കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത
കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത | |
---|---|
അടിസ്ഥാനവിവരം | |
തുടക്കം | കൊല്ലം |
ഒടുക്കം | ചെങ്കോട്ട |
നിലയങ്ങൾ | 17 |
പ്രവർത്തനം | |
പ്രാരംഭം | 1904 |
സമാപനം | 2006 - 2010 (കൊല്ലം പുനലൂർ) 2010 - 2018 (പുനലൂർ - ചെങ്കോട്ട) |
ഉടമ | ദക്ഷിണ റയിൽവേ |
കൊല്ലം പട്ടണത്തേയും തമിഴ്‌നാട്ടിലെ ചെങ്കോട്ടയേയും ബന്ധിപ്പിക്കുന്ന കൊല്ലം - ചെങ്കോട്ട റയിൽപാത, കേരളത്തിലെ ഏറ്റവും പഴക്കമുള്ള റയിൽപാതകളിൽ ഒന്നാണ്. 92 കിലോമീറ്റർ നീളമുള്ള ഈ പാത കൊല്ലത്തെ വ്യാപാര വാണിജ്യബന്ധങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. വിഴിഞ്ഞം മദർ പോർട്ടിനെ ഡക്കാണുമായി ബന്ധിപ്പിക്കുന്ന പ്രധാന ചരക്കു പാതയുമാണിത്.
ചരിത്രം
[തിരുത്തുക]1873ലാണ് മദ്രാസ് സർക്കാർ കൊല്ലത്തേയും ചെങ്കോട്ടയേയും ബന്ധിപ്പിച്ച് ഒരു മീറ്റർ ഗേജ് റയിൽ പാത കൊണ്ടുവരാൻ ആലോചിച്ചത്. പക്ഷേ, തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർ ഇതിനെ എതിർത്തു. അവർ തിരുവനന്തപുരം - തിരുനെൽവേലി പാതയ്ക്ക് വേണ്ടിയാണ് വാദിച്ചത്. അന്നത്തെ പ്രധാന വ്യവസായ കേന്ദ്രവും തിരുവിതാകൂറിന്റെ മധ്യഭാഗവുമായ കൊല്ലത്തെക്കാൾ ഉചിതമായ മറ്റൊരു സ്ഥലം ഇല്ലെന്ന് സർക്കാർ നിശ്ചയിക്കുകയായിരുന്നു. മാത്രവുമല്ല ചെലവ് കുറച്ച് തെക്കൻ കേരളത്തിലേക്ക് ഒരു പാത നിർമ്മിക്കാം എന്ന മേന്മയും കൊല്ലത്തേക്കുള്ള വഴി തുറന്നു.
മൂലധനം
[തിരുത്തുക]മദ്രാസ് സർക്കാർ അനുവദിച്ച 17 ലക്ഷം രൂപ, റയിൽവേ അനുവദിച്ച 7 ലക്ഷം രൂപ, അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന രാമയ്യങ്കാർ അനുവദിച്ച 6 ലക്ഷം രൂപ എന്നിവയായിരുന്നു പാതയ്ക്കുള്ള മൂലധനം.
പ്രതിസന്ധികൾ
[തിരുത്തുക]നിർമ്മാണം ആരംഭിച്ചത് മുതൽ വെല്ലുവിളികൾ കൊല്ലം - ചെങ്കോട്ട റയിൽപാതയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഭൂപ്രകൃതിയിലുള്ള വൈരുദ്ധ്യങ്ങളാണ് ആദ്യം റയിൽപാതാനിർമ്മാണത്തിന് മുൻപിൽ ഒരു കടമ്പയായി മാറിയത്. തീരപ്രദേശത്തു തുടങ്ങി ഇടനാടിലൂടെ മലനാടിലേക്ക് ഈ പാത നീളുന്നു. ആര്യങ്കാവ് ഭാഗത്തെ മലകൾക്കിടയിലൂടെ തുരങ്കങ്ങളും ഒട്ടേറെ പാലങ്ങളും നിർമ്മിക്കേണ്ടത് പാതാ നിർമ്മാണം ദീർഘിപ്പിച്ചു. ഇതിനിടയിൽ പാതാനിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കിടയിൽ മലമ്പനിയും മറ്റ് മാരകരോഗങ്ങളും പടർന്ന് പിടിച്ചത് പദ്ധതി പൂർത്തീകരിക്കുന്നതിനായി 21 കൊല്ലം കാത്തിരിക്കേണ്ടി വന്നു.
ഉദ്ഘാടനം
[തിരുത്തുക]1902ലാണ് കൊല്ലത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യത്തെ ചരക്ക് തീവണ്ടി ഓടിയത്. ഇതിനായി ചെലവായത് 12,65,637 രൂപയാണ്. ആദ്യത്തെ യാത്രാതീവണ്ടി 2 കൊല്ലത്തിന് ശേഷം 1904 ജൂൺ ഒന്നിന് ഓടി. 1904 നവംബർ 26ന് കൊല്ലം - ചെങ്കോട്ട റയിൽപാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്നാൽ ശക്തമായ മഴയിൽ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതിനാൽ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് പുനലൂർ വരെ മാത്രമാണ്. കൊല്ലത്തെ സ്റ്റേഷൻ മാസ്റ്ററായിരുന്ന രാമയ്യയാണ് വണ്ടിയെ പതാക വീശി യാത്രയാക്കിയത്. തീവണ്ടി പുറപ്പെടുമ്പോൾ 21 ആചാരവെടികൾ മുഴങ്ങിയിരുന്നു. ആദ്യത്തെ ട്രയിനിന് 'ധൂമശകടാസുരൻ' എന്നാണ് തദ്ദേശവാസികൾ പേര് നൽകിയത്.
