പെരിപ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിപ്ലസ് മാരിസ് എറിത്രിയയിൽ പരാമർശിച്ചിട്ടുള്ള ഭൂസ്ഥാനങ്ങളും നാവികപഥങ്ങളും

എ,ഡി. 80-ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ ഒരു കൃതിയാണ് പെരിപ്ലസ് മാരിസ് എറിത്രിയൻ അഥവാ പെരിപ്ലസ്. എറിത്രിയൻ കടലിലൂടെയുള്ള സഞ്ചാരം എന്നാണ് ഈ പേരിന്റെ അർത്ഥം. ചെങ്കടലിനെയാണു് ഇവിടെ എറിത്രിയൻ കടൽ എന്നുദ്ദേശിക്കുന്നതു്. നിരവധി ഗ്രീക്ക് റോമൻ കടൽ സഞ്ചാരവിവരണങ്ങളിൽ (പെരിപ്ലസ്സുകൾ) ചരിത്രപരമായും പ്രാചീന വാണിജ്യഭൂമിശാസ്ത്രപരമായും ഏറ്റവും പ്രധാനപ്പെട്ട ഒന്നായി എറിത്രിയൻ പെരിപ്ലസ് പരിഗണിക്കപ്പെടുന്നു. ഇന്ത്യയിലെ പല പ്രദേശങ്ങളെപ്പറ്റിയും, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ഉപദ്വീപിലേയും ശ്രീലങ്കയിലേയും വാണിജ്യപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുള്ള ആദ്യവിവരണം ഈ കൃതിയിലാണു് പ്രത്യക്ഷപ്പെടുന്നതു്. കേരളത്തിന്റെ പ്രാചീനചരിത്രത്തിലും ഈ ഗ്രന്ഥം ഒരു പ്രധാനപ്പെട്ട പ്രമാണമാണ് .

ഹ്രസ്വമായ 66 അദ്ധ്യായങ്ങളാണു് പെരിപ്ലസ്സിനുള്ളത്. അതിൽ പരാമർശിച്ചിട്ടുള്ള ഒട്ടുവളരെ സ്ഥലനാമങ്ങൾ അവയുടെ ആധുനികനാമങ്ങളുമായി ഒത്തുപോകുന്നുണ്ടു്. എന്നാൽ ചില സ്ഥലങ്ങളുടെ യഥാർത്ഥ സ്ഥാനത്തെക്കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ടു്.

ക്രി.മു. ഒന്നാം ശതകത്തിൽ ജീവിച്ചിരുന്ന ഹിപ്പാലസ് ചെങ്കടലിലൂടെ ഇന്ത്യൻ തീരത്തേക്കു് നേരിട്ടുള്ള ഒരു യാത്രാമാർഗ്ഗം കണ്ടുപിടിച്ചിരുന്നുവെന്നു് പെരിപ്ലസ്സിൽ രേഖപ്പെടുത്തിയിട്ടുണ്ടു്.

ഇന്ത്യ ഉൾപ്പെടെ അക്കാലത്ത് മെഡിറ്ററേനിയൻ രാജ്യങ്ങളിൽ അറിയപ്പെട്ടിരുന്ന ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള വാണിജ്യത്തെപ്പറ്റിയും അവർ കൈമാറിയിരുന്ന ചരക്കുകളേപ്പറ്റിയും പെരിപ്ലസ്സിൽ ഏതാണ്ട് വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ടു്. എന്നാൽ അവയിൽ പലതിന്റേയും പേരുകൾ ഗ്രീക്ക് ഭാഷയിൽ പോലും മറ്റൊരിടത്തും ഉപയോഗിച്ചുകാണാത്തതിനാൽ ഇപ്പോഴും അവ്യക്തമായി അവശേഷിക്കുന്നു. മറ്റു ചില പേരുകൾ പിന്നീട് താരതമ്യപദപഠനങ്ങളിലൂടെ ഗവേഷകർ അനുമാനിച്ചെടുത്തിട്ടുണ്ട്. ഉദാഹരണത്തിനു് ലാക്കോസ് ക്രൊമാറ്റിനോസ് എന്നതു് സംസ്കൃതത്തിലെ ലാക്ഷ (കോലരക്കു് - ചെമ്പഞ്ഞിച്ചാറു്) ആണെന്നു് കണ്ടുപിടിച്ചിട്ടുണ്ടു്. (വിശേഷപ്പെട്ട ഒരു അംഗരാഗമായി ഉപയോഗിച്ചിരുന്ന സൗന്ദര്യവർദ്ധകവസ്തുവായിരുന്നു ചെമ്പഞ്ഞിച്ചാറു്).

