മുഴപ്പിലങ്ങാട് ബീച്ച്
Coordinates: 11°47′51.75″N 75°26′29.34″E / 11.7977083°N 75.4414833°E
കേരളത്തിലെ കണ്ണൂർ ജില്ലയിലെ അതിമനോഹരമായ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കരിമ്പാറകൾ ഈ കടൽത്തീരത്തിന് അതിർത്തി നിർമ്മിക്കുന്നു. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്. .ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്.[1] . 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തം തീർത്ത് വടക്കേ കണ്ണൂരിന്റെ ഒരു നല്ല ദൃശ്യം നൽകുന്നു. കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് സുന്ദരമായ ധർമ്മടം തുരുത്ത് (ദ്വീപ്).
പ്രകൃതി[തിരുത്തുക]
നാല് കിലോമീറ്റർ ദൈർഘ്യമുള്ള മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാനും (ഡ്രൈവ്-ഇൻ-ബീച്ച്) സൂര്യാസ്തമനം കാണാനും കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറിയിട്ട് നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല. താരതമ്യേന ആഴം കുറവായതിനാൽ സുരക്ഷിതമായി കടലിൽ ഇറങ്ങാൻ സാധിക്കുന്നു. ഏതാനും വർഷങ്ങളായി ഏപ്രിൽ - മെയ് മാസത്തിൽ ഇവിടെ ‘ബീച്ച് ഫസ്റ്റിവൽ’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകൾ, കുട്ടികളുടെ വിനോദ പരിപാടികൾ, കലാ-സാംസ്ക്കാരിക പരിപാടികൾ, പ്രദർശ്ശനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട്. സായാഹ്നങ്ങളിൽ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം ആളുക്കൽ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരാറുണ്ട്. നിരവധി റിസോർട്ടുകളും ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളിൽ ധാരാളം കല്ലുമ്മക്കായ (ഒരിനം കക്ക) ഉണ്ട്. ശൈത്യകാലങ്ങളിൽ ധാരാളം ദേശാടന പക്ഷികൾ ഇവിടെ വിരുന്നു വരാറുണ്ട്.
എത്താനുള്ള വഴി[തിരുത്തുക]
- അടുത്തുള്ള പട്ടണങ്ങൾ / റെയിൽവേ സ്റ്റേഷനുകൾ :
- കണ്ണൂർ - 15 കി.മീ അകലെ
- തലശ്ശേരി - 8 കി.മീ അകലെ
- എടക്കാട് റെയിൽവേ സ്റ്റേഷൻ (പാസഞ്ചർ തീവണ്ടികൾ മാത്രം)
- റോഡ് - ദേശീയപാത 17 കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - 100 കി.മീ അകലെ
ചിത്രശാല[തിരുത്തുക]
-
മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച്. ധർമ്മടം തുരുത്ത് ദൂരെ കാണാം.
ഇതും കാണുക[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Muzhappilangad Beach എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |