കുഞ്ഞാലി മരക്കാർ
കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്‌ലിം നായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ.[1] 1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻഗാമികളും.[2] ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത സർക്കീൽ കാഞ്ഞോലി ആഗ്രെയും ഇതുപോലെ ഒരു പ്രതിരോധം തീർത്തിരുന്നു.
സ്ഥാനപ്പേര്[തിരുത്തുക]
കുഞ്ഞാലി എന്നത് മുസ്ലിം പോരാളിയായ ഹസ്‌റത് അലിയുടെ കൂടെ പ്രിയപ്പെട്ടവൻ എന്നർത്ഥമുള്ള കുഞ്ഞ് ചേർന്നതാണ്. ഈ നാമം തിരഞ്ഞെടുത്തത് വലിയ മഖ്ദൂം ആയിരിക്കണം.[അവലംബം ആവശ്യമാണ്] മരക്കാർ എന്നത് തമിഴ്നാട്ടിൽ കപ്പലിന്റെ ഉടമകൾക്കാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നെ അവരൊരു വർഗമായി തീർന്നു.[അവലംബം ആവശ്യമാണ്] മരക്കാളം എന്നതിന് തോണി ബോട്ട് എന്നൊക്കെയാണ് അർത്ഥം. മരക്കാളവുമായി ബന്ധപ്പെട്ടവർ മരക്കാർ മരത്തിൽ നിന്നുള്ളത് കൊണ്ടാവാം മരക്കാളമായത്.മരക്കാളം ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികളെ മരക്കാർ എന്ന് വിളിക്കാറുണ്ട്. സ്ഥാനപ്പേർ നൽകിയിരുന്നത് സാമൂതിരി രാജാവായിരുന്നു.[അവലംബം ആവശ്യമാണ്]
നാലു പ്രമുഖരായ മരക്കാന്മാർ [3]
- മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ (കുട്ടിആലി) - 1-ാം മരക്കാർ
- കുഞ്ഞാലി മരക്കാർ - 2-ാം മരക്കാർ
- പട്ടു കുഞ്ഞാലി (പടമരക്കാർ) - 3-ാം മരക്കാർ
- മുഹമ്മദാലി കുഞ്ഞാലി - 4-ാം മരക്കാർ
ആദ്യകാലചരിത്രം[തിരുത്തുക]
മരയ്ക്കാർ വംശം പാരമ്പര്യമായി സാമൂതിരിയുടെ നാവികപ്പടയാളികളായിരുന്നു. പറങ്കികളുമായി ഏറ്റുമുട്ടിയ മരയ്ക്കാർ വംശത്തിലെ ആദ്യത്തെ പോരാളി മമ്മാലി മരയ്ക്കാർ ആയിരുന്നു.1505'ൽ കൊടുങ്ങല്ലൂർ വച്ചു നടന്ന യുദ്ധത്തിൽ ഇദ്ദേഹം പറങ്കികൾക്കു വളരെ നാശനഷ്ടങ്ങൾ വരുത്തി.യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ കോഴിക്കോടു നിന്നുള്ള കപ്പലുകൾ സഹായിക്കാനായി നിശ്ചിത സമയത്തു എത്താതിരുന്നതിനാൽ തന്റെ രണ്ടു പുത്രന്മാരോടൊപ്പം അദ്ദേഹത്തിനു വീരമൃത്യു വരിക്കേണ്ടി വന്നു. മമ്മാലി മരയ്ക്കാർക്കു ശേഷം കുട്ട്യാലി മരയ്ക്കാർ നാവികസേനയുടെ പടനായകനായി.
കുഞ്ഞാലി മരയ്‌ക്കാർ 1,2,3,4,[തിരുത്തുക]
കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനും കുട്ട്യാലി മരയ്ക്കാരുടെ പുത്രനും ആയ മുഹമ്മദ് മരയ്ക്കാരാണ് ആദ്യത്തെ കുഞ്ഞാലി മരയ്ക്കാർ. പറങ്കികളുടെ ശല്യം സഹിയ്ക്കാതായപ്പോൾ അദ്ദേഹം ഒരു പറ്റം നാട്ടുകാരുമായി സാമൂതിരിയെ മുഖം കാണിച്ചു, പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നറിയിച്ചു.സന്തുഷ്ടനായ സാമൂതിരി കുഞ്ഞാലി മരയ്ക്കാരെ നാവിക സേനയുടെ തലവനാക്കി, "കുഞ്ഞാലി മരയ്ക്കാർ" എന്ന സ്ഥാനപ്പേരും നൽകി. കുഞ്ഞാലി മരയ്ക്കാർ തന്റെ അനുയായികൾക്കു ഒളിപ്പോരിൽ പരിശീലനം നൽകി. ഗറില്ല യുദ്ധ തന്ത്രങ്ങൾ തന്റെ അനുയാകളെ പരശീലിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ആയുധങ്ങളും, ചെറു വള്ളങ്ങളും മറ്റും സംഭരിച്ചു. പോർച്ചുഗീസ്സുകാർ ഈസ്റ്റ് ഇൻഡീസ് ആക്രമിച്ചപ്പോൾ കുഞ്ഞാലി പോർച്ചുഗലിന്റെ കയ്യിൽ നിന്ന് ചാലിയം നേടിയെടുത്തു. കുഞ്ഞാലി രണ്ടാമൻ (കുട്ടി അലി) പോർച്ചുഗീസ്സുകാരുടെ പേടിസ്വപ്നമായിരുന്നു. പോർച്ചുഗ്ഗീസ്സുകാർക്കേറെ നഷ്ടങ്ങൾ സമ്മനിക്കാൻ കുഞ്ഞാലി രണ്ടാമന് കഴിഞ്ഞു[4].
