തരിസാപ്പള്ളി, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തരിസാ പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം തർസ്സാ പള്ളി
1682ലെ കൊല്ലം പട്ടണത്തിന്റെ ഒരു ചിത്രീകരണം. ഇതിൽ കൊല്ലം പഴയ പള്ളിയും കാണാം
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംക്രിസ്തുമതം (പേർഷ്യൻ)
ആചാരക്രമംപൗരസ്ത്യ സുറിയാനി
വിഭാഗംമാർത്തോമാ നസ്രാണികൾ
രാജ്യംവേണാട്, ചേര സാമ്രാജ്യം
പ്രതിഷ്ഠയുടെ വർഷംഒൻപതാം നൂറ്റാണ്ട്
പ്രവർത്തന സ്ഥിതിനിലവിലില്ല
സ്ഥാപകൻതോമാശ്ലീഹ (പാരമ്പര്യം അനുസരിച്ച്)
ഈശോ ദ് താപിർ (തരിസാപള്ളി ശാസനം അനുസരിച്ച്)
മുഖവാരത്തിന്റെ ദിശപടിഞ്ഞാറ്
മാർ സാപോറും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ മാർ പ്രോഥും

കൊല്ലത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പേർഷ്യൻ സുറിയാനി ക്രൈസ്തവ പള്ളിയാണ് തരിസാപ്പള്ളി അഥവാ കൊല്ലം തർസാപ്പള്ളി. പ്രസിദ്ധമായ തരിസാപ്പള്ളി ശാസനത്തിൽ നിന്നാണ് ഈ പള്ളിയെക്കുറിച്ച് ആദ്യ ലിഖിത പരാമർശം ലഭിക്കുന്നത്. ക്രിസ്തു ശിഷ്യനായ മാർത്തോമാ ശ്ലീഹാ മലബാർ തീരത്ത് സ്ഥാപിച്ച ഏഴരപ്പള്ളികളിൽ ഒന്നാണ് കൊല്ലത്തെ ഈ പുരാതന പള്ളി എന്നും പാരമ്പര്യമുണ്ട്. ഇന്നത്തെ കൊല്ലം തങ്കശ്ശേരിയിലാണ് ഈ പള്ളി നിലനിന്നിരുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

തരിസാപ്പള്ളി എന്നതിന് തരിസാക്കാരുടെ പള്ളി എന്നാണർത്ഥം.[1] തരിസാ എന്ന വാക്ക് ഉൽഭവിച്ചിരിക്കുന്നത് തർസാ എന്ന പാഹ്ലവി വാക്കിൽ നിന്നാണ്. പേർഷ്യൻ സസ്സാനിദ് സാമ്രാജ്യത്തിലെ ക്രൈസ്തവരെ വിളിച്ചിരുന്ന പേരുകളിലൊന്നാണ് അത്.[2]

ലഘുചരിത്രം[തിരുത്തുക]

തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന ഏഴര പള്ളികളിൽ പ്രമുഖമായ ഒന്നാണ് കൊല്ലം. റമ്പാൻ പാട്ട് അനുസരിച്ച് കൊടുങ്ങല്ലൂർ കഴിഞ്ഞ് രണ്ടാമത് എണ്ണപ്പെടുന്ന പള്ളിയും ഇതാണ്.[3] എന്നാൽ മലബാറിലെ മറ്റു പള്ളികളെ പോലെ ഇതിൻറെ പിൽക്കാല ചരിത്രവും അവ്യക്തമാണ്. കൊല്ലത്തെ പള്ളിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ക്രി. വ. 849ലെ തർസ്സാപ്പള്ളി ശാസനം മുതൽക്കാണ്.[4] അക്കാലത്ത് മലബാറിലെത്തി സഭാ ഭരണം നിർവഹിച്ച പേർഷ്യൻ പുണ്യവാളൻമാരായ സാപോർ, അപ്രോത്ത് എന്നിവരാണ് നശിച്ചുകിടന്നിരുന്ന ഈ പള്ളി പുനർ നിർമ്മിച്ചത് എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. പിന്നീട് മലബാർ സന്ദർശിച്ച പാശ്ചാത്യ മിഷണറിമാരുടെയും സഞ്ചാരികളുടെയും എഴുത്തുകളിലും ഈ പള്ളിയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്നത്തെ കൊല്ലം തങ്കശ്ശേരി കോട്ട നിലകൊള്ളുന്ന സ്ഥലത്താണ് ഈ പള്ളി നിലനിന്നിരുന്നത്.[5]

വിവിധ പാരമ്പര്യങ്ങൾ[തിരുത്തുക]

തോമാശ്ലീഹായുടെ പ്രവർത്തനം[തിരുത്തുക]

യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹാ ആണ് കൊല്ലത്തെ പള്ളി സ്ഥാപിച്ചത് എന്നാണ് മാർത്തോമാ നസ്രാണികളുടെ ഇടയിൽ പരമ്പരാഗതമായി നിലനിൽക്കുന്ന പാരമ്പര്യം. റമ്പാൻ പാട്ടിൽ വിവരിക്കുന്നത് അനുസരിച്ച് കൊടുങ്ങല്ലൂരിലെ പ്രവർത്തനത്തിന് ശേഷം ആണ് തോമാശ്ലീഹ കൊല്ലത്ത് എത്തി അവിടെ മതപ്രചരണം നടത്തിയത്. കൊല്ലത്ത് പള്ളി സ്ഥാപിച്ചതും അദ്ദേഹമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ പള്ളി പിൽക്കാലത്ത് കടലെടുത്തുപോയി എന്നാണ് പാരമ്പര്യം.[6][7]

മാണിഗ്രാമക്കാരുടെ ഉൽഭവം[തിരുത്തുക]

