ഏഴിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഴിമല

ഏഴിമല
12°10′N 75°07′E / 12.16°N 75.12°E / 12.16; 75.12
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) രാമന്തളി ഗ്രാമപഞ്ചായത്തു്
'
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കടൽ കാഴ്ച, സൂര്യാസ്തമനം, മാപ്പിള ബേ കാഴ്ച, മാടായിപ്പാറ കാഴ്ച, ഹനുമാൻ പ്രതിമ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ മലമ്പ്രദേശമാണ് ഏഴിമല. കടൽനിരപ്പിന് 286 മീറ്റർ ഉയരത്തിലുള്ള ഏഴിമല പുരാതനമായ മൂഷിക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ഒരു ചരിത്ര പുരാതനമായ സ്ഥലമായി ഏഴിമല കരുതപ്പെടുന്നു. ചുറ്റും മലകളാലും കടലിനാലും ഒറ്റപ്പെട്ടു കിടക്കുന്ന ഏഴിമല കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 38 കിലോമീറ്റർ വടക്കാണ്. ഒരു തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്ന ഏഴിമല 11-ആം നൂറ്റാണ്ടിലെ ചോള-ചേര രാജാക്കന്മാരുടെ പ്രധാന യുദ്ധക്കളമായിരുന്നു. ബുദ്ധൻ ഏഴിമല സന്ദർശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. സംഘകൃതികളിൽ ഏഴിമല പരാമൃഷ്ടമായിട്ടുണ്ട്. ടോളമിയും ഏഴിമലയെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം സൂചിപ്പിക്കുന്ന മുസ്സോപ്പള്ളി രാജവംശം മൂഷികവംശമാവാം ഏന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്[1].പ്രാചീനകാലത്തുതന്നെ മനുഷ്യവാസം ഇവിടെ ഉണ്ടായിരുന്നതിന്റെ തെളിവായി മെഗാലിത്തുകൾ (മഹാശിലാസ്‌മാരകങ്ങൾ) ഈ മലയിൽ കാണാം. എ.ഡി. 5-ാം ശതകത്തിൽ കേരളത്തിൽ നിലനിന്നിരുന്ന ഒരു പ്രധാന രാജ്യമായ "ഏഴിൽമല'യിൽ "പൂഴിനാട്‌' എന്നറിയപ്പെട്ട വടക്കേ മലബാറും "മൊഴിപെയർദേശം' എന്നു വിളിക്കപ്പെട്ട കാസർകോടും ഉൾപ്പെട്ടിരുന്നു.

ഏഴിമലയുടെ മറ്റു പേരുകൾ[തിരുത്തുക]

ഏലിമല, മൂഷിക സൈലം, സപ്ത സൈലം, എന്നിങ്ങനെയും ഏഴിമല അറിയപ്പെട്ടിരുന്നു.

ചരിത്രം[തിരുത്തുക]

ഉത്തരകേരളത്തിലെ എഴുതപ്പെട്ട ചരിത്രം ഉള്ള സ്ഥലങ്ങളിൽ പുരാതനമായ ഒന്നാണ് ഏഴിമല. അതുലൻ എഴുതിയ മൂഷകവംശം എന്ന പുസ്തകം 10-ആം നൂറ്റാണ്ടിനു മുൻപുള്ള ഉത്തരകേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മൂഷക വംശത്തിലെ ആദ്യത്തെ രാജാവ് “രാമഘടമൂഷികൻ“ ആയിരുന്നു. അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്നു ഏഴിമല. അതുലൻ മൂഷികവംശത്തിലെ മറ്റു രാജാക്കന്മാരുടെയും കഥ പറയുന്നു. പിൽക്കാലത്ത് ഈ രാജവംശം കോലത്തിരി രാജവംശം എന്ന് അറിയപ്പെട്ടു. രാമഘടമൂഷികന്റെ പിൻ‌ഗാമികൾ തലസ്ഥാനം പാഴി (ഇന്നത്തെ പഴയങ്ങാടി), വളഭപട്ടണം (വളപട്ടണം), എന്നീ സ്ഥലങ്ങളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും മാറ്റി.

