അഷ്ടമുടിക്കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഷ്ടമുടി കായൽ
അഷ്ടമുടിക്കായലിന്റെ ആകാശ കാഴ്ച
അഷ്ടമുടിക്കായലിന്റെ ആകാശ കാഴ്ച
Location of Ashtamudi Lake
Location of Ashtamudi Lake
അഷ്ടമുടി കായൽ
സ്ഥാനംകൊല്ലം, കേരളം
നിർദ്ദേശാങ്കങ്ങൾ8°59′N 76°36′E / 8.983°N 76.600°E / 8.983; 76.600Coordinates: 8°59′N 76°36′E / 8.983°N 76.600°E / 8.983; 76.600
പ്രാഥമിക അന്തർപ്രവാഹംകല്ലടയാർ
Catchment area1,700 കി.m2 (1.8×1010 sq ft)
Basin countriesഇന്ത്യ
ഉപരിതല വിസ്തീർണ്ണം61.4 കി.m2 (661,000,000 sq ft)
പരമാവധി ആഴം6.4 മീ (21 അടി)
Water volume76,000,000,000 കി.m3 (2.7×1021 cu ft)
ഉപരിതല ഉയരം10 മീ (33 അടി)
Islandsമൺറോ തുരുത്ത് , [ചവറ തെക്കുംഭാഗം ] ,ദളവാപുരം, പള്ളിയാത്തുരുത്ത്, സെൻ്റ് സെബാസ്റ്റ്യൻ അയലൻഡ്, പൂത്തുരുത്ത്, പന്നയ്ക്കൽത്തുരുത്ത്, കൊച്ചു തുരുത്ത്, കാക്കത്തുരുത്ത്, പുത്തൻതുരുത്ത്,കല്ലുകട തെക്കേത്തുരുത്ത്, മദാമ്മത്തുരുത്ത്, ബിഷപ്പിൻ്റെ തുരുത്തു്
അധിവാസ സ്ഥലങ്ങൾകൊല്ലം, കുണ്ടറ
വീരഭദ്രസ്വാമി ക്ഷേത്രത്തിനു സമീപമുള്ള കായൽ ദൃശ്യം

കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായൽ. ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുള്ള കായലുമാണ് കൊല്ലം ജില്ലയിലുള്ള ഈ കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി). ഈ പേര്‌ കായൽ പരന്നുകിടക്കുന്ന സ്ഥലത്തിൻറെ ഒരു ദൃശ്യരൂപം വരച്ചുകാട്ടുന്നു. എട്ടു പ്രധാന ശാഖാകാലാണ് കായലിനുള്ളത്. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു.[1][2][3]

അഷ്ടമുടിയിലേക്ക് ഒഴുകുന്ന പ്രധാന നദി കല്ലടയാണ്. കുളത്തൂപ്പുഴ, ചെന്തുരുണി, കൽത്തുരുത്തി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനത്ത് രൂപം കൊണ്ട നദി ആണ് കല്ലട നദി.  പശ്ചിമഘട്ടത്തിൽ നിന്നാണ് കല്ലട നദി ഉത്ഭവിക്കുന്നത്. കന്യാവനങ്ങളിൽ അത് കടന്നുപോകുന്നു. അതിലൂടെ 120 കി.മീ ഓളം ഏകദേശം ദൂരം സഞ്ചരിച്ച് ഒടുവിൽ  അഷ്ടമുടി തണ്ണീർത്തടത്തിൽ പതിക്കുന്നു.[4]

നീർത്തടങ്ങളുടെ സം‌രക്ഷത്തെയും അവയുടെ സന്തുലിത ഉപയോഗത്തെക്കുറിച്ചുമുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്‌ അഷ്ടമുടി നീർത്തടം.[5] കായലിന്റെ ഏറ്റവും ആഴമുള്ള ഭാഗം കുണ്ടറ ഭാഗത്താണ്. പണ്ട്, കല്ലടയാർ പതിക്കുന്ന കായൽ മുഖത്ത് ധാരാളം ശുദ്ധജലമത്സ്യങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ഓരു ജല മത്സ്യങ്ങൾ മാത്രമായി കായലിൽ. അതു കൊണ്ട് വിവിധയിനം കക്കാകളും സമ‍ൃദ്ധമാണ്. [6]