ചോളമണ്ഡല തീരത്ത് അധിവസിച്ചിരുന്ന നസ്രാണികൾ കൊല്ലം ഉൾപ്പെടെയുള്ള മലബാറിലെ നസ്രാണി സ്വാധീനം ഏറിയ പട്ടണങ്ങളിലേക്ക് വന്നുചേർന്നു എന്ന് വളരെക്കാലമായി നസ്രാണികളുടെ ഇടയിൽ പാരമ്പര്യമുണ്ട്. പ്രധാനമായും മാണിക്യ വാചകർ എന്ന് മന്ത്രവാദിയുമായി ബന്ധപ്പെടുത്തിയാണ് ഈ കുടിയേറ്റത്തെ കുറിച്ചുള്ള പാരമ്പര്യങ്ങൾ നിലവിലുള്ളത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് ശൈവ സന്യാസിയും കവിയുമായ മാണിക്യ വാസകർ തന്നെയായിരിക്കാം ഇദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് നസ്രാണികളുടെ ഇടയിൽ നിലനിൽക്കുന്ന പാരമ്പര്യം ഇപ്രകാരമാണ്. മൈലാപൂരിൽ പ്രവർത്തിക്കുകയും മത പ്രചരണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹം അവിടെ ഉണ്ടായിരുന്ന നസ്രാണി സമൂഹത്തിൻറെ ഇടയിൽ മതപരിവർത്തനത്തിന് ശ്രമങ്ങൾ നടത്തുകയും നിരവധി ആളുകൾ പല കാരണങ്ങളാൽ ക്രിസ്തുമതം ഉപേക്ഷിച്ച് മാണിക്യ വാചകരോടൊപ്പം ചേരുകയും ചെയ്തു. ഇതിന് തയ്യാറാകാതിരുന്ന നസ്രാണികൾക്ക് അവിടെ ജീവിതം ദുസ്സഹമായി. അവർ തങ്ങളുടെ നാടുവിട്ട് തങ്ങളുടെ മതവിശ്വാസം പിന്തുടരുന്ന ആളുകൾ അധിവസിക്കുന്ന മലബാർ മേഖല ലക്ഷ്യമാക്കി യാത്രയായി. അതിൽ ഒരു വിഭാഗം തെക്കോട്ട് യാത്ര ചെയ്ത് തിരുവിതാംകോട്, കൊല്ലം മുതലായ സ്ഥലങ്ങളിൽ ചെന്ന് പാർത്തു.[8] മറ്റൊരു വിഭാഗം വടക്ക് ദിശയിൽ യാത്ര ചെയ്യുകയും വഴിതെറ്റി നീലഗിരി പ്രദേശത്ത് അകപ്പെടുകയും ചെയ്തു. അവിടെ സ്ഥിരതാമസം ആക്കി അവർ തോടർ എന്നറിയപ്പെട്ടു. മാണിക്യ വാചകരുടെ സ്വാധീനത്തിൽപ്പെട്ട ആളുകൾ മാണി ഗ്രാമക്കാർ എന്നറിയപ്പെട്ടു. ഹിന്ദുമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ഒരു സങ്കര രൂപമാണ് ഇവർ പിന്തുടർന്നിരുന്നത്. ഇവരിൽ വലിയൊരു വിഭാഗം കുടിയേറ്റം നടന്ന കൊല്ലം ഉൾപ്പെടെയുള്ള മലബാറിലെ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു.[9][10]

തരിസാപ്പള്ളി ശാസനം[തിരുത്തുക]

കൊടുങ്ങല്ലൂർ ആസ്ഥാനമായി ഭരിച്ചിരുന്ന ചേര ചക്രവർത്തി സ്ഥാണു രവി കുലശേഖര പെരുമാളിന്റെ സാമന്തനായിരുന്ന അയ്യനടികൾ തിരുവടികൾ എന്ന വേണാട് രാജാവ് ആണ് തർസാപ്പള്ളി ശാസനം നൽകിയത്.[11][12] മറുവാൻ സാപിർ ഈശോ എന്ന കൊല്ലത്തെ അക്കാലത്തെ പേർഷ്യൻ വാണിജ്യപ്രമുഖനാണ് ഈ ശാസനം നൽകപ്പെട്ടത്. കൊല്ലത്ത് പട്ടണം സ്ഥാപിച്ച ഈശോ ദ താപിർ എന്നയാൾ പണി കഴിപ്പിക്കുകയും ഭരണം നടത്തുകയും ചെയ്ത കൊല്ലത്തെ തർസായികളുടെ പള്ളിയുടെ പേരിലാണ് ഈ ശാസനം അനുവദിക്കപ്പെട്ടത്.[13][14][15]

ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

ഈ ശാസനത്തിൽ പരാമർശിക്കപ്പെടുന്ന 'ഈശോ ദ താപിർ' 'മറുവാൻ സാപിർ ഈശോ' തന്നെയാണ് എന്നാണ് പാരമ്പര്യവും ചരിത്രകാരന്മാരുടെ നിഗമനവും.[16] [14] ക്രിസ്ത്യാനികളെ പേർഷ്യയിൽ വിളിക്കാൻ ഉപയോഗിച്ചിരുന്ന വാക്കുകളിൽ ഒന്നാണ് 'തർസാ'കൾ എന്നത്.[17] 'മറുവാൻ' എന്ന വാക്കിൻറെ ഉത്ഭവത്തെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്. സുറിയാനി ക്രിസ്ത്യാനികളുടെ നേതാക്കന്മാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന 'മാർ' എന്ന സുറിയാനി പദത്തിന്റെ ഒരു രൂപമാണ് ഇതെന്ന വാദം ശക്തമാണ്. അറേബ്യൻ മേഖലയിലെ 'മറുവാനായ' എന്ന ഒരു ക്രൈസ്തവ വ്യാപാരസമൂഹത്തിന്റെ അംഗമായതിനാലാണ് ഈ പേര് ഉപയോഗിച്ചിരിക്കുന്നത് എന്ന് മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. പാർസിലെ ശിമയോൻ മെത്രാപ്പോലീത്തയ്ക്ക് പൗരസ്ത്യ സുറിയാനി കാതോലിക്കോസ് ഈശോയാബ് 3ാമൻ എഴുതിയ ഒരു കത്തിൽ ഈ സമൂഹത്തെ പറ്റി പരാമർശമുണ്ട്.[18]

