തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം

11°44′44.2″N 75°30′12.35″E / 11.745611°N 75.5034306°Eകേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ക്ഷേത്രമാണ് തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം. ഖരവധം കഴിഞ്ഞ് അത്യുഗ്രഭാവത്തിലുള്ള ശ്രീരാമസ്വാമിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, ഹനുമാൻ, ദക്ഷിണാമൂർത്തി (ശിവൻ), മഹാവിഷ്ണു, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഭദ്രകാളി (പോർക്കലീദേവി), നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ രണ്ട് ശിവക്ഷേത്രങ്ങളും ക്ഷേത്രപരിസരത്തുണ്ട്. പിച്ചള താഴികക്കുടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് പിച്ചള അമ്പലം(Brass Pagoda [1]) എന്നും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. തൃപ്രയാർ, തിരുവില്വാമല, കടവല്ലൂർ എന്നിവയ്ക്കൊപ്പം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നാണിത്. മേടമാസത്തിൽ വിഷുവിന് കൊടികയറി എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഈ ക്ഷേത്രത്തിലേത്. കൂടാതെ രാമായണമാസാചരണം, ശ്രീരാമനവമി എന്നിവയും വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം[തിരുത്തുക]
അഗസ്ത്യമഹർഷി ശിഷ്യഗണങ്ങളോടുകൂടി കാവേരി സ്നാനത്തിനുപോകുന്ന അവസരത്തിൽ ശ്വേതൻ, നീലൻ എന്നീ രണ്ടു രാക്ഷസന്മാർ അദ്ദേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധഃപതിയ്ക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു. രാക്ഷസന്മാർ ശാപമോചനത്തിന് അപേക്ഷിച്ചപ്പോൾ മുനി, നീലനെ തളിയിലപ്പനെ ഭജിക്കുവാനും ശ്വേതനെ തിരുവങ്ങാടുള്ള ശിവക്ഷേത്രത്തിൽ ചെന്ന് ഭജിക്കുവാനും ഉപദേശിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു കൊല്ലം ഭജിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു. അതനുസരിച്ച് ശ്വേതൻ തിരുവങ്ങാടുള്ള ഇപ്പോൾ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലൻ തളിയിലപ്പൻ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വൻ കാടായിരുന്ന തിരുവൻകാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു. ശ്വേതൻ ഭജിച്ചിരുന്നതിനാൽ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു. 'ശ്വേതം' എന്ന വാക്കിന് വെളുപ്പ് എന്ന അർത്ഥവുമുണ്ട്. അതിനാൽ 'തിരുവെൺകാട്' എന്ന പേര് സ്ഥലത്തിനുവന്നു. തിരുവെൺകാട് പിന്നീട് തിരുവങ്ങാടായതാണെന്ന് പറയപ്പെടുന്നു.
സങ്കല്പമൂർത്തി[തിരുത്തുക]
ഖരവധം കഴിഞ്ഞ ഉടനെയുള്ള നിലയിൽ വാഴുന്ന ശ്രീരാമാസ്വാമിയെ മകരമാസത്തിലെ തിരുവോണം നക്ഷത്രദിനം അമാവാസിയ്ക്ക് പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിച്ചു വരുന്നു. അന്നേ ദിവസം ആണ് തിരുവോണപ്പട്ടത്താനം കൊണ്ടാടുന്നത്. യുദ്ധത്തിനായി ശൂർപ്പണഖയുടെ ആവലാതി പ്രകാരം ഖരൻ അയച്ച രാക്ഷസരെ എല്ലാം നിഗ്രഹിച്ച വിവരം ശൂർപ്പണഖ ഖരനെ അറിയിക്കുന്നു. അതിക്രോധത്തോടെ ഖരൻ പതിനാലായിരം പടയോടുകൂടി ത്രിശിരസ്സിനെയും ഭൂഷനെയും അയക്കുന്നു. രാക്ഷസപ്പടയുടെ രൂക്ഷമായ കോലാഹലം കേട്ട് ശ്രീരാമൻ സീതാദേവിയെ ഒരു ഗുഹയിലാക്കി ലക്ഷ്മണനെ കാവൽ നിർത്തി രാക്ഷസന്മാരോട് പൊരുതുവാൻ പോയി. ഈ ഗുഹ തിരുവങ്ങാട് ദേശത്തുള്ള പോക്കനശ്ശേരി എന്ന പറമ്പിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
ഒരിക്കൽ ഖരവധം കളിമദ്ധ്യേ രാമനെ പോരിനു വിളിച്ച ഖരനെ പിന്നെ കണ്ടിട്ടില്ലത്രേ. അതിനാലാണ് ഇവിടങ്ങളിൽ ഖരവധം കഥകളി കളിക്കാത്തത്. ഈ കാരണം കൊണ്ടും ഇവിടെ ഉള്ള ശ്രീരാമ പ്രതിഷ്ഠ ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലാണെന്നു അനുമാനിക്കാം.
