ചുണ്ടൻ വളളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചുണ്ടൻ വള്ളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചുണ്ടൻ വള്ളം-മത്സരത്തിനിടയിൽ

ആഘോഷങ്ങൾക്കായി രൂപകല്പന ചെയ്തിട്ടുള്ള പ്രത്യേകതരം വള്ളമാണ്‌ ചുണ്ടൻ വള്ളം.ചെമ്പകശ്ശേരി രാജാക്കന്മാർ യുദ്ധതിനായി ചുണ്ടൻ വള്ളം ഉപയോഗിച്ചിരുന്നു കേരളത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ് ചുണ്ടൻ വള്ളം. (ഇംഗ്ലീഷ്:snake boat). വള്ളംകളിക്ക് ഉപയോഗിക്കുന്ന പ്രധാന വള്ളമാണ് ചുണ്ടൻ വള്ളം.

വാസ്തുവിദ്യ[തിരുത്തുക]

വെള്ളംകുളങ്ങര ചുണ്ടൻ

തടികൊണ്ടുള്ള വള്ളങ്ങൾ നിർമ്മിക്കുന്നതിനുള്ള ആധികാരിക പുരാണ ഗ്രന്ഥമായ സ്തപ് ആത്യ വേദത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് ചുണ്ടൻ വള്ളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് 100 മുതൽ 158 അടിവരെ നീളം കാണും. വള്ളത്തിന്റെ പിൻഭാഗം ജലനിരപ്പിൽ നിന്ന് 20 അടി ഉയരത്തിലായിരിക്കും. മുൻഭാഗം നീളത്തിൽ കൂർത്ത് ഇരിക്കുന്നു. ചുണ്ടൻ വള്ളത്തിന്റെ രൂപം പത്തിവിടർത്തിയ ഒരു പാമ്പിനെ അനുസ്മരിപ്പിക്കുന്നു. വള്ളത്തിന്റെ പള്ള നിർമ്മിക്കുന്നത് 83 അടി നീളവും 6 ഇഞ്ച് വീതിയുമുള്ള തടിക്കഷണങ്ങൾ കൊണ്ടാണ്.

അലങ്കാരം ചുണ്ടൻ വള്ളം സ്വർണ്ണ നാടകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. [അവലംബം ആവശ്യമാണ്] ഒന്നോ രണ്ടോ മുത്തുക്കുടകളും ഒരു കൊടിയും ചുണ്ടൻ വള്ളത്തിൽ കാണും. എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ മുത്തുക്കുട ഉണ്ടാവാറില്ല.

വള്ളം നിർമ്മാണം[തിരുത്തുക]

ചുണ്ടൻ വള്ളം - നെഹ്രു ട്രോഫി ജലോത്സവത്തിൽ നിന്നും

ചുണ്ടൻവള്ളം നിർമ്മിക്കുന്നത് മൂന്ന് പലകകൾ കൂട്ടിച്ചേർത്താണ്. മാതാവ് എന്ന രണ്ട് പലകകളും ഏരാവ് എന്ന പേരിലെ മറ്റൊരു പലകയും. മെഴുക് രൂപത്തിലെ ചെഞ്ചല്ല്യം പശയാണ് പലകകൾ കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്നത്. വള്ളത്തിന്റെ ഇരുവശങ്ങളിലുമാണ് 'മാതാവ്' പലക പിടിപ്പിക്കുന്നത്.

ചുണ്ടൻവള്ളം നിർമ്മിക്കുന്നതിന് മുന്നോടിയായി മാവിൻ തടിയിൽ അച്ചുണ്ടാക്കും. വള്ളത്തിന്റെ അകവശത്തിന്റെ അളവിലാണ് അച്ച് തയ്യാറാക്കുക. ഇതിനുമീതെ ഒരു വശത്തെ മാതാവ് പലക ആദ്യം വയ്ക്കും. തുടർന്ന് മാതാവ് പലകകൾക്കിടയിൽ 'ഏരാവ്' പലക ചേർക്കും. ഇതിനുശേഷം വള്ളം മലർത്തുന്ന ചടങ്ങുണ്ട്. വള്ളത്തിന് താഴെയുള്ള ഭാഗമാണ് ഏരാവ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' ആകൃതിയിൽ തടി ചെത്തിയൊരുക്കിയാണ് ഏരാവ് പലക തയ്യാറാക്കുക.

