പനമ്പിള്ളി ഗോവിന്ദമേനോൻ
പനമ്പിള്ളി ഗോവിന്ദമേനോൻ | |
---|---|
ജനനം | |
മരണം | മേയ് 23, 1970 | (പ്രായം 63)
അറിയപ്പെടുന്നത് | രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവും |
കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്നു പനമ്പിള്ളി ഗോവിന്ദ മേനോൻ. (ഒക്ടോബർ 1, 1906 - മേയ് 23, 1970) അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു.[1] കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻകൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്.
ജീവചരിത്രം
[തിരുത്തുക]ആദ്യകാലം
[തിരുത്തുക]ഗോവിന്ദമേനോൻ 1906 ഒക്ടോബർ 1 ന് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് കല്ലൂർ വടക്കുമുറി വില്ലേജിൽ ചാലക്കുടിപ്പുഴയുടെ ഇടത്തേക്കരയിലുള്ള കക്കാട് ഗ്രാമത്തിൽ കളത്തിൽ പനമ്പിള്ളി എന്ന നായർ തറവാട്ടിൽ ജനിച്ചു. പിതാവ് കുമ്മരപ്പിള്ളി കൃഷ്ണമേനോനും മാതാവ്, മാധവി അമ്മയുമായിരുന്നു. അവരുടെ നാലാമത്തെ സന്താനമായിരുന്നു ഗോവിന്ദൻ. കുടുംബകാരണവരായിരുന്ന കുഞ്ഞുണ്ണിമേനോന്റെ പരിലാളനയിലാണ് അദ്ദേഹം വളർന്നത്.
വിദ്യാലയ ജീവിതകാലം
[തിരുത്തുക]നിലത്തെഴുത്ത് അഭ്യസിച്ചശേഷം അദ്ദേഹം പാലിയം സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ചേർന്നു. ഏഴാം ക്ലാസ്സ് വരെ അവിടെ പഠിച്ചു. പിന്നീട് എറണാകുളം മഹാരാജാസ് സ്കൂളിൽ ചേർന്നു. ഇക്കാലത്ത് അദ്ദേഹം തന്റെ മൂത്ത സഹോദരിയായ ജാനകി അമ്മയുടേയും അഭിഭാഷകനായ ഭർത്താവ് മാധവമേനോന്റേയും കൂടെയാണ് താമസിച്ചിരുന്നത്. ഈ താമസത്തിനിടയിലാണ് അദ്ദേഹം സ്വാത്രന്ത്ര്യ സമരനേതാക്കളിൽ ആകൃഷ്ടനായത്. കോളേജിൽ ഖദർ വേഷത്തിൽ പോയിരുന്ന ഗോവിന്ദൻ നോട്ടപ്പുള്ളിയായിത്തീർന്നിരുന്നു. ഒൻപതാം ക്ലാസ്സിൽ അദ്ദേഹത്തെ ഇക്കാരണത്താൽ അധികൃതർ പരാജയപ്പെടുത്തി. തൊട്ടടുത്ത വർഷം ചാലക്കുടി സ്കൂൾ ഹൈസ്കൂളാക്കിയതിനെ തുടർന്ന് അദ്ദേഹം അവിടേക്ക് മാറി.
മഹാകവി രബീന്ദ്രനാഥ ടാഗോർ ആലുവ യിലെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ചാലക്കുടി വഴി പോയപ്പോൾ പനമ്പിള്ളി ഗോവിന്ദമേനോൻ സഹപാഠികളോടൊപ്പം പോയി അദ്ദേഹത്തെ കണ്ടു. ഇതിന് സ്കൂൾ അധികാരികൾ അദ്ദേഹത്തെ ശിക്ഷിച്ചു. വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് അദ്ദേഹം പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തേ സാഹിത്യമത്സരങ്ങളിലെല്ലാം ഗോവിന്ദൻ ഒന്നാമതെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗപാടവം അദ്ധ്യാപകരേയും ആകർഷിച്ചിരുന്നു.
