Jump to content

ഝാൻസി റാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1828 – 1858 ജൂൺ 17 [1]

ആഗ്രയിലുള്ള റാണിയുടെ പ്രതിമ
അപരനാമം: മനു, മണികർണിക
ജനനം: നവംബർ 19, 1828 [1]
ജനന സ്ഥലം: വാരാണസി, ഉത്തർപ്രദേശ്, ഇന്ത്യ
മരണം: ജൂൺ 18, 1858 [1]
മരണ സ്ഥലം: ഗ്വാളിയോർ, മദ്ധ്യപ്രദേശ്, ഇന്ത്യ
മുന്നണി: 1857-ലെ സ്വാതന്ത്ര്യസമരം
The storming of Jhansi - Lieutenant Bonus
ഝാൻസി കോട്ട 1882 ൽ.
റാണി ലക്ഷ്മി ഭായ്, ബാദൽ എന്ന സ്ഥലത്തുവച്ച് കുതിരപ്പുറ ത്തേറി ചാടിയ സ്ഥാനം[2]
An equestrian statue of Lakshmibai in Solapur, Maharashtra
റാണി ലക്ഷീഭായിയുടെ സമാധി സ്ഥാനം.
വാരണാസിയിൽ റാണി ലക്ഷീഭായിയുടെ ജനന സ്ഥലം.
ഝാൻസിയിലെ റാണി ലക്ഷീഭായ ഉദ്യാനം.

മറാഠ ഭരണത്തിനുകീഴിലായിരുന്ന ഝാൻസിയിലെ (നിലവിൽ ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ[3] സ്ഥിതിചെയ്യുന്നു) രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് (1828 നവംബർ 19 - 1858 ജൂൺ 18). 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ ധീരവനിത. ബ്രാഹ്മണസ്ത്രീകൾ ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ അവർ രാജ്യഭരണം ഏറ്റെടുത്തത് പുരോഗമനപരമായ ഒരു നിലപാടായി കരുതപ്പെടുന്നു.

ജീവിതരേഖ

[തിരുത്തുക]

റാണി ലക്ഷ്മി ബായ് 1828 നവംബർ 19 ന് വാരാണസിയിലെ ഒരു മറാത്തി കർഹാദെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. മണികർണ്ണിക എന്നായിരുന്നു അവരുടെ യഥാർത്ഥ നാമം. മനുബായി എന്നും വിളിക്കപ്പെട്ടിരുന്നു. പിതാവ് മോരോപാന്ത് താമ്പേ, പേഷ്വ ബാജിറാവു രണ്ടാമന്റെ കൊട്ടാരത്തിലായിരുന്നു ജോലിചെയ്തിരുന്നത്. മണികർണ്ണികയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ ഭാഗീരഥിബായി മരണമടഞ്ഞു. മണികർണ്ണിക തന്റെ ബാല്യം ചെലവഴിച്ചത് ബാജിറാവു രണ്ടാമന്റെ കൊട്ടാരത്തിലായിരുന്നു. ബാജിറാവുവിന്റെ ദത്തുപുത്രനായിരുന്ന നാനാസാഹേബ് ആയിരുന്നു മണികർണ്ണികയുടെ ബാല്യകാല സുഹൃത്ത്. നാനാസാഹേബിനെക്കൂടാതെ മറ്റൊരു ദത്തു പുത്രൻ കൂടിയുണ്ടായിരുന്നു ബാജിറാവുവിന്. പഠനത്തിൽ വളരെ മുമ്പിലായിരുന്നു മണികർണ്ണിക. കൂടാതെ ആയോധനകലകളിലും, കുതിരസവാരി എന്നിവയിലും മനുബായിക്ക് ഏറെ താൽപര്യമുണ്ടായിരുന്നു. അമ്മയില്ലാതെ വളർന്ന കുട്ടിയായതുകൊണ്ട് മനുബായിയുടെ എല്ലാ ആഗ്രഹങ്ങളും പിതാവ് മോരോപാന്ത് സാധിച്ചുകൊടുത്തിരുന്നു.

വിവാഹം

[തിരുത്തുക]

പതിനാലാം വയസ്സിൽ ഝാൻസിയിലെ രാജാവായിരുന്ന ഗംഗാധർ റാവുവിനെ അവർ വിവാഹം കഴിച്ചു. ഗംഗാധർറാവുവിന് പുത്രൻമാരില്ലായിരുന്നു. മനുബായിയേക്കാൾ വളരേയേറെ പ്രായക്കൂടുതൽ ഉണ്ടായിരുന്നു ഗംഗാധർ റാവുവിന്. വിവാഹത്തിനുശേഷം മനുബായി രാജനിയമങ്ങൾ പ്രകാരം റാണി ലക്ഷ്മീബായി ആയി മാറി. 1851-ൽ ഒരു മകൻ ജനിച്ചുവെങ്കിലും നാലു മാസത്തിനുള്ളിൽ മരണമടഞ്ഞു. കടിഞ്ഞൂൽ പുത്രന്റെ മരണം ഇരുവർക്കും മാനസികമായി വിഷമമുണ്ടാക്കി. ഇതിനുശേഷം ഗംഗാധർ റാവുവും ലക്ഷ്മീബായിയും ദാമോദർ റാവു എന്ന ബാലനെ മകനായി ദത്തെടുത്തു. തന്റെ ആദ്യ പുത്രന്റെ മരണം ഗംഗാധർ റാവുവിനെ വല്ലാതെ തളർത്തിക്കളഞ്ഞു. അദ്ദേഹം ശയ്യാവലംബിയായി.1853-ൽ ഗംഗാധർ റാവു അന്തരിച്ചു. പുത്രനെ ദത്തെടുത്ത വിവരം ഔദ്യോഗികമായി ബ്രിട്ടീഷ് സർക്കാരിനെ ഗംഗാധർ റാവു അറിയിച്ചിരുന്നു. എന്നാൽ ഝാൻസിയെ തങ്ങളുടെ കീഴിലേക്കു കൊണ്ടുവരാനുള്ള തന്ത്രം ബ്രിട്ടൻ നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. മരണാനന്തര ചടങ്ങുകൾക്കുശേഷം, ഒട്ടും പ്രതീക്ഷിക്കാതെ ബ്രിട്ടീഷ് സർക്കാരിന്റെ പ്രതിനിധിയായ ജനറൽ എല്ലീസ് കൊട്ടാരത്തിലെത്തി ഖജനാവ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമവസ്തുക്കൾ സുരക്ഷിതമായി അടച്ചുപൂട്ടി മുദ്രവെച്ചു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടെങ്കിലും റാണീ ലക്ഷ്മീബായി വരാൻ പോകുന്ന അപകടത്തെക്കുറിച്ച് ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല.

ദാമോദർ റാവു രാജാവിന്റെ യഥാർത്ഥ പുത്രനല്ലാതിരുന്നതിനാൽ ഡൽഹൗസി പ്രഭു ഡോക്ട്രിൻ ഓഫ് ലാപ്സ് [൧]എന്ന അധികാരം ഉപയോഗിച്ച് ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തു[4]. 1854 മാർച്ചിൽ ബ്രിട്ടീഷുകാർ അറുപതിനായിരം രൂപയുടെ പെൻഷൻ നൽകി രാജ്ഞിയോട് കൊട്ടാരം വിട്ടുപോകാനാവശ്യപ്പെട്ടു. ഇതും ബ്രിട്ടീഷുകാർ ഗോവധം അനുവദിച്ചതും രാജ്ഞിയെ ചൊടിപ്പിച്ചു. രാജ്ഞി ബ്രിട്ടീഷുകാർക്കെതിരെ ശബ്ദമുയർത്തിയെങ്കിലും വിലപ്പോയില്ല. ഒടുവിൽ കമ്പനിഭരണത്തിനെതിരെ വാദിക്കാൻ ഒരു ബ്രിട്ടീസ് അറ്റോർണിയുടെ സഹായം തേടി. അവസാനം ചെറിയൊരു പെൻഷനും കൊട്ടാരത്തിൽ താമസിക്കാനുള്ള അനുവാദവും രാജ്ഞിക്ക് നൽകപ്പെട്ടു. അവസാനം റാണിക്ക് കൊട്ടാരം വിട്ടു പോകേണ്ടി വന്നു. വളരെ ചെറിയ ഒരു സൈന്യത്തോടൊപ്പം റാണി യാത്രയായി. ചിലപ്പോൾ കുതിരകളുടെ പുറത്തും, കൂറേദൂരം പല്ലക്കിലുമായി റാണി ഝാൻസി വിട്ടു.