തുടർന്ന് കുഞ്ഞാലി മൂന്നാമൻ (പാട്ടുമരക്കാർ ) സാമൂതിരിയുടെ നാവിക സൈന്യത്തിന്റെ മേധാവിയായിരുന്നു[5]. സൈന്യത്തിന്റെ നവീകരണത്തിൽ പ്രത്യേകം ശ്രദ്ധിച്ച അദ്ദേഹം പാശ്ചാത്യ യുദ്ധ മുറകളും പടക്കോപ്പകളും സ്വായത്തമാക്കി.ചാലിയം കീഴ്പ്പെടുത്തിയ പട്ടു മരക്കാർക്ക് സാമൂതിരി ഏറെ അവകാശങ്ങൾ നൽകി. പുതുപ്പട്ടണത്ത് ഒരു കോട്ട കെട്ടാൻ അനുവാദമേകി, പിന്നീടത് മരക്കാർ കോട്ടയായി, (കോഴിക്കോട് വടകര).
എന്നാൽ പിന്നീട് തന്ത്രപരമായി സാമൂതിരിയെ പോർച്ചുഗീസുകാർ വരുതിയിലാക്കുകയും സാമൂതിരി പോർച്ചുഗീസുകാരുടെ പക്ഷത്ത് നിന്ന് കുഞ്ഞാലിമരക്കാർക്കെതിരെ നിലകൊള്ളുകയും ചെയ്തു[6]. തുടർന്ന് സാമൂതിരിയും പോർച്ചുഗീസ്സും പരസ്പര ധാരണയിലൂടെ കുഞ്ഞാലി നാലാമനെ പിടിച്ചു. പോർച്ചുഗീസ്സുകാർ ഗോവയിലെത്തിച്ചദ്ദേഹത്തെ കൊന്നുവത്രെ[7]. കുഞ്ഞാലിമാരുടെ ഉത്ഭവം വ്യക്തമല്ല. സാമൂതിരി ഈ സ്ഥാനപ്പേര് നൽകുംവരെ ഇവർ അരയന്മായിരുന്നു എന്ന പക്ഷമുണ്ട്. പന്തളായനി കൊല്ലമാണ് ഇവരുടെ സ്വദേശം എന്നും, അറബ് വംശജരാണെന്നും അഭിപ്രായങ്ങളുണ്ട്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "വിമതവാഴ്വുകൾ ഒടുങ്ങാത്ത ഒഞ്ചിയം" (PDF). മലയാളം വാരിക. 2012-08-24. ശേഖരിച്ചത് 2013-02-09.
- ↑ എ ശ്രീധരമേനോൻ. കേരളചരിത്ര ശില്പികൾ. 1988
- ↑ മാതൃഭൂമി ഇയർബുക്ക് പ്ലസ് 2010, പേജ് നം.641
- ↑ കെ.എം. പണിക്കർ. Kerala Swathandra Samaram. p. 137. ശേഖരിച്ചത് 4 സെപ്റ്റംബർ 2019.
- ↑ കൃഷ്ണൻ, തെക്കേവീട്ടിൽ (1998). "മരക്കലത്തിന്റെ ഇതിഹാസം; കുഞ്ഞാലിമരക്കാരുടെയും" (PDF). പ്രബോധനം വാരിക. ശേഖരിച്ചത് 19 ഓഗസ്റ്റ് 2019.
- ↑ കെ.കെ.എൻ. കുറുപ്പ്. India's Naval Traditions: The Role of Kunhali Marakkars. p. 69. ISBN 81-7211-083-9. ശേഖരിച്ചത് 31 ഓഗസ്റ്റ് 2019.
- ↑ കെ.എം. പണിക്കർ. Kerala Swathandra Samaram. p. 143. ശേഖരിച്ചത് 4 സെപ്റ്റംബർ 2019.
![]() |
വിക്കിമീഡിയ കോമൺസിലെ Kunjali Marakkar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |