ഉള്ളടക്കത്തിലേക്ക് പോവുക

കണ്ണൂർ വിളക്കുമാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cannanore lighthouse
1976 ജൂലൈ 25-ന് പ്രവർത്തനമാരംഭിച്ച പുതിയ വിളക്കുമാടം.
Map
Locationകണ്ണൂരിന് വടക്ക്
Coordinates11°51′37″N 75°21′21″E / 11.860361°N 75.355919°E / 11.860361; 75.355919
Tower
Constructed1975
Constructionകോൺക്രീറ്റ്
Shapeസിലിണ്ടർ
Markingsചുവപ്പുനിറം. ഒറ്റ വെള്ളവലയം.
Light
First lit1976
Lensടൈപ്പ് സി സീൽഡ് ബീം ലാമ്പ്
Characteristicപത്തുസെക്കന്റിൽ ഒരു തവണ ഫ്ലാഷ് ചെയ്യുന്ന ദീപം

കണ്ണൂരിലെ പയ്യാമ്പലം ബീച്ചിനു സമീപത്താണ് കണ്ണൂർ വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. ഗവണ്മെന്റ് അതിഥിമന്ദിരത്തിനും സീ വ്യൂ ഉദ്യാനത്തിനും അടുത്താണ് ഇതിന്റെ സ്ഥാനം. വിളക്കുമാടം ഇപ്പോഴും പ്രവർത്തനക്ഷമമാണ്.

ചരിത്രം

[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ടിൽ സാമൂതിരിയുടെ ഭരണകാലത്ത് കണ്ണൂർ ഒരു പ്രധാന തുറമുഖനഗരമായിരുന്നു. മദ്രാസ്, കൊളംബോ, തൂത്തുക്കുടി, ആലപ്പുഴ, മംഗലാപുരം, ബോംബെ, കറാച്ചി എന്നിവിടങ്ങളിലെ തുറമുഖങ്ങളുമായി കണ്ണൂർ തുറമുഖത്തിന് കച്ചവടബന്ധങ്ങളുണ്ടായിരുന്നുവത്രേ.

പോർച്ചുഗീസ് നാവികർ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിൽ 1498-ൽ കോഴിക്കോടിനടുത്തുള്ള കാപ്പാടിലെത്തി. ഇവർ പതിനാറാം നൂറ്റാണ്ടിന്റെ ആദ്യസമയത്ത് കണ്ണൂരിൽ സെന്റ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചു. രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ഈ പ്രദേശം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലാവുകയും ഇവർ പത്തൊൻപതാം നൂറ്റാണ്ടിൽ കണ്ണൂരിൽ ഒരു കന്റോണ്മെന്റ് സ്ഥാപിക്കുകയും ചെയ്തു.

1902-ൽ കോട്ടയ്ക്കുമുകളിൽ ഒരു സ്തംഭം സ്ഥാപിക്കുന്നതിനായി മദ്രാസിലെ പ്രസിഡൻസി പോർട്ട് ഓഫീസർ 3430 രൂപ അനുവദിക്കുകയുണ്ടായി. 1903-ൽ കല്ലുകൊണ്ടുണ്ടാക്കിയ സ്തംഭം പ്രവർത്തനമാരംഭിച്ചു. ഈ ദീപസ്തംഭം കടലെടുത്തുപോകുകയുണ്ടായി. ഇതിനുശേഷം ദീപമുയർത്താനായി കോട്ടയ്ക്കകത്ത് ഒരു കൊടിമരം സ്ഥാപിക്കപ്പെടുകയുണ്ടായി.

1843-ൽ തന്നെ കരയടുത്തെത്തി എന്ന് കപ്പലുകളെ അറിയിക്കാനായി എണ്ണ ഉപയോഗിക്കുന്ന ഒരു വിളക്കുയർത്താനായി ഒരു സംവിധാനം സ്ഥാപിക്കപ്പെട്ടിരുന്നുവത്രേ. 1903-ൽ നാലാം ഓർഡർ ലെൻസ് സംവിധാനം ഉപയോഗിക്കുന്നതും എണ്ണയുപയോഗിച്ച് കത്തുന്നതുമായ ഒരു പ്രകാശസ്രോതസ്സ് സ്ഥാപിക്കപ്പെട്ടു. എല്ലാവർഷവും സെപ്റ്റംബർ മുതൽ മേയ് മാസം വരെ കാലാവസ്ഥ നന്നായിരിക്കുമ്പോൾ മാത്രമാണ് ദീപം പ്രകാശിപ്പിച്ചിരുന്നത്.

1924-ൽ സംവിധാനം മെച്ചപ്പെടുത്തുകയുണ്ടായി. 1939-ൽ പ്രകാശസ്രോതസ്സ് 16 മീറ്റർ ഉയരമുള്ള ഒരു ഉരുക്കു സ്തംഭത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. കോട്ടയുടെ വടക്കേ കൊത്തളമായിരുന്നു പുതിയ സ്ഥാനം. ഈ ഉരുക്കു സ്തംഭം ഇപ്പോഴും നിലവിലുണ്ട്.

1948-ൽ ഗ്യാസുപയോഗിച്ച് പ്രവർത്തിക്കുന്നതും പത്തുസെക്കന്റിൽ രണ്ടുപ്രാവശ്യം തെളിയുന്നതുമായ ദീപം സ്ഥാപിക്കപ്പെട്ടു. 1975-76 സമയത്ത് പുതിയ വിളക്കുമാടം പണിയുന്നതുവരെ ഈ സംവിധാനം നിലവിലുണ്ടായിരുന്നു.

കണ്ണൂർ വിളക്കുമാടം ഇന്ന്

[തിരുത്തുക]

6 വോൾട്ടും 30 വാട്ടും ഉള്ള ആധുനികമായ പിആർബി-42 സംവിധാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ജെ.സ്റ്റോൺ ഇന്ത്യ എന്ന കമ്പനി നൽകിയ ഉപകരണങ്ങളാണ് നിലവിൽ ഉപയോഗത്തിലുള്ളത്. 1976 ജൂലൈ 25-നാണ് പുതിയ സംവിധാനം പ്രവർത്തനക്ഷമമായത്.

2003 മേയ് 31-ന് പ്രകാശസംവിധാനം മാറ്റപ്പെട്ടു. സി ടൈപ്പ് ദീപങ്ങൾക്ക് പകരം ഡി ടൈപ്പ് ദീപങ്ങൾ ഉപയോഗത്തിൽ വന്നു. ഇപ്പോൾ എല്ലാ ദിവസവും ഈ ദീപം പ്രകാശിപ്പിക്കുന്നുണ്ട്.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_വിളക്കുമാടം&oldid=3627499" എന്ന താളിൽനിന്ന് ശേഖരിച്ചത്