തടാകപരിസരത്തുള്ള ചവറ തെക്കും ഭാഗം  മണ്ണിലെ ഉയർന്ന ടൈറ്റാനിയത്തിനും മറ്റ് ധാതു നിക്ഷേപങ്ങൾക്കും പേരുകേട്ടതാണ്. ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനും അവയുടെ വാണിജ്യവൽക്കരണത്തിനുമായി പ്രവർത്തിക്കുന്ന നിരവധി ഫാക്ടറികളും വ്യവസായശാലകളും ഈ ദ്വീപിലുണ്ട്. അഷ്ടമുടിക്കായലിന്റെയും കല്ലട നദിയുടെയും സംഗമസ്ഥാനത്തുള്ള മറ്റൊരു പ്രശസ്തമായ ദ്വീപസമൂഹമാണ് മൺറോ ദ്വീപുകൾ. കാലാനുസൃതമായി അപൂർവ ദേശാടന പക്ഷികളെ കാണാൻ കഴിയുന്ന തടാകക്കരയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. ഈ ദ്വീപസമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാർഗ്ഗമാണ് ബോട്ടിംഗ്. വൈവിധ്യമാർന്ന ജൈവവൈവിധ്യത്തിനും പാരിസ്ഥിതിക പ്രത്യേകതകൾക്കും പേരുകേട്ടതാണ് അഷ്ടമുടി അഴിമുഖം. വംശനാശഭീഷണി നേരിടുന്ന രണ്ട് ഇനങ്ങളായ സിസിജിയം ട്രാവൻകോറിക്കം, കാലമസ് റൊട്ടാങ് എന്നിവ ഉൾപ്പെടെ 43 വ്യത്യസ്ത ഇനം ചതുപ്പുനിലമുള്ള കണ്ടൽക്കാടുകളുടെ സാന്നിധ്യം ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ദേശാടന സ്പീഷീസുകൾ ഉൾപ്പെടെയുള്ള അപൂർവവും വൈവിധ്യമാർന്നതുമായ ജലജന്തുജാലങ്ങളെ തടാക വ്യവസ്ഥയിൽ ആതിഥേയത്വം വഹിക്കുന്നു. വിവിധ പഠനങ്ങൾ പ്രകാരം ഈ പ്രദേശത്ത് ഏകദേശം 40 തണ്ണീർത്തടങ്ങളെ ആശ്രയിക്കുന്ന പക്ഷികൾ, 45 പ്രാണികൾ, 9 ഫൈറ്റോപ്ലാങ്ക്ടൺ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ കൂടാതെ, തടാകക്കരയിലെ പ്രകൃതിരമണീയമായ ഗ്രാമങ്ങളിൽ തെങ്ങുകളും പനകളും സമൃദ്ധമാണ്, അവ പ്രാദേശിക സമൂഹങ്ങളുടെ സാമ്പത്തിക വിഭവമായി കണക്കാക്കപ്പെടുന്നു. [7]ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ അവരുടെ ഉപജീവനത്തിനായി അഴിമുഖത്തെ നേരിട്ട് ആശ്രയിക്കുന്നു.[8]വേമ്പനാട്  അഴിമുഖം കഴിഞ്ഞാൽ കേരളത്തിൽ ഉള്ള രണ്ടാമത്തെ വലിയ മത്സ്യവ്യാപാര കേന്ദ്രമാണിത്.[4]

കായലിന്റെ തെക്കുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു. കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി ഈ കായൽ പാതയിലൂടെ കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്‌. തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു. മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌.[1][9][10] കായലും അതിന്റെ തീരത്തുള്ള കൊല്ലം നഗരവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടി സംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു.[10] കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.

കായൽപ്പരപ്പിനെ തഴുകിയെത്തുന്ന കാറ്റും കായലോളങ്ങളും കായൽക്കരയിലെ ജീവിതത്തുടിപ്പും നിരവധി കലാസാഹിത്യ പ്രതിഭകൾക്ക് പ്രചോദനമായിട്ടുണ്ട്. ജയപാലപ്പണിക്കർ, പാരീസ് വിശ്വനാഥൻ, കുരീപ്പുഴ ശ്രീകുമാർ, വി.സാംബശിവൻ,അഴകത്ത് പത്മനാഭക്കുറുപ്പ്, ഷാജി എൻ. കരുൺ, ഡി. വിനയചന്ദ്രൻ,പഴവിള രമേശൻ, എന്നിവരുൾപ്പെടുന്ന പ്രതിഭകൾ ഈ തീരത്ത് ജനിച്ചവരാണ്. തിരുനല്ലൂർ കരുണാകരന്റെ പല കവിതകളുടേയും പശ്ചാത്തലമായി അഷ്ടമുടിക്കായൽ കാണാം. അതിൽ പ്രധാനം റാണി എന്ന ഖണ്ഡകാവ്യമാണ്. ഒ.എൻ.വി.കുറുപ്പിൻ്റെ പല കവിതകളിലും ഈ കായൽ ഇടം പിടിച്ചിട്ടുണ്ട്. കുരീപ്പുഴ ശ്രീകുമാറിൻ്റെ ഇഷ്ടമുടിിക്കായൽ എന്ന കവിത കായലിനെ ജൈവികമായും സാംംസ്കാരികമായും അടയാളപ്പെടുത്തുന്നതാണ്.

കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമൺ ദുരന്തം നടന്നത് അഷ്ടമുടിക്കായലിലാണ്. 1988 ജൂലൈ 8-ന് നടന്ന ഈ ദുരന്തത്തിൽ 107 പേരാണ് മരിച്ചത്.

