ഏഴരപ്പള്ളികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോമാശ്ലീഹയുടെ കപ്പൽ യാത്രയുടെ ഒരു ചിത്രീകരണം

ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാശ്ലീഹയാൽ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന ദേവാലയങ്ങളാണ് ഏഴരപ്പള്ളികൾ.[1] ക്രി.വ. 50-ൽ ഇദ്ദേഹം കേരളത്തിലെ മുസ്സിരിസ് അഥവാ കൊടുങ്ങല്ലൂരിലെത്തിയതായും ക്രിസ്തുമത പ്രചാരണോദ്ദേശ്യത്തോടെ എട്ടു ദേവാലയങ്ങൾ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു. [2]ഈ ദേവാലയങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളിലായിരുന്നു. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ പള്ളികളായി കരുതപ്പെടുന്നത് അഴീക്കോട് (കൊടുങ്ങല്ലൂർ), പാലയൂർ ‍(ചാവക്കാട്), കോക്കമംഗലം (ചേർത്തല), പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ ‍(ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്.[3] മാല്യങ്കരയിൽ പണിത പള്ളി ഇവയിൽ ആദ്യത്തേതാണെന്നു കരുതപ്പെടുന്നു. അതു പോലെ തിരുവിതാംകോടുള്ള പള്ളിയെ അരപ്പള്ളിയായി ഗണിക്കപ്പെടുന്നു. ഏഴരപ്പള്ളികളിൽ കേരളത്തിനു പുറത്തുള്ള ഏക ദേവാലയവും ഇതാണ്. അരപ്പള്ളിയില്ലാതെ ഏഴു പള്ളികളെ മാത്രം ഉൾപ്പെടുത്തിയുള്ള പട്ടികയും നിലവിലുണ്ട്.

ഏഴരപ്പള്ളികൾ[തിരുത്തുക]

മാർത്തോമാ പള്ളി അഴീക്കോട്[തിരുത്തുക]

കൊടുങ്ങല്ലൂർ പള്ളി

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ അഴീക്കോട് സ്ഥിതി ചെയ്യുന്ന മാർത്തോമാ പള്ളി ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. [4]തോമാശ്ലീഹ ഇൻഡ്യയിൽ പണികഴിപ്പിച്ച ആദ്യ ക്രിസ്തീയ ആരാധനാലയമാണിതെന്നു കരുതപ്പെടുന്നു. സീറോ മലബാർ കത്തോലിക്കാ സഭയുടെ ഇരിങ്ങാലക്കുട രൂപതയിലുൾപ്പെടുന്നതാണ് ഈ പള്ളി.

പാലയൂർ പള്ളി[തിരുത്തുക]

പ്രധാന ലേഖനം: പാലയൂർ പള്ളി
പാലയൂർ പള്ളി

തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ സ്ഥിതി ചെയ്യുന്ന പാലയൂർ പള്ളി ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പറയുന്ന പാലയൂർ മഹാദേവക്ഷേത്രം നിന്നിരുന്നതിനടുത്താണ് പള്ളി നിർമ്മിച്ചത്. ആദ്യം അദ്ദേഹം അവിടെ ഒരു കുരിശ് മാത്രം സ്ഥാപിക്കുകയും പിന്നീട് പള്ളി പണികഴിപ്പിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം. സീറോ മലബാർ കത്തോലിക്കാ സഭയുടെ തൃശൂർ അതിരൂപതയിലുൾപ്പെടുന്നതാണ് ഈ പള്ളി.

കോക്കമംഗലം പള്ളി[തിരുത്തുക]

പ്രധാന ലേഖനം: കോക്കമംഗലം പള്ളി
കോക്കമംഗലം പള്ളി

ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്ക് അടുത്ത് കോക്കമംഗലത്ത് സ്ഥിതി ചെയ്യുന്ന കോക്കമംഗലം പള്ളി ക്രി.വ 53-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹാ കോക്കമംഗലത്ത് എത്തി ഏകദേശം ഒരു വർഷത്തോളം വചന പ്രഘോഷണം നടത്തി എന്നാണ് വിശ്വാസം. 1600 പേരോളം അന്ന് ക്രിസ്തുമതം സ്വീകരിച്ചതായി കേരളത്തിലെ പുരാതന ക്രിസ്തീയ ഗാനരൂപമായ റമ്പാൻ പാട്ടിൽ പറയുന്നു. അദ്ദേഹം കോക്കമംഗലത്ത് ഒരു ക്രിസ്തീയ സമൂഹത്തെ വാർത്തെടുക്കുകയും അവർക്കായി ഒരു കുരിശ് വാഴ്ത്തി സ്ഥാപിക്കുകയും ചെയ്തു.

കോട്ടക്കാവ് പള്ളി[തിരുത്തുക]

കോട്ടക്കാവ് പഴയ പള്ളി
കോട്ടക്കാവ് പുതിയ പള്ളി

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ദേശീയപാത 17-ന് അരുകിലായി പെരിയാറിന്റെ തീരത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

നിരണം പള്ളി[തിരുത്തുക]

പ്രധാന ലേഖനം: നിരണം പള്ളി
നിരണം പള്ളി

പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ നിരണം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരണം പള്ളി ക്രി.വ 54-ൽ തോമ്മാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. പിന്നീട് പല പ്രാവശ്യം ഈ ദേവാലയം പുതുക്കിപ്പണിഞ്ഞിട്ടുണ്ട്. ഇപ്പോൾ തിരുവിതാംകൂർ പ്രദേശത്തുള്ള പല പള്ളികളുടെയും തലപ്പള്ളിയാണ് നിരണം പള്ളി. പമ്പാനദിയുടെ ഉപനദിയായ കോലറയാറിന് തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളിയിൽ ഹൈന്ദവക്ഷേത്രങ്ങളിലേതുപോലെ കരിങ്കൽ വിളക്കുകളും കൊത്തുപണികളും ഉണ്ട് . വീരാടിയാൻ പാട്ടുകൾ, റമ്പാൻ പാട്ടുകൾ, മാർഗ്ഗംകളിപ്പാട്ടുകൾ തുടങ്ങിയ സാഹിത്യ കൃതികളിൽ പുരാതന നിരണത്തെക്കുറിച്ചും നിരണം പള്ളിയെക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്. മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയം കൂടിയാണ് നിരണം പള്ളി.