ചരിത്രം[തിരുത്തുക]
18-ആം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ കേരളം ആക്രമിച്ച് ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ഈ ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു. എങ്കിലും ക്ഷേത്രം പൂർണ്ണമായി നശിച്ചുപോകാതെ രക്ഷപെട്ടു. ഈ ക്ഷേത്ര വളപ്പിൽ വെച്ചാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും തമ്മിൽ പല കൂടിക്കാഴ്ചകളും നടന്നതും പല ഉടമ്പടികളും ഒപ്പുവെച്ചതും. [2] ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളോട്ട് നീങ്ങിയപ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവർ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി തത്സമയം ഒരാൾ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഈ യുദ്ധ സ്ഥലത്തിനു പെരുമ്പോർക്കുളം എന്നത് ചുരുങ്ങി പെരുങ്കുളം എന്ന് പറയുന്നു. ഉത്സവകാലത്ത് പെരുമാളുടെ പള്ളിവേട്ട പെരുങ്കുളത്തുവച്ചാണ്.
ഈ ക്ഷേത്രത്തിൽ പല താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു. പല മനോഹരമായ ശില്പങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.
ക്ഷേത്ര പ്രവേശനവും ഗാന്ധിജിയും[തിരുത്തുക]
ഗാന്ധിജിയുടെ തലശേരി സന്ദർശനകാലത്തുതന്നെ ദേശീയവാദികൾ തിരുവങ്ങാട് ക്ഷേത്രപ്രവേശന വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാൻ 1934 ജനുവരി 12ന് രാത്രിയാണ് ഗാന്ധിജി തലശ്ശേരിയിലെത്തിയത്. തിരുവങ്ങാട്ടെ ഇടവലത്ത്‌വീട്ടിൽ താമസിക്കുമ്പോൾ ദേവസ്വം ട്രസ്റ്റി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ക്ഷേത്രപ്രവേശനകാര്യം ഗാന്ധിജി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല.
സവർണ പൗരോഹിത്യത്തെ ചോദ്യംചെയ്‌ത് കമ്യൂണിസ്റ്റ് നേതാവ‌് സി.എച്ച്. കണാരൻ രംഗത്തെത്തി. തിരുവങ്ങാട് ക്ഷേത്രത്തിലേക്ക് അയിത്ത ജാതിക്കാരുമായി സി എച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ജാഥ നടത്തി. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് പിന്നോക്കജാതിക്കാർ തിരുവങ്ങാട് അമ്പലത്തിൽകയറി പ്രാർത്ഥിച്ചതോടെ നൂറ്റാണ്ടുകളായി നിലനിന്ന അനാചാരത്തിന് അന്ത്യംകുറിച്ചു. [3]
ക്ഷേത്ര രൂപകല്പന[തിരുത്തുക]
ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]
ക്ഷേത്രപരിസരം[തിരുത്തുക]
തിരുവങ്ങാട് ദേശത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിന്റെ മുന്നിലായി അതിവിശാലമായ കുളമുണ്ട്. 'തിരുവങ്ങാട് ചിറ' എന്നറിയപ്പെടുന്ന ഈ കുളം കേരളത്തിലെ ഏറ്റവും വലുതും മനോഹരവുമായ ക്ഷേത്രക്കുളങ്ങളിലൊന്നാണ്. ആറേക്കറോളം വിസ്തീർണ്ണം ഈ കുളത്തിനുണ്ട്. ക്ഷേത്രത്തിൽ വരുന്ന ഭക്തർ ഇവിടെ കുളിച്ചാണ് ക്ഷേത്രദർശനം നടത്തുന്നത്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഈ കുളത്തിലാണ്. പ്രദേശത്തുള്ളവർ നീന്തൽ പഠിയ്ക്കുന്നതിനായി ഈ കുളം ഉപയോഗിയ്ക്കാറുണ്ട്. കേരളത്തിൽ ഏറ്റവും നന്നായി പാലിച്ചുപോരുന്ന കുളങ്ങളിലൊന്നാണിത്. ഇവിടെ എണ്ണ, സോപ്പ് മുതലയാവ തേച്ചുകുളിയ്ക്കുന്നതും, ഉച്ചയ്ക്കും രാത്രിയും ഇറങ്ങുന്നതും നിരോധിച്ചിരിയ്ക്കുന്നു.