ചരിത്രം[തിരുത്തുക]

ഫിനീഷ്യരുടേയും റോമക്കാരുടേയും കാലത്തു തന്നെ കൊല്ലവും അഷ്ടമുടിക്കായലും പ്രാധാന്യമുള്ളവയായിരുന്നു. 14-ആം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ എണ്ണിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി പ്രക്ഷോഭം സംഘടിപ്പിച്ചത് ഇവിടെ നിന്നായിരുന്നു.[11]പുരാതന നഗരമായ ക്വയിലോണിനെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖമായിരുന്നു തടാക പരിസരം. മൊറോക്കൻ പര്യവേക്ഷകനായ ഇബ്ൻ ബത്തൂത്തയുടെ ചരിത്രരേഖകൾ പുരാതന കാലഘട്ടത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായി അഷ്ടമുടി തടാകത്തിന്റെ തീരത്തുള്ള ക്വയിലോൺ നഗരത്തെ എടുത്തുകാണിക്കുന്നു. ക്വയിലോൺ എന്ന കൊല്ലം ഇപ്പോഴും കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ്, തടാകത്തിലേക്കുള്ള പ്രവേശന നഗരമായി കണക്കാക്കപ്പെടുന്നു. തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന 1000 വർഷം പഴക്കമുള്ള ക്ഷേത്രവും 200 വർഷം പഴക്കമുള്ള പള്ളിയും പുരാതന കാലഘട്ടത്തിലെ തടാകത്തിന്റെയും പരിസരത്തിന്റെയും സാമൂഹിക-സാംസ്കാരിക പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.[7]

അഷ്ടമുടിക്കായലിന്റെ എട്ടു മുടികൾ[തിരുത്തുക]

തേവള്ളി തടാകം[12][തിരുത്തുക]

അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്തുള്ള പ്രസിദ്ധമായ തടാകമാണ് തേവള്ളി തടാകം. ദേശിംഗനാട് രാജാക്കന്മാരുടെ വേനൽക്കാല അഭയകേന്ദ്രമായ തേവള്ളി കൊട്ടാരം ഈ തടാകത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കിഴക്കേ അറ്റത്ത് ആശ്രമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അഞ്ചാലുംമൂട്, കടവൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തേവള്ളി പാലം ഈ തടാകത്തിന് കുറുകെയാണ്. അതിന്റെ വടക്കേ കരയിൽ കടവൂർ പള്ളിയും തെക്കേ കരയിൽ തേവള്ളി കൊട്ടാര സമുച്ചയവും സ്ഥിതി ചെയ്യുന്നു. ഇത് പ്രകൃതിദത്ത ജലപാതയായ കൊല്ലംതോടിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്നു.[12]

കണ്ടച്ചിറ തടാകം[12][തിരുത്തുക]

തേവള്ളി കായലിന്റെ വടക്കുകിഴക്ക് ഭാഗത്തുള്ള അഷ്ടമുടിക്കായലിന്റെ ഭാഗമാണ് കണ്ടച്ചിറ തടാകം. ഈ തടാകത്തിന്റെ കിഴക്ക് മാങ്ങാടും വടക്ക് പടിഞ്ഞാറ് അഞ്ചാലുംമൂടും കടവൂരും സ്ഥിതി ചെയ്യുന്നു. ഈ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്താണ് കടവൂരിലെ പ്രസിദ്ധമായ ശ്രീ മഹാദേവ ക്ഷേത്രം. ഈ തടാകത്തിലൂടെയാണ് 'നെടുങ്കുതിര' (എടുപ്പുകുതിര) ക്ഷേത്രക്കരയായ 'കുതിരക്കട'യിൽ വള്ളങ്ങളിൽ കൊണ്ടുവരുന്നത്.[12]

കുരീപ്പുഴ കായൽ[12][തിരുത്തുക]

അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിൽ ഉരുൾ നേർച്ച
അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിൽ ഉരുൾ നേർച്ച

ഉപദ്വീപായ കുരീപ്പുഴയെ വലയം ചെയ്യുന്ന അഷ്ടമുടിക്കായലിന്റെ ഭാഗമാണ് കുരീപ്പുഴ കായൽ. തേവള്ളി തടാകത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇത്. അതിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് തോപ്പിൽക്കടവ് മുതൽ കാവനാട് വരെയും വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഓലിക്കര മുതൽ സാമ്പ്രാണിക്കൊടി വരെയും ഉൾപ്പെടുന്ന ബോട്ട് ബേകൾ ഉണ്ട്.[12]

തെക്കുംഭാഗം[12][തിരുത്തുക]