കൊല്ലവർഷത്തിന്റെ ഗണനം അനുസരിച്ച് ക്രി. വ. 823 ലാണ് കൊല്ലത്ത് പട്ടണം സ്ഥാപിക്കപ്പെട്ടത്. തർസാപള്ളിക്കും അതിൻറെ സമൂഹത്തിനും ഭൂമിയും സ്വത്തും വേലക്കാരും നികുതി പിരിക്കുന്നതിന് അടക്കമുള്ള അധികാരങ്ങളും അട്ടിപ്പേർ അവകാശമായി അനുവദിച്ചുകൊണ്ട് നൽകപ്പെട്ട രാജശാസനമാണ് കൊല്ലം തർസാപ്പള്ളി ശാസനം. മലബാറിൽ നിന്ന് ലഭിച്ചിട്ടുള്ള പുരാരേഖകളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് ഇത്.[19] കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പറ്റി സൂചന നൽകുന്ന ആദ്യ തദ്ദേശീയ രേഖയും ഇതുതന്നെ.[14]

ആദ്യ റോമൻ കത്തോലിക്കാ വിവരണങ്ങൾ[തിരുത്തുക]

പതിനാലാം നൂറ്റാണ്ടിലെ റോമൻ കത്തോലിക്കാ ദൗത്യസംഘവും ഇടപെടലുകളും[തിരുത്തുക]

തർസാപ്പള്ളി ശാസനത്തിന് ശേഷം കൊല്ലത്തെ ക്രൈസ്തവ സാന്നിധ്യത്തെപ്പറ്റിയും അവരുടെ പള്ളിയെപ്പറ്റിയും വ്യക്തമായി രേഖപ്പെടുത്തപ്പെട്ട ചരിത്ര രേഖകൾ പതിമൂന്നാം നൂറ്റാണ്ടിലേതും അതിനുശേഷം ഉള്ളവയും ആണ്. ഇതിൽ ആദ്യത്തേത് മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരിയുടേതാണ്. പിന്നീട് ജൊർദാനൂസ് കാറ്റലാനി, ജിയോവാന്നി ഡി മരിഗ്നോളി എന്നിവരും തങ്ങൾ കൊല്ലം സന്ദർശിച്ച വേളയിൽ കണ്ട അവിടത്തെ നസ്രാണി ക്രിസ്ത്യാനികളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

വെനീഷ്യൻ സഞ്ചാരിയായ മാർക്കോ പോളോ കൊല്ലത്ത് എത്തുന്നത് പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലാണ്. കൊല്ലത്ത് ക്രൈസ്തവ, യഹൂദ സമൂഹങ്ങൾ ശക്തമാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.[20][21]

മദ്ധ്യപൂർവ്വദേശത്തേക്കും പേർഷ്യയിലേക്കും അയയ്ക്കപ്പെട്ട റോമൻ കത്തോലിക്കാ മിഷനറി ആയിരുന്ന ജൊർദാനൂസ് കാറ്റലാനി 1329ൽ കൊല്ലത്തെ റോമൻ കത്തോലിക്കാ ബിഷപ്പായി ജോൺ 22ാമൻ മാർപ്പാപ്പയാൽ നിയമിക്കപ്പെട്ടു. ഇതിനു മുൻപേ അദ്ദേഹം കൊല്ലത്ത് ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻറെ എഴുത്തുകളിലും കൊല്ലത്തെ സുറിയാനി ക്രിസ്ത്യാനികളുടെ സാന്നിധ്യത്തെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവിടത്തെ ക്രിസ്ത്യാനികൾ തോമാശ്ലീഹായ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് എന്നും അദ്ദേഹം എഴുതി.[22][23] പുതിയ മെത്രാനുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മാർപ്പാപ്പ 1330 ഏപ്രിൽ 5ന് കൊല്ലത്തെ 'നസ്രാണി ക്രിസ്ത്യാനി' സമൂഹത്തിന്റെ നേതാവിനെ അഭിസംബോധന ചെയ്ത് ഒരു കത്ത് എഴുതി അയക്കുകയും ചെയ്തു. ജൊർദാനുസിന്റെ 'മിറാബിലിയ ഡിസ്ക്രിപ്റ്റ' എന്ന പുസ്തകത്തിൽ ഇവ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.[24] കൊല്ലത്ത് അക്കാലത്ത് ശക്തമായ സുറിയാനി നസ്രാണി സമൂഹവും അവർക്ക് വ്യവസ്ഥാപിതമായ നേതൃത്വവും ഉണ്ടായിരുന്നു എന്നതിന്റെ സൂചനകളാണ് ഇവ നൽകുന്നത്.