നന്നൻ ആണ് ഏഴിൽമല ഭരിച്ചിരുന്ന ഏറ്റവും പ്രശസ്തനായ രാജാവ്. തമിഴ്‌ സംഘസാഹിത്യത്തിൽ ഇദ്ദേഹം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഏഴിൽമലയുടെ സമീപത്തുള്ള ഒരു കുന്നിൽ സ്ഥിതിചെയ്‌തിരുന്ന നന്നന്റെ പാഴി പട്ടണത്തെപ്പറ്റി മാമൂലനാർ എന്ന കവി അകനാനൂറിൽ വർണിച്ചിട്ടുണ്ട്‌. നന്നനും ബന്ധുക്കളും അവിടെ വലിയ നിധികൾ കുഴിച്ചിട്ടതായി വിശ്വസിച്ചുപോരുന്നു. ഇന്നും ഈ പ്രദേശത്ത്‌ "നന്നനെ ബദക്കു നരിനായി തിന്തോയിത്തു' (നന്നന്റെ നിധികൾ നരിയും നായും തിന്നുപോയി) എന്ന പറച്ചിൽ പ്രചാരത്തിലുണ്ട്‌[2]. "കൊൺകാനം (കൊൺ+കാനം=കടലോരത്തുള്ള മല) നന്നൻ' എന്നു കീർത്തികേട്ട നന്നനെ വാകൈപ്പെരുന്തുറൈ യുദ്ധത്തിൽ ചേരരാജാവായ നാർമുടിച്ചേരൽ വധിച്ചതോടുകൂടി പൂഴിനാട്‌ ചേരർക്കധീനമായി എന്ന്‌ പറയപ്പെട്ടിരിക്കുന്നു.

മലബാറിന്റെ ആധിപത്യത്തിനായി ഏഴിമല രാജാക്കന്മാരും ചേരന്മാരും ശ്രമിച്ചിരുന്നു. പൽയാനൈ ചെൽകെഴുകുട്ടുവൻ ആണ് ഏഴിമല കൈവശപ്പെടുത്തിയ ആദ്യത്തെ ചേരരാജാവ്.[1]

ഏഴിൽമലയുടെ ചരിത്രത്തെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നത്‌ അഴിശ്ശിയുടെയും പരണരുടെയും കവിതകളിൽനിന്നാണ്‌. "കടലാഴ്‌ കലത്തിൽ തോന്റി മാലൈ മറയുമവർ മണിനെടും കുന്റേ' (ഇരുട്ടിൽ മറയുന്ന മനോഹരമായ കുന്നു കടലിൽ ആഴുന്ന കപ്പൽപോലെ തോന്നി -കുറുന്തൊകൈ, 240) എന്ന പ്രസിദ്ധമായ ഉപമയിൽ പരാമൃഷ്‌ടമായ നെടുങ്കുന്ന്‌ ഏഴിൽമലയാണ്‌[2]. പിന്നീട്‌ എഴുമല, എലിമല എന്നെല്ലാം ഏഴിമലയ്‌ക്കു രൂപാന്തരമുണ്ടായി. പൊക്കമുള്ള എന്ന അർഥത്തിൽ പ്രയുക്തമായ ഏഴിൽ "ഏഴ്‌' എന്ന് തെറ്റിദ്ധരിച്ചാണഅ സപ്‌തശൈലം എന്ന ഒരു സംസ്‌കൃത തർജുമയുണ്ടായത്. മൂഷികവംശരാജാക്കന്മാർ ഭരിച്ചിരുന്ന മൂഷികഖണ്ഡത്തിൽ ഉൾപ്പെടുന്നതുകൊണ്ടാണ്‌ എലിമല എന്നും അതിന്റെ തർജുമയായി മൂഷികശൈലം എന്നും പേർവന്നത്‌ എന്നും അഭിപ്രായമുണ്ട്.. മധ്യകാല മുസ്ലീം യാത്രികർ എലി, ഹിലി, ഡിലേലി എന്നിങ്ങനെ വിവിധ നാമങ്ങളിൽ ഈ മലയെ വിളിച്ചുവന്നു[1]. കടലിലേക്ക്‌ തള്ളിനില്‌ക്കുന്ന ഇതിനെ അബ്‌ദുൽഫിദ (എ.ഡി. 1273) എന്ന അറബി ഭൂമിശാസ്‌ത്രജ്ഞൻ "രാസ്‌ഹെയ്‌ലി' എന്നാണ്‌ വ്യവഹരിച്ചിട്ടുള്ളത്‌.

