Jump to content

ആരോമൽ ചേകവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

16-ആം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ധീര യോദ്ധാവാണ് ആരോമൽ ചേകവർ.[1] വടക്കൻ പാട്ടുകളിലൂടെയാണ് അദ്ദേഹത്തിന്റെ ആയോധന പാടവത്തെ വാഴ്ത്തുന്ന കഥകൾ പ്രചരിച്ചത്.

ആരോമൽ ചേകവർ
ജനനം16നൂറ്റാണ്ടിന്റെ മദ്ധ്യേ
മരണം16നൂറ്റാണ്ട്
തൊഴിൽഉത്തരമലബാറിലേ ഒരു യോദ്ധാവ്
മാതാപിതാക്ക(ൾ)കണ്ണപ്പ ചേകവർ
പുരസ്കാരങ്ങൾചേകവർ

ജീവിതം

[തിരുത്തുക]

കടത്തനാട് നാട്ടുരാജ്യത്തെ പ്രശസ്ത ഹിന്ദു തീയർ തറവാടായ പുത്തൂരം തറവാട്ടിൽ[2]കണ്ണപ്പചേകവരുടെ മകനായി ജനിച്ച 18 കളരിക്ക് ആശാനായ ആരോമൽ ചേകവർക്ക് ഉണ്ണിയാർച്ച എന്ന സഹോദരിയും ഉണ്ണിക്കണ്ണൻ എന്ന സഹോദരനും ഉണ്ട്. കണ്ണപ്പനുണ്ണി എന്നാണ് ആരോമൽ ചേകവരുടെ മകന്റെ പേര്. അമ്മാവന്റെ മകളായ കുഞ്ചുണ്ണൂലി, മികവിൽ മികച്ചേരി വീട്ടിൽ തുമ്പോലാർച്ച എന്നിവരാണ് ഭാര്യമാർ. കുഞ്ചുണ്ണൂലിയിൽ ജനിച്ച കണ്ണപ്പനുണ്ണിയെക്കൂടാതെ തുമ്പോലാർച്ചയിലും ഒരു മകനുണ്ട്.[3][4]

ആരോമൽ ചേകവരേ പറ്റി വാഴ്ത്തപ്പെട്ട പാട്ടുകളിൽ പ്രധാനപ്പെട്ടത് പുത്തരിയങ്കം വെട്ടിയതും, പകിട കളിക്ക് പോയതുമാണ്. കണ്ണപ്പചേകവരേ പറ്റിയും പാട്ടുണ്ട്,

പണ്ട് ഉത്തരകേരളത്തിൽ കോഴിക്കോട്, കൊലത്ത്നാട് എന്നിങ്ങനെ ഉള്ള നാട്ടു രാജ്യങ്ങൾ നിലനിന്നിരുന്നു. കൂടാതെ ചെറുനാട്ടുരാജ്യങ്ങളും നിലനിന്നിരുന്നു, ഇവയെല്ലാം പ്രാധാന രാജ്യങ്ങളുടെ സാമന്ത രാജ്യങ്ങളോ ആയിരുന്നു. അക്കൂട്ടത്തിൽ ഉള്ള ഒരു രാജ്യമായിരുന്നു കടത്തനാട്, ഇന്നത്തെ കോഴിക്കോട്ടെ വടകര ആയിരുന്നു പണ്ട് കാലത്തെ കടത്തനാട് എന്നാണ് പറയപ്പെടുന്നത്. ഈ കടത്തനാട്ടിൽ ആണ് 16നൂറ്റാണ്ടിൽ അധിപ്രശസ്ത പുത്തൂരം വീട് സ്ഥിതി ചെയ്തിരുന്നത് ഒതേനനും കൊല്ല വർഷം 759(കൃസ്തു വർഷം 1583)നും ഒരു നൂറ്റാണ്ട് മുൻപ് ആയിരുന്നു ഈ പുത്തൂരം വീട്ടുകാർ ജീവിച്ചത് എന്നു ചരിത്രകാരന്മാർ പറയുന്നു. അമ്പാടി കോലോത്തെ മേനോന്മാർക്കും, പൊൻവാണിഭ ചെട്ടികൾക്കും പണം പലിശയ്ക്ക് കൊടുത്തിരുന്നത് പുത്തൂരം വീട്ടുക്കാരാണ്, യുദ്ധമുണ്ടായൽ ആദ്യം രാജാക്കന്മാർ പടയാളികളെ തേടി എത്തുന്നതും ഇവരുടെ കളരികളിൽ ആയിരുന്നു എന്നും വടക്കൻ പാട്ടിൽ പറയപ്പെടുന്നു. പുത്തൂരം പാട്ടുകളിലാണ് ആരോമൽ ചേകവരുടെ വീര ഗാഥകൾ വാഴ്തപ്പെട്ടത്, അസാമാന്യമായ ധീരതയും മെയ്യഴകും ആരോമൽ ചേകവർക്കുണ്ടായിരുന്നു.[5][4]

