അമ്മച്ചിവീട് മൂർത്തി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കേരളത്തിൽ കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയാണെന്നും അരൂപിയാണെന്നും വിശ്വാസമുണ്ട്. ഈ ക്ഷേത്രത്തിൽ എല്ലാ ജാതിക്കാർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.[1][2] കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിൽ നിന്നും കൊടി കൊണ്ടുപോയി മത്സ്യബന്ധന വള്ളങ്ങളിലും മറ്റും കെട്ടുന്ന പതിവുണ്ട്. അമ്മച്ചിവീട് ക്ഷേത്രത്തിൽ എല്ലാവർഷവും ധനു മാസത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഗുരുതി ഉത്സവം നടക്കാറുണ്ട്.[1]

ചരിത്രം[തിരുത്തുക]

അമ്മച്ചിവീട് മുർത്തി ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രത്തെ സംബന്ധിച്ചുള്ള രേഖകളൊന്നും ലഭ്യമല്ല. ഏതാണ്ട് 600 വർഷങ്ങൾക്കു മുമ്പ് കൊല്ലത്തെ അമ്മച്ചിവീട് കുടുംബം നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നു കരുതുന്നു.[2][3]

പ്രതിഷ്ഠകൾ[തിരുത്തുക]

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയാണെന്നും അരൂപിയാണെന്നും വിശ്വസിക്കുന്നു.[1] ശാസ്താംകോട്ടയിലെ ധർമ്മശാസ്താവിന്റെ ഗുരുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും വിശ്വാസമുണ്ട്.[2][3] പ്രധാന പ്രതിഷ്ഠ കൂടാതെ ഗണപതി, രക്തചാമുണ്ഡി, പരമ്പര്, രക്ഷസ്, മറുത, യക്ഷി, ഗന്ധർവൻ, മാടൻ, ബ്രഹ്മരക്ഷസ്സ്, വേതാളം, യോഗീശ്വരൻ എന്നിവരെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രത്തോടു ചേർന്ന് നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും കുടികൊള്ളുന്ന ഒരു സർപ്പക്കാവുണ്ട്.[2] ഇവിടെ എല്ലാവർഷവും സർപ്പബലിയും നൂറും പാലും നടത്താറുണ്ട്. ക്ഷേത്രത്തിനു പുറത്ത് ജിന്നിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു.[1]

ചടങ്ങുകളും ആഘോഷങ്ങളും[തിരുത്തുക]

അമ്മച്ചിവീട് മൂർത്തി ക്ഷേത്രത്തിൽ നിത്യവും അഞ്ചുപൂജ നടക്കാറുണ്ട്. വിശേഷാവസരങ്ങളിൽ പ്രത്യേക പൂജകളും നടത്തിവരുന്നു. എല്ലാവർഷവും ധനുമാസത്തിൽ (ഡിസംബർ - ജനുവരി) ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു. 'ഗുരുതി ഉത്സവം' എന്നാണ് ഇതറിയപ്പെടുന്നത്. ധനുമാസത്തിലെ വെള്ളിയാഴ്ച ഗുരുതി ഉത്സവത്തിനു കൊടിയേറുന്നു. ഉത്സവാഘോഷങ്ങൾ പത്തുദിവസം വരെ നീണ്ടുനിൽക്കാറുണ്ട്.[1] ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡലപൂജയ്ക്കു ശേഷമാണ് അമ്മച്ചിവീട് ക്ഷേത്രത്തിലെ ഗുരുതി ഉത്സവം നടക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 രാജേഷ് പുല്ലാട്ടിൽ. "അമ്മച്ചിവീട് മുഹൂർത്തി ക്ഷേത്രം". കേരളീയ ക്ഷേത്ര വിജ്ഞാന കോശവും അനുഷ്ഠാനങ്ങളും. ഫേമസ് ബുക്ക്സ്, തിരുവനന്തപുരം.
  2. 2.0 2.1 2.2 2.3 Ammachiveedu Muhurthi Temple at kollamcity.com
  3. 3.0 3.1 Ammachiveedu Muhurthi Temple at thekeralatemples.com