അഷ്ടമുടിക്കായലിലെ ഏറ്റവും വലിയ ദ്വീപായ തെക്കുംഭാഗത്തെ പൊതിഞ്ഞ അഷ്ടമുടിക്കായലിന്റെ ഭാഗമാണ് തെക്കുംഭാഗം. നീണ്ടകര മുതൽ ദളവപുരം വരെയാണ് ഇത്. ദളവപുരം, പാവുമ്പ പാലങ്ങൾ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നു. പ്രാക്കുളം മുതൽ അഷ്ടമുടി വരെയും പാവുമ്പ മുതൽ നീണ്ടകര വരെയുള്ള പ്രദേശങ്ങളും ഈ തടാകത്തിന് ചുറ്റുമുണ്ട്. കേരളത്തിലെ ഏക വീരഭദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്ന ‘അഷ്ടമുടി’ ഈ തടാകത്തിന്റെ വടക്കുകിഴക്കൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ തീരത്തുള്ള ഒരേയൊരു പ്രദേശത്തിന് 'അഷ്ടമുടിക്കായൽ' എന്ന പേര് ലഭിച്ചു. "അഷ്ടമുടിയുടെ ഹൃദയം" എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കൊല്ലത്തിന്റെ വടക്കോട്ടുള്ള ദേശീയ ജലപാത ആരംഭിക്കുന്നത് ഈ തടാകത്തിൽ നിന്നാണ്.[12]

കല്ലട തടാകം[12][തിരുത്തുക]

കല്ലടയാറിന്റെ തടത്തെ സ്പർശിക്കുന്ന അഷ്ടമുടിക്കായലിന്റെ ഭാഗമാണ് കല്ലട തടാകം. കല്ലടയാറിനോട് ചേർന്ന് കിടക്കുന്നതിനാൽ കല്ലട തടാകം എന്നാണ് ഇത് അറിയപ്പെടുന്നത്. അഷ്ടമുടിക്കായലിന്റെ ഏറ്റവും മനോഹരമായ ഭാഗങ്ങളിലൊന്നാണ് കല്ലട തടാകം. മൺറോത്തുരുത്ത്, പട്ടം തുരുത്ത്, നീട്ടും തുരുത്ത് തുടങ്ങിയ മനോഹരമായ ദ്വീപുകളുടെ ഒരു കൂട്ടം ഇതിൽ ഉൾപ്പെടുന്നു.[12]

അഷ്ടമുടിക്കായലിനെ ചിത്രീകരിക്കുന്ന തിരുവിതാംകൂറിന്റെ സ്റ്റാമ്പ്
അഷ്ടമുടിക്കായലിനെ ചിത്രീകരിക്കുന്ന തിരുവിതാംകൂറിന്റെ സ്റ്റാമ്പ്

പെരുമൺ കായൽ[12][തിരുത്തുക]

പെരുമണിനും പേഴുംതുരുത്തിനും ഇടയിൽ പരന്നുകിടക്കുന്ന അഷ്ടമുടിക്കായലിന്റെ ഭാഗമാണ് പെരുമൺ തടാകം. പെരുമണിനെയും പേഴുംതുരുത്തിനെയും ബന്ധിപ്പിക്കുന്നതാണ് പെരുമൺ പാലം. പാലത്തിൽ നിന്ന് കിഴക്ക് പള്ളിയാംതുരുത്ത് ദ്വീപും പടിഞ്ഞാറ് അഷ്ടമുടിയും കാണാം.പെരുമൺ ദുരന്തം നടന്നത് ഇതിലാണ്.[12]

കുമ്പളത്ത് കായൽ[12][തിരുത്തുക]

ഉപദ്വീപായ പടപ്പക്കരയുടെ വടക്ക് ഭാഗത്തിനും കിഴക്കൻ കല്ലടയുടെ വടക്ക് ഭാഗത്തിനും ഇടയിൽ ഒഴുകുന്ന അഷ്ടമുടിക്കായലിന്റെ ഭാഗമാണ് കുമ്പളത്ത് കായൽ. കുമ്പളം, നെല്ലിമുക്കം, വാളത്തിൽ മണ്ണുകടവ് തുറകൾ ഈ കായലിലാണ്[12]

കാഞ്ഞിരോട്ട് കായൽ[12][തിരുത്തുക]

ഉപദ്വീപായ പടപ്പക്കരയുടെ തെക്ക് ഭാഗത്തുള്ള അഷ്ടമുടിക്കായലിന്റെ ഭാഗമാണ് കാഞ്ഞിരോട്ട് കായൽ. അഷ്ടമുടിക്കായലിന്റെ ഏറ്റവും ആഴമേറിയ ഭാഗമാണിത്. അതിന്റെ പടിഞ്ഞാറ് പെരുമൺ കായലും പെരുമൺ പാലവും തെക്ക് കിഴക്ക് കുണ്ടറയും ചരിത്രപ്രസിദ്ധമായ 'കുണ്ടറ വിളംബര'ത്തിന്റെ സ്ഥലവുമാണ്.[12]

അഴിമുഖം[തിരുത്തുക]

