷ്ണുവിന്റെ ധാരാളം ക്ഷേത്രങ്ങൾ പണികഴിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീവിജയ രാജാവായിരുന്ന ശ്രീ മാരവിജയതുംഗവർമ്മന്റെ അഭ്യർത്ഥനയനുസരിച്ച് ഇദ്ദേഹം ബുദ്ധമതവിഹാരമായ ചൂഡാമണി വിഹാരം നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആനൈമംഗലം ഗ്രാമത്തിൽനിന്നുള്ള നികുതിവരുമാനം ഈ വിഹാരത്തിന്റെ നടത്തിപ്പിനായി രാജരാജൻ നീക്കിവയ്ക്കുകയുണ്ടായി.

തിരുമുറൈ സമാഹരിച്ചത്

[തിരുത്തുക]

തേവാരത്തിന്റെ അൽപ്പഭാഗങ്ങൾ തന്റെ സഭയിൽ കേട്ടശേഷം ഈ പദ്യം സമാഹരിക്കാനുള്ള പദ്ധതി രാജരാജൻ ആരംഭിച്ചു.[27] ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നമ്പി ആണ്ടാർ നമ്പി എന്നയാളുടെ സഹായം ഇദ്ദേഹം ഇതിനായി തേടുകയുണ്ടായി.[28] ദൈവസഹായത്താൽ നമ്പിയ്ക്ക് ചിദംബരത്തെ തില്ലൈ നടരാജ ക്ഷേത്രത്തിനുള്ളിലെ രണ്ടാം ചുറ്റുമതിലിനുള്ളിലുള്ള അറയിൽ പാതി ചിതലരിച്ച നിലയിലുള്ള താളിയോലകൾ ലഭിച്ചു എന്ന് കരുതപ്പെടുന്നു.[27][28] ക്ഷേത്രബ്രാഹ്മണരായിരുന്ന (ദീക്ഷിതന്മാർ) ഈ സംരംഭത്തെ എതിർത്തുവെങ്കിലും രാജരാജൻ പരിശുദ്ധകവികളുടെ രൂപം ചിദംബരത്തെ തെരുവുകളിൽ സ്ഥാപിച്ച് ഇതിൽ ഇടപെട്ടു.[27][29]ഇതിനുശേഷം രാജരാജൻ തിരുമുറൈ രക്ഷിച്ചയാൾ എന്ന അർത്ഥത്തിൽ തിരുമുറൈ കണ്ട ചോളൻ എന്നറിയപ്പെടാൻ തുടങ്ങി.[29] അതുവരെ ശിവക്ഷേത്രങ്ങൾക്കുള്ളിൽ ദൈവരൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജരാജനുശേഷം നായനാർ വിശുദ്ധരുടെ രൂപങ്ങളും ക്ഷേത്രത്തിനുള്ളിൽ സ്ഥാപിക്കുന്നതിനു തുടക്കമായി.[29] സംബന്ധർ, അപ്പർ, സുന്ദരർ എന്നിവരുടെ പദ്യങ്ങൾ നമ്പി ആദ്യത്തെ ഏഴുപുസ്തകങ്ങളിൽ ക്രമീകരിച്ചു. മാണിക്കവാസഗരുടെ തിരുകോവയാർ, തിരുവാചകം എന്നിവ എട്ടാമത്തെ പുസ്തകമായി. മറ്റ് ഒൻപത് വിശുദ്ധരുടെ 28 പദ്യങ്ങൾ ഒൻപതാമത്തെ പുസ്തകമായി. തിരുമൂളരുടെ തിരുമന്ദിരം 10-ആം പുസ്തകമായി. മറ്റു പന്ത്രണ്ട് കവികളുടെ നാൽപ്പത് കവിതകൾ തിരുതോതനാർ തിരുവന്തതി - വിശുദ്ധമായ അന്തതി - 63 നായനാർ വിശുദ്ധരുടെ കവിതകൾ എന്നിവയും പത്താമത്തെ പുസ്തകത്തിന്റെ ഭാഗമാണ്. ഇദ്ദേഹത്തിന്റെ സ്വന്തം കവിതകൾ പതിനൊന്നാം പുസ്തകമായി.[30] ആദ്യ ഏഴു പുസ്തകങ്ങൾ പിൽക്കാലത്ത് തേവാരം എന്നറിയപ്പെട്ടു. ശിവനെ സംബന്ധിച്ചുള്ള അംഗീകൃത ഗ്രന്ഥങ്ങളോടൊപ്പം പിന്നീട് പന്ത്രണ്ടാമത് പുസ്തകമായി സെക്കിഴരുടെ പെരിയ പുരാണം (എ.ഡി. 1135) കൂട്ടിച്ചേർക്കപ്പെട്ടു. ഇത് മുഴുവനായി തിരുമുറൈ അല്ലെങ്കിൽ വിശുദ്ധഗ്രന്ഥം എന്നറിയപ്പെടുന്നു. ഈ ശൈവ സാഹിത്യം ഉദ്ദേശം 600 വർഷകാലത്തെ മതപരവും തത്ത്വചിന്താപരവും സാഹിത്യസംബന്ധിയുമായ വളർച്ചയുടെ ആകെത്തുകയാണ്.[30]

