ഹോസ്ദുർഗ്ഗ് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോസ്ദുർഗ്ഗ് കോട്ട
കാഞ്ഞങ്ങാട്, കാസർഗോഡ് ജില്ല
Hosdurg fort vijayan rajapuram.jpg
ഹോസ്ദുർഗ്ഗ് കോട്ട
ഹോസ്ദുർഗ്ഗ് കോട്ട is located in Kerala
ഹോസ്ദുർഗ്ഗ് കോട്ട
ഹോസ്ദുർഗ്ഗ് കോട്ട
Site information
Site history
Built YYYY (YYYY)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു കോട്ടയാണ് ഹോസ്ദുർഗ്ഗ് കോട്ട. കാഞ്ഞങ്ങാട് കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. ഹോസെ ദുർഗ്ഗ അഥവാ പുതിയ കോട്ട എന്ന കന്നഡ പദങ്ങളിൽ നിന്നാണ് ഹോസ്ദുർഗ്ഗ് എന്ന പേര് ഉണ്ടായതു തന്നെ. വൃത്താകൃതിയിലുള്ള കൊത്തളങ്ങളുള്ള ഈ കോട്ട ദൂരെ നിന്നു തന്നെ കാണാവുന്ന അത്ര വലുതാണ്. ഇക്കേരി രാജവംശത്തിലെ സോമശേഖര നായിക്ക് ആണ് ഈ കോട്ട നിർമ്മിച്ചത്. ഹോസ്ദുർഗ്ഗ് എന്ന സ്ഥലം നിത്യാനന്ദാശ്രം എന്ന 45 ഗുഹകൾ അടങ്ങുന്ന ആശ്രമം കോട്ടയോട് ചേർന്നു സ്ഥിതി ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

ബേക്കൽ കോട്ട പോലെ തന്നെ ഹോസ്‌ദുർ‌ഗ് കോട്ടയും ഇക്കേരി രാജാക്കൻ‌മാരുടെ ഭരണകാലത്ത് പണികഴിപ്പിച്ചതാണെന്നു കരുതി വരുന്നു. ഇക്കേരി സോമശേഖര നായ്‌ക്കിന്റെ രാജകീയപ്രതാപം വെളിപ്പെടുത്തുന്നതാണ്‌ കോട്ടയിലെ ഭീമാകരങ്ങളായ വട്ടത്തൂൺ കൊത്തളങ്ങൾ[1]. സ്വയരക്ഷ ഉദ്ദേശിച്ചാണ്‌ കോട്ട പണിതതെന്നു വെളിപ്പെടുത്താനുതകുന്ന തെളിവാണിതെന്നും[2] ഒരഭിപ്രായം ഇതിനേക്കുറിച്ചുണ്ട്. ഇക്കേരി സേനാപതി സൂറപ്പ നായ്‌ക്ക് നീലേശ്വരം രാജ്യം ആക്രമിച്ചപ്പോൾ ഈ കോട്ടയിലാണത്രേ താവളമുറപ്പിച്ചത്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ബേക്കൽ കോട്ടയും ഹോസ്‌ദുർഗ് കോട്ടയുമൊക്കെ പണി കഴിപ്പിച്ചത് ഡച്ചുകാരാണ്‌. ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകളും ഹോസ്‌ദുർഗ്‌ കോട്ടയും കോലത്തിരിയുടെ കാൽത്തു കെട്ടിയതാണെന്ന് സൗത്ത് കാനറാ ഡിസ്ട്രിക്റ്റ് മാന്വൽ ഒന്നാം വോള്യത്തിൽ സ്റ്റാറക് രേഖപ്പെടുത്തിയിരിക്കുന്നു. കോലത്തിരി രാജാവിന്റെ കീഴിൽ പയ്യന്നൂർ കഴകകാര്യങ്ങൾ നോക്കി നടത്തിയിരുന്ന കാഞ്ഞൻ എന്നു പേരായ ഒരു ഇടപ്രഭു കാഞ്ഞൻകാട് ഒരു കോട്ട സ്ഥാപിച്ച് ഭരണം നടത്തിയിരുന്നു[3]. കാഞ്ഞൻ‌കോട്ടയത്രേ പിന്നീട് കാഞ്ഞൻ‌കാട് ആയത്. ഈ കോട്ടയുടെ രണ്ടു കിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടച്ചേരി എന്ന സ്ഥലത്തായിരുന്നുവത്രേ കോട്ട നിർമ്മാണത്തിന്‌ നിയുക്തരായ തൊഴിലാളികൾ താമസിച്ചിരുന്നത്. ആ സ്ഥലം ഇന്നും കോട്ടച്ചേരി എന്നു തന്നെ അറിയപ്പെടുന്നു.

ഇന്നത്തെ അവസ്ഥ[തിരുത്തുക]

ബേക്കൽ കോട്ട പോലെ ചെങ്കല്ലുകൊണ്ട് പണിതീർത്ത കൂറ്റൻ ചുറ്റുമതിലുകൾ ഉള്ളതാണ്‌ ഈ കോട്ടയും. ഏകദേശം 26 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയിൽ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ഇന്നും ഉണ്ട്. ഇപ്പോൾ കോട്ടയ്‌ക്കകത്ത് അധികവും സർക്കാർ ഓഫീസുകളാണുള്ളത്.കോടതികൾ, പൊതുമരാമത്ത് ഓഫീസുകൾ, ബ്ലോക്ക് ഓഫീസ് മുതലായവയൊക്കെ അതിൽ പെടുന്നു. കൂടാതെ കുറച്ച് സ്വകാര്യകൈവശഭൂമിയും ഉണ്ട്. പൂങ്കാവനം ക്ഷേത്രം എന്നറിയപ്പെടുന്ന കർപ്പൂരേശ്വരക്ഷേത്രവും അയ്യപ്പഭജനമന്ദിരവും കോട്ടയ്ക്കകത്തുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ
  2. സൗത്ത് കാനറ മാന്വൽ രണ്ടാം വാല്ല്യം - സ്റ്റുവർട്ട്
  3. വിശ്വവിജ്ഞാന കോശം - സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരണം
"https://ml.wikipedia.org/w/index.php?title=ഹോസ്ദുർഗ്ഗ്_കോട്ട&oldid=3757618" എന്ന താളിൽനിന്ന് ശേഖരിച്ചത്