വടക്കൻ പാട്ടിലെ സന്ദർഭം.

പുത്തരിയങ്കം

[തിരുത്തുക]

ഒരിക്കൽ പ്രജാപതി നാട്ടിലെ കുരുങ്ങടി കൈമൾ എന്ന ദേശവാഴി മരണപ്പെടുകയും അധികാരത്തിനായി അനന്തിരവരിൽ കീഴൂരിടത്തിലെ ഉണിക്കോനാരും മേലൂരിടത്തിലെ ഉണിച്ചന്ത്രാരും തമ്മിൽ മൂപ്പുതർക്കമുണ്ടായി[6] ; വയറ്റാട്ടിയുടെ സാക്ഷിമൊഴിയും മറ്റു നാടുവാഴികളുടെ ഒത്തുതീർപ്പുശ്രമങ്ങളും വിഫലമായി. ഉഭയകക്ഷികളും പരസ്‌പരം അങ്കപ്പോരു നടത്തി പ്രശ്‌നം പരിഹരിക്കണം എന്ന്‌ തീരുമാനിക്കപ്പെട്ടു.[7] അങ്കത്തിന് ചേകവന്മാരെ നോക്കി നടന്ന ഉണ്ണികോനാർക്ക് നല്ല ചേകവരേ കിട്ടിയില്ല അങ്ങനെ ഇരിക്കുമ്പോൾ ആണ് പേരും പ്രശസ്തിയുമുള്ള പുത്തൂരം വീട്ടിലെ ചേകവന്മാരെ പറ്റി കേൾക്കുന്നത്, അങ്ങനെ പല്ലക്കിലേറി ഉണിക്കോനാർ പുത്തൂരംവീട്ടിലെ കണ്ണപ്പ ചേകവരേ സമീപിച്ച്‌ തനിക്കുവേണ്ടി അങ്കംവെട്ടണമെന്നഭ്യർഥിച്ചു. പക്ഷെ പ്രായമായ കണ്ണപ്പചേകവർ ഉണ്ണികോനാർക്ക് അത്ര തൃപ്തി ആയില്ല. അപ്പോൾ ആണ് ആരോമൽ ചേകവർ ചെങ്കോൽ പിടിച്ചു രാജകീയ പ്രൗഢിയിൽ ഉമ്മറത്തെക്ക് വന്നത്, ആരോമൽ ചേകവരുടെ ഈ തേജസ് കണ്ട് ഉണ്ണിക്കോനാർ എഴുന്നേറ്റ് നിന്നു. 22 കാരനായ ആരോമൽ ചേകവർക്ക്‌ അങ്കവിദ്യകളെല്ലാം സ്വായത്തമായിരുന്നു; എങ്കിലും ഒരിക്കലും അങ്കം വെട്ടിയിരുന്നില്ല.[7] എന്നാൽ അങ്കപ്പോരിനുള്ള ക്ഷണം, വിശേഷിച്ചും ആദ്യത്തേത്‌, നിരസിക്കുന്നത്‌ തറവാട്ടുമഹിമയ്‌ക്കു ചേരുന്ന നടപടിയല്ലെന്ന്‌ ആരോമൽ കരുതി. മാതാപിതാക്കളും ഭാര്യമാരും മറ്റ് ബന്ധുമിത്രാദികളും ആരോമലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉണിക്കോനാർക്കുവേണ്ടി അങ്കം വെട്ടാനുള്ള തീരുമാനത്തിൽനിന്നും ആരോമൽ പിന്മാറിയില്ല. 4 തലമുറയ്ക്ക് കഴിയാനുള്ള അങ്കപ്പണം വച്ചാൽ മാത്രമേ ആരോമൽ ചേകവരേ അങ്കത്തിന് കിട്ടു എന്നു ചേകവർ കടുപ്പിച്ചു പറഞ്ഞു. ഉണ്ണിക്കോനാർക്ക് മറ്റു വഴി ഇല്ലാതെ വന്നു. മറു വശത്ത് ഉണ്ണിചന്ത്രോർ പേരു കേട്ട അരിങ്ങോടർ ചേകവരേ ക്ഷണിച്ചിരുന്നു. അത് കൊണ്ട് പുത്തൂരം വീട്ടിൽ ആരോമൽ ചേകവർ തന്നെ വേണം എന്ന അദേഹം തീരുമാനം എടുത്തു. അങ്കം നിശ്ചയിച്ചതിന് ശേഷം, അങ്കത്തിൽ തനിക്കു സഹായിയായി മച്ചുനനായ ചന്തുവിനെക്കൂടി കൂട്ടാൻ ആരോമൽ തീരുമാനിച്ചു. അങ്കത്തിന്‌ ഉണിച്ചന്ത്രാർ ആശ്രയിച്ചത്‌ അരിങ്ങോടൻ ചേകവരെയാണ്‌; അരിങ്ങോടൻ അങ്കവിദ്യയിലെന്നപോലെ ചതിപ്രയോഗത്തിലും ചതുരനാണ്‌. അങ്കത്തട്ട്‌ പണിയുന്ന തച്ചനെ സ്വാധീനിച്ച്‌ അയാൾ അതിന്റെ നിർമ്മാണത്തിൽ ചില കുഴപ്പങ്ങൾ ഉണ്ടാക്കി; പിന്നീട് ആരോമലിന്റെ സഹായിയായ ചന്തുവിനെയും പാട്ടിലാക്കി.[7]

