കുന്തിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
kunthippuzha river
കുന്തിപ്പുഴ - തൂതപ്പുഴ കുന്തിപ്പുഴയുടെ കാറൽമണ്ണയിൽ നിന്നുള്ള ദൃശ്യം)

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന തൂതപ്പുഴയുടെ ഒരു കൈവഴിയാണ് കുന്തിപ്പുഴ അഥവാ കുന്തിരിക്കപ്പുഴ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ.

ഭാരതപ്പുഴയിലേക്ക് നീരെത്തിക്കുന്നതിൽ പ്രധാനിയായ കുന്തിപ്പുഴയുടെ ജീവാത്മാവും പരമാത്മാവും സൈലന്റ്‌വാലിയാണ്. നിശ്ശബ്ദതയുടെ താഴ്‌വരയിൽ നിന്നുള്ള നേർത്ത കുളിരുറവകളാണ്‌ പുഴയായി മാറുന്നത്‌. പുഴ പൂർണരൂപത്തിലാവുന്നിടത്തു വനം വകുപ്പിന്റെ ബോർഡുണ്ട്‌. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ``കാട്ടുചോലകളൊന്നിച്ച കുന്തിപ്പുഴ ഈ മലന്താഴ്‌വാരത്തിലൂടെ ഒഴുകി, കാടിന്റെ തണുപ്പിൽ നിന്ന്‌, മലമുകളിൽ നിന്ന്‌ പുറത്തുകടക്കുന്ന യാത്ര ഇവിടെ തുടങ്ങുന്നു. ഈ ഗർത്തത്തിനൊടുവിൽ പാത്രക്കടവും കടന്ന്‌ മണ്ണാർക്കാട്‌ സമതലങ്ങളിലേക്കു കുത്തിയൊഴുകുന്നു. ഇവിടെ വച്ച്‌ ഈ ഒഴുക്ക്‌ എന്നെന്നേക്കുമായി നിലയ്‌ക്കുമായിരുന്നു. സൈലന്റ്‌ വാലി ജലവൈദ്യുത അണക്കെട്ട്‌ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥാനമിതായിരുന്നു...


