പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം

Coordinates: 8°48′45.43″N 76°39′51.97″E / 8.8126194°N 76.6644361°E / 8.8126194; 76.6644361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രം
പുറ്റിങ്ങൽ ദേവീക്ഷേത്രം
പുറ്റിങ്ങൽ ദേവീക്ഷേത്രം
പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രം is located in Kerala
പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രം
പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രം
കേരളത്തിൽ ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:8°48′45.43″N 76°39′51.97″E / 8.8126194°N 76.6644361°E / 8.8126194; 76.6644361
പേരുകൾ
ശരിയായ പേര്:പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കൊല്ലം
സ്ഥാനം:പരവൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി (പുറ്റിങ്ങൽ ദേവി)
പ്രധാന ഉത്സവങ്ങൾ:മീനഭരണി, അശ്വതി വിളക്ക്, തോറ്റംപാട്ട്

കൊല്ലം ജില്ലയിലെ പരവൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് പുറ്റിങ്ങൽ ദേവീക്ഷേത്രം. "ആദിപരാശക്തിയായ ഭദ്രകാളിയാണ്" മുഖ്യ പ്രതിഷ്ഠ. ദേവി ഉറുമ്പിൻപുറ്റിൽ വസിക്കുന്നുവെന്നാണ് വിശ്വാസം.[1] അതിനാലാണ് ക്ഷേത്രത്തിന് ആ പേരുലഭിച്ചത്. മീനമാസത്തിലെ ഭരണി നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് അശ്വതി വിളക്ക്, കഥകളി, കമ്പടിക്കളി, മരമെടുപ്പ് എന്നിവയോടൊപ്പം വെടിക്കെട്ടും (മത്സരക്കമ്പം) നടത്താറുണ്ട്. വൃശ്ചികം 21 മുതൽ ഉത്സവദിനം വരെ തോറ്റംപാട്ട് നടത്തുന്നു. തുലാമാസത്തിലെ "നവരാത്രിയും" "വിദ്യാരംഭവും" പ്രധാനമാണ്. 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരക്കമ്പത്തിനിടയ്ക്ക് ഉണ്ടായ അപകടത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.[2] കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു ഇത്.

ഐതിഹ്യം[തിരുത്തുക]