ചെഞ്ചല്യം വെളിച്ചെണ്ണയിൽ തിളപ്പിച്ചശേഷം പഞ്ഞി ചേർത്ത് അരയ്ക്കും. ഈ മിശ്രിതമാണ് വള്ളത്തിന്റെ പലകകൾ ചേർത്ത് നിർത്താനുള്ള പശയായി എടുക്കുന്നത്. മൂന്ന് മീറ്ററിനുമേൽ വണ്ണവും 45 മുതൽ 50 അടി വരെ നീളവുമുള്ള ആഞ്ഞിലിത്തടിയാണ് ചുണ്ടൻവള്ളം നിർമ്മിക്കാൻ ഉപയോഗിക്കുക. ഇത്തരം മൂന്നു തടികൾ ചേർത്താലെ ഇന്നത്തെ രീതിയിൽ ചുണ്ടൻവള്ളം നീറ്റിലിറക്കാൻ കഴിയുകയുള്ളൂ. വള്ളത്തിന്റെ ഉരുപ്പടിക്ക് ആവശ്യമായ നീളത്തിലും വീതിയിലും തടി അറുത്തെടുക്കും.

ഉയരത്തിൽ പ്ലാറ്റ്‌ഫോം കെട്ടി അറക്കവാൾകൊണ്ട് തൊഴിലാളികൾ ചേർന്നാണ് തടി അറത്തെടുക്കുന്നത്. വള്ളത്തിന്റെ ആകൃതിക്കനുസരിച്ച് കൂറ്റൻ തടി മുറിച്ചെടുക്കുന്നത് ശില്പിയുടെ മനക്കണക്കിന് അനുസരിച്ചാണ്. ചുണ്ടൻ വള്ളത്തിൽ തുഴച്ചിൽക്കാർക്ക് താളം നൽകാൻ ഇടി തടിയാണ് ഉപയോഗിക്കുന്നത്. കാഞ്ഞിരം, പുന്ന എന്നീ തടികളാണ് ഇടിതടി നിർമ്മിക്കാൻ എടുക്കുന്നത്. പിടിക്കുന്ന ഭാഗത്ത് കനം കുറച്ചും ഇടിക്കുന്നിടത്ത് വണ്ണം കൂട്ടിയുമാണ് ഇടിതടിയുടെ നിർമ്മിതി[1].

വള്ളത്തിന്റെ പരിപാലനം[തിരുത്തുക]

ആറന്മുള ഉതൃട്ടാതി വള്ളംകളിയിലെ പള്ളിയോടങ്ങൾ

പരമ്പരാഗതമായി ഓരോ വള്ളവും ഓരോ ഗ്രാമത്തിന്റേതാണ്. ഗ്രാമീണർ ഒരു ദേവതയെ പോലെ വള്ളത്തെ പരിപാവനമായി കരുതുന്നു. നഗ്നപാദരായ പുരുഷന്മാർക്കു മാത്രമേ വള്ളത്തിൽ തൊടാവൂ. വെള്ളത്തിൽ തെന്നി നീങ്ങുന്നതിനായി വള്ളം മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടക്കരു എന്നിവയുടെ ഒരു മിശ്രിതം പുരട്ടി മിനുക്കിയെടുക്കുന്നു. ഗ്രാമത്തിലെ ആശാരിയാണ് വള്ളത്തിന്റെ കേടുപാടുകൾ തീർക്കുക.