പുഴ മഴക്കാടുകളെ രണ്ടുഭാഗമായി തിരിച്ചുകൊണ്ടാണ്‌ ഒഴുകുന്നത്‌. വൻമരങ്ങൾ കുടപിടിക്കുന്ന വഴിയിലൂടെ അടിക്കാടുകൾ വകഞ്ഞു മാറ്റി നടക്കുക പുഴയുടെ ഓരം ചേർന്ന്‌. അനുഭൂതിദായകമാണ്‌. പുഴയുടെ കിഴക്കേ കരയിൽ രണ്ടു കിലോമീറ്ററും പടിഞ്ഞാറെ കരയിൽ അഞ്ചു കിലോമീറ്ററുമാണ്‌ വനഭൂമി, സൈലന്റ്‌ വാലി ദേശീയോദ്യാനം. കണ്ണീരുപോലുള്ള വെള്ളമാണ്‌ കുന്തിപ്പുഴയുടെ പ്രത്യേകത. താഴ്‌വരയുടെ കിഴക്കൻ ചെരിവിൽ നിന്നുത്ഭവിക്കുന്ന കുന്തൻ ചോലപ്പുഴ, കരിങ്ങാത്തോടു, മദ്രിമാരൻ തോട്‌, വലിയപാറത്തോട്‌, കുമ്മൻന്തൻ തോട്‌ എന്നീ ചോലകൾ പുഴയെ പുഷ്ടിപ്പെടുത്തുന്നു. ആഴം നന്നെ കുറവാണ്‌ പുഴക്ക്‌. വെള്ളപ്പൊക്കം പോലുള്ള കെടുതികളില്ല. പശ്ചിമഘട്ടനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശം കുന്തിപ്പുഴക്കു മാത്രം സ്വന്തം. പന്ത്രണ്ടു കിലോമീറ്ററോളം പുഴയുടെ തീരം കുത്തനെ ചരിഞ്ഞാണ്‌ പോകുന്നത്‌. 1861 മീറ്റർ മുതൽ 900 മീറ്റർ വരെ പുഴമ്പള്ളം ചായുന്നു. അവസാനത്തെ എട്ടുകിലോമീറ്റർ അറുപതുമീറ്ററോളം ചരിഞ്ഞാണ്‌ കിടക്കുന്നത്‌. മാമരങ്ങൾ കുടപിടിക്കുന്ന മഴക്കാട്‌ കണ്ടെത്തിയ ബ്രിട്ടീഷുകാരാണ്‌ സൈലന്റ്‌ വാലി എന്ന്‌ ഈ മനോഹരതാഴ്‌വരയ്‌ക്ക്‌ പേര്‌ കൽപ്പിച്ചു കൊടുത്തതത്രെ. കാടുകളെ ശബ്ദമുഖരിതമാക്കുന്ന മണ്ണട്ടകളുടേയും ചീവീടുകളുടേയും ചിലപ്പ്‌ ഇവിടെ ഇല്ല. മഹാമൗനത്തിൽ ആണ്ടുകിടക്കുന്ന താഴ്‌വരയെ അവർ സൈലന്റ്‌ വാലി എന്നു വിളിച്ചു. എന്നാൽ, ഈ പ്രദേശത്തിന്റെ മലയാളത്തിലെ പേർ സൈരന്ധ്രിവനം എന്നായിരുന്നു. പാണ്ഡവരുടെ വനവാസകാലവുമായാണ്‌ ഈ പേരിനു ബന്ധം. പാണ്ഡവരും പത്‌നി ദ്രൗപദിയും ഇവിടെ പുഴക്കരികിലുള്ള ഗുഹയിൽ തങ്ങിയിരുന്നു എന്നാണ്‌ കഥ. മനോഹരമായ ഈ താഴ്‌വര അവരെ തെല്ലൊന്നുമല്ല ആകർഷിച്ചത്‌. ചാഞ്ഞിറങ്ങുന്ന പുൽമേടുകൾ താഴവരയിലെ മരക്കൂട്ടങ്ങളിൽ ചെന്നു ലയിക്കുന്നു...ഇടതിങ്ങിയ വനത്തിനുള്ളിലൂടെ തുളളിപ്പുളച്ചൊഴുകുന്ന കണ്ണീർപ്പുഴ. അതിരാവിലെയും സായാഹ്നങ്ങളും ആനയും പുലിയും ഒന്നിച്ചു തന്നെ ഇവിടെ നിന്നു ദാഹം തീർക്കുന്നു...എല്ലാ ജീവികളും സഹവർത്തിത്തോടെ കഴിയുന്ന താഴ്‌വര മനുഷ്യസ്‌പർശമില്ലാത്തതുമായിരുന്നു. ദ്രൗപതി പേരായ സൈരന്ധ്രി എന്ന വാക്കിൽ നിന്നാണ്‌ ഈ പേരിന്റെ ഉത്ഭവമത്രെ. 1857ലാണ്‌ ബ്രിട്ടീഷ്‌ സസ്യശാസ്‌ത്രജ്ഞനായ റോബർട്ട്‌ വൈറ്റ്‌ സൈലന്റ്‌ വാലിയിൽ എത്തുന്നത്‌. ചീവീടുകളുടെ ചിലപ്പിന്റെ അസാന്നിധ്യം ശ്രദ്ധിച്ച വൈറ്റ്‌ താഴ്‌വരയ്‌ക്കു സൈലന്റവാലി എന്നു പേർ കൊടുത്തു. 1985ലാണ്‌ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്‌. വൈദ്യുതി ബോർഡിന്റെ ജലവൈദ്യുതി പദ്ധതിക്കുള്ള നീക്കങ്ങൾക്കെതിരേ നടന്ന ജനകീയ സമരങ്ങൾ ചരിത്രമാണ്‌. കുന്തിപ്പുഴക്ക്‌ അണകെട്ടി വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള നീക്കമാണ്‌ പരിസ്ഥിതി സ്‌നേഹികളുടെ എതിർപ്പുമൂലം പരാജയപ്പെട്ടത്‌. കേരളത്തിലെ അവസാനത്തെ മഴക്കാടും അതോടെ മുടിഞ്ഞുപോകുമായിരുന്നു. കുന്തിപ്പുഴയുടെ ചരമക്കുറിപ്പും. പുഴ ഇന്നും ഒഴുകുന്നു. മരിച്ചില്ലെന്ന ആഹ്ലാദം നമുക്ക്‌ കണ്ടറിയാം. പുഴയുടെ ആ ചിരി നമുക്ക്‌ കേട്ടറിയാം


പേരിന്റെ ഉത്ഭവം[തിരുത്തുക]

ഇതിന്റെ ഇരുകരയിലും കുന്തിരിക്കവൃക്ഷങ്ങൾ ധാരാളമായി കാണപ്പെടുന്നു. കുന്തിരിക്കപ്പുഴ എന്നത് ലോപിച്ചാണ് കുന്തിപ്പുഴ എന്ന പേര് വന്നത് എന്നു കരുതപ്പെടുന്നു.[1][2][3]

തൂതപ്പുഴയുടെ പോഷകനദികൾ[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. The Silent Valley Hydro-Electric Project: A Techno-economic and Socio-political Assessment. & Ecological Aspects of the Silent Valley : Report of the Joint Committee Set Up by the Government of India and the Government of Kerala. Kerala Sastra Sāhitya Parishad. 1997. p. 74.
  2. E. Vajravelu (1990). Flora of Palghat District, including Silent Valley National Park, Kerala. Botanical Survey of India. pp. 488–490.
  3. K. Ravikumar; D. K. Ved; R. Vijaya Sankar (2000). 100 red listed medicinal plants of conservation concern in Southern India. Foundation for Revitalisation of Local Health Traditions. pp. 229, 230. Unknown parameter |coauthors= ignored (|author= suggested) (help)


"https://ml.wikipedia.org/w/index.php?title=കുന്തിപ്പുഴ&oldid=2619178" എന്ന താളിൽനിന്ന് ശേഖരിച്ചത്