നിലയ്ക്കൽ പള്ളി[തിരുത്തുക]

പ്രധാന ലേഖനം: നിലയ്ക്കൽ പള്ളി
നിലയ്ക്കൽ പളളി

പത്തനംതിട്ട ജില്ലയിൽ നിലയ്ക്കൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി വിവിധ സഭകൾക്ക് പങ്കാളിത്തമുള്ള ഒരു എക്യൂമെനിക്കൽ ദേവാലയമാണ്. ലോകത്തിലെ തന്നെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയമാണിത്[അവലംബം ആവശ്യമാണ്].

തേവലക്കര പള്ളി[തിരുത്തുക]

പ്രമാണം:Thevalakkara Pally.jpg
തേവലക്കര മാർത്ത മറിയം സിറിയൻ ഓർത്തോഡോക്സ് പള്ളി
പ്രധാന ലേഖനം: തേവലക്കര പള്ളി

പുരാതന കാലത്ത് കൊല്ലം പ്രശസ്തമായ ഒരു തുറമുഖവും വ്യാപാര കേന്ദ്രവുമായിരുന്നു. പ്രാദേശിക പാരമ്പര്യമനുസരിച്ച്, സെന്റ് തോമസ് തുറമുഖത്തിന് സമീപം ഒരു പള്ളി സ്ഥാപിച്ചു, അത് അറേബ്യൻ കടൽ നശിപ്പിച്ചതായി കരുതപ്പെടുന്നു.

പള്ളിക്ക് സമീപം താൽക്കാലികമായി താമസിക്കുന്നവർ തേവലക്കരയിലേക്ക് കുടിയേറി ഈ വിശുദ്ധ പള്ളി പണിതു. കൊല്ലത്തിനടുത്തുള്ള പ്രധാന ദേവാലയങ്ങളിലൊന്നാണ് തേവലക്കരയിലെ മാർത്ത മറിയം ഓർത്തഡോക്സ് സിറിയൻ ചർച്ച്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചവറ കുട്ടിവട്ടം ജംഗ്ഷന് അഞ്ച് കിലോമീറ്റർ കിഴക്കും ശാസ്താംകോട്ടയ്ക്ക് പടിഞ്ഞാറ് ആറ് കിലോമീറ്റർ മാറിയാണ് പള്ളി.

തിരുവിതാംകോട് പള്ളി[തിരുത്തുക]

പ്രധാന ലേഖനം: അരപ്പള്ളി
തിരുവിതാംകോട് പള്ളി

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവിതാംകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി എന്ന തിരുവിതാംകോട് പള്ളി ക്രി.വ 63-ൽ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു.[5][6] ഈ ദേവാലയത്തിന് അരപ്പള്ളി എന്ന വിശേഷണം ലഭിച്ചതിനെപ്പറ്റി വിവിധ അഭിപ്രായങ്ങളുണ്ട്. തോമയാർ കോവിൽ എന്നു കൂടി അറിയപ്പെടുന്ന ഈ പള്ളി തമിഴ്‌നാട്ടിലെ ആദ്യകാല ക്രൈസ്തവ ദേവാലയങ്ങളിലൊന്നായി കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

  1. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. പുറം. 28. Cite has empty unknown parameter: |coauthors= (help)
  2. Issac Arul Dhas G., `Kumari Mannil Christhavam`(Tamil), ISBN 978-81-8465-204-8, Page:7. While the Saint Thomas tradition of Indian Christianity cannot be verified as historical, it is certain that there was a tradition of Thomas travelling to India from at least the 3rd century (Acts of Thomas), and there is independent confirmation of the existence of a Christian church in India from the 6th century (Cosmas Indicopleustes).
  3. ഹരിശ്രീ ക്ലാസിക്‌സ് - മനുഷ്യരാശിയുടെ വെളിച്ചങ്ങൾ, മാതൃഭൂമി തൊഴിൽ വാർത്താ പ്രസിദ്ധീകരണം, 2010, പു.34
  4. "Seven and a Half Churches of the Ezhara Pallikal established by St. Thomas| Christianity | Kerala Tourism" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-18.
  5. തീർത്ഥാടന കേന്ദ്ര പ്രഖ്യാപനം, വാർത്തയും സംഭവങ്ങളും, മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്സൈറ്റ്
  6. "തിരുവിതാംകോട് പള്ളി ആഗോള തീർത്ഥാടന കേന്ദ്രമാകുന്നു, ദ് ഹിന്ദു ദിനപത്രം, 2007 ഡിസംബർ 7". മൂലതാളിൽ നിന്നും 2007-12-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-08.
"https://ml.wikipedia.org/w/index.php?title=ഏഴരപ്പള്ളികൾ&oldid=3652054" എന്ന താളിൽനിന്ന് ശേഖരിച്ചത്