അഷ്ടമുടിക്കായൽ അറബിക്കടലുമായി സംഗമിക്കുന്ന സ്ഥലമാണ് കായലിൻറെ അഴിമുഖം എന്നറിയപ്പെടുന്നത്. നീണ്ടകരയ്ക്കും ശക്തികുളങ്ങരയ്ക്കും മധ്യേയാണ് ഈ സംഗമസ്ഥാനം. സംഗമസ്ഥാനത്തിന് ഇരുവശവും ഇരുകരകൾക്കും കടലാക്രമണത്തിൽ നിന്ന് സംരക്ഷണം നൽകുന്ന നീളമേറിയ പുലിമുട്ടുകൾ സ്ഥിതി ചെയ്യുന്നു. ഇരുകരകളിലുമായാണ് കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഫിഷിംഗ് ഹാർബറായ നീണ്ടകര-ശക്തികുളങ്ങര ഫിഷിംഗ് ഹാർബർ സ്ഥിതി ചെയ്യുന്നത്. [13]

കായലിനു കുറുകെ ഉള്ള പാലങ്ങൾ[തിരുത്തുക]

ഈ തടാകത്തിന് കുറുകെ നിരവധി പാലങ്ങൾ അതിന്റെ തീരങ്ങളെയും ദ്വീപുകളെയും ഒരുമിച്ചും തീരങ്ങളെ ദ്വീപുകളുമായും ബന്ധിപ്പിക്കുന്നു. നീണ്ടകര പാലം, ദളവപുരം പാലം, പാവുമ്പ പാലം, പെരുമൺ പാലം, പേഴുംതുരുത്ത് പാലം, തേവള്ളി പാലം തുടങ്ങി നിരവധി ദ്വീപുകൾ ഈ കായലിൽ ജനവാസമുള്ളതാണ്. ദ്വീപുകളിലെ ജനങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ ഒരു പ്രധാന ദേശത്തെ ജനങ്ങളെപ്പോലെ തന്നെ പാലങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. [12]

കായലിലെ ദ്വീപുകൾ[തിരുത്തുക]

അഷ്ടമുടിക്കായലിന്റെ ദ്വീപുകൾ തടാകത്തിന്റെ സൗന്ദര്യത്തിന് സംഭാവന നൽകുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. മനുഷ്യർ വസിക്കുന്നതും ആൾതാമസമില്ലാത്തതുമായ വലിയതും ചെറുതുമായ ദ്വീപുകളുണ്ട്. മൺറോത്തുരുത്ത്, പേഴുംതുരുത്ത്, പട്ടംതുരുത്ത്, നീട്ടും തുരുത്ത്, പുത്തൻതുരുത്ത്, പൂത്തുരുത്ത്, പന്നയ്ക്കാതുരുത്ത്, വെളുത്തുരുത്ത്, നീലേശ്വരം തുരുത്ത്, കാക്ക തുരുത്ത്, പള്ളിയം തുരുത്ത് തുടങ്ങിയവയാണ് ശ്രദ്ധേയമായ ദ്വീപുകൾ.[12]

സാമ്പ്രാണിക്കോടി[തിരുത്തുക]

