Jump to content

പാലക്കാട് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലക്കാട് കോട്ട
പാലക്കാട്
കോട്ടയുടെ വടക്കേ മതിലിനു പുറത്തുനിന്നുള്ള ദൃശ്യം
പാലക്കാട് കോട്ട is located in Kerala
പാലക്കാട് കോട്ട
പാലക്കാട് കോട്ട
Site information
Controlled by ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
Open to
the public
അതെ
Site history
Built 1766 (1766)
നിർമ്മിച്ചത് ഹൈദരലി
കോട്ടയുടെ പടിഞ്ഞാറേ വശം

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി[1] 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. കോട്ടയ്ക്ക് അകത്തേക്ക് സന്ദർശകർക്ക് അനുമതി ഉണ്ട്. പ്രവേശനം ഫീസ് മുഖാന്തിരം നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് പാലക്കാട് കോട്ട.

ചരിത്രം

[തിരുത്തുക]

പാലക്കാട് കോട്ട പുരാതനകാലം മുതൽക്കേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ ഉള്ളൂ. ഇവിടത്തെ ഭരണാധികാരിയായിരുന്ന പാലക്കാട് അച്ഛൻ, സാമൂതിരിയുടെ ഒരു ആശ്രിതനായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് സ്വതന്ത്ര ഭരണാധികാരിയായി. 1757-ൽ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാൻ മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. അന്നു മുതൽ 1790 വരെ പാലക്കാട് കോട്ട തുടർച്ചയായി മൈസൂർ സുൽത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിൻ കീഴിലായിരുന്നു. ബ്രിട്ടീഷുകാർ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ൽ കേണൽ വുഡ് ഹൈദരലിയുടെ കോട്ടകൾ ആക്രമിച്ചപ്പോഴാണ്. എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഹൈദർ കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783-ൽ കേണൽ ഫുള്ളർട്ടൺ 11 ദിവസം കോട്ട വളഞ്ഞുവെച്ച് കോട്ട പിടിച്ചടക്കി, എങ്കിലും അതിനടുത്ത വർഷം കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ൽ അവസാനമായി ബ്രിട്ടീഷുകാർ കേണൽ സ്റ്റുവാർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുവാൻ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ട ബ്രിട്ടീഷ് സൈനികസംരക്ഷണത്തിലായിരുന്നു. 1900-ത്തിന്റെ തുടക്കത്തിൽ കോട്ട ഒരു താലൂക്ക് ഓഫീസായി രൂപാന്തരപ്പെടുത്തി.

ഇന്നത്തെ സ്ഥിതി

[തിരുത്തുക]

കോട്ടമൈതാനം

[തിരുത്തുക]

കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു വശത്തായി കുട്ടികൾക്കായുള്ള പാർക്ക് ഉണ്ട്.

കോട്ടയ്ക്ക് ഉള്ളിൽ

[തിരുത്തുക]

പാലക്കാട് കോട്ടയ്ക്ക് അകത്തു പ്രവർത്തിരിച്ചിരുന്ന സ്പെഷ്യൽ സബ് ജെയിൽ ഇപ്പോൾ മലമ്പുഴ മന്തകാടിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടയ്ക്കുള്ളിലുണ്ട്. വളരെ ചെറിയൊരു വിഗ്രഹമാണ് ഈ ക്ഷേത്രത്തിലുള്ളത്. കിഴക്കോട്ട് ദർശനം നൽകുന്ന ഹനുമാന് വടമാല ചാർത്തുന്നത് അതിവിശേഷമാണ്. ഉപദേവതയായി ഗണപതി മാത്രമേയുള്ളൂ.

അനുബന്ധ സ്ഥലങ്ങൾ

[തിരുത്തുക]
A panorama of Palakkad Fort

കോട്ടച്ചന്ത, സുൽത്താൻപേട്ട, പള്ളിത്തെരുവ്, പിരങ്കി തെരുവ്, കർണ്ണകിയ്യമ്മൻ കോവിൽ, പട്ടാണിപാടം, പട്ടാണിത്തെരുവ്, ഡയരാ സ്ട്രീറ്റ് തുടങ്ങിയവ ടിപ്പു സുൽത്താൻ കോട്ടയുമായി ബന്ധമുള്ള സ്ഥലങ്ങളാണ്.

ചിത്രശാല

[തിരുത്തുക]

അനുബന്ധം

[തിരുത്തുക]
  1. നായർ, കെ.കെ. By Sweat and Sword: Trade, Diplomacy and War in Kerala Through the Ages. p. 308. Retrieved 25 ജൂലൈ 2019.
"https://ml.wikipedia.org/w/index.php?title=പാലക്കാട്_കോട്ട&oldid=4108155" എന്ന താളിൽനിന്ന് ശേഖരിച്ചത്