Jump to content

മൺറോ തുരുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൺറോ തുരുത്ത്
Nickname: Mundroe Island
മൺറോ തുരുത്ത് is located in Kerala
മൺറോ തുരുത്ത്
മൺറോ തുരുത്ത്
Etymologyകേണൽ മൺറോയോടുള്ള ആദരസൂചകമായാണ് ദ്വീപിന് ഈ പേരു ലഭിച്ചത്.
Geography
Locationഅഷ്ടമുടിക്കായലിന്റെ തീരത്ത്
Archipelagoകൊല്ലത്തെ ദ്വീപുകൾ
Adjacent bodies of waterഅഷ്ടമുടിക്കായൽ
Administration
Demographics
DemonymKollamite
Population10380
Additional information
Time zone
Official websitewww.munroethuruthu.com

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് മൺറോ തുരുത്ത് (ഇംഗ്ലീഷ്:Monroe Island).[1][2] കൊല്ലം താലൂക്കിൽചിറ്റുമല ബ്ലോക്കുപഞ്ചായത്തു പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്ത്‌ കൂടിയാണിത്. ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണം 13.37 ച.കി.മീ. ആണ്. ഇവിടെ എത്തുന്നതിനു് റോഡ്, റെയിൽ, ജലഗതാഗത സൌകര്യങ്ങൾ ലഭ്യമാണ്. കൊല്ലം പട്ടണത്തിൽ നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്. മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 4636 പുരുഷന്മാരും 4963 സ്ത്രീകളും അടക്കം ആകെ 9599 ആണ്. തെങ്ങും നെല്ലും മത്സ്യവുമാണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷി, മത്സ്യബന്ധനം, കയറുപിരി, വിനോദസഞ്ചാരം എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴിൽ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെചർച്ച് സൊസൈറ്റിക്ക് മതപ്രചാരണത്തിനും വിദ്യാഭ്യാസ പ്രചരണത്തിനുമായി വിട്ടുകൊടുത്തിരുന്ന ഈ പ്രദേശം പിന്നീട് റാണി സേതുലക്ഷ്മീഭായി സർക്കാരിലേക്ക് ഏറ്റെടുത്തു (1930).

സ്ഥലനാമചരിത്രം

[തിരുത്തുക]

1811നും 1815നുമിടയിൽ തിരുവിതാംകൂറിൽ ദിവാനായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കേണൽ മൺറോയുടെ പേരിൽ നിന്നുമാണ് മൺറോതുരുത്തിന് ആ പേര് ലഭിച്ചത്. ഏറെ ജനകീയനും സമർത്ഥനുമായിരുന്ന മൺറോയുടെ ബഹുമാനാർത്ഥം മൺറോ തുരുത്ത് എന്നും പിന്നീട് മണ്ട്രോത്തുരുത്ത് എന്നും ഈ സ്ഥലം അറിയപ്പെട്ടു.[3]

ചരിത്രം

[തിരുത്തുക]

കല്ലടയാറ് അഷ്ടമുടിക്കായലുമായി സംഗമിക്കുന്ന പ്രദേശത്ത് രൂപപ്പെട്ട ചെറുദ്വീപുകളുടെ സമൂഹമാണ് മൺറോത്തുരുത്ത്. പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായിരുന്നു ഈ പ്രദേശം. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ദ്വീപായിരുന്നങ്കിലും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും സൌകര്യങ്ങളിലും വളരെ ശ്രദ്ധേയമായ സ്ഥാനവും ചരിത്രവും ഉളള ഒരു പ്രദേശമായിരുന്നു ഇത്. കല്ലടയാറിന്റേയും അഷ്ടമുടിക്കായലിന്റേയും ഇടയിൽ ചെറിയ ദ്വീപുകളായി കണ്ടിരുന്ന ഈ ഭൂവിഭാഗത്തെ അതിർത്തിയെന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്.[2]

പ്രാചീന ചരിത്രം

[തിരുത്തുക]