അങ്കപ്പോര്‌ (പൊയ്‌ത്ത്‌) ആരംഭിക്കുന്നതിനു മുമ്പ്‌ ആരോമൽ അങ്കത്തട്ടിൽ കയറി ചില അഭ്യാസപ്രകടനങ്ങൾ നടത്തി. അങ്കത്തട്ടിന്റെ ന്യൂനതകൾ എളുപ്പം കണ്ടുപിടിക്കാനും അത്‌ പരിഹരിപ്പിക്കാനും ആരോമൽച്ചേകവർക്ക്‌ കഴിഞ്ഞു. അങ്കം തുടങ്ങി; അരിങ്ങോടർ പതിനെട്ടടവും പയറ്റി. നേരെ നിന്ന് അങ്കം ചെയ്യാൻ ധീരനായ ആരോമലിനോട് അരിങ്ങോടർക്ക് സാധിച്ചില്ല. അസാമാന്യ മേയ്‌ വഴക്കവും അങ്ക വടിവും കണ്ട് അരിങ്ങോടർ തോൽക്കും എന്നു ഉറപ്പിച്ചു.[7] അരിങ്ങോടർ ആഞ്ഞു വെട്ടി. നാഭിയിൽ മുറിവേറ്റെങ്കിലും ആരോമൽ പരാജിതനായില്ല. ചന്തുവിന്റെ ചതിമൂലം അങ്കമധ്യത്തിൽവച്ച്‌ മുറിഞ്ഞുപോയ തന്റെ ചുരിക മാറ്റി വേറെ ചുരിക ചോദിച്ചെങ്കിലും മച്ചുനൻ ചന്തു ചതിച്ചു, ചന്തു ചുരിക നൽകിയില്ല. ചുരികയുടെ അർധഭാഗം കൊണ്ട്‌ ധീരനായ ആരോമൽ അരിങ്ങോടരുടെ തലകൊയ്‌തു വീഴ്‌ത്തി. നാഭിയിലെ മുറിവിൽനിന്നും രക്തംവാർന്നുതളർന്ന ആരോമൽ ചന്തുവിന്റെ മടിയിൽ തലവച്ചുകിടന്നു മയങ്ങിപ്പോയി. ഈ പതനം ചന്തുവിന്‌ അവസരമായി. സ്വാർഥപൂർത്തിക്ക്‌ വിലങ്ങടിച്ചുനിന്ന ആരോമലിനോടുള്ള പ്രതികാരവാഞ്‌ഛ ചന്തുവിൽ ആളിക്കത്തി; അരിങ്ങോടരുമായി പുലർത്തിയിരുന്ന രഹസ്യധാരണ അതിൽ എണ്ണ പകർന്നു. ചന്തു കുത്തുവിളക്കെടുത്ത്‌ ആരോമലിന്റെ മുറിവിൽ ആഞ്ഞുകുത്തിയശേഷം ഓടിയൊളിച്ചു. ആരോമൽ ചേകവരേ പല്ലക്കിൽ പുത്തൂരംവീട്ടിൽ എത്തിക്കപ്പെട്ടു. അമ്മാവന്റെ മകളായ കുഞ്ചുണ്ണൂലിയിൽ തനിക്കുണ്ടായ കണ്ണപ്പനുണ്ണിക്ക്‌ എല്ലാവിധ വിദ്യാഭ്യാസവും നല്‌കണം എന്ന അന്ത്യാഭിലാഷം അനുജനെ അറിയിച്ചതിനുശേഷം ആരോമൽചേകവർ മൃതിയടഞ്ഞു.[7]