വ്യക്തിജീവിതവും കുടുംബവും

[തിരുത്തുക]

പരാന്തക സുന്ദരചോളന്റെ മൂന്നാമത്തെ സന്താനമായ അരുൾമൊഴിവർണ്ണനായാണ് രാജരാജചോളൻ ജനിച്ചത്. തിരുക്കോവിലൂർ രാജാവായ മാലയമാൻ തിരുമുടി കാരിയുടെ മകളായ വാനവൻ മാദേവിയായിരുന്നു രാജരാജന്റെ അമ്മ. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായ ആദിത്യ രണ്ടാമൻ ഉദ്ദേശം എ.ഡി. 969-ൽ കൊല ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരിയായ ആൾവാർ ശ്രീ കുന്തവതി പിരട്ടിയാരോട് ഇദ്ദേഹത്തിന് വലിയ ബഹുമാനമാണുണ്ടായിരുന്നത്. കുന്ദവതി പിരട്ടിയാർ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. രാജരാജ കുന്ദവതി ആൾവാർ എന്നു പേരുണ്ടായിരുന്ന രാജരാജന്റെ ഒരു മകൾക്കെങ്കിലും സഹോദരിയുടെ പേരു നൽകപ്പെട്ടിരുന്നതായി നമുക്കറിയാം.[31][32] രാജരാജന് ധാരാളം ഭാര്യമാരുണ്ടായിരുന്നു. ലിഖിതങ്ങളിൽ കുറഞ്ഞത് 15 പേരുകളെങ്കിലും ഭാര്യമാരുടെ സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നുണ്ട് - ഉലഗമഗാ ദേവിയാരി, തിഡൈപിരൺ മഗൾ ചോള മാദേവിയാർ, അഭിമാനവലിയാർ, തിരൈലോകിയ മാദേവിയാർ, പഞ്ചവൻ മാദേവിയാർ, പിരുത്തിവി മാദേവിയാർ, എലാദ മാദേവിയാർ, മീനവൻ മാദേവിയാർ, നക്കൻ തില്ലൈ അൾസഗിയാർ, കാദൻ തൊങ്കൈയാർ, കൂതൻ വീരണിയാർ, ഇളങ്കോൻ പിച്ചിയാർ.[33] എളങ്കോൻ പിച്ചിയാർ വ‌ള്ളുവരായൻ വന്തിയ‌തേവൻ, കുന്ദവതി നചിയാർ എന്നിവരുടെ മകളായിരുന്നു. രാജരാജന്റെ അറിയപ്പെടുന്ന ഏകമകനായിരുന്ന രാജേന്ദ്രൻ ഒന്നാമന്റെ അമ്മയായിരുന്നു കൊടുമ്പലൂരിലെ രാജകുമാരിയായിരുന്ന വാനതി (ത്രിപുവന മാദേവിയാർ എന്നും ഇവർ അറിയപ്പെട്ടിരുന്നു). രാജരാജന് മൂന്ന് പെണ്മക്കളെങ്കിലുമുണ്ടായിരുന്നു. ഇതിൽ ഒരു മകൾക്ക് പേരിട്ടത് രാജരാജ ചോളന്റെ സഹോദരിയായിരുന്ന കുന്ദവതിയുടെ ഓർമയ്ക്കായിരുന്നു. ഈ മകൾ ചാലൂക്യ രാജകുമാരനായ വിമലാദിത്യനെയാണ് വിവാഹം കഴിച്ചത്. മറ്റൊരു മകളുടെ പേര് മാതേവൽസഗൾ എന്നായിരുന്നു. നടുവിട് പെൺ (നടുവിലുള്ള മകൾ എന്നർത്ഥം) എന്നാണ് ഇവർ തിരുവിലചുഴി ലിഖിതത്തിൽ പരാമർശിക്കപ്പെടുന്നത്.[33] മൂന്നാമത്തെ മകളുടെ പേരെന്തെന്ന് അറിവില്ല.