ഇറ്റാലിയൻ കത്തോലിക്കാ മിഷനറി ആയിരുന്ന ജിയോവാന്നി ഡി മരിഗ്നോളി ചൈനയിലെ തൻറെ പ്രവർത്തനത്തിന് ശേഷം 1347ൽ സ്വദേശത്തേക്ക് മടങ്ങുന്നതിനിടെ കൊല്ലത്ത് എത്തിച്ചേരുകയും അവിടുത്തെ ക്രിസ്ത്യാനികളുമായി സമ്പർക്കത്തിൽ ആവുകയും ചെയ്തു. കൊല്ലത്തെ നസ്രാണി ക്രിസ്ത്യാനികളെ പറ്റി ഒരു വിവരണം അദ്ദേഹം നൽകുന്നുണ്ട്. നസ്രാണികൾ കൊല്ലത്ത് വളരെ സ്വാധീനമുള്ളവരാണെന്നും കുരുമുളകിൻറെ കൃഷിയും വിപണനവും അവരാണ് നടത്തുന്നത് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.[25] കൊല്ലത്തെ നസ്രാണികളിലെ പ്രമുഖരെ 'മൊതലിയാൾ' എന്നാണ് വിളിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അവരോടൊപ്പം താമസിച്ച അനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. അവർ തന്നെ പണം നൽകി സഹായിച്ചിരുന്നു എന്നും 'സോളമന്റേതു പോലുള്ള' രാജകീയമായ പല്ലക്കിൽ അവർ തന്നെ വഹിച്ചു എന്നും അദ്ദേഹം എഴുതുന്നു. വിശുദ്ധ ഗീവർഗീസിന്റെ നാമധേയത്തിൽ ഉള്ളതും റോമൻ കത്തോലിക്കാ ബന്ധത്തിലുള്ളതുമായ ഒരു പള്ളി അവിടെ ഉണ്ടായിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നു. ആ പള്ളിയെ താൻ നിരവധി ചിത്രങ്ങളാൽ അലങ്കൃതവുമാക്കുകയും അവിടം കേന്ദ്രമാക്കി മതപ്രവർത്തനം നടത്തുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മുൻപ് കൊല്ലത്ത് പ്രവർത്തിച്ച ജൊർദാനൂസ് തന്നെയായിരിക്കണം ഈ പള്ളി സ്ഥാപിച്ചത്.[26] ഈ പ്രദേശത്തിന് അടുത്ത് സ്ഥിതി ചെയ്യുന്നതും നിരവധി ചുവർചിത്രങ്ങളാൽ സമ്പന്നവുമായ ചേപ്പാട് പള്ളി ആയിരിക്കാം ഇത്.[25]

പതിനാറാം നൂറ്റാണ്ട്[തിരുത്തുക]

കൊല്ലം പള്ളിയെ കുറിച്ചുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രം വിശദമായ രീതിയിൽ ലഭ്യമാകുന്നത് പതിനാറാം നൂറ്റാണ്ടിലാണ്.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ[തിരുത്തുക]

കൊല്ലത്തെ സുറിയാനി ക്രിസ്ത്യാനികളെ പറ്റിയുള്ള അടുത്ത പരാമർശം ലഭിക്കുന്നത് പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൗരസ്ത്യ കാതോലിക്കോസ് ഏലിയാ 5ാമൻ മാർ യാഹ്‌ബാലാഹ, മാർ തോമാ, മാർ യാക്കോബ്, മാർ ദെനഹാ എന്നീ പൗരസ്ത്യ സുറിയാനി ബിഷപ്പുമാർ എഴുതി അയച്ച കത്തിൽ നിന്നാണ്.[27] ഇതിൽ കൊടുങ്ങല്ലൂരിനൊപ്പം കൊല്ലവും പാലയൂരും നസ്രാണികളുടെ പ്രധാന കേന്ദ്രങ്ങളായി രേഖപ്പെടുത്തുന്നു.[28] ഇന്ത്യയുടെ മെത്രാപ്പോലീത്ത സ്ഥാനം വഹിച്ച മാർ യാഹ്ബാലാഹായുടെയും മാർ തോമായുടെയും കാലശേഷം മാർ യാക്കോബ് കൊടുങ്ങല്ലൂരിലും മാർ ദെനഹാ കൊല്ലത്തും ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്നു.[29]

പ്രധാനമായും വ്യാപാരം ഉപജീവനമാർഗമാക്കി കഴിഞ്ഞിരുന്ന കൊല്ലത്തെ നസ്രാണികൾ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു. അറേബ്യ, പേർഷ്യ, ചൈന എന്നിവിടങ്ങളിലെ വ്യാപാരികൾ പ്രധാനമായും മുസ്ലിമുകളായിരുന്നതിനാൽ അവർ മലബാറിലെ മുസ്ലിം വ്യാപാരികളുമായി അവരോട് അനുഭാവം പുലർത്തിയിരുന്ന കോഴിക്കോട് സാമൂതിരിയുമായും കൂടുതൽ ശക്തമായ വ്യാപാര ബന്ധങ്ങൾക്ക് താല്പര്യം പ്രകടിപ്പിച്ചു. കൊല്ലവും അവിടെയുള്ള യഹൂദ, നസ്രാണി വ്യാപാരികളും ഇക്കാരണത്താൽ വാണിജ്യ വ്യാപാര ബന്ധങ്ങളിൽ തഴയപ്പെട്ടു.[30]

പോർച്ചുഗീസ് ഇടപെടലുകൾ[തിരുത്തുക]

പോർച്ചുഗീസ് ആഗമനം[തിരുത്തുക]

1503ൽ മലബാറിൽ എത്തിയ പോർച്ചുഗീസ് നാവികൻ അഫോൺസോ ഡി അൽബുക്കർക്ക് തന്റെ എഴുത്തുകളിൽ കൊല്ലം പള്ളിയെകുറിച്ചും നസ്രാണികളെ കുറിച്ചും വിശദമായി വിവരിച്ചിട്ടുണ്ട്. അതേ വർഷം കൊല്ലത്ത് പോർച്ചുഗീസുകാർക്ക് വ്യാപാരത്തിനുള്ള സൗകര്യത്തിനായി ഒരു പാണ്ടികശാല സ്ഥാപിക്കുന്നതിന് അദ്ദേഹം അനുമതിയും നേടിയിരുന്നു.[31] കൊല്ലം പള്ളി 'നമ്മുടെ കരുണയുടെ നാഥയുടെ' നാമധേയത്തിൽ ആണെന്നും പള്ളിക്ക് മൂന്ന് അൾത്താരകൾ ഉണ്ടെന്നും അതിൽ മദ്ധ്യത്തേതിൽ സ്വർണത്തിന്റെയും ഇരുവശങ്ങളിലും ഉള്ളവയിൽ ഓരോന്ന് വീതം വെള്ളിയുടെയും കുരിശുകൾ ഉണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. തങ്ങളുടെ പള്ളി പണികഴിപ്പിച്ചത് മുമ്പ് മലബാറിൽ എത്തിച്ചേർന്ന രണ്ട് വിശുദ്ധന്മാർ ആണെന്നും അവർ പള്ളിയിൽ രണ്ട് ചാപ്പലുകളിലായി കബറടക്കപ്പെട്ടെന്നും നസ്രാണികൾ തന്നോട് വിവരിച്ചെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.[32][33] മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ പുണ്യവാന്മാരായ സാപോറും പ്രോഥും ആണ് ഈ വിശുദ്ധന്മാർ.[34] കൊല്ലത്തെ ക്രിസ്ത്യാനികൾക്ക് പ്രത്യേകമായി അനുവദിക്കപ്പെട്ട കുറേ അധികാര അവകാശങ്ങൾ ഉണ്ടെന്നും അതിൻറെ പിൻബലത്തിൽ അവർക്ക് അവരുടേതായ സ്വതന്ത്ര നിയമ സംവിധാനങ്ങൾ നിലവിലുണ്ടെന്നും അൽബുക്കർക്ക് വിവരിക്കുന്നു. ഇതിനോടൊപ്പം പള്ളിയുടെ ഭരണം കൈയാളിയിരുന്ന ക്രിസ്ത്യാനികൾക്ക് പട്ടണത്തിന്റെ മുദ്രയും ഔദ്യോഗിക അളവ് തൂക്കങ്ങളും കൈവശം വയ്ക്കാനും അവകാശമുണ്ടായിരുന്നു. എങ്കിലും അവിടത്തെ രാജാവിന്റെ അപ്രീതി മൂലം ആ അവകാശങ്ങൾ അക്കാലത്ത് എടുത്തു മാറ്റപ്പെട്ടു എന്നും അത് പുനസ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി തന്റെ സഹായം അവർ തേടി എന്നും അൽബുക്കർക്ക് കൂട്ടിച്ചേർക്കുന്നു.[32][35]