സാമ്പ്രാണിക്കോടി കണ്ടൽ കമാനം

ബ്രിട്ടീഷ് ഭരണകാലത്തുതന്നെ പേരെടുത്ത മണ്ട്രോതുരുത്തിനു ശേഷം കൊല്ലം ജില്ലയുടെ വിനോദസഞ്ചാര പട്ടികയിലിടം പിടിച്ച ഭൂമി ആണ് സാമ്പ്രാണിക്കോടി അഥവാ സാമ്പ്രാണി തുരുത്ത്. [14] തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡാണു സാമ്പ്രാണിക്കോടി. സാമ്പ്രാണിക്കോടി എന്ന വ്യത്യസ്തമായ പേര് എങ്ങനെയാണ് ഉണ്ടായതിനെക്കുറിച്ച് രസകരമായ ഒരു വസ്തുത പ്രചരിക്കുന്നുണ്ട്. ഈ പ്രദേശം കണക്കാക്കിയാണ് പണ്ട് ചെറുകപ്പലുകൾ ചരക്കു കയറ്റാനും ഇറക്കാനും അടുപ്പിച്ചിരുന്നത്. അന്ന് ധാരാളം ചൈനക്കാരുടെ കപ്പലുകൾ അവിടെ എത്തുമായിരുന്നു. ചൈനാക്കാരുടെ ചെറു കപ്പലുകളെ തദ്ദേശീയരായ ജനങ്ങൾ വിളിച്ചിരുന്നത് ചാമ്പ്രാണി എന്ന പേരിലായിരുന്നു. ഇതിൽ നിന്നാണ് ഇന്നത്തെ സാമ്പ്രാണി എന്ന പേര് എത്തിയതെന്നാണ് പറയപ്പെടുന്നത്. [14]രണ്ടേക്കറോളം ഭൂമിയിൽ കണ്ടൽക്കാടുകൾ സമൃദ്ധമായി വളരുന്ന ഇടംകൂടിയാണിവിടം. ബോട്ടിൽ കയറി വേണം ഇവിടെയെത്താൻ. കാവനാട് ബോട്ട് ജെട്ടിയിൽ നിന്ന് ജലഗതാഗത വകുപ്പിൻ്റെ ബോട്ട് സർവീസ് സാമ്പ്രാണി കടവിലേക്കുണ്ട്. അതല്ല റോഡ് വഴിയാണ് വരുന്നതെങ്കിൽ ബൈപസിലെ കടവൂർ സിഗ്നലിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അഞ്ചാലുംമൂട്ടിലെത്തി പ്രാക്കുളം വഴി വരാം. സാമ്പ്രാണിക്കടവിൽ എത്തിയാൽ അവിടുത്തെ കാഴ്ചകൾ കാണാൻ ബോട്ട് സർവീസുണ്ട്. ഡിടിപിസിയുടെ 17 സീറ്റുള്ള ഒരു ബോട്ടും മറ്റു സ്വകാര്യവ്യക്തികളുടെ ഏകദേശം ഇരുപതോളം ബോട്ടുകളും സാമ്പ്രാണി കടവിലുണ്ട്. ഏകദേശം 10-15 മിനിറ്റ് ദൈർഘ്യമുള്ള ബോട്ട് യാത്രയാണ് സാമ്പ്രാണിക്കടവിൽ ആസ്വദിക്കാനാകുക.സാമ്പ്രാണിക്കോടിയിലെ പ്രധാന ആകർഷണം രണ്ട് ഏക്കറോളം വിസ്തൃതിയുള്ള കണ്ടൽ തുരുത്താണ്. ഏകദേശം ഒൻപതു വർഷം മുൻപ് ദേശീയ ജലപാതയ്ക്കു വേണ്ടി കായൽ ഡ്രജ് ചെയ്തെടുത്ത മണ്ണ് കൂട്ടിയിട്ടപ്പോൾ ഉണ്ടായ ദ്വീപാണ് ഇത്. ഈ ദ്വീപിൽ മഴക്കാലങ്ങളിൽ ഒഴുകിവരുന്ന കണ്ടൽചെടികൾ അടിഞ്ഞു വളരുകയായിരുന്നു. ഇന്ന് ആര് കണ്ടാലും അത്ഭുതപ്പെട്ടു പോകുന്ന ഒരു കണ്ടൽവനമായി ആ ദ്വീപ് മാറിയിരിക്കുന്നു. സാമ്പ്രാണി കടവിൽ നിന്നും കണ്ടാൽ തുരുത്തിലേക്ക് പോകുവാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ബോട്ടുണ്ട്. തുരുത്തിനു സമീപം ഡിടിപിടസി തയാറാക്കിയ ഫ്ലോട്ടിങ് ജെട്ടിയിൽ ഇറങ്ങിയാൽ തുരുത്തിലേക്ക് നടന്നു പോകുകയും ചെയ്യാം. സാമ്പ്രാണിക്കോടിയിൽ വേലിയേറ്റ സമയത്തു പോലും ഇവിടെ മുട്ടറ്റം വെള്ളമേ കാണുകയുള്ളു എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികൾ വരെ ഇവിടെ എത്തിയാൽ പ്രദേശത്തെ നന്നായി ആസ്വദിക്കും. ചാഞ്ഞു നിൽക്കുന്ന കണ്ടൽ മരങ്ങളിൽ കയറിയിരുന്ന് സമയം പോക്കാമെന്നുള്ളതും പ്രത്യേകതയാണ്. ജലഗതാഗത വകുപ്പിൻ്റെ കൊല്ലം- സാമ്പ്രാണിക്കോടി ബോട്ടിലും വഞ്ചിവീടുകളിലും കാറുകളിലുമായി ആയിരക്കണക്കിനു സ്വദേശ-വിദേശ യാത്രികർ ഇവിടെയെത്തുന്നുണ്ട്.[14]

ചീനവല

മലിനീകരണ ഭീഷണി[തിരുത്തുക]

