കടവല്ലൂർ അന്യോന്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ വർഷാവർഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണു് കടവല്ലൂർ അന്യോന്യം. കടവല്ലൂരിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും വൃശ്ചികമാസത്തിൽ എട്ടു ദിവസങ്ങളിലായാണു് അന്യോന്യം നടക്കുന്നത്[1] . കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ഋഗ്വേദ പഠന പാഠശാലകളായ തിരുനാവായ മഠം, തൃശ്ശൂർ ബ്രഹ്മസ്വം മഠം[2] എന്നിവിടങ്ങളിലെ വേദ പഠന വിദ്യാർത്ഥികളാണു് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.[3]

വാരമിരിക്കുക, ജടചൊല്ലുക, രഥ ചൊല്ലുക ഇവയാണ് പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. പരീക്ഷയ്ക്കു ചേരുവാൻ ഉദ്ദേശിക്കുന്നവർ പല പ്രാവശ്യവും ഓരോരോ അമ്പലങ്ങളിൽ നടക്കുന്ന വാരങ്ങളിൽ പോയി, വേദം ചൊല്ലണം. "സമക്ഷത്തുചൊല്ലൽ" എന്നാണിതറിയപ്പെടുന്നത്. കിഴക്കുപടിഞ്ഞാറ് എന്ന പരീക്ഷയാണ് കടവല്ലൂർ അന്യോന്യത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ വെച്ച് തുലാമാസത്തിലാണ് ഈ പരീക്ഷ നടക്കുക. ഇതിൽ രണ്ടു വാരമെങ്കിലും ശരിയാവുന്നവർക്കേ കടവല്ലൂർ വാരമിരിക്കാൻ യോഗ്യത ലഭിക്കുകയുള്ളൂ.[4] കടവല്ലൂര്‌ ജട ചൊല്ലുവാൻ ഇച്ഛിക്കുന്ന ആൾ `കിഴക്കു പടിഞ്ഞാറ്‌' പരീക്ഷയിൽ നാലു ജട പിഴയ്‌ക്കാതെ ചൊല്ലണം. രഥ ചൊല്ലുന്നവൻ അവിടെ രണ്ടു `രഥ' പിഴയ്‌ക്കാതെ ചൊല്ലണം. `കിഴക്കു പടിഞ്ഞാറ്‌' പരീക്ഷയിൽ ജടയും രഥയും ചൊല്ലുമ്പോൾ രണ്ടു പിഴവുകൾ വരെ ക്ഷന്തവ്യമാണ്. എന്നാൽ മൂന്നു പിഴ പിഴച്ചാൽ (`കലമ്പുക' എന്നാണ് നമ്പൂതിരിമാരുടെ ഇടയിലുള്ള പ്രയോഗം) അയാൾ പരാജയപ്പെട്ടതായി കണക്കാക്കും[5]. കിഴക്ക് പടിഞ്ഞാറ് പരീക്ഷ തുലാം 25ന് ആണ് അവസാനിക്കുക. വൃശ്ചികം ഒന്നാം തിയ്യതി രഥ, മൂന്നാം തിയ്യതി ജട എന്നാണ് മത്സരക്രമം. പരീക്ഷ പതിനാറുമുതൽ ഇരുപത്തിനാലു ദിവസം വരെ നീണ്ടുനില്ക്കാം.

ചടങ്ങുകൾ[തിരുത്തുക]

കടവല്ലൂരിലെ ശ്രീരാമസ്വാമി ക്ഷേത്രം

ഈ പരീക്ഷകൾ എല്ലാം രാത്രിസമയത്താണ് നടത്താറുള്ളത്. തുലാം 30 നു-വൈകുന്നേരം രണ്ടു യോഗക്കാരും കടവല്ലൂർ എത്തും. ആദ്യത്തെ ദിവസത്തെ പരീക്ഷയുടെ പേർ ‘ഒന്നാംതി മുൻപിലിരിക്കലും’ `ഒന്നാംതി രണ്ടാംവാര’വുമാകുന്നു. ‘മുൻപിലിരിക്കുക’ എന്നുവച്ചാൽ ഒന്നാമതായി വാരമിരിക്കുക എന്നർത്ഥം. പിന്നത്തെ പരീക്ഷ `ഒന്നാംതി ജട’യും `മൂന്നാംതി രഥ’യുമാണ്. ശേഷമുള്ള ദിവസങ്ങളിൽ ചൊല്ലുന്ന ജടയ്ക്കും രഥയ്ക്കും ‘മുക്കിലേ ജട’ ‘മുക്കിലേ രഥ’ എന്നിങ്ങനെ പേർ പറയുന്നു. അതിന് ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണ് ‘കടന്നിരിക്കലും’ `വലിയ കടന്നിരിക്ക’ലും: ഇവ രണ്ടും രഥയിലുള്ള പ്രയോഗവിശേഷങ്ങൾതന്നെ. `വലിയ കടന്നിരിക്ക’ലിൽ വിജയിയായ വൈദികനു സമുദായത്തിൽ വലിയ സ്ഥാനം ലഭിക്കുന്നു. [6]

അവലംബം[തിരുത്തുക]

  1. "കടവല്ലൂർ അന്യോന്യം ഇന്ന് സമാപിക്കും". മാതൃഭൂമി. മൂലതാളിൽ നിന്നും 2012-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 November 2012.
  2. "Preserving the Vedic culture". മൂലതാളിൽ നിന്നും 2012-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-25.
  3. "Kadavallur Anyonyam begins". The Hindu. ശേഖരിച്ചത് 25 November 2012.
  4. എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). വാള്യം. 1 (2 പതിപ്പ്.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. പുറം. 255. ISBN 9788176385985.
  5. കണിക്കൊന്ന.കോം. "കടവല്ലൂർ അന്യോന്യം". കയ്യൊപ്പ്. ശേഖരിച്ചത് 18 August 2016.
  6. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 1. കേരള സാഹിത്യ അക്കാദമി.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കടവല്ലൂർ_അന്യോന്യം&oldid=3652264" എന്ന താളിൽനിന്ന് ശേഖരിച്ചത്