താന്തിയാ തോപ്പി
താന്തിയാ തോപ്പി | |
---|---|
ജനനം | രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ 1814 |
മരണം | ഏപ്രിൽ 1859 (വയസ്സ് 44–45) ശിവപുരി |
മരണ കാരണം | വധശിക്ഷ |
ദേശീയത | ഭാരതീയൻ |
മറ്റ് പേരുകൾ | താന്തിയോ തോപ്പെ |
അറിയപ്പെടുന്നത് | 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
മാതാപിതാക്ക(ൾ) | പാണ്ഡുരംഗ റാവു തോപ്പെ, രുക്മാ ബായ് |
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, 1857 -ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നേതാവുമായിരുന്നു രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പി (തത്യാ ടോപെ). നാനാ സാഹിബിന്റെ സൈന്യാധിപനും സുഹൃത്തും കൂടിയായിരുന്നു താന്തിയോ തോപ്പെ. കാൺപൂരിലെ പരാജയത്തിനുശേഷം നാനാ സാഹിബ് ബിഥൂറിലേക്കു പലായനം ചെയ്ത ശേഷം, കാൺപൂർ തിരിച്ചുപിടിക്കാൻ നാന്തിയോ തോപ്പെയുടെ നേതൃത്വത്തിൽ ഒരു ശ്രമം നടത്തുകയും, ഭാഗികമായി അതിൽ വിജയിക്കുകയും ചെയ്തു. അവിടെ നിന്നും പിൻമാറിയ തോപ്പെ, പിന്നീട് ജനറൽ വിൽഹാമിനെ എതിർക്കുകയും തോൽപ്പിക്കുകയും ചെയ്തു. ഗ്വാളിയോർ യുദ്ധത്തിൽ ഝാൻസി റാണിയുടെ സഹായത്തിനായി എത്തിച്ചേർന്നതും തോപ്പെ ആയിരുന്നു.
7 ഏപ്രിൽ 1859 തന്റെ ആത്മാർത്ഥ സുഹൃത്തായിരുന്ന മാൻ സിങിനാൽ ചതിക്കപ്പെട്ടപ്പോൾ തോപ്പെക്ക് ജനറൽ നേപിയരുടെ ബ്രിട്ടീഷ് പടക്കു മുമ്പിൽ തോൽക്കേണ്ടി വന്നു. തുടർന്നു അദേഹത്തെ 18 ഏപ്രിൽ 1859 -യിൽ ശിവപുരിയിൽ വെച്ച് തൂക്കികൊല്ലുകയും ചെയ്തു.
ആദ്യകാല ജീവിതം
[തിരുത്തുക]മഹാരാഷ്ട്രയിലെ നാശിക്ക് ജില്ലയിലെ യോല എന്ന സ്ഥലത്ത് പാണ്ഡുരംഗ്ഭട്ട് റാവു തോപ്പയുടേയും രുക്മാഭായുടെയും ഏക മകനായി 1814-ൽ ജനിച്ചു. രാമചന്ദ്രപാണ്ഡുരംഗനെന്നായിരുന്നു ശരിയായ പേർ. പേഷ്വാ ബാജിറാവുവിന്റെ കൊട്ടാരത്തിലെ ധനകാര്യവകുപ്പുമേധാവി ആയിരുന്നു പിതാവ് പാണ്ഡുരംഗ റാവു. പേഷ്വാ ബാജിറാവുവിന്റെ ദത്തു പുത്രനായിരുന്ന നാനാ സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്നു താന്തിയോ തോപ്പെ. 1851 ൽ പേഷ്വാ ബാജിറാവുവിന്റെ മരണശേഷം, നാനാ സാഹിബ് അധികാരമേറ്റെടുത്തപ്പോൾ താന്തിയോ തോപ്പെയും നാനാ സാഹിബിന്റെ കൊട്ടാരത്തിലെ ഒരു സുപ്രധാന പദവി കൈകാര്യം ചെയ്തിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാനാ സാഹിബിന് പെൻഷൻ നിഷേധിച്ചപ്പോൾ തോപ്പെയും ഒരു കറ തീർന്ന ബ്രിട്ടീഷ് വിരോധിയായി മാറി.
1857 കലാപത്തിലെ പങ്ക് നാനാ സാഹിബ്നാനാ സാഹിബിന്റെ അടുത്ത സുഹൃത്തും സൈന്യാധിപനുമായിരുന്നു താന്തിയോ തോപ്പെ. കാൺപൂർ ഉപരോധം കാൺപൂർ ഉപരോധത്തിൽ തോപ്പി നാനാ സാഹിബിനൊപ്പം ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്തു. ബ്രിട്ടീഷുകാർ പരാജയം സമ്മതിക്കുകയും, സതിചൗരാ ഘട്ട് വഴി അലഹാബാദിലേക്ക് പോകാം എന്ന സമ്മതിച്ച് നാനാ സാഹിബിന്റെ മുന്നിൽ കീഴടങ്ങി.[1]എന്നാൽ സതിചൗരാ ഘട്ടിൽ വച്ചുണ്ടായ ആശയക്കുഴപ്പം ഒരു കലാപമായി പൊട്ടിപ്പുറപ്പെടുകയും ഇംഗ്ലീഷ് പട്ടാളക്കാരാൽ നിഷ്ഠൂരമായി വധിക്കപ്പെടുകയും ചെയ്തു. അവശേഷിക്കപ്പെട്ട സ്ത്രീകളേയും കുട്ടികളേയും ബീബീഘർ എന്ന കൊട്ടാരത്തിലേക്കു മാറ്റുകയും, അവരെ വെച്ച് നാനാ സാഹിബ് ബ്രിട്ടീഷുകാരോട് വിലപേശൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ കാൺപൂർ പിടിച്ചെടുക്കാൻ കൂടുതൽ പട്ടാളം വരുകയും, അവർ കാൺപൂരിലേക്കുള്ള വഴി മധ്യേ എല്ലാ ഗ്രാമങ്ങളും, നിശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തു. ഗ്രാമീണരേയും അവർ വെറുതേ വിട്ടില്ല.[2]
ഇതറിഞ്ഞ നാനാ സാഹിബ് തടവുകാരായുള്ള സ്ത്രീകളേയും കുട്ടികളേയും എന്തു ചെയ്യണമെന്നുള്ള കാര്യത്തിൽ തോപ്പെയും, അസിമുള്ള ഖാനോടും ആലോചിച്ചു. ഗ്രാമീണരെ വധിച്ച ബ്രിട്ടീഷ് പട്ടാളത്തോടുള്ള പ്രതികാരമായി സ്ത്രീകളേയും കുട്ടികളേയും കൊന്നുകളയാനാണ് വിമതപട്ടാളത്തിലെ ഭൂരിഭാഗവും തീരുമാനിച്ചത്.[3] തടവുകാരായ എല്ലാവരേയും വിമതസൈന്യം മുറിക്കുള്ളിലിട്ട് വെടിവെച്ചു കൊന്നു. കുറേയേറെപ്പേരെ കശാപ്പുകാരുടെ സഹായത്തോടെ വെട്ടിനുറുക്കി ഇല്ലാതാക്കി.
കാൺപൂർ ബ്രിട്ടീഷ് പട്ടാളം കീഴടക്കിയതോടെ, നാനാ സാഹിബ് കാൺപൂരിൽ നിന്നും ബിഥൂരിലേക്കു പലായനം ചെയ്തു. അവശേഷിക്കുന്ന സൈന്യത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത് താന്തിയോ തോപ്പെ ബ്രിട്ടീഷ് സൈന്യത്തിൽ നിന്നും കാൺപൂർ പിടിച്ചെടുക്കാൻ പുറപ്പെട്ടു. ഭാഗികമായി അവർ കാൺപൂർ കീഴടക്കുകയും ചെയ്തെങ്കിലും,രണ്ടാം കാൺപൂർ യുദ്ധത്തിൽ താന്തിയോ തോപ്പെയുടെ സേന ജനറൽ കോളിൻ കാംപ്ബെല്ലിന്റെ മുന്നിൽ പരാജയപ്പെട്ടു. 1858 ൽ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തുകൊണ്ടിരുന്ന ഝാൻസി റാണി, തന്റെ സഹായത്തിന് താന്തിയോ തോപ്പെയോട് വന്നു ചേരുവാൻ ആവശ്യപ്പെട്ടു.[4]യുദ്ധ നിപുണയായിരുന്നു ഝാൻസി റാണിയെങ്കിലും, ബ്രിട്ടീഷുകാരോട് ഒറ്റക്ക് പിടിച്ചു നിൽക്കാൻ അവർക്കാവുമായിരുന്നില്ല. 20000 ത്തോളം വരുന്ന സൈന്യവുമായി താന്തിയോ തോപ്പെ റാണിയുടെ സഹായത്തിനെത്തിയെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല.
കീഴടങ്ങലും, വധശിക്ഷയും
[തിരുത്തുക]ഗ്വാളിയോർ യുദ്ധത്തിനു ശേഷം താന്തിയോ തോപ്പെ, നാനാ സാഹിബിന്റെ അനന്തരവനായ റാവു സാഹിബിനുമൊപ്പം രാജ്പുതാനയിലേക്ക് പലായനം ചെയ്തു. സൈന്യത്തെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു ഇരുവരുടേയും പദ്ധതി. എന്നാൽ ബ്രിട്ടീഷ് പട്ടാളം ഇവരെ വളയുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും താന്തിയോ തോപ്പെ യുദ്ധമുഖത്തു നിന്നും ഉദയ്പൂർ ലക്ഷ്യമാക്കി കടന്നു കളഞ്ഞു. റാവു സാഹീബ് തോപ്പെയേ അനുഗമിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇവരെ പിടികൂടാൻ പലതവണശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. അവശേഷിക്കുന്ന സൈന്യത്തെ രണ്ടായി പകുത്ത് രണ്ടു ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ഇരുവരും തീരുമാനിച്ചു. താന്തിയോ തോപ്പെ ചെറിയ സൈന്യവുമായി ചന്ദേരിയിലേക്കും, റാവു സാഹിബ് ഝാൻസിയിലേക്കും യാത്രയായി. 1859 ൽ തോപ്പെ ജയ്പൂരിലെത്തിയെങ്കിലും, തുടർച്ചയായ യാത്രകളും, പരാജയവും അദ്ദേഹത്തെ തളർത്തിയിരുന്നു.
ഇവിടെ വെച്ച് താന്തിയോ തോപ്പെ, നർവാറിലെ രാജാവായ മാൻ സിങിനെ പരിചയപ്പെടുകയും മാൻ സിങ്ങിന്റെ കൊട്ടാരത്തിൽ ഒളിവിൽ കഴിയാൻ തീരുമാനിക്കുകയും ചെയ്തു. ഗ്വാളിയോർ മഹാരാജാവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് മാൻ സിങിനും കുടുംബത്തിനും ബ്രിട്ടീഷ് പട്ടാളം സംരക്ഷണം വാഗ്ദാനം ചെയ്തു. തന്റെ ജീവനു വേണ്ടി ബ്രിട്ടീഷുകാർക്കു കീഴടങ്ങാൻ മാൻ സിങ് തീരുമാനിച്ചു.[5] മാൻ സിങിന്റെ കൊട്ടാരത്തിൽ ഒറ്റക്കായ താന്തിയോ തോപ്പെയെ പിന്നീട് മാൻ സിങ് ഒറ്റുകൊടുക്കുകയായിരുന്നു. കൊട്ടാരത്തിൽ ഉറങ്ങികിടക്കുകയായിരുന്നു തോപ്പെയെ റിച്ചാഡ് ജോൺ മീഡ്സിന്റെ നേതൃത്വത്തിലുള്ള ഒരു സേന കൊട്ടാരം വളഞ്ഞ് പിടികൂടി. വിചാരണയിൽ തന്റെ പേർക്കു ബ്രിട്ടീഷ് അധികാരികൾ ചുമത്തിയ എല്ലാ കുറ്റങ്ങളും തോപ്പെ അംഗീകരിക്കുകയും, പേഷ്വയോടു മാത്രമേ താൻ കടപ്പെട്ടിരിക്കുന്നുള്ളു എന്നും പറഞ്ഞു. 1859 ഏപ്രിൽ 18 ന് താന്തിയോ തോപ്പെയെ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റി.
അവലംബം
[തിരുത്തുക]- ↑ ഹാരോൾഡ്.ഇ, റോ. വിക്ടോറിയൻസ് അറ്റ് വാർ-1815-1914. എ.ബി.സി.ക്ലിയോ. p. 88. ISBN 978-1576079256.
- ↑ അമോദ്, സക്സേന (17-ഫെബ്രുവരി-2003). "റിവോൾട്ട് & റിവെഞ്ച് എ ഡബിൾ ട്രാജഡി". ദ ചിക്കാഗോ ലിറ്റററി ലെബ്രറി. Archived from the original on 2014-01-23. Retrieved 23-ജനുവരി-2014.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ വില്ല്യം, ബ്രോക്ക് (1858). എ ബയോഗ്രഫിക്കൽ സ്കെച്ച് ഓഫ് സർ.ഹെൻട്രി ഹാവെലോക്ക്. p. 150-152.
- ↑ ഭവാൻ സിംഗ്, റാണ (2004). റാണി ഓഫ് ഝാൻസി. ഇന്ത്യ: ഡയമണ്ട് പോക്കറ്റ് ബുക്സ്. ISBN 978-8128808753.
- ↑ എഡ്വേഡ്സ് മൈക്കിൾ (1975) റെഡ് ഇയർ. ലണ്ടൻ: സ്ഫിയർ ബുക്സ്; പുറങ്ങൾ. 129-35
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]