2000-ൽ, സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സെറാമിക്സ് ലിമിറ്റഡ് (കെസിഎൽ) കുണ്ടറ തടാകത്തിലേക്ക് കളിമണ്ണ് ഒഴുക്കിയതിനാൽ തടാകത്തിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള കാഞ്ഞിരക്കോട് തോട് പൂർണ്ണമായും നശിച്ചു. [15]കളിമണ്ണ് വലിച്ചെറിയുന്നത് അപകടമുണ്ടാക്കുമെന്ന ആശങ്കയിൽ നാട്ടുകാർ മലിനീകരണ നിയന്ത്രണ-പ്രതിരോധ സംയുക്ത കർമസമിതി രൂപീകരിച്ചു. പ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹവും കയർ തൊഴിലാളികളും ഉൾപ്പെട്ടവരാണ് കർമസമിതി. കെസിഎല്ലിനെതിരെ അവർ ശക്തമായി പ്രതിഷേധിച്ചു.[15] അഴിമുഖത്തിന്റെ ശോച്യാവസ്ഥ തടയാൻ 2001-ൽ അഷ്ടമുടി മാനേജ്‌മെന്റ് പ്ലാൻ നിർദ്ദേശിച്ചു. 2002-ൽ തടാകത്തെ റാംസർ സൈറ്റായി നിശ്ചയിച്ചു. പിന്നീട് 2004-ൽ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, തണ്ണീർത്തടത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാനും പരിപാലിക്കാനും ലക്ഷ്യമിട്ട് ഒരു മാനേജ്മെന്റ് ആക്ഷൻ പ്ലാൻ (MAP) അനുവദിച്ചു. ജില്ലാ ഗ്രാമവികസന ഏജൻസി (ഡിആർഡിഎ), ബ്രാക്കിഷ് വാട്ടർ ഫിഷ് ഫാർമേഴ്സ് ഡെവലപ്മെന്റ് ഏജൻസി (ബിഎഫ്എഫ്ഡിഎ) എന്നിവ സംയുക്തമായാണ് 22.83 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള ചുമതല. അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനായി പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) രൂപീകരിച്ചിട്ടും എസ്ടിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.[15] കേരള ശാസ്ത്ര സാഹിത്യ പരിഷത്തും (കെഎസ്എസ്പി) തടാക സംരക്ഷണത്തിനായി 2006 മുതൽ പ്രവർത്തിക്കുന്നുണ്ട്. [15]

2007ൽ തടാകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം റവന്യൂ സർവേ നടത്തിയിരുന്നു. ഈ സർവേയിൽ വൻ കൈയേറ്റങ്ങൾ കണ്ടെത്തി. കായലിലെ പരമ്പരാഗത കണ്ടൽക്കാടുകൾ നശിപ്പിച്ച് കൈയേറ്റം സുഗമമാക്കിയതായും സർവേയിൽ കണ്ടെത്തി. ഈ കൈയേറ്റങ്ങളുടെ ഫലമായി, തടാകത്തിന്റെ 80 ശതമാനത്തോളം കരകളും ലാറ്ററൈറ്റ് കല്ലുകളും ഗ്രാനൈറ്റും ഉപയോഗിച്ച് നിർമ്മിച്ച ലംബമായ മതിലുകൾ ഉൾക്കൊള്ളുന്നു. ഈ മതിലുകൾ മത്സ്യം മുട്ടയിടുന്നത് തടയുന്നു. തടാകത്തിന്റെ തീരത്തെ കണ്ടൽക്കാടുകൾ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 30 ലക്ഷം രൂപ എസ്ടിഎഫിന് അനുവദിച്ചു. ഈ പരിപാടിക്ക് കീഴിൽ രണ്ട് വർഷം മുമ്പ് ആരംഭിച്ച ഘട്ടങ്ങളിലായി 2,40,000 കണ്ടൽത്തൈകൾ തടാകത്തിന്റെ തീരത്ത് നട്ടുപിടിപ്പിച്ചു. [15]ചുരുക്കം ചിലത്  മാത്രമാണ് ഇപ്പോൾ അതിജീവിക്കുന്നത്. 2007-ൽ കൊല്ലം കോർപ്പറേഷൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായത്തോടെ തടാകത്തിന്റെ മുഖത്ത് ബയോഗ്യാസ് പ്ലാന്റ് കമ്മീഷൻ ചെയ്തു. പ്ലാന്റ് ഒന്നോ രണ്ടോ തവണ മാത്രം പ്രവർത്തിക്കുകയും അസംസ്കൃത മലിനജലം തടാകത്തിലേക്ക് പമ്പ് ചെയ്യുകയും ചെയ്തു. 2008 ആയപ്പോഴേക്കും സ്ഥിതി കൂടുതൽ വഷളാവുകയും മാലിന്യ സംസ്കരണം കൃത്യമായി നടത്തി പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് കോർപ്പറേഷൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു. തടാകം സംരക്ഷിക്കാൻ ഫിഷറീസ് വകുപ്പും തങ്ങളുടെ സഹായം മുന്നോട്ടുവെക്കാൻ ശ്രമിച്ചു. അതേ വർഷം തന്നെ, അഷ്ടമുടിക്കായലിൽ ഉപയോഗിച്ചിരുന്ന മത്സ്യബന്ധനത്തിന്റെ വിനാശകരമായ രീതികൾ തകർക്കാൻ ഫിഷറീസ്  വകുപ്പ്  പ്രവർത്തനം ആരംഭിച്ചു.[15]

നിയമവിരുദ്ധമായ ചീനവലകൾ[തിരുത്തുക]

