തിരുവിതാംകൂർ-ഡച്ച് യുദ്ധം
തിരുവിതാംകൂർ മഹാരാജ്യവും, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി 18 ആം നുറ്റാണ്ടിൽ നടന്ന യുദ്ധമാണ് ഇത്. ഡച്ച് മേൽകോയ്മക്കു തിരശ്ശീല വീഴ്ത്തിയ ഒരു യുദ്ധ പരമ്പരയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി നടന്ന കുളച്ചൽ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.
കാരണങ്ങൾ
[തിരുത്തുക]മാർത്താണ്ഡവർമ്മ മഹാരാജാവ് തന്റെ സാമ്രാജ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി, സാമന്തരാജ്യങ്ങളേക്കൂടി യുദ്ധത്തിൽ കീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കാൻ തുടങ്ങി.[1] 1731 ൽ മാർത്താണ്ഡ വർമ്മ കായംകുളവും, കൊല്ലവും പിടിച്ചടക്കിയതോടെ, അവിടെ വ്യാപാരബന്ധങ്ങളുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി രാജാവുമായി ശത്രുതയിലായി. കയറ്റുമതിക്കായി സൂക്ഷിച്ചിരുന്ന ഉൽപന്നങ്ങൾ നശിപ്പിക്കപ്പെട്ടു. 1733 ആയപ്പോഴേക്കും കമ്പനി അവിടെ നിന്നും കയറ്റുമതി ചെയ്തിരുന്ന കുരുമുളകിന്റെ അളവ്, ഏതാണ്ട് പകുതിയായി കുറഞ്ഞു. 1734 ൽ വില്ല്യം ഫെലിങ്, ഏബ്രഹാം വാൻഡെ വെലെ, റാബി, ബ്രൗവർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പനി സംഘം രാജാവുമായി ഒത്തു തീർപ്പിനു ശ്രമിച്ചുവെങ്കിലും, ചർച്ച ഫലം കണ്ടില്ല. അക്കാലത്ത് ഏറ്റവും കൂടുതൽ കുരുമുളകു ഉൽപ്പാദിപ്പിച്ചിരുന്ന നാട്ടുരാജ്യമായ ഇളയിടത്തു സ്വരൂപം രാജാവ് തിരുവിതാംകൂറിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ചതോടെ, ഡച്ചുകാർക്കു യുദ്ധമല്ലാതെ മറ്റു പോംവഴികളുണ്ടായിരുന്നില്ല. 1739 ൽ തിരുവിതാംകൂറും, ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി യുദ്ധം ആരംഭിക്കുകയും, ഈ സംഘർഷം പിന്നീട് കുളച്ചൽ യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു.
യുദ്ധങ്ങൾ
[തിരുത്തുക]മാർത്താണ്ഡവർമ്മ, കൊല്ലവും കായംകുളവും കീഴടക്കിയശേഷം ഇളയിടത്തു സ്വരൂപം തിരുവിതാംകൂറിലേക്കു കൂട്ടിച്ചേർക്കാനുള്ള യാത്രയിലാണ് ഡച്ചു സൈന്യവുമായി ഏറ്റുമുട്ടേണ്ടി വരുന്നത്. കൊട്ടാരക്കരയുടേയും, ഡച്ചുകാരുടേയും ഒരു സംയുക്ത സൈന്യം, മാർത്താണ്ഡവർമ്മയെ നേരിട്ടു. ഈ യുദ്ധത്തിൽ മാർത്താണ്ഡ വർമ്മ വിജയിക്കുകയും, ഇളയിടത്തു സ്വരൂപം തിരുവിതാംകൂറിന്റെ ഭാഗമാവുകയും ചെയ്തു. കൽക്കുളം ഡച്ചു കാരുടെ കയ്യിൽ നിന്നും പിടിച്ചെടുക്കാൻ മാർത്താണ്ഡവർമ്മ തയ്യാറെടുക്കുകയും, കുളച്ചലിൽ വെച്ചു രാജാവും, ഡച്ചുകാരും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധം ആരംഭിക്കുകയും ചെയ്തു.
ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ബാക്കിയുള്ളവർ കോട്ടയിലേയ്ക്ക് പിൻവാങ്ങി. എന്നാൽ തിരുവിതാംകൂർ സൈന്യം കോട്ടയും തകർക്കാൻ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച ഡച്ചുകാർക്ക് താവളമായി കപ്പലുകളെ ആശ്രയിക്കേണ്ടതായി വന്നു. (1741 ഓഗസ്റ്റ് 10) ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി.
അവലംബം
[തിരുത്തുക]- ↑ Om, Gupta (2006). Encyclopaedia of India, Pakistan and Bangladesh. Isha books. p. 549. ISBN 8182053927.