ഉപയോഗവും ആളുകളെ ഉൾക്കൊള്ളുവാനുള്ള ശേഷിയും[തിരുത്തുക]

പരമ്പരാഗതമായി ഒരു നമ്പൂതിരിയാണ് ചുണ്ടൻ വള്ളത്തിന്റെ അമരക്കാരൻ. അമരക്കാരന്റെ കീഴിൽ നാല് പ്രധാന തുഴക്കാർ കാണും. ഇവർ നാലു വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 12 അടി നീളമുള്ള തുഴക്കോൽ കൊണ്ട് ഇവരാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുക. ഇവർക്കു പിന്നിലായി ഒരു വരിയിൽ രണ്ടുപേര് എന്നവണ്ണം 64 തുഴക്കാർ ഇരിക്കുന്നു. 64 കലകളെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. ചിലപ്പോൾ 128 തുഴക്കാർ കാണും. അവർ വഞ്ചിപ്പാട്ടിനൊത്ത് താളത്തിൽ തുഴയുന്നു. സാധാരണയായി 25 പാട്ടുകാർ കാണും. വള്ളത്തിന്റെ നടുവിൽ 8 പേർക്ക് നിൽക്കുവാനുള്ള സ്ഥലമുണ്ട്. എട്ടു ദിക്കുകളുടെയും രക്ഷകരായ അഷ്ടദിൿപാലകരെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് ഐതിഹ്യം.[അവലംബം ആവശ്യമാണ്]

നെഹ്രു ട്രോഫി ജലോത്സവത്തിൽ[തിരുത്തുക]

നെഹ്രു ട്രോഫി ജലോത്സവത്തിൽ മത്സരിക്കുന്ന ചുണ്ടൻ വള്ളങ്ങൾ ഇവയാണ്.

ആയാപറമ്പ് വലിയ ദിവാൻ(സിവിൽ സർവ്വീസ് ബോട്ട് ക്ലബ്ബ്),ജവഹർ തായങ്കരി),(നവജീവൻ ബോട്ട് ക്ലബ്, ആർപ്പൂക്കര-കോട്ടയം,വീയപുരം(വേമ്പനാട് ബോട്ട് ക്ലബ്ബ്,കുമരകം), ദേവസ്(എൻ.സി.ഡി.സി ബോട്ട് ക്ലബ്ബ്,കൈപ്പുഴമുട്ട്-കുമരകം), മഹാദേവികാട് കാട്ടിൽതെക്കേതിൽ(എൻ.സി.ഡി.സി-കൈപ്പുഴമുട്ട്-കുമരകം), ചെറുതന(ന്യൂ ചെറുതന ബോട്ട് ക്ലബ്ബ് ചെറുതന), സെന്റ് ജോർജ്ജ്(ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബ് എടത്വ), ആലപ്പാട് ചുണ്ടൻ(ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബ്,എടത്വ), കാരിച്ചാൽ(പോലീസ് ബോട്ട് ക്ലബ്ബ്), ശ്രീ വിനായകൻ(കൊച്ചിൻ ബോട്ട് ക്ലബ്ബ്),പായിപ്പാടൻ(കുമരകം ബോട്ട് ക്ലബ്ബ്), സെന്റ് പയസ് ടെൻത്,മഹാദേവികാട്(ജോയിച്ചൻ പാലയ്ക്കൽ-ചേന്നങ്കരി),ആയാപറമ്പ് പാണ്ടി(പുന്നമട ബോട്ട് ക്ലബ്ബ്), പുളിങ്കുന്ന്(ഹരിത ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്),വെള്ളംങ്കുളങര(നെടുമുടി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബ്),കരുവാറ്റ ചുണ്ടൻ(അജയഘോഷ് കണക്കഞ്ചേരി-കുമരകം, സെന്റ് ജോസഫ്(കാരിച്ചാൽ ചുണ്ടൻ വള്ള സമിതി),മഹാദേവൻ(വി.ബി.സി.ബോട്ട് ക്ലബ്ബ്,വേണാട്ടുകാട്),നടുഭാഗം(പള്ളാത്തുരുത്ത് ബോട്ട് ക്ലബ്ബ്,കുപ്പപ്പുറം,ആലപ്പുഴ),ഗബ്രിയേൽ(വില്ലേജ് ബോട്ട് ക്ലബ്ബ്-എടത്വ),ശ്രീ ഗണേശൻ,ശ്രീ കാർത്തികേയൻ,ചമ്പക്കുളം(യു.ബി.സി കൈനകരി)[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-01.
  2. http://keralanews.gov.in/index.php/main-news/23718-2019-07-29-06-19-33

ഇതും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചുണ്ടൻ_വളളം&oldid=3631311" എന്ന താളിൽനിന്ന് ശേഖരിച്ചത്