പോർച്ചുഗീസുകാരും സുറിയാനി ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധം ആദ്യകാലത്ത് വളരെ സൗഹാർദ്ദപരമായിരുന്നു. സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ നഷ്ടപ്പെട്ട അവകാശങ്ങൾ തിരിച്ചുപിടിക്കാൻ അൽബുക്കർക്കിന്റെ സഹായം ആവശ്യപ്പെടുകയും പോർച്ചുഗീസ് രാജാവിന് തങ്ങളുടെ പള്ളിയിലെ സ്വർണ്ണക്കുരിശ് ഉപഹാരമായി അയച്ചു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇത് നിരസിച്ച അൽബുക്കർക്ക് സ്വദേശത്തേക്ക് മടങ്ങിയ വേളയിൽ അതിനുപകരം അവരുടെ ഒരു വെള്ളി കുരിശ് കൊണ്ടുപോയി പോർച്ചുഗീസ് രാജാവിന് കാഴ്ചവെച്ചു. ഇതിൽ സന്തുഷ്ടനായ രാജാവ് നസ്രാണികൾക്ക് പ്രത്യുപകാരമായി അൽബുക്കർക്കിന്റെ കൈവശം കൊല്ലം പള്ളിയ്ക്ക് വേണ്ട കുറേ സാമഗ്രികളും അലങ്കാരങ്ങളും അയച്ചുകൊടുത്തു. ഐബീരിയൻ ഉപദ്വീപിന്റെ അപ്പസ്തോലനായി അറിയപ്പെട്ടിരുന്ന വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഒരു ചിത്രവും മണിയും അൽബുക്കർക്ക് നസ്രാണികൾക്ക് സമ്മാനമായി നൽകുകയും ചെയ്തു.[32][36] പോർച്ചുഗീസ് സംഘത്തിൽ ഉണ്ടായിരുന്ന റോഡ്രിഗോ എന്ന ഡൊമിനിക്കൻ സന്യാസവൈദികനെ കൊല്ലത്തെ ക്രിസ്ത്യാനികളുടെ മതപരമായ ആവശ്യങ്ങൾക്കായി അദ്ദേഹം നിയോഗിച്ചു. റോഡ്രിഗോ കൊല്ലത്തുള്ള സുറിയാനി ക്രിസ്ത്യാനികൾക്ക് മാമ്മോദിസയും മറ്റു കൂദാശകളും പരികർമ്മം ചെയ്തു നൽകുകയും അതോടൊപ്പം പ്രദേശത്തെ ക്രിസ്ത്യാനികൾ അല്ലാത്ത ആളുകളുടെ ഇടയിൽ മതം പ്രചരിപ്പിക്കുകയും അവരിൽ പലരെയും ക്രിസ്തുമതത്തിൽ ചേർക്കുകയും ചെയ്തു.[32][37] കൊല്ലത്തെ പഴക്കം ചെന്ന പള്ളി ഇദ്ദേഹം പുതുക്കി പണിതെന്നും കരുതപ്പെടുന്നു.[38] റോഡ്രിഗോ കൊല്ലത്ത് വിജാതീയരുടെ ഇടയിൽ മതപ്രചരണം നടത്തിയിരുന്നു എന്ന് അൽബുക്കർക്കിന്റെ സഹയാത്രികൻ ആയിരുന്ന ജിയോവാന്നി ഡ എംപോളി എന്ന ഇറ്റാലിയൻ നാവികനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൊല്ലത്ത് മൂവായിരത്തോളം നസ്രാണികൾ ഉണ്ടെന്നും അവരുടെ പള്ളി തോമാശ്ലീഹായുടെ കാലം മുതലേ ഉള്ളതാണെന്ന് അവർ തന്നോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.[39][40]

പോർച്ചുഗീസുകാരും സുറിയാനി നസ്രാണികളും തമ്മിൽ സംഘർഷം[തിരുത്തുക]

