Jump to content

മയ്യഴിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മയ്യഴിപ്പുഴ
Physical characteristics
നദീമുഖംഅറബിക്കടൽ
നീളം54 കി.മി (33.5 മൈൽ)

മയ്യഴിപ്പുഴ അഥവാ മാഹി പുഴ, കേരളത്തിലെ ഒരു നദിയാണ്.പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന കേരളത്തിലെ നദികളിൽ ഇത് ശ്രദ്ധേയമാകുന്നത് അന്യസംസ്ഥാനമായ പുതുച്ചേരിയുമായുള്ള ബന്ധം കൊണ്ടാണ്. പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഈ പുഴ ഒഴുകുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

വയനാട് ജില്ലയിലുള്ള പശ്ചിമഘട്ടത്തിലെ മലനിരകളിൽ നിന്നാണ് മയ്യഴിപ്പുഴ ഉത്ഭവിക്കുന്നത്. എങ്കിലും ഈ പുഴയ്ക്ക് മയ്യഴിപ്പുഴ എന്ന പേര് മയ്യഴിക്കടുത്ത് എത്തുമ്പോൾ മാത്രമാണ്. മറ്റിടങ്ങളിൽ അതത് സ്ഥലങ്ങളുടെ പേരുമായി ചേർത്താണ് പുഴ അറിയപ്പെടുന്നത്. 54 കിലോമീറ്റർ (33.5 മൈൽ) സഞ്ചരിച്ച് പുഴ മയ്യഴിയിൽ വെച്ച് അറബിക്കടലിൽ ചെന്നു ചേരുന്നു. നരിപ്പറ്റ, വാണിമേൽ, ഇയ്യങ്കോട്, ഇരിങ്ങണ്ണൂർ, പെരിങ്ങത്തൂർ, പെരിങ്ങളം, ഇടച്ചേരി,കിടഞ്ഞി, കച്ചേരി, ഏറാമല, കരിയാട്, ഒളവിലം, കുന്നുമ്മക്കര, അഴിയൂർ, മയ്യഴി എന്നീ ഗ്രാമങ്ങളിൽ കൂടി പുഴ ഒഴുകുന്നു. 394 ച.കി.മീ ദൂരമാണ് പുഴയുടെ വിസ്തീർണം.[1] മയ്യഴി പട്ടണത്തിന്റെ വടക്കേ അതിർത്തി മയ്യഴി പുഴയാണ്.

സമ്പദ് വ്യവസ്ഥ

[തിരുത്തുക]

സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സ്വാധീനം പുഴയ്ക്കില്ല. ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള യാത്രകൾക്കും മയ്യഴിയിലേക്കും ഉൾനാടൻഗ്രാമങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതത്തിനുമായി പണ്ട് പുഴയെ ആശ്രയിച്ചിരുന്നു. മയ്യഴിപ്പുഴ കടലിൽ ചെന്നു ചേരുന്ന അഴിമുഖത്ത് മത്സ്യബന്ധനത്തുറമുഖം നിർമ്മിക്കുവാനും ലക്ഷദ്വീപുമായി നാവികബന്ധം സ്ഥാപിക്കുവാനും പദ്ധതികളുണ്ടായിരുന്നു. എങ്കിലും സാങ്കേതികമായ കാരണങ്ങളാൽ അഴിമുഖത്തോട് ചേർന്നുള്ള കടൽത്തീരത്താണ് ഇപ്പോൾ മത്സ്യബന്ധനത്തുറമുഖം നിർമ്മിക്കുന്നത്. വിനോദസഞ്ചാരികളെ മയ്യഴിയിലേക്ക് ആകർഷിക്കുന്നതിൽ പുഴ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി മഞ്ചക്കലെ വാട്ടർ സ്പോർട്‌സ് കോംപ്ലക്സ് മുതൽ അഴിമുഖം വരെ നീണ്ടുകിടക്കുന്ന രണ്ടുകിലോമീറ്റർ നീളമുള്ള ഒരു നടപ്പാത നിർമ്മിക്കുവാൻ പുതുച്ചേരി സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്..[2]

നുറുങ്ങുകൾ

[തിരുത്തുക]
  • രാഷ്ട്രീയവും പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കാൾ മയ്യഴിപ്പുഴ ശ്രദ്ധേയമായിത്തീരുന്നത് മയ്യഴിക്കാരനായ നോവലിസ്റ്റ് എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലൂടെയാണ്. മയ്യഴി വിമോചനസമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ ചരിത്രവസ്തുതകൾക്കല്ല, മറിച്ച് അസ്തിത്വവാദപരമായ ജീവിതവ്യാഖ്യാനത്തിനാണ് ഊന്നൽ നല്കുന്നത്. എം. മുകുന്ദന്റെ ഏറ്റവും നല്ല പുസ്തകമായി കരുതപ്പെടുന്ന മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (വർഷം. 1974), അദ്ദേഹത്തിന് മലയാളസാഹിത്യത്തിലെ ഇരുപത്തിയഞ്ചു വർഷത്തെ നല്ല നോവലിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം നേടിക്കൊടുത്തു. [3]
  • മയ്യഴിയുടെ വിനോദസഞ്ചാരസാദ്ധ്യതകളിൽ മയ്യഴിപ്പുഴയ്ക്കുള്ള സ്ഥാനം പരിഗണിച്ച് പുഴയോരത്ത് മഞ്ചക്കലിൽ വാട്ടർ സ്പോർട്സ് കോംപ്ലക്സും ഒരു സംഗീതമണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. മണ്ഡപ വാരാന്തസംഗീതസന്ധ്യ എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം സംഗീതപരിപാടികൾ അരങ്ങേറുന്നു.
  • യൂറോപ്യന്മാരുടെ ഭരണകാളത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നു വിളിക്കപ്പെട്ടത് മയ്യഴിപ്പുഴയെയാണ്. ഇംഗ്ലീഷ് ചാനലാണ് ഫ്രാൻസിനേയും ബ്രിട്ടണേയും വേർതിരിക്കുന്നത്. അതുപോലെ ഫ്രഞ്ചുകാരുടെ അധീനതയിലുണ്ടായിരുന്ന മയ്യഴിയെ, തൊട്ടടുത്ത ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്നത് മയ്യഴിപ്പുഴയാണ്[4].

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കോഴിക്കോടിന്റെ ഔദ്യോഗിക വെബ് വിലാസം". കോഴിക്കോട്. കേരള ഗവർണ്മെന്റ്. Archived from the original on 2007-07-09. Retrieved 2006-08-06.
  2. "തെക്കേ ഏഷ്യ ന്യൂസ്". മാഹി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണ ഉദ്‍ഘാടനം. onlypunjab.com. Archived from the original on 2007-09-27. Retrieved 2006-08-06.
  3. "ജീവിതവും പ്രവൃത്തിയും". എം. മുകുന്ദൻ. keral.com. Archived from the original on 2006-10-31. Retrieved 2006-08-06.
  4. മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-1. {{cite book}}: Check |isbn= value: checksum (help)
"https://ml.wikipedia.org/w/index.php?title=മയ്യഴിപ്പുഴ&oldid=3970804" എന്ന താളിൽനിന്ന് ശേഖരിച്ചത്