ആയിരത്തിലേറെ വർഷത്തെ പ്രാചീനത ഈ ഗ്രാമത്തിന് അവകാശപ്പെടാൻ കഴിയും. ഉണ്ണുനീലി സന്ദേശത്തിൽ ഉണ്ണുനീലിക്ക് വഴി നിർദ്ദേശിക്കുമ്പോൾ പെരുമൺ ക്ഷേത്രത്തിനു സമീപമുളള ഒറ്റക്കൽ വഴി പളളിയാതുരുത്ത് ക്ഷേത്രത്തിലെത്തി അതുവഴി കുതിര മുനമ്പ് ശിങ്കാരപ്പളളി വഴി അതിർത്തിയിൽ പുന്നലയ്ക്കൽ കിഴക്കുവശത്തുകൂടി ത്രേസ്യാമ്മ പളളി കടന്ന് വടക്കോട്ട് പോകുന്നതിന് നിർദ്ദേശിച്ചിരുന്നതായി പ്രതിപാദിച്ചിട്ടുണ്ട്. മൺറോത്തുരുത്ത് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നതിന്റെ വടക്കുവശത്തുളള രണ്ടാമത്തെ പുരയിടത്തിന് പള്ളിപ്പുരയിടം എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.

കെട്ടുവള്ളങ്ങളും കൊടുങ്ങല്ലൂർ യാത്രയും[3]

[തിരുത്തുക]

ഇന്നു കേരളത്തിൽ പരക്കെ കാണപ്പെടുന്ന പുരവള്ളങ്ങളുടെ പൂർവ്വരൂപമായിരുന്ന കെട്ടുവളളങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മൺറോത്തുരുത്തിൽ ധാരാളമായി ഉപയോഗിച്ചിരുന്നു. കിടക്കാനും പാചകം ചെയ്യാനും കെട്ടുറപ്പുള്ള ചെറിയ ഒരു മുറിയും ചരക്ക് കയറ്റുന്നതിനുള്ള സൌകര്യവും ഈ വള്ളങ്ങളിൽ ഉണ്ടായിരുന്നു. നീളൻ മുളകൾ ഉപയോഗിച്ച് ഊന്നിയും കാറ്റിന്റെ സഹായത്താൽ പായകെട്ടി ഓട്ടിയും ദിവസങ്ങളോളം യാത്രചെയ്യാൻ പര്യാപ്തമായിരുന്നു ഈ വള്ളങ്ങൾ. കയർ, തേങ്ങ, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയ വിപണന ഉൽപ്പന്നങ്ങൾ കച്ചവടത്തിനായി പുറംനാടിൽ എത്തിച്ചിരുന്നത് വലിയ കെട്ടുവള്ളങ്ങൾ ഉപയോഗിച്ചായിരുന്നു. കുടുംബ സമേതമുളള തീർത്ഥയാത്രയ്ക്കും വെളളപ്പൊക്ക കാലങ്ങളിൽ അഭയം കണ്ടെത്തുന്നതിനും ഇത്തരം വള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെനിന്നും കൊടുങ്ങല്ലൂർ പൂരം കാണുവാൻ ആളുകൾ കുടുംബ സമേതം കെട്ടുവള്ളങ്ങളിൽ പോകുന്ന പതിവുണ്ടായിരുന്നു. സഹോദരങ്ങളും മക്കളും മറ്റ് ബന്ധുക്കളുമെല്ലാം ഉൾപ്പെടുന്ന ഒരു സംഘം ആളുകൾ രണ്ടാഴ്ചയോളം ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് ജീവിതാവശ്യ വസ്തുക്കളും ശേഖരിച്ചുകൊണ്ട് കെട്ടുവളളത്തിൽ അഷ്ടമുടി-കായംകുളം കായലുകൾ വഴി ആലപ്പുഴ തോടു കടന്ന് ഇപ്പോൾ ബോട്ടുജട്ടിയായിത്തീർന്ന കൊടുങ്ങല്ലൂർ കോട്ടപ്പുറം എന്ന സ്ഥലത്ത് എത്തി കോട്ടപ്പുറം ക്ഷേത്രകടവിൽ നിന്നും കാൽനടയായി പൂരം നടക്കുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തുകയും ഉൽസവം കഴിഞ്ഞ് മടങ്ങുകയും ചെയ്തിരുന്നു.

മണറോയും ചർച്ച് മിഷൻ സൊസൈറ്റിയും

[തിരുത്തുക]
കേണൽ മൺറോ

വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പി പൊതുവെ ജനങ്ങൾക്ക് അപ്രിയനായിരുന്നതിനാൽ റാണി ഗൌരി ലക്ഷ്മീഭായി തമ്പുരാട്ടി ഉമ്മിണിതമ്പിയെ ഉദ്യോഗത്തിൽ നിന്നും നീക്കുകയും ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോയെ 1810-ൽ ദിവാനായി നിയമിക്കുകയും ചെയ്തു.[2] 1815വരെ തിരുവിതാംകൂറിൽ ദിവാൻ പദവിയിലിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് തിരുവിതാംകൂറിന് ഏറെ നേട്ടങ്ങൾ കൈവരിക്കാനായി. അടിമക്കച്ചവടം നിർത്തലാക്കിയതും സർക്കാർ ധനം കട്ടുമുടിക്കുന്നത് തടയാൻ ഓഡിറ്റും അക്കൌണ്ടും ഏർപെടുത്തിയതും ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തതും മൺറോയുടെ കാലത്താണ്.[4]

