കോട്ടയം രാജവംശം
കോലത്തുനാടിന്റെ അധീനതയിൽപ്പെട്ടിരുന്ന കോട്ടയം ഭരിച്ചിരുന്ന രാജവംശമാണ് കോട്ടയം രാജവംശം. കോലത്തുനാടിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളായ കോട്ടയം, ഇരിവനാട്, വയനാട്, കുറുമ്പ്രനാട്, താമരശ്ശേരി, തലശ്ശേരി താലൂക്കിന്റെ ഉൾനാടൻ പ്രദേശങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും ഈ വംശത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഒരു കാലത്ത് കുടക് അതിർത്തിയോളം ഭരണം വ്യാപിച്ചിരുന്നു. ക്രമേണ കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ മൂന്ന് ശാഖകളായി ഈ വംശം പിരിഞ്ഞു. ആദ്യത്തേത് രണ്ടും കോട്ടയത്തും മൂന്നാമത്തേത് പഴശ്ശിയിലും താമസമാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഇന്നത്തെ തലശ്ശേരിതാലൂക്കിലെ ഇടവഴിനാട് നമ്പ്യാന്മാരുടെ ഭരണത്തിൽപ്പെടാത്ത ഭാഗങ്ങളുടേയും അധീശന്മാരായിരുന്നു കോട്ടയം രാജാക്കന്മാർ. ഗൂഡല്ലൂർ ഉൾപ്പെട്ട വയനാട്, മുമ്പത്തെ കോഴിക്കോട്, കുറുമ്പ്രനാട് താലൂക്കുകളുടെ ഏതാനും ഭാഗങ്ങൾ ചേർന്ന താമരശ്ശേരി എന്നിവയും കോട്ടയം രാജ്യത്തിൽപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരുമായി പടവെട്ടി വീരമൃത്യുവരിച്ച കേരളവർമ്മ പഴശ്ശിരാജാവ് , വാല്മീകി രാമായണം കിളിപ്പാട്ടിന്റെ കർത്താവ് കേരളവർമ്മത്തമ്പുരാൻ , ആട്ടകഥാകാരൻ വിദ്വാൻ തമ്പുരാൻ എന്നിവർ ഈ രാജകുടുംബത്തിൽ നിന്നാണ്.
പുറനാട് (പുറകിഴനാട്) എന്നും കോട്ടയം അറിയപ്പെട്ടിരുന്നു. ഈ കുടുംബത്തെ ഉണ്ണിയച്ചീചരിതത്തിൽ പുറൈകിഴാർതങ്ങൾ എന്നും കോകിലസന്ദേശത്തിൽ പുരളിക്‌ഷ്‌മാഭൃത് എന്നും വിശേഷിപ്പിച്ചുകാണുന്നു. കിഴക്ക് പടിഞ്ഞാറ്് 9.6 കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന പുരളിമലയിൽ ഹരിശ്ചന്ദ്രൻ എന്ന കുലകൂടസ്ഥൻ കെട്ടിപ്പടുത്ത കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ഭാസ്കരരവിവർമ്മന്റെ തിരുനെല്ലി ചെപ്പേടിൽ പുറകിഴനാടും ഭരണാധിപനായ ശങ്കരൻ കോതവർമ്മനും പരാമർശിക്കപ്പെടുന്നുണ്ട്. ആദ്യകേന്ദ്രം മുഴക്കുന്നിൽ ആയിരുന്നു. അവിടെനിന്നും ചാവശ്ശേരിയിലേക്കും പിന്നീട് കോട്ടയത്തേക്കും സ്ഥാനം മാറ്റി.മുഴക്കുന്നിലെ ശ്രീപോർക്കലീ ഭഗവതി (ദുർഗാം ചാ പി മൃദംഗശൈലനിലയാം ശ്രീ പോർക്കലീമിഷ്ടദാം -എന്ന് കോട്ടയത്തു തമ്പുരാൻ) കുലപരദേവതയാണ്. പരശുരാമപ്രതിഷ്ഠിതമെന്നു കരുതപ്പെടുന്ന 64 കളരികളിലൊന്നായ മുഴക്കുന്നു കളരിയിലാണു രാജകുടുംബത്തിന്റെ ആയുധാഭ്യാസം. പിണ്ഡാലിനമ്പീശന്മാരാണ് കളരിഗുരുക്കന്മാർ. ബ്രാഹ്മണർക്കുകൂടി നീർ നൽകുവാൻ അർഹതയുള്ള ക്ഷത്രിയബ്രാഹ്മണരാണ് ഈ രാജാക്കന്മാർ. ഇവർ പുറനാട്ട് രാജാ എന്നും അറിയപ്പെടുന്നു. പരപ്പനാട് സ്വരൂപവും പുറനാട്ട് രാജാ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. ഇവർ കേരളത്തിൽ താമസം ഉറപ്പിച്ച രജപുത്രർ ആയതുകൊണ്ടാണ് ഇതെന്ന് പറയപ്പെടുന്നു. [1]
അവലംബം[തിരുത്തുക]
- ↑ കെ കെ എൻ കുറുപ്പ് സർവ്വവിജ്ഞാനകോശം, വാല്യം 9 -താൾ 41-42