പുറ്റിങ്ങൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം നൂറ്റാണ്ടുകൾക്ക് മുൻപ് കാവുകളും, കാടുകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു. ഒരിക്കൽ പുറ്റിങ്ങൽ ദേവിയും, ദേവിയുടെ സഹോദരിമാരും ഒരു യാത്ര പോകുന്ന വേളയിൽ ഇവിടെ എത്തിച്ചേർന്നു. ദാഹം തോന്നിയ ദേവിയും സഹോദരിമാരും പ്രസ്തുത സമയത്ത് ഇവിടെ തെങ്ങിൽ കയറിക്കൊണ്ടിരുന്ന ഒരു ഈഴവ സമുദായക്കാരനെ കാണുകയും, കുടിക്കുവാനായി ദേവിയും കൂട്ടരും കരിക്ക് ആവശ്യപ്പെടുകയും, തുടർന്ന് അദ്ദേഹം കരിക്ക് വെട്ടി ഇവർക്കെല്ലാം നൽകുകയും ചെയ്തു. അവർ അതു കുടിച്ചു ദാഹം ശമിപ്പിക്കുകയും ചെയ്തു. പക്ഷെ പുറ്റിങ്ങൽ ദേവിയ്ക്ക് നൽകിയ സമയത്ത് കരിയ്ക്ക് പൊട്ടിപോകുകയും, എന്നിട്ടും ദേവി അത് വാങ്ങി കുടിക്കുകയും ചെയ്തു. അയിത്ത ജാതിക്കാരനിൽനിന്നും പൊട്ടിയ കരിയ്ക്ക് വാങ്ങി കുടിച്ച ദേവിയെ കൂടെ ഉണ്ടായിരുന്ന സഹോദരങ്ങൾ ഇവിടെ ഉപേക്ഷിച്ചു പോയി. അതിനാൽതന്നെ ദേവിയുടെ ഇഷ്ട നിവേദ്യം കരിയ്ക്ക് ആണ്. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ദേവി ഇവിടെതന്നെയുള്ള ഒരു മൺപുറ്റിൽ വസിക്കുകയും ചെയ്തു. കുറെ കാലങ്ങൾക്ക്ശേഷം ഇവിടെ പുല്ല് അരിഞ്ഞുകൊണ്ടിരുന്ന ഒരു കുറവ സമുദായത്തിൽപ്പെട്ട സ്ത്രീയുടെ അരിവാൾ ഈ പുറ്റിൽ കൊള്ളുകയും, മൺപുറ്റ് മുറിഞ്ഞു രക്തം വാർന്നുവരികയും ചെയ്തു. ഇതുകണ്ട് ഭയന്നു നിലവിളിച്ചോടിയ ആവർ അടുത്തുള്ള മൂപ്പന്റഴികം എന്ന ഈഴവ കുടുംബത്തെ വിവരം അറിയിക്കുകയുംചെയ്തു. ആ വീട്ടിലെ കാരണവർ അപ്പോൾ തന്നെ മൺപുറ്റ് നില്കുന്ന സ്ഥലം വന്നുകാണുയും, അയിത്താചാരം നില നിന്നിരുന്ന കാലം ആയിരുന്നതിനാൽ സമീപ പ്രദേശത്തെ നായർ തറവാടുകളിൽ വിവരം അറിയിച്ചു. പിന്നീട് ഇവരുടെയെല്ലാം നേതൃത്വത്തിൽ ദേവപ്രശ്നം വച്ച് ദേവിയുടെ സാന്നിധ്യം മനസ്സിലാക്കുകയും ചെയ്തു. ദേവ പ്രശ്നത്തിൽ പറഞ്ഞത് ദേവിയ്ക്ക് പൂജചെയ്യേണ്ടത് ഈഴവ സമുദായത്തിൽപ്പെട്ടവർ ആയിരിക്കണമെന്നുമാണ്. ആയിത്തകാലമായിരുന്ന അക്കാലത്ത് മൂപ്പന്റഴികം കുടുംബത്തിലുള്ളവർ പൂജാതികർമ്മങ്ങൾ പഠിയ്ക്കുകയും ഈ ക്ഷേത്രത്തിൽ ശാന്തി കർമ്മങ്ങൾ ചെയ്യുകയും ചെയ്തുപോന്നു. ക്ഷേത്രം ഉണ്ടായകാലം മുതൽ ഇപ്പോൾ വരെ ഈഴവർ തന്നെ പൂജ ചെയ്യണം എന്ന രീതി തുടർന്നുപോകുന്നു. തുടർന്ന് ക്ഷേത്രം പണിയുന്നതിനുവേണ്ടി കിളിമാനൂർ രാജാവ് ഏതാണ്ട് 60 ഏക്കറോളം ഭൂമി പതിച്ചു നല്കുകയും ഇവിടെ പുറ്റിങ്ങൽ ദേവി ക്ഷേത്രം പണിയുകയും ചെയ്തു. പ്രതിഷ്ഠവിധി പ്രകാരം ഈഴവൻ തൊട്ടു തീണ്ടിയ ദേവിയെ പൂജികേണ്ടത് ഈഴവ സമുദായത്തിൽപ്പെട്ടവർ തന്നെ ആയിരിക്കണമെന്നാണ്. അത് ക്ഷേത്രം ഉണ്ടായകാലം മുതൽ നാളിതുവരെയും തുടർന്നുപോകുന്നു. ക്ഷേത്രം കണ്ടെടുത്തത് കുറവ സമുദായത്തിൽപ്പെട്ട സ്ത്രീ , പുലയർ, പറയർ, കുറവർ മുതൽ ഹൈന്ദവ സമുദായത്തിലെ എല്ലാവർക്കും ഈ ക്ഷേത്രത്തിൽ ഓരോരോ ആചാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

അയിത്താചാരങ്ങൾക്ക് എതിരായിരുന്ന ഒരു ചരിത്രമുണ്ട്, പുറ്റിങ്ങൽ ക്ഷേത്രത്തിന്. മൂന്ന് നാല് നൂറ്റാണ്ടുകൾക്ക് മുൻപ് അയിത്താചരണം അതിൻറെ പാരമ്മ്യതയിൽ നിന്ന കാലത്ത് പുറ്റിങ്ങൽ ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നത് അയിത്തജാതിക്കാരനായ ഈഴവർ ആയിരുന്നു. അത് അന്ന് തെക്കൻ കേരളത്തിലെ ഒരു പ്രധാന സംഭവം ആയിരുന്നു.

ക്ഷേത്ര ഭരണം[തിരുത്തുക]

ക്ഷേത്ര ഭരണം സംബന്ധിച്ച ഈഴവ - നായർ തർക്കത്തിന് ഏകദേശം ഒരു നൂറ്റാണ്ടിനടുത്തു പഴക്കമുണ്ട്. അയിത്തോച്ചാടനം ശക്തമായി നിലനിന്നിരുന്ന ആ കാലത്ത്, മുന്പോട്ട് പോകും തോറും മേല്ജാതിക്കാരിൽനിന്നും നിയന്ത്രണങ്ങൾ വരാൻ തുടങ്ങി. രാജാവ് ദേവിയുടെ പേരിൽ പതിച്ചുനൽകിയ ഭൂമിക്കു മേൽ നായർ ഈഴവ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി. നിരന്തര സങ്കർഷങ്ങൾക്ക് ഒടുവിൽ ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളുടെയും നിയന്ത്രനാവകാശത്തിനായി 1912ൽ ഇരു വിഭാഗങ്ങളും തമ്മിൽ കേസ് ആരംഭിക്കുകയും അത് അതിപുരാതനകാലം മുതൽ മത്സരകമ്പവും മറ്റും നടന്നുവന്നിരുന്ന ഉത്സവവും മുടങ്ങുന്ന നിലയിൽവരെ കാര്യങ്ങൾ എത്തി. ഇരുവിഭാഗക്കാരും കേസ് വാശിയോടെ നടത്തി. ക്ഷേത്ര ഭരണം കോടതിയുടെ (റസീവർ) നിയന്ത്രണത്തിലായി.

