പരവൂർ പുറ്റിങ്ങൽ ക്ഷേത്രവെടിക്കെട്ട് ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരവൂർ പുറ്റിങ്ങൽ ക്ഷേത്രവെടിക്കെട്ട് ദുരന്തം
പുറ്റിങ്ങൽ ദേവി ക്ഷേത്രം.jpg
പുറ്റിങ്ങൽ ദേവി ക്ഷേത്രം
ദിവസം 2016 ഏപ്രിൽ 10
സമയം 03:30
സ്ഥലം കൊല്ലം, കേരളം
 ഇന്ത്യ
അത്യാഹിതങ്ങൾ
110 മരണം
300+ പരുക്ക്
വെടിക്കെട്ട് ദുരന്തം

കേരളചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് കൊല്ലം ജില്ലയിലുള്ള പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. ഇതിൽ ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300-ലധികം ജനങ്ങൾക്ക് പരിക്കും സംഭവിച്ചു. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചായിരുന്നു ദുരന്തം[1] ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്.

രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ലാ അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. സംഭവം നടന്ന സമയം പുലർച്ചെയായതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലായി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.[2]

അപകടശേഷം ക്ഷേത്ര പരിസരത്തു നിന്നും ശാർക്കര കുറുമണ്ടൽ ക്ഷേത്ര പരിസരത്തെ കാറുകളിൽ നിന്നും കണ്ടത്തെിയ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കൾ പെട്രോളിയം ആൻഡ്‌ എക്‌സ്പ്ലോസീവ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ നശിപ്പിച്ചു.[3]

അപകടകാരണം[തിരുത്തുക]

മുകളിലേക്കു പൊങ്ങി പൊട്ടിയ ഒരു അമിട്ടിലെ ഇനിയും കത്തിക്കഴിഞ്ഞിട്ടില്ലാത്ത ഒരു ഗുളിക കമ്പപ്പുരയിൽ വീണാണ് അപകടമുണ്ടായത്.[4]

മരണം[തിരുത്തുക]

അപകടത്തിൽ ആകെ 114 പേരാണ് മരണപ്പെട്ടത്. ഗുരുതരമായ പരുക്ക് പറ്റിയിരുന്ന രണ്ടാമത്തെ കരാറുകാരൻ കഴക്കൂട്ടം സുരേന്ദ്രൻ ഏപ്രിൽ 13-ആം തിയതി മരണമടഞ്ഞു.[5]

നാശനഷ്ടം[തിരുത്തുക]

പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം, വെടിക്കെട്ടപകടത്തിൽ തകർന്ന കോൺക്രീറ്റ് കെട്ടിടം

സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി. അമ്പലസമീപമുള്ള ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിനും അഗ്നിനാളത്തിനുമൊപ്പം കോൺക്രീറ്റ് പാളികൾ ആൾക്കൂട്ടത്തിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം വികൃതമായിരുന്നു.[6]

കോൺക്രീറ്റ് ബീമുകളും പില്ലറുകളും ജനക്കൂട്ടത്തിലേക്ക് വന്നു പതിച്ചു ശരീരത്തിൽ തുളച്ചു കയറി. കമ്പപ്പുരയുടെ കോൺക്രീറ്റ് പാളികൾ അര കിലോമീറ്ററോളം അകലെവരെ തെറിച്ചു വീണു. വലിയ കെട്ടിടങ്ങൾക്ക് മുകളിൽ വെടിക്കെട്ട് കാണാൻ നിലയുറപ്പിച്ചവർ സ്ഫോടനശക്തിയിൽ തെറിച്ച് നിലത്തുവീണു.

ഒരു കിലോമീറ്ററോളം അകലെ പരവൂർ നഗരത്തിലൂടെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കളുടെ മേൽ കോൺക്രീറ്റ് പാളി പതിച്ച് ഒരു യുവാവും ഒപ്പം മരണപ്പെട്ടു.

അന്വേഷണം[തിരുത്തുക]

പരവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സർക്കാർ ഈ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജസ്റ്റിസ് കൃഷ്ണൻ നായരെ ഇതിനായി ചുമതലപ്പെടുത്തി. ആറുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ഇതിന്മേൽ നൽകിയ നിർദ്ദേശം.[7]

വെടിക്കെട്ടിനു അനുമതിയില്ലാതെ പരസ്യമായി നോട്ടീസടിച്ച് വെടിക്കെട്ട് നടത്തിയതിനു രണ്ട് കരാറുകാർക്കെതിരേയും ക്ഷേത്ര കമ്മിറ്റിക്കെതിരേയും മനഃപൂർവമല്ലാത്ത നരഹത്യക്കും എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരവും കേസെടുത്തു. ഏഴു പേരെയാണ് കേസിൽ പ്രതിചേർത്തത്.

അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ഏപ്രിൽ 12-ആം തിയതി നടന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. എന്നാൽ പിന്നീട് നിലവിൽ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തന്നെ തുടർന്നാൽ മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ ഏപ്രിൽ 14-ന് റിപ്പോർട്ട് നൽകി.[8] തുടർന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി.

പതിനഞ്ചുപേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴുപേരാണ് ആദ്യം കീഴടങ്ങിയത്.[9] ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.എസ്. ജയലാൽ, സെക്രട്ടറി ജെ. കൃഷ്ണൻകുട്ടിപിള്ള, ട്രഷറർ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള എന്നിവർ ഏപ്രിൽ 11-നും ക്ഷേത്ര താക്കോൽ സൂക്ഷിപ്പുകാരൻ സുരേന്ദ്രനാഥപിള്ളയും മരുകേഷും 12-നും കീഴടങ്ങി. കൂടാതെ ദേവസ്വം ചുമതലക്കാരിൽ ഒരാളുടെ മകനെയും മറ്റൊരാളുടെ മരുമകനെയും നേരത്തേ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.[10] ആകെ 13 പ്രതികളാണ് കേസിൽ അറസ്റ്റിലായത്.

അറസ്റ്റിലായ 13 പ്രതികളെ പരവൂർ മജിസ്ട്രേറ്റ് കോടതി ഏപ്രിൽ 20 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. അതോടൊപ്പം 12-ആം പ്രതിയായ കരാറുകാരൻ സുരേന്ദ്രന്റെ ഡ്രൈവറുടെ ജാമ്യാപേക്ഷയും പരവൂർ കോടതി തള്ളി. [11]

ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്പരവൂർ കൂനയിൽ പത്മ വിലാസത്തിൽ പി.എസ്. ജയലാൽ (46), സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനത്തിൽ കൃഷ്ണൻകുട്ടിപിള്ള (61), കോട്ടപ്പുറം കോങ്ങാൽ ചന്ദ്രോദയം വീട്ടിൽ സി. രവീന്ദ്രൻപിള്ള (64), പൊഴിക്കര കടകത്ത് തൊടിയിൽ ജി. സോമസുന്ദരൻപിള്ള (47), കോങ്ങാൽ സുരഭിയിൽ സുരേന്ദ്രനാഥൻപിള്ള (65), കോങ്ങാൽ മനീഫ കോട്ടേജിൽ മുരുകേശൻ (50), കമ്പക്കെട്ടിന്റെ കരാർ തൊഴിലാളികളായ തിരുവനന്തപുരം അണ്ടൂർകോണം കാവുവിള കല്ലുവിള വീട്ടിൽ സജീവൻ (38 സജി), തമിഴ്‌നാട് വിരുതനഗർ തൃത്തംഗൽ പനയടിപ്പെട്ടി തെരുവ് മൈനർ ലൈനിൽ ജോസഫ് (48), ജോസഫിന്റെ മകൻ ജോൺസൺ (26), മാവേലിക്കര പാലമേൽ പള്ളിമൺ ചാങ്ങോത്ത് വീട്ടിൽ വിഷ്ണു (26), അടൂർ വടക്കേടത്തുകാവ് ചാത്തന്നപ്പുഴ ചൂരക്കോട് തുറുവിളയിൽ അനു (30), ശൂരനാട് വടക്ക് കണ്ണമം കുമ്പോപുഴ പടീറ്റതിൽ അജിത്ത് (27) എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.

ക്ഷേത്രത്തിൽ വെടിക്കെട്ട് കരാർ എടുത്തിരുന്നവർ വെടിക്കെട്ടു മത്സരം നടത്തിയിരുന്നോ എന്നറിയില്ലെന്നു ക്ഷേത്രം ഭാരവാഹികൾ കോടതിയെ അറിയിച്ചു ഒപ്പം മത്സരത്തിനു തങ്ങൾ അനുമതി നൽകിയിരുന്നില്ലെന്നും ഭാരവാഹികൾ കോടതിയിൽ പറഞ്ഞു. ഇത്ര വലിയ ദുരന്തം സംഭവിച്ചിട്ടും ക്ഷേത്രഭാരവാഹികൾക്കാർക്കും ഒരു പരിക്കുപോലും പറ്റാതിരുന്നതെന്നു എന്തുകൊണ്ടാണെന്ന് കോടതി വാദമധ്യേ ആരാഞ്ഞു.[11]

കസ്റ്റഡിയിലായ പ്രതികളെ ഏപ്രിൽ 17-ന് ചോദ്യം ചെയ്യവെ കൊല്ലം ജില്ലാ കളക്ടർ ഷൈന മോൾക്കെതിരെ ക്ഷേത്രം ഭാരവാഹികൾ മൊഴി നൽകി. വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായി പൊലീസ് റിപ്പോർട്ട് നൽകിയത് കലക്ടറുടെ നിർദ്ദേശപ്രകാരമാണെന്നും വെടിക്കെട്ട് നിരോധിച്ചതിനുശേഷം കലക്ടറെ കണ്ടിരുന്നുവെന്നും അവർ ക്രൈംബ്രാഞ്ചിനു മൊഴി നൽകി. തുടർന്ന് കളക്ടറുടെ ചേംബറിലെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കാനായി ക്രൈംബ്രാഞ്ച് കളക്ടർക്ക് അതോടൊപ്പം അപേക്ഷയും നൽകി.[12]

ഒളിവിലായിരുന്ന കരാറുകാരൻ കൃഷ്ണൻകുട്ടി എറണാകുളം സൗത്തിലെ ലോഡ്ജിൽ ആയിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. ഏപ്രിൽ 17-ന് പൊലീസെത്തും മുൻപ് ഭാര്യയുമായി കൃഷ്ണൻകുട്ടി രക്ഷപ്പെട്ടു.[12] എന്നാൽ മുൻകൂർ ജാമ്യഹർജി നൽകിയതിനാൽ അറസ്റ്റ് ഒഴിവാക്കാനായി പ്രതികൾ മാറിയതാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കൃഷ്ണൻകുട്ടിയുടെ ഭാര്യ അനാർക്കലിയുടെ പേരിലായിരുന്നു ലൈസൻസ് ഉണ്ടായിരുന്നത്. ജാമ്യവുമായി ബന്ധപ്പെട്ട് കൃഷ്ണൻകുട്ടി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ക്ഷേത്രത്തിൽ നടന്നത് മത്സര വെടിക്കെട്ടാണെന്ന് വ്യക്തമാക്കിയിരുന്നു. നാലും അഞ്ചും പ്രതികളാണ് ഇവർ. ദുരന്തത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും മത്സര വെടിക്കെട്ട് പൂർത്തിയാക്കി തങ്ങളുടെ ആളുകൾ മടങ്ങിയശേഷമാണ് ദുരന്തമുണ്ടായതെന്നും ഈ ഹർജിയിൽ പറയുന്നു.[13]

വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന കരാറുകാരൻ സുരേന്ദ്രന്റെ മകൻ ദീപുവിനെ ഏപ്രിൽ 19-ന് തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും ക്രൈംബ്രാഞ്ച് അറസ്‌റ്റു ചെയ്തു.[14]

വിവാദം[തിരുത്തുക]

കളക്ടർ അനുമതി നിഷേധിച്ചിട്ടും പോലീസിന്റെ മൗനാനുവാദത്തോടെയാണ് വെടിക്കെട്ടു നടന്നതെന്ന കൊല്ലം ജില്ലാ കളക്ടർ ഷൈനാമോളുടെ പ്രസ്താവന വിവാദമായി തീർന്നു.[15] ക്ഷേത്രത്തിൽ നിയമവിരുദ്ധമായാണ് വെടിക്കെട്ടു നടക്കാൻ പോകുന്നതെന്ന അറിവുണ്ടായിട്ടും, സ്ഥലം സി.ഐ അത് മേലധികാരികളിൽ നിന്നും മറച്ചുവെച്ചു. വെടിക്കെട്ടു സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ജില്ലാ പോലീസ് കമ്മീഷണർ അവഗണിച്ചുവെന്നും, സ്ഥലം സി.ഐ തയ്യാറാക്കിയ പ്രഥമവിവരറിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.[16]

ധനസഹായം[തിരുത്തുക]

