Jump to content

കൊടവലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ ദക്ഷിണ കനറ ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ആദ്യകാല അധിവാസ കേന്ദ്രങ്ങളിലൊന്നാണ് കൊടവലം. അജാനൂർ, മടിക്കൈ പള്ളിക്കര കോടോം-ബേളുർ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിടുന്ന പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം. പേരും പ്രശ്സ്തിയും കൊണ്ട് കേരള ചരിത്രത്തിലും ഇടം നേടിയിട്ടുണ്ട് കൊടവലം വിഷ്ണു ക്ഷേത്രത്തിലുടെ. കുന്നിൻ ചെരുവുകളും ചെറുകുന്നുകളും വിശാലമായ പാടശേഖരങ്ങളും കൊണ്ട് നിറഞ്ഞ ചെറിയൊരു ഗ്രാമം. ചെറുതും വലുതുമായ വയലുകൾ. ഗ്രാമത്തെ നനച്ചു കൊണ്ട്, അതിന് എപ്പോഴും പച്ചപ്പു നൽകി ഗ്രാമത്തിന്റെ രക്തധമനിയായി ഒഴുകുന്ന കൊടവലം തോട്. അടുത്ത ഗ്രാമത്തിൽ നിന്ന് തുടങ്ങി കൊടവലത്തിലൂടെ ഒഴുകി പുല്ലൂർ തോടായി പിന്നെയുമൊഴുകി ചിത്താരി പുഴയായി മാറി അറബി കടലിലേക്ക് നീളുന്നതാണ് ഈ തോട്. കൊടവലം ഒരു ബഹുസ്വര സമൂഹമാണ്. മഡിയൻ കൂലോത്തെ കലശം കഴിഞ്ഞാൽ തുലാമാസത്തിലെ പത്താം ഉദയം വരെ കൂലോത്തിന്റെ അധികാര പരിധിക്ക് അകത്ത് ഉത്സവങ്ങളൊന്നും പാടില്ല എന്നാണ് ചട്ടം. കലശത്തിനു വേണ്ട പൂവും കായും കനികളും മറ്റു വിഭവങ്ങളും കൂലോത്തിന്റെ ആധീനതയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ശേഖരിക്കുന്നവരെ പൂക്കാറെന്നാണ് വിളിച്ചിരുന്നത്. പൂക്കാറും അവരുടെ ചിലമ്പും കയറാത്ത നാടാണ് കൊടവലം. ഇതാണ് കൊടവലത്തിന്റെ താൻപോരിമയും സ്വാതന്ത്രാധികാരവും[അവലംബം ആവശ്യമാണ്] .

"https://ml.wikipedia.org/w/index.php?title=കൊടവലം&oldid=3245904" എന്ന താളിൽനിന്ന് ശേഖരിച്ചത്