കേസ് കീഴ്കോടതിയും കഴിഞ്ഞ് ഹൈക്കോടതിയിൽ എത്തി. ജാതിസ്പർദ്ധയും അസഹനീയമാംവിധം കേസ്സിനോപ്പം വളർന്നു. അവസാനം 1973 ൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ക്ഷേത്രം ഒരു പ്രതേക വിഭാഗത്തിന്റെയും വകയല്ലെന്നും, മറിച്ചു ഇത് പൊതുജനങ്ങളുടെ വകയാണ് എന്നും വിധിച്ചു. ഈ വിധിയ്ക്ക് അപ്പീൽ കാലാവധിയ്ക്ക് മുൻപേ അപ്പീൽ പോകാൻ ഇരു വിഭാഗത്തിനും കഴിഞ്ഞില്ല. ഈ കേസുകളുടെയെല്ലാം തുടർച്ചയായിട്ടുള്ള കേസുകളുടെ അവസാനം ഉണ്ടായ വിധിയനുസരിച്ചാണ് ഇന്നു നടക്കുന്ന രീതിയിലുള്ള ഭരണ സംവിധാനം നിലവിൽ വന്നത്. പതിനഞ്ചു പേർ അടങ്ങുന്ന ഒരു ട്രസ്റ്റ്‌ ആയിരിക്കണം ക്ഷേത്രഭരണം നടത്തേണ്ടത്. ഈ പതിനഞ്ചു പേരിൽ, മൂന്നു പേർ പ്രത്യേകാവകാശം ഉള്ള ശാന്തികുടുംബത്തിലെ അംഗങ്ങൾ തന്നെ ആയിരിക്കണമെന്നും, ബാക്കിയുള്ളവരെ പൊതുജനം തിരഞ്ഞെടുക്കണം.

പതിനഞ്ചംഗ ക്ഷേത്ര ഭരണ സമിതിയിൽ എട്ടു പേർ നാല് നായർ കരയോഗങ്ങളിൽ നിന്നുള്ള രണ്ടുപേർ വീതവും മൂന്നു പേർ ശാന്തി കുടുംബത്തിൽ നിന്നുള്ളവരും മേൽപ്പറഞ്ഞ നാലു കരകളിൽ നിന്നും നായന്മാരല്ലാത്ത ഒരോപ്രതിനിധികളും ഉൾപ്പെടെപതിനഞ്ചുപേരടങ്ങുന്ന ഭരണസമിതി. എപ്പോഴും എണ്ണത്തിൽ മുൻ‌തൂക്കം കൂടുതലുള്ള നായർ സമുദായ അംഗങ്ങൾക്ക് തന്നെയായിരിക്കും ഭരണം കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണാധികാരം. പ്രസിഡന്റ് ,സെക്രട്ടറി, രണ്ടു താക്കോൽക്കാർ, പതിനൊന്ന് കമ്മിറ്റി അംഗങ്ങൾഎന്നിവയാണ് ഭരണ സമിതി അംഗങ്ങൾ.

ഉത്സവവും വഴിപാടും[തിരുത്തുക]

ദേവിയെ കണ്ടെടുത്ത കുറവ സമുദായത്തിൽപ്പെട്ടവർ തുടങ്ങി, ഹൈന്ദവ സമുദായത്തിലെ എല്ലാവർക്കും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു ഓരോരോ ആചാരങ്ങൾ ഉണ്ട്. തോറ്റം പാട്ടാണ് ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാട്. ശിവനേത്രങ്ങളിൽ നിന്നുള്ള ഭദ്രകാളിയുടെ അവതാരത്തിൽ തുടങ്ങി ദാരികവധം വരെയുള്ള ഭാഗങ്ങളാണ് തോറ്റംപാട്ടിൽ ഉള്ളത്. ദേവിയുടെ ജന്മദിനമായ മീനമാസത്തിലെ ഭരണി നാളിലാണ് പുറ്റിംഗൽ ക്ഷേത്രത്തിലെ‍ ഉത്സവം കൊണ്ടാടുന്നത്. അശ്വതിവിളക്ക്,കഥകളി, കമ്പടിക്കളി, മരമെടുപ്പ്, നെടുംകുതിരയെടുപ്പ് എന്നിവയാണ് ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടികൾ. ഉത്സവത്തോടനുബന്ധിച്ചു നടത്താറുള്ള മത്സരകമ്പം വളരെ പ്രശസ്തമാണ്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ മത്സരക്കമ്പമാണിത്.

പുനരുദ്ധാരണം[തിരുത്തുക]

പുറ്റിങ്ങൽ ദേവീക്ഷേത്രം ഇപ്പോൾ പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്. ഏകദേശം 5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തിയാകുമ്പോൾ പുറ്റിങ്ങൽ ദേവീക്ഷേത്രം കേരളത്തിലെ വലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നായി മാറും.[അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]