തികഞ്ഞ ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന കേണൽ മൺറോ നിരവധി മതപാഠശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രൂപീകരിച്ചു. കേണൽ മൺറോയുടെ അഭ്യർത്ഥനപ്രകാരം തിരുവിതാംകൂർ റാണി അഷ്ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യേയുളള തുരുത്ത് കോട്ടയത്തെ ചർച്ച് മിഷൻ സൊസൈറ്റിക്ക് ധനശേഖരണാർത്ഥം വിട്ടുനൽകി. ചർച്ച് സൊസൈറ്റി ഈ തുരുത്തിന് മൺറോയുടെ പേരു നൽകി. ഇവിടെ പലതരത്തിലുള്ള ഭൂപരിഷ്കരണ പരിപാടികൾ നടപ്പിലാക്കി.[5] കല്ലടയാറിൽ മുതിരപ്പറമ്പിൽ നിന്നും വഴിപിരിഞ്ഞ് ഇടിയക്കടവുവഴി തെക്കോട്ട് പോകുന്ന പുത്തനാറ് വെട്ടിയുണ്ടാക്കി മണക്കടവിലെ കൃഷി സൌകര്യം അഭിവൃദ്ധിപ്പെടുത്തുന്നതിനുളള നടപടിയുണ്ടായത് മൺറോയുടെ കാലത്താണ്. ഈ പുത്തനാറ് വെട്ടുന്നുതിന് മുമ്പ് കിഴക്കേ കല്ലടയുടെ ഭാഗമായ കൊടുവിളയുമായി ചേർന്നിരുന്നതാണ് ഈ ഗ്രാമാംശം. ഈ പഞ്ചായത്തിലെ ഒന്നാം വാർഡായ വില്ലിമംഗലം ഇപ്പോഴും കിഴക്കേകരയിലുളള മതിരപ്പറമ്പും ചാലപ്പുറവും ചേർന്നതാണ്.[2] കോട്ടയം ചർച്ച് മിഷൻ സൊസൈറ്റിക്ക് വിട്ടുകിട്ടിയ മൺറോതുരുത്തിനെ അവർ ചെറുഭൂമികളായി തിരിച്ച് കൃഷിക്കാർക്ക് പാട്ടത്തിന് നൽകി വൻ ആദായം കൈപ്പറ്റിക്കൊണ്ടിരുന്നു. കൃഷിക്കാർ തങ്ങളുടെ കൃഷിഭൂമി ഇടയ്ക്കിടെ കൈമാറ്റം ചെയ്തിരുന്നതിനാൽ സൊസൈറ്റിക്ക് പാട്ടം ഈടാക്കുവാൻ കൂടുതൽ കാലതാമസം നേരിടുകയും മിക്കപ്പോഴും കോടതിയുടെ സഹായം ആവശ്യമായിത്തീരുകയും ചെയ്തു. ഈ രീതി സൊസൈറ്റിയ്ക്കും കൃഷിക്കാർക്കും ഒരു പോലെ ക്ലേശകരമായിത്തീർന്നു. ഇതു മനസ്സിലാക്കിയ റാണി സേതുലക്ഷ്മീഭായി 1930-ൽ മൺറോതുരുത്തിനെ ചർച്ച് മിഷൻ സൊസൈറ്റിയിൽ നിന്നും തിരിച്ചെടുക്കുകയും കൊല്ലം താലൂക്കിലെ ഒരു പകുതി (വില്ലേജ്) ആക്കുകയും ചെയ്തു. നഷ്ടപരിഹാരമായി സർക്കാർ പ്രതിവർഷം 5,000 രൂപ സൊസൈറ്റിക്ക് കൊടുത്തുകൊളളണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തു. 1962-ൽ ലോകസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ഗോപാലൻ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും തുടർന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഈ കപ്പം നിർത്തലാക്കുകയും ചെയ്തു. ചുറ്റുമുളള കരകളുമായി ബന്ധപ്പെടാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ ദ്വീപിനെ ഈ പ്രദേശത്തിന്റെ കിഴക്കുഭാഗത്ത് ഇടിയെക്കടവിൽ ഒരു പാലം നിർമ്മിച്ച് കരയുമായി ബന്ധിപ്പിച്ചത് റ്റി.കെ.ദിവാകരൻ മന്ത്രിയായിരുന്ന കാലത്താണ്.[2]