ഉപരിപഠനം നടത്തിയത് തൃശ്ശൂരിലെ സെന്റ്. തോമസ് കോളേജിലായിരുന്നു. കലാലയ പഠനകാലത്ത് അദ്ദേഹം ചർക്ക പഠനക്ലാസ്സുകൾ നടത്തുന്നതിലും ഹിന്ദി പഠനത്തിലും മുൻകൈയെടുത്ത് പ്രവർത്തിച്ചു. ജുനിയർ ഇൻറർമീഡിയേറ്റിന് പഠിക്കുന്ന സമയത്തും അദ്ദേഹം സാഹിത്യമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. മലയാളം പ്രസംഗം, പ്രബന്ധരചന, ഇംഗ്ലീഷ് പ്രസംഗം എന്നിവയിലെല്ലാം മിക്കപ്പോഴും ഒന്നാമതെത്തുക ഗോവിന്ദനായിരുന്നു. ഇതിന് ഒരിക്കൽ അദ്ദേഹത്തിന് ടാഗോർ കൃതികൾ എല്ലാം സമ്മാനമായി ലഭിക്കുകയുണ്ടായി. ആധ്യപകർക്കിടയിലും ഗോവിന്ദമേനോൻ ഒരു സംസാരവിഷയമായിത്തീർന്നിരുന്നു. [1]
തൃശ്ശൂർ സെന്റ്. തോമസ് കലാലയത്തിൽ നിന്നും ഇന്റർ മീഡിയേറ്റ് വിജയിച്ചശേഷം തിരുച്ചിറപ്പിള്ളി സെന്റ്. ജോസഫ്സ് കോളേജിൽ നിന്ന് ബി.എ. ഓണേഴ്സും മദ്രാസ് ലോ കോളേജിൽ നിന്ന് നിയമംനിയമ ബിരുദവും നേടി.
അഭിഭാഷക ജോലിയിൽ
[തിരുത്തുക]ബിരുദപഠനത്തിനുശേഷം ബാർ കൌൺസിലിൽ എൻറോൾ ചെയ്തു. ഇരിങ്ങാലക്കുടയിലെ പ്രസിദ്ധ യുക്തിവാദിയായിരുന്ന എം.സി. ജോസഫ് അദ്ദേഹത്തിന്റെ വഴികാട്ടിയായി. ആദ്യം അഭിഭാഷക വൃത്തി ആരംഭിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നു. ഒരു വർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ശേഷം സ്വന്തമായി അഭിഭാഷകവൃത്തി ആരംഭിച്ചു. യുക്തിവാദ പ്രസ്ഥാനങ്ങളിലേക്കും കോൺഗ്രസ്സിലേക്കും അടുത്തത് ഇക്കാലത്തായിരുന്നു. എം.സി. ജോസഫ്, രാമവർമ്മതമ്പാൻ, കെ. അയ്യപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച യുക്തിവാദി സംഘത്തിലെ ഖജാൻജി അദ്ദേഹമായിരുന്നു. യുക്തിവാദി ആയിരുന്നെങ്കിലും അദ്ദേഹം ഈശ്വരവിശ്വാസിയും ആയിരുന്നു.[2] ഇക്കാലത്ത് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തു. അദ്ദേഹം അഭിഭാഷകവൃത്തിയിലേർപ്പെട്ട അതേ വർഷം (1931) തന്നെ അദ്ദേഹം വിവാഹിതനാവുകയും ചെയ്തു. പൊതുരംഗത്ത് സജീവമായി പങ്കെടുക്കുമ്പോഴും അഭിഭാഷകനെന്ന നിലയിൽ അതിപ്രഗല്ഭനായിരുന്നു അദ്ദേഹം. [3] ഇരിങ്ങാലക്കുട യിൽ നിന്ന് താമസിയാതെ അദ്ദേഹം എറണാകുളത്തേക്ക് പ്രാക്റ്റീസ് മാറ്റി. ഹൈക്കോടതിയിൽ അഭിഭാഷകനായി തിളങ്ങുമ്പോഴും അദ്ദേഹം പൊതുജനസേവനത്തിന് സമയം കണ്ടെത്തിയിരുന്നു. വ്യവഹാരങ്ങളും മറ്റും പഠിക്കാൻ അദ്ദേഹം കുറച്ചു സമയമേ എടുത്തിരുന്നുള്ളൂ. എന്നാൽ കൂടുതൽ സമയവും സംഘടനാ പ്രവർത്തനം നടത്തിയിരുന്നു. ഒരു പക്ഷേ അഭിഭാഷക വൃത്തിയിൽ തുടർന്നിരുന്നെങ്കിൽ അദ്ദേഹം സി.