ഗ്രന്ഥം കണ്ടെത്തൽ[തിരുത്തുക]

പത്താം നൂറ്റാണ്ടിൽ ബൈസാന്റിയ സാമ്രാജ്യത്തിൽ വെച്ച് തയ്യാറാക്കപ്പെട്ട ഒരു കൈയെഴുത്തുപകർപ്പിൽ നിന്നാണു് പെരിപ്ലസ്സിനെപ്പറ്റി ആധുനികലോകം അറിയുന്നതു്. ജർമ്മനിയിലെ ഹെയ്ഡെൽബർഗ് സർവ്വകലാശാലയിൽ സൂക്ഷിക്കപ്പെട്ടിരുന്ന ഈ പകർപ്പ് 1618-1648ൽ നടന്ന മുപ്പതാണ്ടു യുദ്ധകാലത്തു് റോമിലേക്കും തുടർന്നു് നെപ്പോളിയൻ സൈന്യം പാരീസിലേക്കും കൊണ്ടുപോയി. 1816ൽ ഹെയ്ഡെൽബെർഗ്ഗ് ഈ ഗ്രന്ഥം (കാറ്റലോഗ് നമ്പർ: CPG 398: 40v-54v) വീണ്ടെടുത്ത് ഗ്രന്ഥശാലയിൽ പുനഃസ്ഥാപിച്ചു. ഇതുകൂടാതെ, 14ആം നൂറ്റാണ്ടിലോ 15-ആം നൂറ്റാണ്ടിലോ തയ്യാറാക്കിയ, ബൈസാന്റിയൻ കൈയെഴുത്തുപ്രതിയുടെ മറ്റൊരു പകർപ്പ് മറ്റൊരു പ്രതി (B.M. Add 19391 9r-12r) ബ്രിട്ടീഷ് മ്യൂസിയത്തിലും കണ്ടെത്തിയിരുന്നു. പത്താംനൂറ്റാണ്ടിലെ ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവായി സൂചിപ്പിക്കുന്നതു് റോമൻ ചരിത്രകാരനും ചിന്തകനുമായിരുന്ന അരിയെൻ എന്ന ആളെയാണു്. എന്നാൽ ഇതു് ഒരുപക്ഷേ, അരിയെൻ എഴുതിയ പെരിപ്ലസ് പോന്തി യൂക്സീനി എന്ന മറ്റൊരു ഗ്രന്ഥത്തിനു തൊട്ടുസമീപത്തുതന്നെ ഈ കൃതിയും കണ്ടെത്തിയതുകൊണ്ടുമാത്രം പകർപ്പെഴുത്തുകാരൻ ഊഹിച്ചെഴുതിയതാകാമെന്നു വിശ്വസിക്കപ്പെടുന്നു.

പ്രേഗിലെ സിഗ്മണ്ട് ഗെലെൻ എന്നയാൾ പെരിപ്ലസ് സംശോധനം ചെയ്തെഴുതുകയും 1533- ഹെയ്രോണിമസ് ഫ്രോബെൻ ഇതു് ആധുനികരീതിയിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി. എന്നാൽ ഈ പതിപ്പ് അബദ്ധജടിലവും അപഭ്രംശങ്ങളുള്ളതുമായിരുന്നുവത്രേ. എങ്കിലും എറിത്രിയൻ പെരിപ്ലസ്സ് എന്ന പ്രാചീനഗ്രന്ഥത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചറിയാൻ ഈ പതിപ്പ് അടുത്ത മൂന്നു നൂറ്റാണ്ടുകൾ വരെ ഗവേഷകരെ സഹായിച്ചു. ഹെയ്ഡെൽബെർഗ്ഗിൽ തിരിച്ചെത്തിയ പകർപ്പ് പിൽക്കാലത്തു് കൂടുതൽ സത്യസന്ധവും കൃത്യവുമായ പതിപ്പുകൾ സൃഷ്ടിക്കാൻ സഹായിച്ചു. 1912-ൽ സ്കോഫ് പെരിപ്ലസ്സ് പുതുതായി വായിച്ചെടുക്കുകയും അതിന്റെ പുനർനിർമ്മാണവും ചരിത്രപഠനവും നടത്തുകയുമുണ്ടായി [1][2]


അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. സ്കോഫ് വീണ്ടെഴുതിയ പെരിപ്ലസ്സിന്റെ പകർപ്പ് ഇന്റർനെറ്റ് ആർക്കൈവിൽ]
"https://ml.wikipedia.org/w/index.php?title=പെരിപ്ലസ്&oldid=3779177" എന്ന താളിൽനിന്ന് ശേഖരിച്ചത്