1857ലെ കലാപം

[തിരുത്തുക]
അശ്വാരൂഢയായ റാണി - രേഖാചിത്രം

1857 മാർച്ച് 29ന് 34 ആം റെജിമെന്റിലെ മംഗൾ പാണ്ഡേ എന്ന ശിപായി രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു. മംഗൾ പാണ്ഡേയെ അറസ്റ്റു ചെയ്യാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് മറ്റു ശിപായിമാർ നിരസിച്ചു. എന്നാൽ പിന്നീട് മംഗൾ പാണ്ഡേയെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു. ഈ വാർത്ത കാട്ടു തീപോലെ പരന്നു, കൂടാതെ ഒരു കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇതാണ് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരം എന്ന് പറയപ്പെടുന്നു[5]. ഇതോടൊപ്പം മെയ് മാസത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളക്കാർക്ക് നൽകിയ വെടിവെക്കാനായി ഉപയോഗിക്കുന്ന തിരകളിൽ പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവാമെന്ന ഒരു വിവാദം പെട്ടെന്ന് കത്തിപ്പടർന്നു. ഉപയോഗിക്കുന്നതിനു മുമ്പ് കടിച്ചു തുറക്കേണ്ടുന്ന തിരകളായിരുന്നു ഇവ[6]. ഇത് ഹൈന്ദവ, മുസ്ലീം സമുദായത്തോടുള്ള ഒരു വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇരു സമുദായങ്ങൾക്കും ഈ മൃഗങ്ങളുടെ കൊഴുപ്പ് അശുദ്ധമായിരുന്നു. ഇത് പട്ടാളത്തിനുള്ളിൽ തന്നെ ഒരു കലാപത്തിനു വഴിവെച്ചു. ബ്രിട്ടീഷുകാർ ഈ കലാപത്തെ ശിപായിലഹള എന്നാണ് വിളിച്ച് നിസ്സാരമായികാണുകയായിരുന്നു[7]. ലഹളക്കാർ കണ്ണിൽകണ്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയെല്ലാം കൊന്നൊടുക്കി. ഒരു മാസത്തിനുള്ളിൽ കലാപകാരികൾ ഡെൽഹി പിടിച്ചടക്കി. അവർ അയൽപ്രദേശങ്ങളിലേക്ക് കടന്നു. കലാപകാരികൾ ഝാൻസിയിലേക്കടുക്കുന്നു എന്നറിഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് ഝാൻസിയുടെ സൈന്യം കലാപകാരികളെ നേരിടാൻ ബ്രിട്ടനെ പിന്തുണക്കും എന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമുണ്ടായിരുന്നില്ല[8]. ലക്ഷ്മീബായി തന്റെ ഭർത്താവിന്റെ മരണത്തെ തുടർന്ന് ബ്രിട്ടനോട് പ്രതിപത്തിയുള്ളവളായി മാറിയെന്ന് ബ്രിട്ടൻ വിശ്വസിച്ചു. ഏറെ താമസിയാതെ ഝാൻസിയിലുള്ള പന്ത്രണ്ടാം ഇൻഫൻട്രി പ്ലാറ്റൂണിലെ ശിപായികൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ടെയ്ലറെ വെടിവെച്ചു കൊന്നു. കലാപം ഝാൻസിയിലേക്കും പടരുകയായിരുന്നു. നൂറുകണക്കിനു ഉദ്യോഗസ്ഥർ ജീവനായി പരക്കം പാഞ്ഞു.

റാണി ലക്ഷ്മീബായി ഈ കലാപത്തിൽ പങ്കുചേരാൻ താൽപര്യപ്പെട്ടിരുന്നില്ല എന്നും അതല്ല റാണി ബ്രിട്ടീഷുകാരോടുള്ള വിരോധത്താൽ കലാപകാരികളുമായി നേരത്തേ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വാദിക്കുന്നവർ ഉണ്ട്. എന്നാൽ ഇതിന് വ്യക്തമായ തെളിവുകളൊന്നും തന്നെയില്ല. കലാപം കൊടുമ്പിരിക്കൊണ്ടപ്പോൾ ഭയചകിതരായ ബ്രിട്ടീഷുകാർ തങ്ങളുടെ കുടുംബത്തിന് റാണിയുടെ കൊട്ടാരത്തിൽ അഭയം നൽകണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായി. റാണി ഈ അപേക്ഷ അംഗീകരിക്കുകയും ചെയ്തു[9]. കലാപസമയത്ത് കൊട്ടാരത്തിൽ അഭയം തേടിയിരുന്ന ചില ഇംഗ്ലീഷുകാർ റാണിക്ക് ഈ കലാപകാരികളുമായി യാതൊരു തരത്തിലും ബന്ധമുണ്ടായിരുന്നില്ലെന്ന് തെളിവുകളെ ഉദ്ധരിച്ചുകൊണ്ട് സമർത്ഥിക്കുന്നു. ഡെൽഹിയിലേക്കു പോകാനായി തങ്ങൾക്ക് മൂന്നു ലക്ഷം രൂപ നൽകണമെന്നും അതിനു തയ്യാറായില്ലെങ്കിൽ കൊട്ടാരം തീവെച്ചു നശിപ്പിക്കുമെന്നും കോട്ട വളഞ്ഞുകൊണ്ട് ശിപായിമാർ റാണിയോട് ആവശ്യപ്പെട്ടു. റാണി തന്റെ കയ്യിലുണ്ടായിരുന്ന ആഭരണങ്ങൾ നൽകുകയും തൽക്കാലം കലാപകാരികൾ പിരിഞ്ഞുപോവുകയും ചെയ്തു.

കലാപത്തെതുടർന്ന് ബ്രിട്ടീഷുകാർ ഝാൻസി വിട്ടുപോയി, രാജ്യം അരാജകത്വത്തിലേക്കു വഴുതിവീഴാൻ തുടങ്ങി. രാജ്യത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്തം ഈ ധീര വനിത ഏറ്റെടുത്തു. പക്ഷേ ഭരണനിർവ്വഹണത്തിൽ റാണിക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. കൂടാതെ ഭരണനിപുണരായ ആരും തന്നെ ഝാൻസിയിൽ അവശേഷിച്ചിട്ടുമുണ്ടായിരുന്നില്ല. ഈ സമയത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ആരെയെങ്കിലും അയച്ചു തരണമെന്ന് റാണി ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ റാണിയോട് തന്നെ ഭരണം നടത്താൻ ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെടുകയായിരുന്നു[10]. ഝാൻസി പതുക്കെ റാണി ലക്ഷ്മീബായിയുടെ പൂർണ്ണ അധികാരത്തിലേക്കു വരുകയായിരുന്നു. ഈ സമയത്ത് ബ്രിട്ടീഷ് സൈന്യമില്ലാത്ത ഝാൻസി റാണി ലക്ഷ്മീബായിയുടെ നേതൃത്വത്തിൽ ദുർബലമായിരിക്കുമെന്ന ചിന്തയുള്ള ചില അയൽരാജ്യങ്ങൾ ഝാൻസിയെ ആക്രമിക്കാൻ തയ്യാറാവുന്നുണ്ടായിരുന്നു. 24000 ത്തോളം സൈനികരുമായി നാത്തേ ഖാൻ ഝാൻസിയെ ആക്രമിക്കാൻ പുറപ്പെട്ടു[11]. റാണി ലക്ഷ്മീബായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് പ്രത്യേക ദൂതനെ കേന്ദ്രത്തിലേക്ക് അയച്ചുവെങ്കിലും സന്ദേശം വേണ്ട സമയത്ത് അവിടെ എത്തിയിരുന്നില്ല. ഝാൻസി കീഴടങ്ങുകയും കോട്ട കൈമാറുകയും ചെയ്താൽ ബ്രിട്ടീഷുകാരെപ്പോലെ തന്നെ റാണിയെ ബഹുമാനിച്ചുകൊള്ളാമെന്ന് നാത്തേ ഖാൻ റാണിയോട് പറഞ്ഞു. പക്ഷേ ഈ നിർദ്ദേശം റാണി തള്ളിക്കളഞ്ഞു. ഈ ഘട്ടത്തിൽ നാത്തേ ഖാനുമായി ഒത്തു തീർപ്പിനു തയ്യാറാകുന്നതാണ് നല്ലെതെന്നായിരുന്നു റാണിക്കു കിട്ടിയ ഉപദേശം. എന്നാൽ ഈ ഉപദേശത്തിൽ ക്രുദ്ധയായ റാണി തന്റെ സൈനികരോട് യുദ്ധ സജ്ജരാകാൻ ആവശ്യപ്പെട്ടു. റാണി ലക്ഷ്മീബായി നാത്തേ ഖാനോട് യുദ്ധം പ്രഖ്യാപിച്ചു. നാത്തേ ഖാൻ ഇരുവശങ്ങളിൽ നിന്നുമായി ഝാൻസിയെ ആക്രമിച്ചു. പക്ഷേ ധീരയായ റാണിയുടെ തന്ത്രങ്ങൾക്കു മുന്നിൽ പരിചയസമ്പന്നനായ നാത്തേ ഖാനു പിടിച്ചു നിൽക്കാനായില്ല. തന്റെ യുദ്ധസാമഗ്രികൾ വരെ ഉപേക്ഷിച്ചുകൊണ്ട് നാത്തേ ഖാന് ഝാൻസി വിട്ട് തോറ്റോടേണ്ടി വന്നു. ഈ വിജയം ലക്ഷ്മീബായിക്ക് അതിരില്ലാത്ത ആത്മവിശ്വാസം നൽകുകയുണ്ടായി.

ഭരണകാലഘട്ടം

[തിരുത്തുക]
റാണി ലക്ഷ്മീ ബായി തന്റെ ദർബാറിൽ

ശിപായി ലഹളക്കുശേഷം ഏതാണ്ട് പത്തുമാസത്തോളം റാണി ഝാൻസി ഭരിക്കുകയുണ്ടായി. നീതിനിർവ്വഹണത്തിലും, ഭരണനിർവ്വഹണത്തിലും അതീവ നൈപുണ്യമാണ് ഇക്കാലയളവിൽ റാണി കാഴ്ചവെച്ചത്. ഭരണകാര്യങ്ങളിൽ യാതൊരു പരിചയവുമില്ലാതിരുന്നിട്ടും തന്റെ കഴിവിനേക്കാളും മികച്ച രീതിയിൽ ഝാൻസിയുടെ ഭരണം നിർവഹിക്കാൻ റാണിക്കു കഴിഞ്ഞു. സമാധാനവും സന്തോഷവും ഝാൻസിയിലേക്കു തിരിച്ചുവന്നു. ഈ സമയത്ത് ഝാൻസിയിൽ ചില വ്യവസായശാലകൾ സ്ഥാപിക്കാനും അവർ മുൻകൈയ്യെടുത്തു. ഭർത്താവിന്റെ മരണശേഷം ഒരു സന്യാസിനി എന്ന നിലയിൽ നിന്നും കഴിവുറ്റ ഒരു ഭരണാധികാരി എന്ന നിലയിലേക്ക് റാണി ഉയർന്നു. ഭർത്താവിന്റെ മരണശേഷം ബ്രാഹ്മണസ്ത്രീകൾ ധരിക്കേണ്ടതായ മൂടുപടം അവർ ഉപേക്ഷിച്ചു. മാത്രമല്ല, കൊട്ടാരത്തിന്റെ ദർബാർ ഹാളിൽ സിംഹാസനത്തിലിരുന്നു ഭരണകാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. കൂടുതൽ ശ്രദ്ധവേണ്ടുന്ന കാര്യങ്ങൾക്കു വേണ്ടി അവരുടെ ഉച്ചനേരത്തെ വിശ്രമം പോലും വേണ്ടെന്നു വച്ചു. ഈ ഭാരപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ റാണിക്ക് കേവലം 22 വയസ്സുമാത്രമായിരുന്നു പ്രായം. കൂർമ്മബുദ്ധിയും അസാമാന്യ ഭരണപാടവവുമുള്ള ഒരു സ്ത്രീയായിരുന്നു മഹാറാണി ലക്ഷ്മീബായി എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

1858ലെ കലാപം

[തിരുത്തുക]
അഹമ്മദാബാദിലെ ശിവരഞ്ജിനിയിൽ സ്ഥാപിച്ചിട്ടുള്ള റാണിയുടെ പ്രതിമ

1857 മുതൽ 1858 വരെ ഝാൻസി രാജ്യം റാണിയുടെ ഭരണനൈപുണ്യതയിൽ സമാധാനത്തോടെ പുലരുകയായിരുന്നു. ഝാൻസിയെ ശക്തമാക്കാൻ ബ്രിട്ടൻ രാജ്യത്തേക്ക് സൈന്യത്തെ അയക്കുകയാണെന്ന് ഉദ്യോഗസ്ഥർ റാണിയെ അറിയിച്ചു. സർ ഹ്യൂഗ് റോസിന്റെ നേതൃത്വത്തിലെ ബ്രിട്ടീഷ് സേന 1858 മാർച്ച് 23-ന്‌ ഝാൻസി വളഞ്ഞു. വളരെ കെട്ടുറപ്പുള്ള പ്രതിരോധമാണ് ബ്രിട്ടീഷ് സൈന്യത്തെ വരവേറ്റത്. റാണിയോട് ആയുധം അടിയറവെച്ച് കീഴടങ്ങാൻ ഹ്യൂഗ് സന്ദേശമയച്ചു. സന്ദേശം നിരാകരിക്കുകയാണെങ്കിൽ കോട്ട ആക്രമിക്കുമെന്നും ഹ്യൂഗ് റാണിയെ അറിയിച്ചു. റാണി ഈ സന്ദേശം തള്ളിക്കളഞ്ഞു. രാജ്ഞി ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാട്ടമാരംഭിച്ചു. അതിശക്തമായ തിരിച്ചടിയാണ് റാണിയുടെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നത്. എന്നിരിക്കിലും യുദ്ധനിപുണരായ ബ്രിട്ടനോട് അധികനേരം പിടിച്ചു നിൽക്കാനാവില്ലെന്ന് റാണിക്ക് അറിയാമായിരുന്നു. റാണി ലക്ഷ്മീബായി അടിയന്തര സഹായത്തിനായി താന്തിയോതോപ്പിയെ ബന്ധപ്പെട്ടു. താന്തിയാതോപ്പിയുടെ നേതൃത്വത്തിൽ 20,000 പേരടങ്ങുന്ന സൈന്യം രാജ്ഞിയുടെ സഹായത്തിനെത്തിയെങ്കിലും 1540 പേർ മാത്രമുണ്ടായിരുന്നതും യുദ്ധനൈപുണ്യമുണ്ടായിരുന്നതുമായ ബ്രിട്ടീഷ് സൈന്യത്തിന്‌ ഇവരെ തുരത്തിയോടിക്കാനായി. കോട്ടയിലെ ഒരു ചെറിയ മുറിപോലും വിട്ടുകൊടുക്കാതിരിക്കാനായി റാണിയുടെ സൈന്യം പൊരുതി. പക്ഷേ ബ്രിട്ടീഷ് സൈന്യം മുന്നേറുകയായിരുന്നു. അവസാനം കൊട്ടാരം വിട്ടുപോകാൻ റാണി തീരുമാനിച്ചു. ഒന്നുകിൽ താന്തിയോ തോപ്പിയുടെ കൂടെയോ അതല്ലെങ്കിൽ നാനാ സാഹേബിന്റെ അനന്തരവനായ റാവു സാഹേബിന്റെ കൂടെ ചേരുവാനോ ആണ് റാണി നിശ്ചയിച്ചത്. മകനെ പുറത്തുചേർത്തു ബന്ധിച്ചശേഷം ബാദൽ എന്ന കുതിരയുടെ പുറത്തു കയറി കോട്ടയുടെ മുകളിൽ നിന്നും താഴേക്കു ചാടി റാണി രക്ഷപ്പെടുകയായിരുന്നു. ഈ സാഹസത്തിൽ കുതിര അന്ത്യശ്വാസം വലിച്ചുവെങ്കിലും റാണിയും,പുത്രനും രക്ഷപ്പെട്ടു.

സൗന്ദര്യവും,ബുദ്ധിയും,വ്യക്തിത്വവും ഒരുമിച്ചു ചേർന്ന ഒരു സ്ത്രീയായിരുന്നു റാണി ലക്ഷ്മീബായ്, ഒരു പക്ഷേ ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും"

- ഹ്യൂഗ് റോസ് [12]

കല്പി ലക്ഷ്യമാക്കിയാണ് റാണി പത്തുവയസ്സുകാരനായ തന്റെ പുത്രനുമൊത്ത് സഞ്ചരിച്ചിരുന്നത്. സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. കടുത്ത ചൂടും മോശം വഴികളും റാണിയെ തളർത്തി. എന്നിരിക്കിലും സുരക്ഷിതമായ ഒരു താവളത്തിലെത്താതെ റാണി വിശ്രമിക്കാൻ തയ്യാറായില്ല. 24 മണിക്കൂറുകൊണ്ട് റാണിയും സംഘവും ഏതാണ്ട് 86 മൈലുകൾ സഞ്ചരിക്കുകയുണ്ടായി[13]. അർദ്ധരാത്രിയോടെ കല്പിയിൽ സുരക്ഷിതമായ ഒരു താവളത്തിലെത്തുകയും ചെയ്തു. റാണിയുടെ പെട്ടെന്നുണ്ടായ വരവിൽ ആശ്ചര്യം പൂണ്ടെങ്കിലും റാവോ സാഹേബ് അവരെ സന്തോഷപൂർവ്വം സ്വീകരിച്ചു. പിന്നീട് താന്തിയോ തോപ്പേയും ഇവരോടൊപ്പം ചേരുകയുണ്ടായി[14]. റാണി ദാമോദർ റാവുവിനോടും കൂട്ടാളികളോടുമൊപ്പം കല്പിയിൽ തമ്പടിച്ചു. താന്തിയാതോപ്പിയുടെ സൈന്യത്തോടൊപ്പം ഇവർ പോരാട്ടമാരംഭിച്ചു. ബ്രിട്ടന്റെ സേന കല്പിയും ആക്രമിക്കാൻ ആരംഭിച്ചു. റാണിയുടെ നേതൃത്വത്തിലുള്ള സൈന്യം, താന്തിയോ തോപ്പിയും, റാവു സാഹേബിനുമൊപ്പം പൊരുതിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. മൂവർക്കും കല്പി വിട്ടോടേണ്ടി വന്നു. പുതിയ തന്ത്രത്തിന്റെ ഭാഗമായി വളരെ ചെറിയ ചെറുത്തുനിൽപ്പു മാത്രം പ്രതീക്ഷിച്ച ഗ്വാളിയോർ കോട്ട ആക്രമിച്ചു കീഴടക്കാൻ ഇവർ പദ്ധതിയിടുകയും നടപ്പാക്കുകയും ചെയ്തു. ഗ്വാളിയറിലെ രാജാവിനെ തോല്പിച്ച് ഗ്വാളിയർ കോട്ട കീഴടക്കാൻ ഇവർക്കായി. ഗ്വാളിയോർ കോട്ട സംരക്ഷിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് മറ്റുള്ളവരുമായി റാണി ആലോചിക്കുകയും ഏതു വിധേനേയും കോട്ട സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. വൈകാതെ ബ്രിട്ടീഷ് സൈന്യം കോട്ട വളയുകയും ആക്രമണം തുടങ്ങുകയും ചെയ്തു. റാണി യുദ്ധമുഖത്ത് ധൈര്യശാലിയായി പോരാടി. കടുത്ത യുദ്ധത്തിൽ നേർക്കുനേരേയുള്ള പോരാട്ടത്തിൽ ബ്രിട്ടീഷ് സൈനികനിൽ നിന്നും റാണിക്ക് മാരകമായി മുറിവേറ്റു. താമസിയാതെ റാണി ലക്ഷ്മീബായി മരണമടഞ്ഞു[15]. എല്ലാ വിധ ബഹുമതികളോടെയുമാണ് റാണിയുടെ മരണാനന്തര ചടങ്ങുകൾ നടന്നത്. പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് റാണിയുടെ സംസ്കാരകർമ്മങ്ങൾ നടന്നതെന്ന് ഹ്യൂഗ് ഓർമ്മിക്കുന്നു. ഗ്വാളിയോറിലെ കോട്ടയുടെ അടുത്തുള്ള ഒരു വലിയ പുളിമരത്തിന്റെ താഴെയാണ് റാണിയുടെ മൃതദേഹം ദഹിപ്പിച്ചത്.

മരണശേഷം

[തിരുത്തുക]

റാണി ലക്ഷ്മീബായിയുടെ ജീവിതത്തെക്കുറിച്ച്, പ്രശസ്തയായ എഴുത്തുകാരി മഹാശ്വേതാ ദേവി തയ്യാറാക്കിയ സമഗ്രപഠനഗ്രന്ഥമാണ് ദ ക്യൂൻ ഓഫ് ഝാൻസി. റാണിയുടെ അനന്തരാവകാശികളിൽ നിന്നും ശേഖരിച്ച അറിവുകളും, മറ്റു ചരിത്രരേഖകളും അടിസ്ഥാനമാക്കി എഴുതിയതാണ് ഈ ഗ്രന്ഥം.[16] ഗ്വാളിയോറിലെ രണ്ടു കലാലയങ്ങൾക്ക് റാണിയോടുള്ള ആദരപൂർവ്വം അവരുടെ പേരാണ് ഇട്ടിരിക്കുന്നത്. മഹാറാണി ലക്ഷ്മീബായി മെഡിക്കൽ കോളേജ്, ലക്ഷ്മീബായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ എന്നിവയാണ് ആ സ്ഥാപനങ്ങൾ. 1957 ൽ ഝാൻസി കലാപത്തിന്റെ ശതവാർഷിക ആഘോഷവേളയിൽ റാണിയുടെ ചിത്രം പതിപ്പിച്ച രണ്ട് തപാൽ സ്റ്റാമ്പുകൾ ഭാരതസർക്കാർ പുറത്തിറക്കുകയുണ്ടായി. ഭാരതസേനയിലെ സ്ത്രീകളുടെ ഒരു വിഭാഗത്തിന്റെ പേര് ഝാൻസി റാണി റെജിമെന്റ് എന്നാണ്.

കുറിപ്പുകൾ

[തിരുത്തുക]
  • ^ ബ്രിട്ടന്റെ കീഴിലുള്ള ഏതെങ്കിലും നാട്ടുരാജ്യങ്ങളിലെ രാജാവോ, ഭരണാധികാരിയോ മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ ആ രാജ്യം ഈ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ വരും

അവലംബം

[തിരുത്തുക]
  • ഭവാൻ സിംഗ്, റാണ (2004). റാണി ഓഫ് ഝാൻസി. ഇന്ത്യ: ഡയമണ്ട് പോക്കറ്റ് ബുക്സ്. ISBN 978-8128808753.
  • റെയ്നർ, ജെറോഷ് (2008). റാണി ഓഫ് ഝാൻസി - റിബൽ എഗെയിൻസ്റ്റ് വിൽ. ഇന്ത്യ: ആകാർ ബുക്സ്. ISBN 978-8189833145.
  • തപതി, റോയ് (2006). രാജ് ഓഫ് ദ റാണി. ഇന്ത്യ: മോട്ടിലാൽ പെൻഗ്വിൻ ഇന്ത്യ. ISBN 978-0143062219.
  1. 1.0 1.1 1.2 ഝാൻസി റാണി - ജീവിതരേഖ ഉത്തർപ്രദേശിലെ ഝാൻസി എന്ന ജില്ലയെക്കുറിച്ചുള്ള വെബ് വിലാസത്തിൽ നിന്നും
  2. The English version of the notice reads: "Rani Jhansi jumped from this place on horseback with her adopted son"
  3. "Who is Manikarnika?".
  4. ഡോക്ട്രിൻ ഓഫ് ലാപ്സ് നിയമം ഝാൻസിയിൽ ഇന്ത്യൻസാഗയിൽ നിന്നും ശേഖരിച്ചത്
  5. ജോൺ, വില്ല്യം കായി (2013). ഹിസ്റ്ററി ഓഫ് സിപോയ് വാർ ഇൻ ഇന്ത്യ. ലണ്ടൻ: അല്ലൻ&കമ്പനി. ISBN 9781313159203.
  6. റൗഫ്, ഹാരോൾഡ് (2004). ദ വിക്ടോറിയൻസ് അറ്റ് വാർ 1815-1914. ലണ്ടൻ: എ.ബി.സി.സി.എൽ.ഐ.ഒ. p. 180. ISBN 978-1576079256.
  7. റോബർട്ട്സ്, ഫ്രെഡറിക്. ഫോർട്ടി വൺ ഇയേഴ്സ് ഇൻ ഇന്ത്യ. പ്രൊജക്ട് ഗുട്ടൻബർഗ്.
  8. റാണി ഓഫ് ഝാൻസി - റെയ്നർമസ്സാക്കർ ഓഫ് ഝാൻസി - പുറം.45
  9. റാണി ഓഫ് ഝാൻസി - റെയ്നർമസ്സാക്കർ ഓഫ് ഝാൻസി - പുറം.46
  10. "റാണി ലക്ഷ്മീബായ്". കോപ്സെസ്.
  11. റാണി ഓഫ് ഝാൻസി - റെയ്നർമസ്സാക്കർ ഓഫ് ഝാൻസി - പുറം.85-86
  12. ഡേവിഡ്, സോൾ (2003). ദ ഇന്ത്യൻ മ്യൂട്ടിണി. പെൻഗ്വിൻ ബുക്സ്. ISBN 978-0141005546.
  13. റാണി ഓഫ് ഝാൻസി - റെയ്നർകുഞ്ച്,കല്പി യുദ്ധങ്ങൾ - പുറം.217
  14. റാണി ഓഫ് ഝാൻസി - റെയ്നർകുഞ്ച്,കല്പി യുദ്ധങ്ങൾ - പുറം.217-218
  15. എം.വിൽസ്, സ്മിത്ത്. "ഗ്വാളിയോർ യുദ്ധത്തിന്റെ ഡയറി". കോപ്സെസ്.
  16. മഹേശ്വതാ, ദേവി (2000). ദ ക്യൂൻ ഓഫ് ഝാൻസി. സീഗൾ ബുക്സ്. ISBN 978-8170461753.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=ഝാൻസി_റാണി&oldid=4071519" എന്ന താളിൽനിന്ന് ശേഖരിച്ചത്