ആർ. ദാസ്, മോത്തിലാൽ നെഹ്രു എന്നിവരുടെ സമശീർഷനായി ഉയർന്നേനേ എന്നാണ് മുൻ. അഡ്വക്കേറ്റ് ജനറലായരുന്ന എം.ബി. കുറുപ്പ് അഭിപ്രായപ്പെട്ടത്. സാധാരണ ഒരു നിയമജ്ഞൻ വളരെക്കാലം കൊണ്ട് നേടുന്നത് പനമ്പിള്ളി ചുരുങ്ങിയ കാലം കൊണ്ട് നേടി. സൂക്ഷ്മബുദ്ധിയും പരന്ന വായനയും ആണ് അദ്ദേഹത്തിന് സഹായകരമായത്.
കുടുംബജീവിതം
[തിരുത്തുക]തൃശ്ശൂരിനടുത്തുള്ള ചേറൂരിൽ കുണ്ടുവാറ കൃഷ്ണവാര്യരുടെ മകൾ മാധവിയമ്മയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. മാധവിയമ്മയെ പനമ്പിള്ളിക്കിക്ക് നേരത്തേ തന്നെ പരിചയമുണ്ടായിരുന്നു, അത് വളർന്ന് സ്നേഹമായപ്പോൾ അദ്ദേഹം മാധവിയുടെ അച്ഛന് മാധവിയെ വിവാഹം ചെയ്തു തരണമെന്ന് പറഞ്ഞ് ഒരു എഴുത്ത് അയച്ചു. ചെറിയ തടസ്സവാദങ്ങൾ ഉണ്ടായി എങ്കിലും ധീരമായ ആ മനസ്സിനു മുന്നിൽ എല്ലാം കെട്ടടങ്ങി. വിവാഹാനന്തരം ഇരിങ്ങാലക്കുട യിലെ നിലങ്ങാട്ടു വീട്ടിൽ താമസമാക്കി.
പുരോഗമന വാദങ്ങൾ
[തിരുത്തുക]സവർണ സമുദായയത്തിൽ അക്കാലത്ത് നിലവിലിരുന്ന സാമൂഹിക അനാചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരേ അദ്ദേഹം തന്റെ പടവാൾ എപ്പോഴും വീശീയിരുന്നു. ഇത്തരം അനാചാരങ്ങൾ കാലത്തിനൊത്തവിധം സംസ്കരിക്കണമെന്ന വാദക്കാരനായിരുന്നു അദ്ദേഹം. 1931 ൽ ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന കൊച്ചി നായർ സമാജത്തിന്റെ വാർഷികസമ്മേളനത്തിൽ അദ്ദേഹം വി.ഡി. ഔസേപ്പിന്റെ വിവാഹബില്ലിനെ എതിർത്തു സംസാരിച്ചു. കൊച്ചിയിൽ നായർ ജഡ്ജി വേണമെന്ന യാഥാസ്ഥിതികരുടെ ആവശ്യത്തെ ഖണ്ഡിക്കാനും അദ്ദേഹം ശ്രമിച്ചു. രണ്ടുവർഷത്തിനു ശേഷം മറ്റൊരു സംഭവത്തിൽ എറണാകുളം ചിറ്റൂരിലെ ആങ്കാരത്തെ ഡോ. മന്നാഡിയാർ ഒരു ഡച്ചു മദാമ്മയെ കല്യാണം ചെയ്തു എന്ന് പറഞ്ഞ് അദ്ദേഹത്തിനെ കുടുംബകാരണവർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്ന് യാഥാസ്ഥിതികര് വാദിച്ചപ്പോൾ പനമ്പിള്ളി മന്നാഡിയാരുടെ പക്ഷത്തായിരുന്നു. പനമ്പിള്ളി ഡോ. മന്നാഡിയാരെ അടുത്ത പ്രസിഡന്റായി നാമനിർദ്ദേശം നൽകുകയും വിജയിക്കാനായി സ്വയം മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നിരുന്ന കുടുംബങ്ങൾ അത് അവസാനിപ്പിക്കണമെന്നും അതുവഴി സമുദായത്തിന്റെ വളർച്ച ത്വരിതപ്പെടുത്തണമെന്നുമുള്ള പക്ഷക്കാരനായിരുന്നു പനമ്പിള്ളി. കൊച്ചി നിയമസഭയിൽ അംഗമായപ്പോൾ ഇത് സംബന്ധിച്ച് ഒരു ഭേദഗതി അവതരിപ്പിക്കുകയും അംഗീകാരം വാങ്ങുകയും ചെയ്തു.