ഡച്ച് പള്ളി

[തിരുത്തുക]

1878ൽ ഡച്ചുകാർ ഇവിടെ ഒരു പള്ളി സ്ഥാപിച്ചു. കേരളത്തിലെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നായി ഈ ഡച്ച് പള്ളി അറിയപ്പെടുന്നു.[6] ഡച്ച്-കേരളീയ വാസ്തു നിർമ്മാണ ശൈലിയുടെ ഉത്തമ ഉദാഹരണമായി ഇപ്പോഴും ഈ പള്ളി അഷ്ടമുടിക്കായലിന്റെ മനോഹരമായ തീരത്തു സ്ഥിതിചെയ്യുന്നു.

പഞ്ചായത്ത് രൂപീകരണം

[തിരുത്തുക]

1953-ലാണ് മറോതുരുത്ത് പഞ്ചായത്ത് നിലവിൽ വന്നത്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകളും അന്നത്തെ വകുപ്പു മന്ത്രിയായിരുന്ന സി.കേശവന്റെ പ്രത്യേക താല്പര്യവുമാണ്, ജനസംഖ്യയിൽ കുറവായിട്ടുകൂടി ഈ പ്രദേശത്തെ ഒരു പഞ്ചായത്തായി രൂപീകരിക്കുവാൻ കാരണമായത്. 1953 ൽ നടന്ന ഒന്നാമത് തെരഞ്ഞെടുപ്പിലൂടെ ഗോപാല പിളള ഈ പഞ്ചായത്തിലെ ഒന്നാമത്തെ പ്രസിഡന്റായി.[2]


ഭൂമിശാസ്ത്രം

[തിരുത്തുക]

കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് മൺറോത്തുരുത്ത്. കല്ലടയാരിന്റെ ഡെൽറ്റാ പ്രദേശമായ ഇവിടെ ചെറുതും വലുതുമായ അനവധി തുരുത്തുകൾ ഉണ്ട്. 13.37 ച.കി.മി വിസ്തർണമുള്ള മൺറോത്തുരുത്ത് പഞ്ചായത്തിന്റെ അതിരുകൾ വടക്കുകിഴക്കു ഭാഗത്ത് കിഴക്കേക്കല്ലട പഞ്ചായത്തും കിഴക്കുഭാഗത്ത് പേരയം പഞ്ചായത്തും, തെക്കുഭാഗത്ത് പെരിനാട് പഞ്ചായത്തും, തെക്കുപടിഞ്ഞാറു ഭാഗത്ത് തെക്കുംഭാഗം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തേവലക്കര പഞ്ചായത്തും, വടക്കുഭാഗത്ത് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമാണ്..

ഭക്ഷ്യവിളകളും നാണ്യവിളകളും ഒരു കാലത്ത് സമൃദ്ധമായി ഈ പ്രദേശത്ത് കൃഷി ചെയ്തിരുന്നു. തെങ്ങ്, നെല്ല്, ഗ്രാമ്പൂ, കൊക്കോ, കിഴങ്ങുവർഗ്ഗങ്ങൾ, മത്സ്യം എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങങ്ങൾ. കല്ലടയാറിൽ നിന്നും ഒഴുകിവരുന്ന ജലം, കടലിൽനിന്നുള്ള ഓരുജലത്തെ പ്രധിരോധിച്ചിരുന്നു. മഴക്കാലത്ത് ആറിൽ നിന്നും ഒഴുകി വന്നു നിക്ഷേപിക്കപ്പെടുന്ന എക്കൽമണ്ണ് കൃഷിക്ക് ആവശ്യമായ പോഷകങ്ങൾ പ്രധാനം ചെയ്തു. കായലിൽനിന്നും ചേറ് കുത്തിയെടുത്ത് വരമ്പുകളുണ്ടാക്കി അതിൽ തെങ്ങ് കൃഷിചെയ്യുന്ന രീതി ഇവിടെ വ്യാപകമായുണ്ടായിരുന്നു. എന്നാൽ അണക്കെട്ടുമൂലം കല്ലടയാറ്റിൽ നിന്നുള്ള ശൂദ്ധജലത്തിന്റെ ഒഴിക്കു കുറഞ്ഞതും, വേനൽ കാലത്ത് ഇതു തീരെ ഇല്ലാതായതും തുരുത്തിൽ ഓരുജലം കയറുന്നതിനും കൃഷിനാശത്തിനും കാരണമായി.[7]

ജൈവവൈവിധ്യം

[തിരുത്തുക]

കല്ലടയാറും അഷ്ടമുടിക്കായലും സംജോജിക്കുന്ന ഡെൽറ്റാ പ്രദേശം എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്ന ജൈവവൈവിധ്യ പ്രദേശമാണ് മൺറോ തുരുത്ത്. കടലുമായി ചേരുന്നതിനാൽ മത്സ്യ സമ്പത്തും ധാരാളമുണ്ട്.

കണ്ടൽ വൈവിധ്യം

[തിരുത്തുക]

ധാരാളം ചതുപ്പുകളും ചെറുതുരുത്തുകളുമുള്ള മൺറോ തുരുത്ത് കണ്ടൽ വനങ്ങളാൽ സമ്പുഷ്ടമാണ്. എറ്റവുമധികം കാണപ്പെടുന്ന ഇങ്ങൾ പ്രാന്തൻ കണ്ടലും ഉപ്പട്ടിയുമാണ്. പ്രാന്തൻ കണ്ടലുകൾ ഭൂരിഭാഗവും വച്ചുപിടിപ്പിച്ചവയാണ്. ഇവ കൂടാതെ കുറ്റിക്കണ്ടൽ, എഴുത്താണിക്കണ്ടൽ, നക്ഷത്രക്കണ്ടൽ, ചക്കരക്കണ്ടൽ, പേനക്കണ്ടൽ, ചുള്ളിക്കണ്ടൽ, പൂക്കണ്ടൽ എന്നീ ഇനങ്ങളുമുണ്ട്. മൺറോ തുരുത്തിലെ വിനോദസഞ്ചാര മേഖലയിൽ കണ്ടലുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.

മുങ്ങിപ്പോകൽ ഭീഷണി

[തിരുത്തുക]

പരപ്പാർ ഡാമിന്റെ നിർമ്മാണശേഷം കല്ലടയാറിന്റെ ഒഴുക്കു നിലയ്ക്കുകയും കായലിൽ നിന്നുള്ള ഓരുജലം കയറി നെൽകൃഷി ഏതാണ്ട് പൂർണ്ണമായും നശിക്കുകയും ചെയ്തു. അമിത ലവണവും ജവവിതാനം ഉയർന്നതും മൂലം താഴ്നപ്രദേശങ്ങളിലെ തെങ്ങുകൃഷിയും നശിപ്പിക്കപ്പെട്ടു. ഈ പ്രദേശം നിലവിൽ മുങ്ങിപ്പോകൽ ഭീഷണിയിലാണ്.[8]

വിനോദസഞ്ചാരം

[തിരുത്തുക]

കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മൺറോത്തുരുത്ത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Floating houses at Munroe Thuruthu?". Times Of India. 15 May 2019. Retrieved 15 May 2019.
  2. 2.0 2.1 2.2 2.3 2.4 2.5 "മണറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് (Munroethuruth Grama Panchayat) » മണറോത്തുരുത്ത്". Archived from the original on 2019-08-25. Retrieved 2019-08-25.
  3. 3.0 3.1 "Munro Island | Paradise in God's Own Country". web.archive.org. Archived from the original on 2013-09-02. Retrieved 2019-08-25.{{cite web}}: CS1 maint: bot: original URL status unknown (link)
  4. Menon, Sreedhara (1996). A survey of Kerala History. Madras: S.Viswanathan Printers and Publishers. pp. 339, 348, 349. ISBN 9788126415786. Archived from the original on 2019-08-24. Retrieved 2019-08-25.
  5. തിരുവിതാംകൂറിൽ ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കിയത് കേണൽ മൺറോ മാതൃഭൂമി
  6. "The emerald isle". The Hindu. Retrieved 14 December 2015.
  7. "കാലാവസ്‌ഥാ വ്യതിയാനത്തിനിടയിലും ചേർത്തുപിടിക്കാം മൺറോ തുരുത്തിനെ: മുരളി തുമ്മാരുകുടി". Retrieved 2020-09-13.
  8. TKM team starts study on Munroe Islands - The Hindu dated 06/01/2016


"https://ml.wikipedia.org/w/index.php?title=മൺറോ_തുരുത്ത്&oldid=4097594" എന്ന താളിൽനിന്ന് ശേഖരിച്ചത്