കുളത്തിൽ നിന്ന് ഏകദേശം മുപ്പത് കൽപ്പടികൾ കയറിയാൽ കിഴക്കേ ഗോപുരത്തിലെത്താം. ടിപ്പുവിന്റെ പടയോട്ടത്തിൽ ഭാഗികമായി തകർന്നുപോയ ഗോപുരമാണിത്. എങ്കിലും, ഇതുവരെ ഇത് പുതുക്കിപ്പണിതിട്ടില്ല. ഗോപുരത്തിന്റെ തെക്കുഭാഗത്ത് ചെറിയൊരു ഗണപതിക്ഷേത്രമുണ്ട്. ഇവിടെ സാധാരണ രൂപത്തിലുള്ള ഗണപതിയാണുള്ളത്. സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാനെ തൊഴുതശേഷമാണ് ഭക്തർ ശ്രീരാമനെ തൊഴാൻ പോകുന്നത്. ഓടുമേഞ്ഞ ചെറിയ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. അടുത്തായി വേറെയും ചില പടികൾ കാണാം. ഇത് തെക്കുഭാഗത്തുനിന്ന് വരുന്നവർക്കാണ്. ക്ഷേത്രം ദേവസ്വം ഓഫീസും ഈ ഭാഗത്തുതന്നെയാണ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തിരുവങ്ങാട് ദേവസ്വം. ക്ഷേത്രത്തിന് ഇരുവശവുമായി നിരവധി മരങ്ങളും ചെടികളും നിൽക്കുന്നത് കാണാം. ഇവ നന്നായി നോക്കിപ്പോരുന്നുണ്ട്.
മതിലകം[തിരുത്തുക]
കിഴക്കേ ഗോപുരം കടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യത്തിലധികം വലിപ്പമുള്ള ഈ ആനക്കൊട്ടിൽ, വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടിലുകളിലൊന്നാണ്. ഏകദേശം ആറ് ആനകളെ ഒന്നിച്ച് എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനപ്പുറം ദീപസ്തംഭം. അതിനുമപ്പുറം മറ്റൊരു പ്രവേശനകവാടം കാണാം. സാധാരണയായി കേരളീയക്ഷേത്രങ്ങളിലൊന്നും ഇങ്ങനെയുണ്ടാകാറില്ല. ഇരട്ടമതിലകമുള്ള ഏക ക്ഷേത്രമാണ് തിരുവങ്ങാട്. രണ്ടാം മതിലകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് മുകളിലായി ശ്രീരാമപട്ടാഭിഷേകത്തിന്റെ രൂപം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഏകദേശം പത്തേക്കർ വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് തിരുവങ്ങാട് ക്ഷേത്രത്തിന്. ഈ മതിലകത്ത് നിരവധി മരങ്ങൾ തഴച്ചുവളരുന്നുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഇരട്ട മതിലകമാണുള്ളത്. അതായത് പുറത്തുകൂടി വിശാലമായ ഒരു പ്രദക്ഷിണവഴിയും അകത്ത് മറ്റൊരു വഴിയും കാണാം. അകത്തെ വഴിയിൽ ഷർട്ട്, ബനിയൻ,ലുങ്കി മുതലായവ ധരിച്ചുകൊണ്ട് പ്രവേശിയ്ക്കുന്നത് നിരോധിച്ചിരിയ്ക്കുന്നു. അകത്തെ പ്രദക്ഷിണവഴിയിലേയ്ക്ക് കടന്നാൽ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരമാണ് ശ്രദ്ധയിൽ പെടുന്നത്. ഏറെ കാലപ്പഴക്കമുള്ള ഈ കൊടിമരം, ഇന്ന് തിളക്കം നഷ്ടപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിയ്ക്ക് അവസാനം ഇവിടെയാണ് ബലിതൂകുന്നത്. ബലിക്കല്ലിന് നല്ല വലുപ്പമുള്ളതിനാൽ പുറത്തുനിന്നുനോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. തെക്കുകിഴക്കുഭാഗത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി അനന്തൻ വാഴുന്ന ഈ സന്നിധിയിൽ കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. പടിഞ്ഞാറോട്ട് ദർശനം നൽകിയാണ് ഇവരുടെ പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ എടുത്തുപറയത്തക്ക കാഴ്ചകളൊന്നുമില്ല. വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ കാണാം. ചതുർബാഹുവായ മഹാവിഷ്ണു തന്നെയാണ് ഇവിടെയും പ്രതിഷ്ഠയെങ്കിലും ശ്രീകൃഷ്ണനായാണ് ഈ പ്രതിഷ്ഠയെ കണ്ടുവരുന്നത്. കിഴക്കോട്ടാണ് ദർശനം.