അഷ്ടമുടി കായലിലെ കടവൂർ, പത്തായക്കല്ല്, അഷ്ടമുടി, പ്രാക്കുളം, ചവറ, കൊച്ചുതുരുത്ത്, തെക്കുംഭാഗം, സാമ്പ്രാണിക്കോടി, അരിനല്ലൂർ ഭാഗങ്ങളിലാണ് കായൽകയ്യേറി ചീനവലകൾ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നത്.  [16]നീണ്ടകര അഴിമുഖത്തും കായലിന്റെ മധ്യഭാഗത്തുമുള്ള നികപ്പ് പ്രദേശത്തും അശാസ്ത്രീയമായ ഈ മത്സ്യബന്ധനം കായലിൽ മത്സ്യശോഷണത്തിന് പ്രധാനകാരണമാകുന്നതായി മത്സ്യതൊഴിലാളികൾ പറയുന്നു. [16]നിരോധിച്ച ചെറുകണ്ണി വലകൾ ഉപയോഗിച്ച് മീൻപിടിക്കുന്നത് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സമാണ്. [16]രാത്രികാലങ്ങളിൽ വള്ളങ്ങൾ മരത്തൂണുകളിൽ ഇടിക്കുകയും തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് പതിവ് സംഭവമായിട്ടുണ്ട്.[16] കരയിൽ മാത്രമെ ചീനവല കെട്ടാവൂ എന്ന നിയമം മറികടന്ന് കായലിലേക്ക് കിലോമീറ്ററോളം മുളക്കഴകൾ  ഉയർത്തി സർവീസ് വയർ വലിക്കുകയും 500 മുതൽ 1000 വാട്‌സ് ബൾബുകൾ പലരും ഉപയോഗിക്കുകയും ചെയ്യുന്നു. [16]വലുതും ചെറുതുമായ മത്സ്യങ്ങളെല്ലാം അമിതവെളിച്ചം കണ്ട് വലയിൽ കുരുങ്ങുന്നു. ഇത് മത്സ്യവംശനശീകരണത്തിന് വഴിയൊരുക്കുന്നു. [16]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 http://www.hotelskerala.com/ashtamudi/facilities.htm Archived 2008-06-02 at the Wayback Machine. Back water Retreat Ashtamudi
 2. "Oh no! The page you are looking for has gone extinct..." (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-07.
 3. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-18.
 4. 4.0 4.1 "Status of Wetlands in Kollam District" (PDF). Status of Wetlands in Kollam District. 07 Dec 2022. ശേഖരിച്ചത് 07 Dec 2022. Check date values in: |accessdate= and |date= (help)
 5. "The List of Wetlands of International Importance" (PDF). The Secretariat of the Convention on Wetlands (Ramsar, Iran, 1971) Rue Mauverney 28, CH-1196 Gland, Switzerland. ശേഖരിച്ചത് 2008-01-07.
 6. "അഷ്ടമുടിയിലെ മീൻ കൊയ്ത്ത്". ശേഖരിച്ചത് 2022-12-07.
 7. 7.0 7.1 "Ashtamudi Lake: The Gateway to Kerala Backwaters" (ഭാഷ: ഇംഗ്ലീഷ്). 2022-01-23. ശേഖരിച്ചത് 2022-12-07.
 8. "Ashtamudi Wetland | Ramsar Sites Information Service". ശേഖരിച്ചത് 2022-12-07.
 9. http://www.indiainfoweb.com/kerala/lakes/ashtamudi-lake.html Archived 2012-12-29 at the Wayback Machine. Ashtamudi Lake
 10. 10.0 10.1 http://www.kazhakuttom.com/kollam.htm Archived 2012-06-11 at the Wayback Machine. Kollam at a Glance
 11. "Welcome to Quilion - The land of cashews". ശേഖരിച്ചത് 2022-12-07.
 12. 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 12.10 12.11 12.12 12.13 12.14 12.15 12.16 12.17 "Ashtamudi Lake | Guru Prasad Ayyappan". ശേഖരിച്ചത് 2022-12-07.
 13. Harbour Engineering Department Neendakara Fishery Harbour
 14. 14.0 14.1 14.2 "Sambranikodi: കായൽ ടൂറിസത്തിൻ്റെ കേരള മോഡൽ: ഇത് അഷ്ടമുടിയിലെ സാമ്പ്രാണിക്കോടി". ശേഖരിച്ചത് 2022-12-07.
 15. 15.0 15.1 15.2 15.3 15.4 15.5 "ASHTAMUDI LAKE". ശേഖരിച്ചത് 2022-12-07.
 16. 16.0 16.1 16.2 16.3 16.4 16.5 "അഷ്ടമുടിക്കായലിൽ അനധികൃത ചീനവലകൾ വ്യാപകം; ഫിഷറീസ് വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-07.
"https://ml.wikipedia.org/w/index.php?title=അഷ്ടമുടിക്കായൽ&oldid=3829586" എന്ന താളിൽനിന്ന് ശേഖരിച്ചത്