തീവണ്ടിയുടെ ഭാഗങ്ങൾ തൂത്തുക്കുടിയിൽ നിന്ന് പത്തേമാരിയിൽ കൊച്ചുപിലാമൂട് തുറമുഖത്ത് എത്തിച്ച് അവിടെ നിന്നും കാളവണ്ടിയിലും മറ്റും കൊല്ലത്തെത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് ട്രയിൻ ഓടിച്ചത്. തീവണ്ടി എന്നാൽ എന്തെന്ന് അന്ന് സാധാരണക്കാർക്ക് അറിയില്ലായിരുന്നു. ആദ്യവണ്ടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു. 1918ൽ കൊല്ലത്ത് നിന്നും ചാക്കയിലേക്ക് തീവണ്ടി സേവനം ആരംഭിച്ചു. പിന്നീട് ഇത് തിരുവനന്തപുരത്തേക്ക് നീട്ടി.
പ്രത്യേകതകൾ
[തിരുത്തുക]കൊല്ലം പട്ടണത്തിൽ നിന്നും മലകളെ ഭേദിച്ച് കൊണ്ട് തമിഴ്‌നാട്ടിലേക്ക് പോകുന്ന റയിൽ പാത സഞ്ചാരികൾക്ക് ദൃശ്യമനോഹരമായ ഒരു യാത്രയാണ് നൽകുന്നത്. പുനലൂരിനും ആര്യങ്കാവിനുമിടയിൽ മലതുരന്ന് ചെറുതും വലുതുമായ 5 തുരങ്കങ്ങൾ, ഒട്ടേറെ പാലങ്ങൾ, കഴുതുരുട്ടിയിൽ കൊല്ലം - തിരുമംഗലം ദേശീയപാതയ്ക്ക് (ദേശീയ പാത 208) സമാന്തരമായി കോട്ടവാതിലുകളുടെ സൗന്ദര്യവുമായി പതിമൂന്ന് കണ്ണറപ്പാലം, വനത്തിന്നിടയിലൂടെയുള്ള യാത്ര എന്നിവ യാത്രക്കാർക്ക് തീർത്തും ഹൃദ്യമായ അനുഭവമാണ്. റയിൽ പാത വന്നതിനാൽ തമിഴ്‌നാടും കേരളവുമായുള്ള വാണിജ്യബന്ധം വൻതോതിൽ മെച്ചപ്പെട്ടു. ഇത് കൊല്ലത്തിന്റെ സമ്പത്ത് വ്യവസ്ഥയെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ട്. ആര്യങ്കാവ് തുരങ്കത്തിലൂടെ കടന്ന് വണ്ടി പുറത്തെത്തുന്നത് തമിഴ്നാട്ടിലേക്കാണ്.
ബ്രോഡ്‌ഗേജ്
[തിരുത്തുക]1997-98ൽ തുടക്കമിട്ടതാണ് കൊല്ലം - ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയ്ക്കുള്ള നടപടികൾ. കൊല്ലം - വിരുദനഗർ ബ്രോഡ്‌ഗേജ് വികസനത്തിന്റെ ഭാഗമായാണ് വിപുലീകരിച്ചത്. 151 കോടി രൂപയാണ നിർമ്മാണച്ചിലവ്. ഇതിന്റെ ആദ്യഘട്ടമായി കൊല്ലം പുനലൂർ മീറ്റർ ഗേജ് സേവനം 2006ൽ അവസാനിപ്പിച്ചു പണികൾ ആരംഭിച്ചു. മൂന്ന് കൊല്ലത്തിനു ശേഷം 2010 മേയ് 12ന് കൊല്ലം മുതൽ പുനലൂർ വരെയുള്ള 43.25 കിലോമീറ്റർ പാത ബ്രോഡ്‌ഗേജാക്കിമാറ്റി കമ്മീഷൻ ചെയ്തു.
രണ്ടാം ഘട്ടനിർമ്മാണത്തിന്റെ ഭാഗമായി നിലവിൽ പുനലൂർ - ചെങ്കോട്ട റയിൽ സേവനം വർഷങ്ങളായി നിർത്തിയിരിക്കുകയായിരുന്നു. 23 വലിയ പാലങ്ങൾ, 173 ചെറിയ പാലങ്ങൾ, 5 തുരങ്കങ്ങൾ, 5 മേൽപ്പാലങ്ങൾ, 2 ലവൽക്രോസ്സ്, 8 റയിൽവേസ്റ്റേഷൻ എന്നിവയടങ്ങിയതാണ് രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ.
2018 ഇൽ പാത പണി പൂർത്തിയായി ഉദ്ഘാടനം ചെയ്തു. 2024 ഫെബ്രുവരി മാസത്തിൽ ഇടമൺ ഭാഗത്തെ വൈദ്യുതീകരണം പൂർത്തിയായതോടെ കൊല്ലം ചെങ്കോട്ട റെയിൽ പാത പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതോടെ ഈ മേഖലയിൽ വൈദ്യുതി ഉപയോഗിച്ച് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് സാധ്യത തുറന്നു.
തീവണ്ടിയാപ്പീസുകൾ
[തിരുത്തുക]- കൊല്ലം
- കിളിക്കൊല്ലൂർ
- ചന്ദനത്തോപ്പ്
- കുണ്ടറ
- കുണ്ടറ ഈസ്റ്റ്
- എഴുകോൺ
- കൊട്ടാരക്കര
- കുര
- ആവണീശ്വരം
- പുനലൂർ
- ഇടമൺ
- ഒറ്റക്കൽ
- തെന്മല
- കഴുതുരുട്ടി ഹാൾട്ട്
- ഇടപ്പാളയം
- ആര്യങ്കാവ്
- ഭഗവതിപുരം
- ചെങ്കോട്ട