വടക്കേ നടയിൽ ക്ഷേത്രമതിലത്തുതന്നെയായി പരസ്പരാഭിമുഖമായി രണ്ട് ശിവക്ഷേത്രങ്ങൾ കാണാം. ഒന്ന് വടക്കേടം എന്നും മറ്റേത് കിഴക്കേടം എന്നും അറിയപ്പെടുന്നു. വൈഷ്ണവമൂർത്തിയായ തിരുവങ്ങാട്ട് പെരുമാളുടെ ക്ഷേത്രത്തിനടുത്തുള്ള ഈ രണ്ട് ശിവസന്നിധികൾ ശൈവ-വൈഷ്ണവ ഐക്യത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു. ഐതിഹ്യമനുസരിച്ച് ആദ്യത്തെ ശിവക്ഷേത്രത്തിന് തിരുവങ്ങാട് ക്ഷേത്രത്തെക്കാൾ പഴക്കമുണ്ട്. അഗസ്ത്യമഹർഷിയുടെ ശിഷ്യനായ ശ്വേതമഹർഷിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വാസമുണ്ട്. കിഴക്കോട്ട് ദർശനം നൽകുന്ന ഇവിടെയുള്ള ശിവന്റെ രൗദ്രഭാവം മൂലം കിഴക്കുള്ള കോടിയേരി പോലുള്ള സ്ഥലങ്ങളിൽ തുടർച്ചയായി അഗ്നിബാധയുണ്ടായെന്നും അത് തടുക്കാനാണ് മറ്റൊരു ശിവക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠ നടത്തിയതെന്നും ഐതിഹ്യങ്ങളുണ്ട്. സംഗതി എന്തായാലും ഇരു ശിവക്ഷേത്രങ്ങളിലും ദർശനം നടത്തിയാലേ തിരുവങ്ങാട്ട് ദർശനം പൂർത്തിയാകൂ. ശിവരാത്രിയാണ് ഇരുക്ഷേത്രങ്ങളിലും പ്രധാന ആണ്ടുവിശേഷം.
ശ്രീകോവിൽ[തിരുത്തുക]
ദീർഘചതുരാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിന് മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങൾ ശോഭിച്ചുനിൽക്കുന്നു. ലോഗന്റെ കാലത്ത് അത് പിച്ചളയിലാകണം നിർമ്മിച്ചിട്ടുണ്ടാകുക. അതാകണം അദ്ദേഹം 'പിച്ചള പഗോഡ' എന്ന പേര് ക്ഷേത്രത്തിന് നൽകാനും കാരണം. ശ്രീകോവിലിനകത്തേയ്ക്ക് കടക്കാൻ ഇവിടെ നാല് സോപാനപ്പടികളുണ്ട്. ഇവ നിലവിൽ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. ഇതിന്റെ വാതിലുകളും പൂർണ്ണമായും സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. അകത്ത് മൂന്നുമുറികളാണ് ഇവിടെയുള്ളത്. ഇവയിൽ ആദ്യത്തെ മുറി, ശ്രീകോവിലിൽ പ്രവേശനാർഹതയുള്ള മൂത്തത് അടക്കമുള്ള പരിചാരകർക്കാണ്. രണ്ടാമത്തെ മുറി, ഒരു ഇടനാഴിയാണ്. മൂന്നാമത്തെ മുറിയാണ്, വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം ആറടി ഉയരം വരുന്ന ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീരാമസ്വാമി വാഴുന്നു. രാക്ഷസസഹോദരന്മാരായ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ മൂവായിരത്തിലധികം വരുന്ന പടയെയും വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന ശ്രീരാമനായാണ് സങ്കല്പം. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദയും ധരിച്ചിട്ടുണ്ട്. മുന്നിലെ വലതുകൈ ഉപയോഗിച്ച് ഭഗവാൻ, ഭക്തരെ അനുഗ്രഹിയ്ക്കുന്നു. തിരുവങ്ങാട്ട് പെരുമാൾ എന്നാണ് ചക്രവർത്തിസ്വരൂപനായ ഇവിടത്തെ ശ്രീരാമസ്വാമി അറിയപ്പെടുന്നത്. ഐമ്പെരുമാൾമാർ എന്നറിയപ്പെടുന്ന കണ്ണൂർ ഭാഗത്തെ അഞ്ച് പെരുമാക്കന്മാരിൽ ഒരാളാണ് തിരുവങ്ങാട്ട് പെരുമാൾ. കൊട്ടിയൂർ, തളിപ്പറമ്പ്, തൃച്ചംബരം, പയ്യന്നൂർ എന്നീ സ്ഥലങ്ങളിലാണ് മറ്റുള്ള നാല് പെരുമാക്കന്മാർ കുടികൊള്ളുന്നത്. ഇവർ ഭരിയ്ക്കുന്ന ഭാഗങ്ങളെല്ലാം കൂടി ഐമ്പെരുമാളിടം എന്നറിയപ്പെടുന്നു. ക്ഷേത്രങ്ങൾ നാടുഭരിച്ചിരുന്ന ഒരു കാലത്ത് കോലത്തുനാടിന്റെയും കോട്ടയം രാജവംശത്തിന്റെയും നാല് അതിർത്തികൾ കാത്തിരുന്ന പെരുമാക്കന്മാരായിരുന്നു ഇവർ എന്നും പറയപ്പെടുന്നു. അലങ്കാരസമയത്ത് ചെത്തി, മന്ദാരം, തുളസി, താമര തുടങ്ങിയ പൂക്കൾ കൊണ്ടുള്ള വലിയ മാലകളും സ്വർണ്ണ-രത്നാഭരണങ്ങളും ചാർത്തിനിൽക്കുന്ന വിഗ്രഹത്തിന്റെ ഭംഗി അവർണ്ണനീയമാണ്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തിരുവങ്ങാട്ട് പെരുമാൾ ശ്രീലകത്ത് വാഴുന്നു.
നാലമ്പലം[തിരുത്തുക]
ചിത്രങ്ങൾ[തിരുത്തുക]
-
തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി, മുൻവശത്തുനിന്നുള്ള ദൃശ്യം
-
കുളത്തിനു മുമ്പിൽ നിന്നുള്ള ദൃശ്യം
-
ക്ഷെത്രത്തിനകത്ത് ഉള്ള വന്ദനശ്ലോകം ദൃശ്യം
-
പുറത്തുനിന്നുള്ള ദൃശ്യം
-
മതിലകത്തെ ദൃശ്യം
-
പുറത്തുവച്ച ബോർഡ്- സ്ഥലവിവരങ്ങൾ കാണാം
-
തെക്കുപടിഞ്ഞാറുഭാഗത്തെ ആൽ
-
വടക്കുപടിഞ്ഞാറുഭാഗത്തെ ആൽ
-
തെക്കുകിഴക്ക്ഭാഗത്തെ ആൽ
-
വടക്കുകിഴക്ക്ഭാഗത്തെ ആൽ
-
കുളത്തിന്റെ ദൃശ്യം
-
ദൂരത്തു നിന്നുള്ള ദൃശ്യം
പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

- ഉപഗ്രഹ ചിത്രം
- http://www.sreeramtemple.com/index.html Archived 2007-11-26 at the Wayback Machine.
അവലംബം[തിരുത്തുക]
- ↑ വില്ല്യം ലോഗൻ, മലബാർ മാനുവൽ വോള്യം 1 പേജ് 39
- ↑ "കണ്ണൂർ എൻ.ഐ.സി. വെബ് വിലാസം". മൂലതാളിൽ നിന്നും 2007-02-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-12-05.
- ↑ http://www.deshabhimani.com/sabarimala/news/view/50