13-ാം ശതകത്തിന്റെ അന്ത്യത്തിൽ കേരളം സന്ദർശിച്ച മാർക്കോപോളോ "എലി'യിലെ രാജാവ്‌ ആരുടെയും സാമന്തനായിരുന്നില്ലെന്നും രാജ്യത്തിന്റെ കിടപ്പ്‌ സുഖകരമായ ആക്രമണത്തിനു യോജിച്ചതല്ലായ്‌കയാൽ നിർഭയനായിക്കഴിഞ്ഞിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. 14-ാം ശതകത്തിൽ ഇബ്‌നുബത്തൂത്ത ഇവിടെ എത്തിയിരുന്നതായി അദ്ദേഹത്തിന്റെ വിവരണങ്ങളിൽനിന്നും ഗ്രഹിക്കാം. "മൗണ്ടുഡേലി' എന്നു വിളിച്ചുവരുന്ന ഈ മലയിലെ ഏറ്റവും ഉയർന്ന കൊടുമുടിക്കു സമുദ്രവിതാനത്തിൽനിന്ന്‌ 260 മീ. ഉയരമുണ്ട്‌. ഇവിടെ പുരാതനവും പ്രശസ്‌തവുമായ ഒരു ലൈറ്റ്‌ ഹൗസ്‌ സ്ഥിതിചെയ്യുന്നു. മലയുടെ തെക്കേയറ്റം അവസാനിക്കുന്ന എട്ടിക്കുളം ഒരു പ്രാചീന തുറമുഖമായിരുന്നു. ഇവിടെ 1550-ാമാണ്ടിനടുത്ത്‌ പോർച്ചുഗീസുകാർ പണിയിച്ച കോട്ടയുടെ അവശിഷ്‌ടം കാണാം. ഈ കോട്ട പിന്നീട്‌ ഫ്രഞ്ചുകാരും തുടർന്ന്‌ ബ്രിട്ടീഷുകാരും കൈവശം വച്ചിരുന്നു. ഇന്നു പുരാവസ്‌തുവകുപ്പിന്റെ സ്വത്തായ കോട്ടയും പരിസരവും മുമ്പൊരുകാലത്ത്‌ കടൽക്കൊള്ളക്കാരുടെ സങ്കേതമായിരുന്നു. മലയുടെ പൂർവഭാഗത്തിലൂടെ വളർപട്ടണം പുഴയിലേക്കുള്ള സുൽത്താൻതോട്‌ മലബാർ ആക്രമണകാലത്ത്‌ നാവിക സൗകര്യങ്ങൾക്കായി ടിപ്പുസുൽത്താൻ പണികഴിപ്പിച്ചതാണ്‌[2].