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേരളസർക്കാർ പത്തുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രഖ്യാപിച്ചു.[7] കേന്ദ്രസർക്കാർ മരണമടഞ്ഞവർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.[17] കൂടാതെ ചില സ്വകാര്യവ്യക്തികളും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കൊല്ലം പരവൂരിൽ വെടിക്കെട്ട് ദുരന്തം: 110 മരണം, 350 ഓളം പേർക്ക് പരിക്ക്‌". ജന്മഭൂമി ഡെയിലി. 2016-04-10. Archived from the original on 2016-04-15. ശേഖരിച്ചത് 2016-04-15.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "അപകടമുണ്ടാക്കിയത് മത്സരക്കമ്പം". മാതൃഭൂമി. മൂലതാളിൽ നിന്നും 2016-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഏപ്രിൽ 2016.
  3. "പുറ്റിങ്ങലിൽ ബാക്കിയായ സ്‌ഫോടക വസ്‌തുക്കൾ നശിപ്പിച്ചു തുടങ്ങി". മംഗളം. മൂലതാളിൽ നിന്നും 2016-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഏപ്രിൽ 2016.
  4. "വെടിക്കെട്ട് അപകടം: മരണസംഖ്യ 107 ആയി, 60 പേരുടെ നില ഗുരുതരം". മാതൃഭൂമി ഓൺലൈൻ. 2016-04-10. Archived from the original on 2016-04-15. ശേഖരിച്ചത് 2016-04-15.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ കരാറുകാരൻ സുരേന്ദ്രനും മരിച്ചു; 90 ശതമാനം പൊള്ളലേറ്റു ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശിയുടെ മരണത്തോടെ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 111 ആയി". മറുനാടൻ മലയാളി. മൂലതാളിൽ നിന്നും 2016-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഏപ്രിൽ 2016.
  6. "ശരീരങ്ങൾ ചിതറിത്തെറിച്ചു; ക്ഷേത്രാങ്കണം കുരുതിക്കളമായി". മാധ്യമം. മൂലതാളിൽ നിന്നും 2016-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഏപ്രിൽ 2016.
  7. 7.0 7.1 "വെടിക്കെട്ട് ദുരന്തം വഴിത്തിരിവിലേക്ക്: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു, ധനസഹായം 10ലക്ഷം". വൺ ഇന്ത്യ. മൂലതാളിൽ നിന്നും 2016-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഏപ്രിൽ 2016.
  8. "പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ സിബിഐ അന്വേഷണമില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാധീനിക്കാൻ ആർക്കും കഴിയില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ". മറുനാടൻ മലയാളി. മൂലതാളിൽ നിന്നും 2016-04-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഏപ്രിൽ 2016.
  9. "Puttingal temple fire: Seven officials detained by police" (ഭാഷ: ഇംഗ്ലീഷ്). ബി.ബി.സി. 2016-04-12. Archived from the original on 2016-04-15. ശേഖരിച്ചത് 2016-04-15.{{cite news}}: CS1 maint: bot: original URL status unknown (link)
  10. "വെടിക്കെട്ട് ദുരന്തം; ക്ഷേത്ര ഭാരവാഹികൾ കീഴടങ്ങില്ല, മുൻകൂർ ജാമ്യം എടുക്കാൻ ശ്രമം". മംഗളം. മൂലതാളിൽ നിന്നും 2016-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഏപ്രിൽ 2016.
  11. 11.0 11.1 "മത്സരക്കമ്പത്തിന് അനുമതി നൽകിയില്ലെന്നു ക്ഷേത്രഭാരവാഹികൾ; കുടിപ്പകയുടെ ഭാഗമായി കരാറുകാർ മത്സരിച്ചോ എന്ന് അറിയില്ലെന്നും മൊഴി; ഇത്ര വലിയ ദുരന്തം നടന്നിട്ടും ഭാരവാഹികൾക്കു പരിക്കേൽക്കാത്തത് എന്തെന്നു കോടതി; പ്രതികളെ 20 വരെ കസ്റ്റഡിയിൽ വിട്ടു". മറുനാടൻ മലയാളി. മൂലതാളിൽ നിന്നും 2016-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ഏപ്രിൽ 2016.
  12. 12.0 12.1 "പുറ്റിങ്ങൽ ദുരന്തം: കലക്ടർക്കെതിരെ മൊഴി; കരാറുകാരൻ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു". മനോരമ. മൂലതാളിൽ നിന്നും 2016-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഏപ്രിൽ 2016.
  13. "പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്നത് മത്സര വെടിക്കെട്ട് –കരാറുകാരൻ". മാധ്യമം. മൂലതാളിൽ നിന്നും 2016-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഏപ്രിൽ 2016.
  14. "വെടിക്കെട്ട് അപകടം: കരാറുകാരന്റെ മകൻ പിടിയിൽ". കേരളകൗമുദി. മൂലതാളിൽ നിന്നും 2016-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഏപ്രിൽ 2016.
  15. "After cops, cabinet flays Kollam collector for remarks against commissioner" (ഭാഷ: ഇംഗ്ലീഷ്). 2016-04-13. Archived from the original on 2016-04-15. ശേഖരിച്ചത് 2016-04-15.{{cite news}}: CS1 maint: bot: original URL status unknown (link)
  16. "പരവൂർ വെടിക്കെട്ടപകടം, പോലീസിനു വീഴ്ചപറ്റിയെന്നു ആഭ്യന്തരസെക്രട്ടറി". ജന്മഭൂമി ഡെയിലി. 2016-04-04. Archived from the original on 2016-04-15. ശേഖരിച്ചത് 2016-04-15.{{cite news}}: CS1 maint: bot: original URL status unknown (link)
  17. "വെടിക്കെട്ട് ദുരന്തം: പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2016-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഏപ്രിൽ 2016.