എന്നാൽ പോർച്ചുഗീസുകാരും ആയുള്ള തദ്ദേശീയ ക്രിസ്ത്യാനികളുടെ സഹകരണം അധികം കാലം നീണ്ടു പോയില്ല. പലകാരണങ്ങളാൽ പോർച്ചുഗീസുകാരുമായി അകന്ന തദ്ദേശ ക്രിസ്ത്യാനികൾ ക്രമേണ പ്രദേശത്തു നിന്ന് തന്നെ പിൻവലിഞ്ഞ് കുറേക്കൂടി ഉള്ള നാടൻ പ്രദേശങ്ങളിലേക്ക് മാറി താമസിക്കാൻ ആരംഭിച്ചു. ഇതിനെ തുടർന്ന് കൊല്ലത്തെ പഴയ പള്ളിയുടെ നിയന്ത്രണം പൂർണമായി പോർച്ചുഗീസുകാർ കൈവശപ്പെടുത്തി. ഇതിൻറെ കാരണങ്ങൾ പലതായിരുന്നു. മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യത്തെ ലത്തീൻ മെത്രാപ്പോലീത്ത ആയിരുന്ന ഫ്രാൻസിസ്കോ റോസ് ഇതുമായി ബന്ധപ്പെട്ട് ഒരു വിവരണം നൽകുന്നുണ്ട്.[41] പോർച്ചുഗീസുകാർ തദ്ദേശീയരായ ആളുകളുമായി പലപ്പോഴും കലഹങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രദേശത്തെ മുസ്ലിം വ്യാപാരികളുമായി ചില പോർച്ചുഗീസുകാർക്ക് ഉണ്ടായ തർക്കം വലിയ പ്രശ്നമായി മാറി. ഇതിനെ തുടർന്ന് പ്രാദേശിക അധികാരികളുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ അല്ലാത്ത തദേശീയരായ കുറേ ആളുകൾ പോർച്ചുഗീസുകാരോട് പ്രതികാരം തീർക്കുന്നതിന് അവരുടെ വ്യാപാര കേന്ദ്രം ആക്രമിച്ച് നശിപ്പിക്കുകയും അവിടത്തെ ചില പോർച്ചുഗീസുകാരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തു.[42] ഇതേ തുടർന്ന് ആറോ ഏഴോ പോർച്ചുഗീസുകാർ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിയിൽ അഭയം തേടി. പള്ളിക്കുള്ളിൽ കയറി അവരെ പിടികൂടാൻ ആകാത്തതിനാൽ പള്ളിക്ക് പുറമേ നിന്ന് തീയിടാൻ എതിരാളികൾ തീരുമാനിച്ചു. പള്ളിയിലെ സുറിയാനി ക്രിസ്ത്യാനികളോട് പള്ളിയിൽ നിന്ന് പുറത്തേക്കു പോകാനും പോർച്ചുഗീസുകാർക്കെതിരെ ഉള്ള ശിക്ഷാ നടപടി നടപ്പിലാക്കാൻ അനുവദിക്കാനും ആക്രമണകാരികൾ ആവശ്യപ്പെട്ടു. എന്നാൽ അവർ പള്ളിയിൽ നിന്നും ഒഴിഞ്ഞു പോയില്ല. ഇതേതുടർന്ന് പള്ളിക്ക് തീ വയ്ക്കപ്പെടുകയും പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരും, ഒരു ശെമ്മാശനും നാൽപതോളം സുറിയാനി ക്രിസ്ത്യാനികളും ഉൾപ്പെടെ അഗ്നിക്ക് ഇരയായി കൊല്ലപ്പെടുകയും ചെയ്തു.[43] 1505നുശേഷമാണ് ഇത് സംഭവിച്ചത്.[44] ഇതിനുശേഷം പോർച്ചുഗീസുകാർ കത്തിനശിച്ച പള്ളി പുതുക്കി പണിയിക്കുകയും അത് ക്രമേണ പൂർണ്ണമായി കൊച്ചി പദ്രുവാദോ ബിഷപ്പിന്റെ നിയന്ത്രണത്തിൽ എത്തിച്ചേരുകയും ചെയ്തു.[43] 1519നുശേഷം അവർ പള്ളി സ്ഥിതി ചെയ്തിരുന്ന പ്രദേശം ഉൾച്ചേർത്ത് ഒരു കോട്ട പണികഴിപ്പിച്ചു.[31] ഇതിനോടകം പള്ളി തോമാ ശ്ലീഹായുടെ നാമധേയത്തിലേക്ക് അവർ മാറ്റിയിരുന്നു. അതിനാൽ കോട്ടയും തോമാ ശ്ലീഹായുടെ പേരിലാണ് അറിയപ്പെട്ടത്. ഇതിനുശേഷം സുറിയാനി ക്രിസ്ത്യാനികൾ പള്ളിയും അതിരുന്ന സ്ഥലവും വിട്ട് കൊല്ലത്തിന്റെ ഉൾപ്രദേശത്തേക്ക് താമസം മാറി അവിടെ പുതിയ പള്ളി സ്ഥാപിച്ചു. എന്നാൽ സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ പഴയപള്ളി ഉപേക്ഷിച്ചു പോയതിന് പിന്നിൽ വേറെയും കാരണം ഉണ്ടായിരുന്നു. സുറിയാനി നസ്രാണികൾ നെസ്തോറിയൻ പാഷണ്ഡതയും തെറ്റായ ആചാരങ്ങളും പിന്തുടരുന്നവരാണ് എന്നും അവരെ ലത്തീൻവൽക്കരിക്കേണ്ടത് ആവശ്യമാണ് എന്നും പോർച്ചുഗീസുകാർ ഈ കാലഘട്ടം ആയപ്പോഴേക്കും കരുതാൻ തുടങ്ങുകയും അതിൻറെ ഭാഗമായി തങ്ങളുടെ റോമൻ കത്തോലിക്കാ ആചാരാനുഷ്ഠാനങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതും ഇതിന് കാരണമായി.[45][46]

