വിഷ്വക്സേനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദുമതത്തിലെ ഒരു അപ്രധാന ദേവനാണ് വിഷ്വക്സേനൻ. ഹൈന്ദവവിശ്വാസപ്രകാരം വിഷ്ണുവിന്റെ സൈന്യത്തിലെ മുഖ്യസേനാധിപനും വൈകുണ്ഠത്തിലെ കാവൽക്കാരിലൊരാളുമാണ് വിഷ്വക്സേനൻ. വൈഷ്ണവവിശ്വാസികൾ ഏത് ശുഭകാര്യവും വിഷ്വക്സേനനെ വന്ദിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ശ്രീരംഗനാഥ ക്ഷേത്രം, തിരുമല വെങ്കടേശ്വര ക്ഷേത്രം, തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം തുടങ്ങിയ വൈഷ്ണവദേവാലയങ്ങളിൽ വിഷ്വക്സേനനെ പ്രാധാന്യത്തോടെ കണ്ടുവരുന്നു. കേരളീയ വൈഷ്ണവക്ഷേത്രങ്ങളിൽ നിർമ്മാല്യധാരിയായി അറിയപ്പെടുന്നതും വിഷ്വക്സേനനാണ്.

രൂപഘടനയും ബന്ധങ്ങളും[തിരുത്തുക]

കൂർമ്മപുരാണത്തിൽ പറയുന്ന കഥയനുസരിച്ച് വിഷ്ണുഭഗവാന്റെ ഒരു അംശാവതാരമാണ് വിഷ്വക്സേനൻ. രൂപഘടനയിൽ വിഷ്ണുവുമായി അഭേദ്യമായ സാദൃശ്യമുണ്ട് വിഷ്വക്സേനന് എന്ന് അതിൽ പറയുന്നു. തന്റെ സ്വാമിയെപ്പോലെ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ച നാലുകൈകളോടെയാണത്രേ അദ്ദേഹത്തിന്റെ രൂപം. കാലികപുരാണത്തിൽ വിഷ്വക്സേനൻ വിഷ്ണുവിന്റെ സഹായിയായി അറിയപ്പെടുന്നു. വെള്ളത്താമരയിൽ ഇരിയ്ക്കുന്ന, താടിയും മുടിയും നീട്ടിവളർത്തിയ രൂപമാണ് അതിൽ അദ്ദേഹത്തിന് പറയുന്നത്. ലക്ഷ്മീതന്ത്രം എന്ന പഞ്ചരാത്ര ഗ്രന്ഥത്തിൽ നാലുകൈകളോടുകൂടി, ശംഖും താമരയും വാളും ഗദയും ധരിച്ച, ജടയോടുകൂടിയ മുടിയും താടിയുമുള്ള, മഞ്ഞവസ്ത്രം ധരിച്ച രൂപമാണ് വിഷ്വക്സേനന്. ചുരുക്കത്തിൽ വിഷ്ണുവിന്റേതായ എല്ലാ രൂപഭാവങ്ങളും (ശ്രീവത്സമടക്കം) വിഷ്വക്സേനന്നുമുണ്ടെന്ന് പറയപ്പെടുന്നു.

വേദങ്ങളിലും ധർമ്മശാസ്ത്രങ്ങളിലുമൊന്നും വിഷ്വക്സേനൻ പ്രത്യക്ഷപ്പെടുന്നില്ല. പ്രധാനമായും പഞ്ചരാത്ര-ആഗമഗ്രന്ഥങ്ങളിലാണ് അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആരാധനയെക്കുറിച്ചും കൂടുതലായി കേൾക്കുന്നത്.

പ്രാചീന ഇന്ത്യൻ ചരിത്രത്തിൽ സവിശേഷപ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്ന തമിഴ് വൈഷ്ണവഭക്തികവികളായ ആഴ്വാർമാരെ വിഷ്ണുഭഗവാന്റെ അംശാവതാരങ്ങളായി കണക്കാക്കുന്നു. അവരിൽ, നമ്മാഴ്വാരെയാണ് വിഷ്വക്സേനന്റെ അവതാരമായി കണക്കാക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വിഷ്വക്സേനൻ&oldid=2839353" എന്ന താളിൽനിന്ന് ശേഖരിച്ചത്