കേരളോത്‌പത്തി രേഖപ്പെടുത്തിയ 32 ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ പയ്യന്നൂർ ഏഴിമലയിൽ നിന്ന്‌ 8 കി.മീ. വടക്കു കിഴക്കു സ്ഥിതിചെയ്യുന്നു. പരശുരാമൻ കുടിയിരുത്തിയതായി വിശ്വസിക്കപ്പെടുന്ന 14 പ്രാചീന ബ്രാഹ്മണകുടുംബങ്ങൾ ഇന്നും കുന്നരുവിൽ താമസിച്ചുവരുന്നു. മലയുടെ പടിഞ്ഞാറുവശത്തു പരശുരാമൻ പ്രതിഷ്‌ഠിച്ചതെന്നു കരുതപ്പെടുന്ന ശങ്കരനാരായണക്ഷേത്രം കാണാം. ഒരു കാലത്ത്‌ ഏഴിമല മുഴുവൻ ഈ ക്ഷേത്രത്തിന്റെ (രാമന്തളി ദേവസ്വം) സ്വത്തായിരുന്നു. മലയുടെ അടിവാരത്തിൽ സമുദ്രാന്മുഖമായി സ്ഥിതിചെയ്യുന്ന നരയാൻ കണ്ണൻ (നരസിംഹം) ക്ഷേത്രം പൂർവചോളരീതിയിൽ സ്‌തംഭതോരണാദികൾ കൊത്തിയതും ഇരട്ടച്ചുവരുള്ള ശ്രീകോവിലോടുകൂടിയതുമാണ്‌. എ.ഡി. 929-ൽ വട്ടെഴുത്തിലെഴുതിയ ഒരു ശിലാശാസനം ക്ഷേത്രമുറ്റത്തു കാണാം. അന്നത്തെ സാമൂഹിക-സാമ്പത്തിക സ്ഥിതികളിലേക്കു വെളിച്ചം വീശുന്നു.[2]

നാവിക അക്കാദമി[തിരുത്തുക]

മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട ഏഴിമലയ്ക്ക് ഇന്ത്യൻ നാവിക സേനയുടെ ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്. ഇവിടെ നാവിക സേനാ അക്കാദമി സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു. കേന്ദ്ര പ്രതിരോധസെക്രട്ടറിയായിരുന്ന കെ.പി. അച്യുതമേനോനാണ് നാവികഅക്കാദമിക്കുവേണ്ടി ഏഴിമല തിരഞ്ഞെടുത്തത്[3]. ഇന്ത്യൻ പടക്കപ്പലായ ഐ.എൻ.എസ് സാമൂരിൻ ഇവിടെ നിന്നാണ് കടലിലേക്ക് ഇറക്കിയത്. ഇത് ഏഴിമല നാവിക അക്കാദമിയുടെ സ്ഥാപനത്തിന്റെ ഒന്നാം ഘട്ടം കുറിച്ചു. നാവിക അക്കാദമി 2009 ജനുവരി 08-ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

മുസ്ലീം നവോദ്ധായകനായിരുന്ന ഷെയ്ഖ് അബ്ദുൾ ലത്തീഫിന്റെ ഭൌതീകാവശിഷ്ടങ്ങൾ ഉണ്ട് എന്നു വിശ്വസിക്കുന്ന ഒരു പുരാതന മോസ്ക് ഇവിടെയുണ്ട്. ദുർല്ലഭമായ ഔഷധ ചെടികൾ ഏഴിമലയിലുണ്ട്. ഏഴിമലയിലെ മൗണ്ട് ഡെലി വിളക്കുമാടം (ലൈറ്റ് ഹൌസ്) പുരാതനവും പ്രശസ്തവുമാണ്. ഇന്ത്യൻ നേവി സംരക്ഷിക്കുന്ന ഇവിടെ പ്രവേശനം നിയന്ത്രിതമാണ്. കടൽത്തീരത്തെ മണ്ണ് ഒരു പ്രത്യേക നിറമുള്ളതാണ്. ഇവിടെ കടലിന് മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് നീലിമ കൂടുതലാണ്. എട്ടിക്കുളം കടൽത്തീരത്തു് ഡോൾഫിനുകളെ കാണാൻ കഴിയും[അവലംബം ആവശ്യമാണ്].

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 1 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 224. ISBN 9788176385985.
  2. 2.0 2.1 2.2 2.3 "ഏഴിമല". സർവവിജ്ഞാനകോശം. 14/08/2014. Retrieved 21/08/2016. {{cite web}}: Check date values in: |access-date= and |date= (help)
  3. എംജിഎസ് നാരായണൻ (29/07/2015). "ഏഴഴകുള്ള ഏഴിമല ഓർമകൾ". മാധ്യമം. Retrieved 21/08/2016. {{cite web}}: Check date values in: |access-date= and |date= (help)

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഴിമല&oldid=3945648" എന്ന താളിൽനിന്ന് ശേഖരിച്ചത്