ഈ സംഭവങ്ങളെ തുടർന്ന് തർസാപ്പള്ളി ശാസനത്തിൽ ലഭിച്ച അവകാശങ്ങൾ കൈവശപ്പെടുത്താൻ കൊച്ചി ബിഷപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ലത്തീൻ സഭാ വിശ്വാസികൾ ശ്രമിച്ചു എങ്കിലും ആ ശാസനത്തിലെ അവകാശങ്ങൾ പള്ളിക്കെട്ടിടത്തിനല്ല പള്ളി പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനാണ് എന്ന് വിധിച്ച പ്രാദേശിക ഭരണാധികാരി തർസാപ്പള്ളി ശാസനം പ്രകാരമുള്ള അവകാശങ്ങൾ കൊല്ലത്തെ കുന്നിൻ പ്രദേശത്ത് പള്ളിവെച്ച് താമസമാക്കിയ സുറിയാനി ക്രിസ്ത്യാനികൾക്കുതന്നെ അനുവദിച്ചുകൊടുത്തു.[47] ഗോവയിലെ പോർച്ചുഗീസ് ആർച്ചുബിഷപ്പായിരുന്ന അലെക്സിസ് ഡി മെനെസിസ് സുറിയാനി നസ്രാണികളെ തൻറെ അധികാരത്തിന് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി മലബാറിലുടനീളം നടത്തിയ യാത്രകളുടെ ഭാഗമായി കൊല്ലം സന്ദർശിച്ചപ്പോൾ പോർച്ചുഗീസുകാരുടെ നിയന്ത്രണത്തിൽ ആയ പഴയ പള്ളിയും സുറിയാനി ക്രിസ്ത്യാനികൾ പുതുതായി സ്ഥാപിച്ച മേലെകൊല്ലത്തെ പള്ളിയും കൊല്ലം ഭരണാധികാരിയുടെ കീഴിൽ തന്നെയുള്ള തേവലക്കരയിലെ പള്ളിയും സന്ദർശിച്ചതായി ഗുവേയ രേഖപ്പെടുത്തിയിരിക്കുന്നു.[48]

തർസാപ്പള്ളിയുടെ പിൽകാല ചരിത്രം[തിരുത്തുക]

പതിനേഴാം നൂറ്റാണ്ടിൽ മലബാർ മുഴുവന്റെയും നിയന്ത്രണം പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്ത ഡച്ചുകാർ കോട്ടയുടെയും അതിലുള്ള പള്ളി ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെയും നിയന്ത്രണം കൈവശപ്പെടുത്തി. ഡച്ച് കാലഘട്ടത്തിലുള്ള കോട്ടയുടെ ഭൂപടത്തിലും കൊല്ലത്തിന്റെ ഒരു ചിത്രീകരണത്തിലും ഈ പഴയ പള്ളിയും കാണാനാകും. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ബ്രിട്ടീഷുകാർ കോട്ടയും പരിസരവുമെല്ലാം ഡച്ചുകാരിൽ നിന്ന് പിടിച്ചെടുത്തു. ഈ കോട്ട പിൽകാലത്ത് പൊളിച്ചുനീക്കപ്പെട്ടു. 1863ൽ കൊല്ലം സന്ദർശിച്ച ബ്രിട്ടീഷ് മിഷനറി തോമസ് വൈറ്റ്ഹൗസ് കൊല്ലം പള്ളിയുടെ പ്രാധാന്യം അറിഞ്ഞ് അത് കണ്ടെത്താൻ കോട്ട നിലനിന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെ പള്ളിയുടെ ഒരു അവശേഷിപ്പും കണ്ടെത്തിയില്ല. പള്ളി കടൽ എടുത്ത് പോയതാണ് എന്ന നിഗമനത്തിലെത്തിയ അദ്ദേഹം തന്റെ പുസ്തകത്തിൽ അപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.[49]

അവലംബം[തിരുത്തുക]

