കൊല്ലം തോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം തോട്, പണ്ടകശാല പുതിയ പാലത്തിൽ നിന്നുള്ള ദൃശ്യം

പരവൂർ കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്ന ജലപാതയാണു കൊല്ലം തോട്. കൊല്ലം നഗരത്തിന്റെ മദ്ധ്യരേഖയാണിത്. കൊല്ലം നഗരത്തിന്റെ ഈ കനാലിന് ഏഴരകിലോമീറ്ററാണ് നീളം.[1] ഇരവിപുരം കച്ചിക്കടവ് മുതൽ അഷ്ടമുടിക്കായല്വതരെയുളള ഭാഗത്തിനാണ് കൊല്ലംതോട് എന്നുപറയുന്നത്ഒരിക്കൽ ടി.എസ്. കനാലിന്റെ ഭാഗമായിരുന്ന ഇത് കൊല്ലത്തിന്റെ വ്യാപാരമേഖലയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. ഇതിന്റെ നിർമ്മാണം 1824 നും 1829നും ഇടയ്ക്കാണ് ആരംഭിച്ചത്. റാണി പാർവ്വതീഭായിയുടെ കാലത്താണ് തോട് വെട്ടിയത്. ദിവാൻ വെങ്കട്ടറാവുവാണ് പണിക്ക് മേൽ നോട്ടം വഹിച്ചത്. നിർമ്മാണച്ചെലവ് 10,928 രൂപയായിരുന്നു. പരവൂർ കായലിൽ നിന്നാരംഭിച്ച് കടലിനു സമാന്തരമായി സഞ്ചരിച്ച് തോട് തേവള്ളി കായലിൽ ചാടുന്നു.

തോട് ഇപ്പോൾ പരിപൂർണ്ണ നാശത്തിലേക്ക് കടക്കുകയാണ്. തോടിലൂടെയുള്ള ഗതാഗതം നേരത്തെ നിലച്ചിരുന്നു. പലയിടങ്ങളിലും ഒഴുക്കു നിലച്ച് തോട് ശുഷ്‌കമായി. മലിനീകരണവും കയ്യേറ്റവും തോടിന്റെ ആവാസ വ്യവസ്ഥയെ തകർത്തു. തോട് നവീകരണത്തിനായി കോടികൾ ചെലവഴിച്ചുള്ള പദ്ധതികൾ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടപ്പിലായില്ല. ഹോട്ടലുകളിൽ നിന്നും, ആശുപത്രികളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ, തോടിലൂടെയാണ് അഷ്ടമുടിക്കായിലിലേക്ക് ഒഴുക്കുന്നത്. [2]

നവീകരണം[തിരുത്തുക]

2007-08 ലാണ് കൊല്ലം തോട് നവീകരണത്തിനായി പദ്ധതി ആവിഷ്കരിച്ചു. കേന്ദ്രസർക്കാർ ഇതിനായി 9.5 കോടി രൂപ അനുവദിച്ചു. തോടിന്റെ കരയിൽ താമസിച്ചിരുന്നവരുടെ പുനരധിവാസം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. 2009 മാർച്ച് വരെയായിരുന്നു പദ്ധതിയുടെ കാലാവധി. എന്നാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്നതോടെ കേന്ദ്രവിഹിതം നഷ്ടമായി. എം.എൽ.എ പി.കെ.ഗുരുദാസന്റെ ഇടപെടലോടെ സർക്കാരിനോട് 12 കോടി രൂപ നവീകരണത്തിനായി ആവശ്യപ്പെട്ടു. മൂന്ന് റീച്ചുകളായാണ് നവീകരണം നടക്കുന്നത്.   ഇരവിപുരം മുതൽ ഇരവിപുരം പാലം വരെയാണ് ആദ്യത്തെ റീച്ച്.  ഇതിന്റെ പണി ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. കൊല്ലം ബീച്ചിലെ ജലകേളി മുതൽ പള്ളിത്തോട്ടം പാലം വരെയും ,പള്ളിത്തോട്ടം മുതൽ കല്ലുപാലം വരെയുമാണ് മറ്റു റീച്ചുകൾ. തോടിന്റെ ഇരുവശങ്ങളിലും കല്ലുകെട്ടി സംരക്ഷണഭിത്തി നിർമ്മിക്കുന്നുണ്ട്. കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് തോടിന്റെ വശങ്ങളിലുണ്ടായിരുന്നവരെ ഇരവിപുരം കാരിക്കുഴി ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വലിയവിള ഫ്ലാറ്റുകളിൽ പുനരധിവസിപ്പിച്ചു. [3]തോട് വന്നതോടെ ഇരുകരകളിലായി മാറിയ ചാമക്കട മുതൽ ലക്ഷ്മിനടവരെയുള്ള കച്ചവടശാലകളെ ബന്ധിപ്പിക്കാനാണ് കല്ലുപാലം നിർമിച്ചത്. ദേശീയ ജലപാതയിലൂടെയുള്ള ഗതാഗതസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2019 ഡിസംബറിൽ പാലം പൊളിച്ചു നീക്കി.[4]

അവലംബം[തിരുത്തുക]

  1. "കൊല്ലംതോട്". കൊല്ലം കോർപ്പറേഷൻ. Retrieved September 8, 2020.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-01. Retrieved 2015-03-25.
  3. "കൊല്ലം തോട് വികസനം ആശങ്കകൾ ബാക്കി". മാതൃഭൂമി. July 5, 2016. Archived from the original on 2020-09-08. Retrieved September 8, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "കല്ലുപാലം ഓർമയിലേക്ക്‌". ദേശാഭിമാനി. October 21, 2019. Retrieved September 8, 2020.
"https://ml.wikipedia.org/w/index.php?title=കൊല്ലം_തോട്&oldid=3775732" എന്ന താളിൽനിന്ന് ശേഖരിച്ചത്