പിന്നീട് ധീരനായ ആരോമുണ്ണി അമ്മാവൻ ആരോമൽ ചേകവർക്ക് ഒത്ത യോദ്ധാവായി വളർന്നു. പിന്നീട് ആയോധന വിദ്യകൾ എല്ലാം ആർജിച്ച ആരോമുണ്ണി അമ്മാവന്റെ മരണത്തിന് ഉത്തരവാദിയായ ചന്തു ചേകവരേ വധിക്കാനായി കുടിപ്പകയ്ക്ക് പുറപ്പെടുകയുണ്ടായി, ശേഷം ചന്തുവുമായി ഘോരമായ അങ്കം കുറിച്ചു ചതിയനായ ചന്തു ചേകവരുടെ തല അറുത്ത് പുത്തൂരം വീട്ടിലേക്ക് വന്നു ഉണ്ണിയർച്ചയ്ക്ക് മുൻപിൽ കാഴ്ചവച്ചു എന്നുമാണ് ചരിത്രം.[7][5] ചന്തുമായി ആരോമുണ്ണി കുടിപകയ്ക്ക് പോകുമ്പോൾ ചില സന്ദർഭം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.india9.com/i9show/Vadakkan-Pattukal-31327.htm
  2. Jumbos and Jumping Devils: A Social History of Indian Circus - Nisha P.R. - Google Books and Jumping Devils
  3. കാവാലം നാരായണ പണിക്കർ (1991). floklore of kerala-India. National books,kollam. p. 108. ISBN 9788123725932. Retrieved 2008-10-8. {{cite book}}: Check date values in: |access-date= (help)
  4. 4.0 4.1 4.2 4.3 ഉള്ളൂർ പരമേശ്വര അയ്യർ (1953). കേരള സാഹിത്യ ചരിത്രം, വാല്യം 1. കേരള ബുക്ക്‌സ്. p. 211.
  5. 5.0 5.1 5.2 B.Shyamala. Kumari (1985). Intermediate Course in malayalam. p. 41.
  6. Menon, A. Sreedhara (4 March 2011). Kerala History and its Makers (in ഇംഗ്ലീഷ്). D C Books. p. 84. ISBN 978-81-264-3782-5. Retrieved 10 October 2021.
  7. 7.0 7.1 7.2 7.3 7.4 7.5 Menon, A. Sreedhara (4 March 2011). Kerala History and its Makers (in ഇംഗ്ലീഷ്). D C Books. pp. 82–86. ISBN 978-81-264-3782-5. Retrieved 10 October 2021.
"https://ml.wikipedia.org/w/index.php?title=ആരോമൽ_ചേകവർ&oldid=4096386" എന്ന താളിൽനിന്ന് ശേഖരിച്ചത്