 1. വില്യം, ലോഗൻ. ടി.വി. കൃഷ്ണൻ (ed.). മലബാർ മാനുവൽ. കോഴിക്കോട്: മാതൃഭൂമ്മി. p. 440.
 2. Russell, James R. (1991). CHRISTIANITY i. In Pre-Islamic Persia: Literary Sources. Encyclopædia Iranica. Vol. 5. pp. 327–28.
 3. Whitehouse, Thomas (1873). Lingerings of light in a dark land: Researches into the Syrian church of Malabar. William Brown and Co. pp. 23-42. p=25: "Though Cranganore and Quilon are always mentioned amongst their earliest and most important settlements, five other places are named in conjunction with them, viz., Palúr, North Parúr, South Pallipuram, Neranum, and Nellakkul. The whole group are traditionally styled the Seven Churches founded by St. Thomas the Apostle."
 4. Cereti, Carlo G. (2009). The Pahlavi Signatures on the Quilon Copper Plates. Exegisti monumenta : festschrift in honour of Nicholas Sims-Williams. Nicholas Sims-Williams, Werner Sundermann, Almut Hintze, François de Blois. Wiesbaden. ISBN 978-3-447-05937-4. OCLC 318871639.{{cite book}}: CS1 maint: location missing publisher (link)
 5. ഗുവേയ (1606), പുറം. 6, 20–21, സംശോധാവിന്റെ കുറിപ്പ്.
 6. ഗുവേയ (1606), പുറം. 6.
 7. Whitehouse (1873), പുറം. 28–29,76.
 8. Perczel (2018), പുറം. 654, 665–7, 672.
 9. ഗുവേയ, അന്റോണിയോ (1606). മേലേകണ്ടത്തിൽ, പയസ് (ed.). ഡോം അലെക്സിസ് ഡി മെനെസിസിന്റെ ജോർനാദ (in ഇംഗ്ലീഷ്). Translated by മേലേക്കണ്ടത്തിൽ, പയസ് (2003 ed.). കൊച്ചി: L. R. C. Publications. ISBN 9788188979004. p: 14-16.
 10. Whitehouse (1873), പുറം. 47–50.
 11. Rao, T. A. Gopinatha (1986). Travancore Archeological Series. Vol. 2 (I). pp. 60–85.
 12. Narayanan, M. G. S. (2002). Further Studies in the Jewish Copper Plates of Cochin". Indian Historical Review. Vol. 29 (1–2). pp. 66–76. doi:10.1177/037698360202900204. S2CID 142756653.
 13. Narayanan, M. G. S. (2013) [1972]. Perumals of Kerala: Brahmin Oligarchy and Ritual Monarchy. Thrissur (Kerala): CosmoBooks. pp. 277, 278, 295, 435–37. ISBN 9788188765072.
 14. 14.0 14.1 14.2 Perczel (2018), പുറം. 665-671.
 15. Varier, M. R. Raghava; Veluthat, Kesavan (2013). Tharissappally Pattayam. Thiruvananthapuram (Kerala): National Book Stall.
 16. Perczel, István (2018). King, Daniel (ed.). Syriac Christianity in India. The Syriac World. Routledge. p. 657. ISBN 9781317482116.
 17. Russell, James R. (1991). CHRISTIANITY i. In Pre-Islamic Persia: Literary Sources. Encyclopædia Iranica. Vol. 5. pp. 327–28.
 18. Fiey, Jean Maurice (1993). Pour un Oriens Christianus novus: répertoire des diocèses Syriaques orientaux et occidentaux. Beiruter Texte und Studien (in ഫ്രഞ്ച്). Orient-Institut. Stuttgart: Steiner. p. 125. ISBN 978-3-515-05718-9.
 19. ദേവദേവൻ, മനു വി. (2020). The 'early medieval' origins of India. Cambridge: Cambridge University Press. pp. 126–27. ISBN 978-1-108-49457-1.{{cite book}}: CS1 maint: date and year (link)
 20. The Travels of Marco Polo (in ഇംഗ്ലീഷ്). Cosimo, Inc. p. 301. ISBN 978-1-60206-861-2.
 21. Henry Yule, ed. (1871). The book of Ser Marco Polo, the Venetian. Vol. 2. p. 312language=en.
 22. Jordanus (1863). Yule, Henry; Parr, Charles McKew donor; Ruth, Parr (eds.). Mirabilia descripta : the wonders of the East. London: the Hakluyt Society. p: 23, paragraph 31
 23. Liščák, Vladimír (2017). Mapa mondi (Catalan Atlas of 1375), Majorcan cartographic school, and 14th century Asia (PDF). International Cartographic Association. pp. 4–5.
 24. Jordanus (1863), പുറം. vii.
 25. 25.0 25.1 മേനാച്ചേരി, ജോർജ്. പള്ളികളിലെ ചിത്രാഭാസങ്ങൾ (PDF). പഴമ. Vol. 2. London. p. 33-34.
 26. Yule, Henry, ed. (1864). Cathay and the way thither. Vol. 2. London. p. 342-346.{{cite book}}: CS1 maint: location missing publisher (link)
 27. MacKenzie, Gordon Thomson (1901). Christianity in Travancore (in ഇംഗ്ലീഷ്). Travancore Government Press. p. 11. ISBN 9781230341651.
 28. Mingana, Alphonse (1926). "The Early Spread of Christianity in India". Bulletin of the John Rylands Library (in ഇംഗ്ലീഷ്). 10 (2): 471. ISBN 9781617195907. {{cite journal}}: Cite journal requires |journal= (help)
 29. മുണ്ടാടൻ, അന്തോണി മഥ്യാസ് (1984). History of Christianity in India Vol 1: From the beginning up to the middle of the sixteenth century (up to 1542) (in ഇംഗ്ലീഷ്). p. 321.
 30. Manmadhan, Ullattil (2021-03-16). "Zheng He: The Chinese at Calicut" (in ഇംഗ്ലീഷ്). Retrieved 2023-09-01.
 31. 31.0 31.1 ഗുവേയ (1606), പുറം. 146 സംശോധാവിന്റെ കുറിപ്പ്.
 32. 32.0 32.1 32.2 32.3 The Commentaries of the Great Afonso Dalboquerque, Second Viceroy of India. pp. 14–15.
 33. Whitehouse (1873), പുറം. 28-31.
 34. റോസ് (1604), പുറം. 319.
 35. ഗുണ്ടർട്ട്, ഹെർമൻ (1868). കേരള പഴമ. pp. 44–46.
 36. വടക്കേക്കര (2001), പുറം. 65.
 37. Whitehouse (1873), പുറം. 29.
 38. ഗുണ്ടർട്ട് (1868), പുറം. 46.
 39. Ramusio, Giovanni Battista (1554). Navigationi et viaggi. Vol. 1 (2 ed.). p. 159.
 40. ഗുവേയ (1606), പുറം. 153–154 സംശോധാവിന്റെ കുറിപ്പ്.
 41. റോസ്, ഫ്രാൻസിസ് (1604). നെടുങ്ങാട്ട്, ജോർജ്ജ് (ed.). എ റിപ്പോർട്ട് ഓൺ സെറ. ദ സിനഡ് ഓഫ് ഡയംപർ റീവിസിറ്റഡ്. Translated by ജേക്കബ് കൊല്ലംപറമ്പിൽ (2001 ed.). റോം: Pontificio Instituto. ISBN 9788872103319. p: 319
 42. Panikkar, K. M. (1929). Malabar and the Portugese. p. 95–97.
 43. 43.0 43.1 റോസ് (1604), പുറം. 317–321.
 44. Mathew, K. S.; de Souza, Teotonio R.; Malekandathil, Pius (2001). The Portuguese and the Socio-cultural Changes in India, 1500-1800 (in ഇംഗ്ലീഷ്). Institute for Research in Social Sciences and Humanities, MESHAR. p. 129. ISBN 978-81-900166-6-7.
 45. ഗുവേയ (1606), പുറം. 378.
 46. വടക്കേക്കര, ബെനെഡിക്ട് (2001). നെടുങ്ങാട്ട്, ജോർജ് (ed.). The Synod of Diamper in Historical Perspective. The Synod of Diamper Revisited. Rome: Pontificio Instituto Orientale. ISBN 88-7210-331-2. p: 61–64
 47. റോസ് (1604), പുറം. 321.
 48. ഗുവേയ (1606), പുറം. 153, 378-397.
 49. Whitehouse (1873), പുറം. 31.
"https://ml.wikipedia.org/w/index.php?title=തരിസാപ്പള്ളി,_കൊല്ലം&oldid=4075692" എന്ന താളിൽനിന്ന് ശേഖരിച്ചത്