കാനോജി ആംഗ്രെ
സകൾ രാജകാര്യ ധുരന്ധർ വിശ്വാസനിധി രാജമാന്യ രാജേശ്രീ കാനോജി ആംഗ്രെ സർഖേൽ | |
---|---|
യഥാർഥ നാമം | कान्होजी आंग्रे |
ജനനം | സുവർണദുർഗ്, രത്നഗിരി, മഹാരാഷ്ട്ര, ഇന്ത്യ |
മരണം | അലിബാഗ്, മഹാരാഷ്ട്ര, ഇന്ത്യ |
ദേശീയത | മറാഠ സാമ്രാജ്യം |
വിഭാഗം | മറാഠ നാവികസേന |
ജോലിക്കാലം | 1689-1729 |
പദവി | സർ-സുബേദാർ |
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മറാഠാ നാവികസേനാമേധാവിയായിരുന്നു കാനോജി ആംഗ്രെ (ജീവിതകാലം: ഓഗസ്റ്റ് 1669 മുതൽ ജൂലൈ 4, 1729 വരെ). ചരിത്രരേഖകളിൽ സർഖേൽ ആംഗ്രെ എന്നും അദ്ദേഹം അറിയപ്പെടുന്നു. സർഖേൽ എന്ന വിശേഷണം നാവികസേനയുടെ അഡ്മിറൽ പദവിയെ കുറിക്കുന്നു. [1] കേരളത്തിലെ കുഞ്ഞാലി മരക്കാറുമായി ഏറെ സമാനതകളുള്ള ഒരു ചരിത്രപുരുഷനായിരുന്നു ആംഗ്രെ.[2] കാനോജി ബ്രിട്ടീഷ്, ഡച്ച്, പോർട്ടുഗീസ് നാവിക താൽപര്യങ്ങൾക്ക് എതിരായിരുന്നു. ഇതിന്റെ ഫലമായി യൂറോപ്യൻ ശത്രുക്കൾ അദ്ദേഹത്തെ കടൽകൊള്ളക്കാരൻ എന്ന് മുദ്ര കുത്തി. ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും പലതവണ കീഴടക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം മരണം വരെ അജയ്യനായിത്തന്നെ തുടർന്നു.[3]
ആദ്യകാലജീവിതം
[തിരുത്തുക]1669 ൽ പൂനെയിൽ നിന്നും ആറ് മൈൽ ദൂരെയുള്ള മാവ്‌ല കുന്നുകളിലെ ആംഗർവാഡി എന്ന ഗ്രാമത്തിലാണ് ആംഗ്രെ ജനിച്ചത്. ആംഗർവാഡിയിൽ നിന്നാണ് ആംഗ്രെ എന്ന പേര് വന്നത്. കുടുംബത്തിന്റെ ശരിയായ പേര് സംഖ്പാൽ എന്നായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അംബാബായ് എന്നായിരുന്നു. പിതാവ് തുക്കോജി ശിവാജിയുടെ കീഴിൽ സുവർണദുർഗിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. പിതാവിനോടൊപ്പം കടലിൽ വിവിധ ആക്രമണങ്ങളിൽ പങ്കെടുത്തു എന്നതൊഴിച്ചാൽ കാനോജിയുടെ ബാല്യകാലത്തേക്കുറിച്ചുള്ള അധികം വിവരങ്ങൾ ലഭ്യമല്ല. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം സുവർണദുർഗ് കോട്ടയിൽത്തന്നെ ആയിരുന്നു. പിൽക്കാലത്ത് കാനോജി ഇതേ കോട്ടയുടെ ഗവർണറായി നിയമിതനായി.
നാവികമേഖലയിൽ
[തിരുത്തുക]1698-ൽ സത്താറയുടെ സർഖേൽ അഥവാ ദരിയാ സാരംഗ് (അഡ്മിറൽ) ആയിട്ടാണ് ആദ്യം അദ്ദേഹത്തെ നിയമിച്ചത്. മുഗൾ സാമ്രാജ്യവുമായി സഖ്യം സ്ഥാപിച്ചിരുന്ന മുരുഡ്- ജൻജീരയിലെ മുസ്ലിം സിദ്ധികളുടെ മേഖല ഒഴിച്ച്, ഇന്നത്തെ മഹാരാഷ്ട്രയിലെ മുംബൈ മുതൽ വെംഗുർല വരെയുള്ള ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ആംഗ്രെയുടെ അധികാരത്തിൽ ആയിരുന്നു[4]. ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ വ്യാപാര കപ്പലുകളെ ആക്രമിച്ചുകൊണ്ട് കാനോജി തന്റെ നാവികമുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചു. 1702 ൽ, ആറു ഇംഗ്ലീഷ് നാവികരുമായി കോഴിക്കോട്ടുനിന്നുള്ള ഒരു കപ്പൽ തട്ടിക്കൊണ്ടുപോയി. 1707-ൽ അദ്ദേഹം ബോംബെയിൽ ആക്രമണം നടത്തി. കാലക്രമേണ, വലിപ്പമേറിയ യൂറോപ്യൻ കപ്പലുകൾ ഒഴികെയുള്ളവ കാനോജി തട്ടിയെടുക്കുമെന്ന് ബ്രിട്ടീഷുകാർ ഭയന്നു. ഛത്രപതി ഷാഹു മറാഠാ സാമ്രാജ്യത്തിന്റെ അധികാരമേറ്റപ്പോൾ ബാലാജി വിശ്വനാഥ് ഭട്ടിനെ സൈനികമേധാവിയായി നിയമിച്ചു. ഇദ്ദേഹം 1707 ൽ കാനോജി ആംഗ്രെയുമായി ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ഈ കരാർ അനുസരിച്ച് കാനോജി ആംഗ്രെ മറാഠാ നാവികസേനയുടെ തലവനായി മാറി. മറാഠാ സാമ്രാജ്യം ദുർബലമായപ്പോൾ ആംഗ്രെ കൂടുതൽ ശക്തനും സ്വതന്ത്രനും ആയി. 1713 ൽ കാനോജിയെ നിയന്ത്രിക്കാൻ പേഷ്വ ഭൈരൂ പന്ത് ഒരു സൈന്യത്തെ അയച്ചിരുന്നു. പക്ഷേ കാനോജി ഈ യുദ്ധത്തിൽ ജയിച്ച് ഭൈരൂ പന്തിനെ തടവുകാരനാക്കി. തുടർന്ന് സത്താറയിലേക്ക് പടനീക്കം നടത്താൻ അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാൽ അവിടത്തെ ഭരണാധികാരി സാഹു അദ്ദേഹത്തെ ചർച്ചകൾക്കായി ക്ഷണിച്ചു. തുടർന്ന് കാനോജിയെ മൊത്തം നാവിനസേനയുടെ സർഖേൽ (അഡ്മിറൽ) ആയി നിയമിച്ചു. കൂടാതെ മഹാരാഷ്ട്രയിലെ 26 കോട്ടകളുടെ അധികാരവും അദ്ദേഹത്തിന് നൽകപ്പെട്ടു. 1720-ൽ സൂറത്തിൽ നിന്നും ചൈനയിലേക്ക് പോവുകയായിരുന്ന ഷാർലെറ്റ് എന്ന ചരക്കുകപ്പൽ ആംഗ്രെ പിടിച്ചെടുക്കുകയും കർഗെൻവെൻ എന്ന വ്യാപാരിയെ 10 വർഷക്കാലം തടവിലിടുകയും ചെയ്തു.
ഒരു ജമൈക്കൻ കടൽകൊള്ളക്കാരനായിരുന്ന ജയിംസ് പ്ലാന്റൈൻ, ബ്രിട്ടീഷ് വിമതനായിരുന്ന മാനുവൽ ഡി കാസ്ട്രോ എന്നിവരടക്കം വിദേശികളെയും അദ്ദേഹം തന്റെ കീഴിൽ വിവിധ പദവികളിൽ നിയമിച്ചിരുന്നു. നിരവധി ഡച്ചുകാരെയും അദ്ദേഹം നാവികരായി നിയമിച്ചു.
മരണം
[തിരുത്തുക]1729 ജൂലൈ 4-ന് കാനോജി ആംഗ്രെ അന്തരിച്ചു. മഹാരാഷ്ട്രയിലെ അലിബാഗ് എന്ന സ്ഥലത്ത് ശിവാജി ചൗക്കിൽ ആണ് അദ്ദേഹത്തിന്റെ സമാധി. കാനോജി യുടെ മരണശേഷം, മകനായ സെഖോജി നാവിക അധികാരം തുടർന്നു. സെഖോജിയുടെ മരണത്തിനു ശേഷം, അധികാരങ്ങൾ കുടുംബത്തിലെ തർക്കങ്ങളെ തുടർന്ന് സംബാജി, മാനാജി എന്നിവരാൽ വിഭജിക്കപ്പെട്ടു. മറാഠാ നേതൃത്വം നാവിക സേനയെ അവഗണിച്ചതോടെ ഇവരെ തോൽപ്പിക്കാൻ ബ്രിട്ടീഷുകാർക്ക് എളുപ്പം കഴിഞ്ഞു. അതോടെ പടിഞ്ഞാറൻ തീരത്ത് ആംഗ്രേ കുടുംബത്തിന്റെ ഭരണവും അവസാനിച്ചു. 1756 ഫെബ്രുവരിയിൽ ഖേരിയാ (ഇന്നത്തെ വിജയദുർഗ്) എന്ന കോട്ടയിൽ നടന്ന ഒരു ബ്രിട്ടീഷ് – പേഷ്വാ സംയുക്ത ആക്രമണത്തിൽ തുലാജി പരാജിതനായി.
അവലംബം
[തിരുത്തുക]- ↑ Rajaram Narayan Saletore (1978), p.109.
- ↑ http://www.academia.edu/22128712/A_comparative_study_of_two_naval_families_of_West_Coast_of_India_Kunjalis_and_Angres
- ↑ Andaman & Nicobar Islands. Sura Books. p. 74. ISBN 9788174784193.
- ↑ http://www.columbia.edu/itc/mealac/pritchett/00generallinks/biddulph/03chapter.html