രാജരാജന്റെ പിൻഗാമിയായത് രാജേന്ദ്ര ചോളൻ ഒന്നാമനായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മനക്ഷത്രം സദയമായിരുന്നു. രാജരാജന്റെയും മകന്റെയും ഭരണകാലത്ത് ഇത് രാജേന്ദ്രന്റെ ജന്മദിനത്തിൽ അവസാനിക്കുന്ന സദയ-നാൾ വിഴാ എന്ന ഏഴുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമായി ആഘോഷിച്ചിരുന്നു.[34] തെലുങ്കാന കുല കാല എന്ന സ്ഥാനപ്പേരും രാജരാജനുണ്ടായിരുന്നു.[35][36][37] രാജരാജ ശിവപാദ ശേഖരൻ (ഭഗവാൻ ശിവന്റെ പാദം കിരീടമായുള്ളവൻ) എന്ന സ്ഥാനപ്പേരും ഇദ്ദേഹ‌ത്തിനുണ്ടായിരുന്നു.[38]

രാജരാജ ചോളൻ പ്രത്യക്ഷപ്പെടുന്ന ചരിത്ര നോവലുകൾ

[തിരുത്തുക]
 1. അമരാർ കൽകി രചിച്ച പൊന്നിയിൻ സെൽവൻ എന്ന നോവൽ രാജരാജ ചോളന്റെ ജീവിതത്തെയും ലങ്ക വെട്ടിപ്പിടിക്കാനുള്ള ഇദ്ദേഹ‌ത്തിന്റെ ആഗ്രഹത്തെയും സംബന്ധിച്ചുള്ളതാണ്.
 2. കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിലെ നായകൻ അരുൾമൊഴി വർമനാണ്. ആദിത്യ കരികാളന്റെ വധത്തെയും ഇതെത്തുടർന്ന് ചോളസിംഹാസനം ഉത്തമന് ലഭിക്കുന്നതും സംബന്ധിച്ചുള്ള ദുരൂഹതകളാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്. കൽക്കിയുടെ ഭാവനയിൽ അരുൾമൊഴി തന്റെ അവകാശത്തെ ബലികൊടുത്ത് തന്റെ സിംഹാസനാരോഹണച്ചടങ്ങിൽ ഉത്തമനെ രാജാവായി വാഴിക്കുകയാണ് ചെയ്യുന്നത്.
 3. വെമ്പു വികിരമന്റെ ചരിത്ര നോവലായ നടിപുറത്തു നായഗിയിലെ നായകൻ അരുൾമൊഴി വർമനാണ്. ഉത്തമ ചോളൻ അധികാരമേറുന്നതും രാജരാജൻ വിദൂര കടൽ ദേശങ്ങളിൽ യാത്ര നടത്തുന്നതുമാണ് ഈ നോവലിന്റെ ഇതിവൃത്തം.
 4. രാജരാജ ചോളൻ – കാതൽ രാമനാഥൻ എന്നറിയപ്പെടുന്ന അരു. രാമനാഥൻ രചിച്ച നാടകം. (ഈ നാടകം ടി.കെ.എസ്. ഗ്രൂപ്പ് ധാരാളം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ശിവാജി ഗണേശൻ നായകനായി ഒരു ചലച്ചിത്രവും ഈ പേരിൽ നിർമ്മിക്കപ്പെട്ടു). ചെന്നൈയിലെ പ്രേമ പിരസുരാം ഈ നാടകം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യൻ സർവ്വകലാശാലകളിൽ പഠനത്തിനായി ഉപയോഗിക്കുന്നുണ്ട്.
 5. ബാലകുമാരൻ രാജരാജചോളന്റെ ജീവിതത്തെ ആധാരമാക്കി ഉടൈയാർ എന്ന കഥയും രചിച്ചിട്ടുണ്ട്. ആദിത്യ കരികാളന്റെ മരണസമയത്ത് യുവാവായിരുന്ന രാജരാജന്റെ ജീവിതമാണ് കൽക്കിയുടെ നോവലിൽ വിവരിക്കുന്നതെങ്കിൽ ബാല കുമാരൻ രാജരാജചോളൻ ചക്രവർത്തിയായശേഷമുള്ള ജീവിതത്തെസംബന്ധിച്ചാണ് വിവരിക്കുന്നത്.
 6. 2007 ജനുവരിയിൽ പൊന്നിയിൻ സെ‌ൽവൻ എന്ന നോവലിന്റെ തുടർച്ചയായി ചോള സാമ്രാജ്യത്തിന്റെ കാലത്തു നടക്കുന്ന കവിരി മനിതൻ എന്ന അനുഷ വെങ്കിടേഷ് രചിച്ച നോവൽ ദി അവന്യൂ പ്രെസ്സ് പ്രസിദ്ധീകരിക്കുകയുണ്ടായി.
 7. സുജാത "കണ്ടലൂർ വസന്ത കുമാരൻ കഥൈ" എന്ന പേരിൽ ഒരു നോവൽ രചിക്കുകയുണ്ടായി. കണ്ടലൂർ തുറമുഖം രാജരാജ ചോളൻ കീഴ്പ്പെടുത്താനിടയായ സാഹചര്യങ്ങളാണ് ഈ നോവലിന്റെ ഉള്ളടക്കം.
 8. കടലൂർ പിടിച്ചെടുക്കുന്നതിനു ശേഷം രാജരാജ ചോളന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെപ്പറ്റി ഗോകുൽ ശേഷാദ്രി "രാജകേസരി" എന്ന നോവലിൽ പ്രതിപാദിക്കുന്നുണ്ട്. ഇതേ ഗ്രന്ഥകർത്താവിന്റെ "ചേരർ കോട്ടൈ" എന്ന നോവൽ രാജരാജ ചോളന്റെ കടലൂർ ആക്രമണത്തെപ്പറ്റിയുള്ളതാണ്.


ഡോക്യുമെന്ററി ചിത്രം

[തിരുത്തുക]

“ദി ഹിഡൺ ടെമ്പിൾസ് ഓഫ് ഇൻഡ്യ.” മിസ്റ്ററീസ് ഓഫ് ഏഷ്യ എന്ന പേരിൽ ദി ലേണിംഗ് ചാനൽ ഇദ്ദേഹത്തെപ്പറ്റി ഒരു ഡോക്യുമെന്ററി നിർമിച്ചിട്ടുണ്ട്. മൈക്കൽ ബെൽ ആണ് ശബ്ദം നൽകിയത്.

അവലംബങ്ങൾ

[തിരുത്തുക]
 1. God & King, the Devarāja Cult in South Asian Art and Architecture: proceedings of the Seminar, 2001, published for National Museum Institute by Regency Publications, 2005: "The Chola King Arunmozhi Devar, after the Makuda abhiseka was called Rajaraja Devar..."
 2. "Unearthed stone ends debate - The Hindu". Archived from the original on 2013-11-10. Retrieved 2013-05-24.
 3. http://www.thehindu.com/arts/history-and-culture/article432582.ece
 4. Sethuraman, N”Rajarajan Pirantha, Mudisudia, Neetha Naatkal”, in “Arunmozhi” ed., N Kasinathan, Tamil Nadu
 5. 5.0 5.1 5.2 KAN Sastri, A History of South India, p163
 6. "Rajaraja began his conquests by attacking the confederation between the rulers of the Pandya and Krala kingdoms and of Ceylon" – KAN Sastri, History of South India p 164
 7. 7.0 7.1 7.2 KAN Sastri, The Colas
 8. Chakravarti, Prithwis Chandra (December 1930). "Naval Warfare in ancient India". The Indian Historical Quarterly. 4 (4): 645–664. The naval supremacy of the Colas continued under the immediate successors of Rajendra. Rajadhiraja, as stated above, not only defeated and destroyed the Chera fleet at Kandalur but sent out his squadrons on an expedition against Ceylon.
 9. KAN Sastri
 10. 10.0 10.1 KAN Sastri The Colas
 11. Codrington, H.W (1926). A Short History of Ceylon. London: Macmillan & Co. ISBN 978-0-8369-5596-5. OCLC 2154168.
 12. "A BRIEF HISTORY OF SRI LANKA". Tim Lambert. localhistories.org. Retrieved 12 September 2008.
 13. South Indian inscriptions: Volume 2, Parts 1–2
 14. Epigraphia Indica, Volume 16, page 74
 15. Studying early India: archaeology, texts and historical issues, page 198
 16. The world in the year 1000, page 311
 17. Epigraphia Indica, Volume 30, page 248
 18. Smith, Vincent Arthur (1904). The Early History of India. The Clarendon press. pp. 336–358.
 19. 'Rajaraja is supposed to have conquered twelve thousand old isands... a phrase meant to indicate the Maldives – Keay p215
 20. Kearney, p70
 21. KAN Sastri, the Cholas
 22. Vasudevan, p44
 23. Vasudevan, p46
 24. Vasudevan, pp62-63
 25. "varalaaru.com". varalaaru.com.
 26. Epigraphia Carnatica, Volume 10, Part 1, page 107
 27. 27.0 27.1 27.2 Culter 1987, p. 50
 28. 28.0 28.1 Cort 1998, p. 178
 29. 29.0 29.1 29.2 Vasudevan 2003, pp. 109-110
 30. 30.0 30.1 Zvelebil 1974, p. 191
 31. Early Chola art, page 183
 32. A Topographical List of Inscriptions in the Tamil Nadu and Kerala States: Thanjavur District, page 180
 33. 33.0 33.1 Raasa Manickanar (2009), p. 169.
 34. Śāṅkaram
 35. The journal of Oriental research, Madras: Volume 7, By Kuppuswami Sastri Research Institute
 36. Proceedings of the First International Seminar on Dravidian Linguistics and the Fourteenth All India Conference of Dravidian Linguistics
 37. Proceedings of the Fifth International Conference-Seminar of Tamil Studies, Madurai, Tamil Nadu, India, January 1981, Volume 1
 38. "A Journey through India's past: Great Hindu kings after Harshavardhana (ISBN 81-7211-256-4)". Chandra Mauli Mani. Northern Book Center, New Delhi. Retrieved 25 August 2010.

ഇതും കാണുക

[തിരുത്തുക]
മുൻഗാമി രാജരാജ ചോളൻ ഒന്നാമൻ
എ.ഡി. 985–1014
പിൻഗാമി
"https://ml.wikipedia.org/w/index.php?title=രാജരാജ_ചോളൻ_ഒന്നാമൻ&oldid=4017609" എന്ന താളിൽനിന്ന് ശേഖരിച്ചത്