രാഷ്ട്രീയരംഗത്ത്
[തിരുത്തുക]1919 ല് രാമവർമ്മ മഹാരാജാവിന്റെ കാലത്തേ തന്നെ കൊച്ചിയിൽ ഒരു നിയമസഭ രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വന്നുവെങ്കിലും 1925 ലാണ് ഇത് സാക്ഷാത്കരിക്കപ്പെട്ടത്. 1925 ലാണ് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പ് വേളയിലും പിന്നീട് 1928, 1931 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും പനമ്പിള്ളി സജീവമായി പങ്കെടുത്തു. അക്കാലത്ത് രണ്ട് രാഷ്ട്രീയ കക്ഷികളാണ് ഉണ്ടായിരുന്നത്. കൊച്ചിൻ കോൺഗ്രസ്സും കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സും. കൊച്ചിൻ കോൺഗ്രസ്സ് 1936 ൽ ടി.കെ. നായരുടെ നേതൃത്വത്തിലാണ് രൂപവത്കരിക്കപ്പെട്ടത്. ഇതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ഒരു ബന്ധവുമില്ലായിരുന്നു. മറുവശത്ത് കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സ് പുരോഗമന വാദികളെക്കൊണ്ട് നിറഞ്ഞിരുന്നു. അവരിൽ പ്രമുഖർ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, ഇ. ഇക്കണ്ടവാര്യർ സി.എ. ഔസേപ്പ്, പനമ്പിള്ളി എന്നിവരായിരുന്നു.[2]
1935 ലും 1938 ലും കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1935ൽ അഡൂർ നിന്നും അടുത്ത തിരഞ്ഞെടപ്പിൽ മുളങ്കുന്നത്ത് കാവിൽ നിന്നുമായിരുന്നു മത്സരിച്ചത്. നിയമസഭാംഗമായതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ ഇരട്ടിയായി.
1942 ഓഗസ്റ്റ് 7, 8 തിയതികളിൽ ബോംബേയിൽ ചേർന്ന എ.ഐ.സി.സി സമ്മേളനത്തിൽ ജവഹർലാൽ നെഹ്രുഅവതരിപ്പിച്ച ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സായി. അന്ന് നിരവധി നേതാക്കൾ അറസ്റ്റിലായി. എറണാകുളത്ത് പനമ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിക്കുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പനമ്പിള്ളിയും മറ്റു നേതാക്കളും നിരവധി പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രതിഷേധം വകവക്കാതെ അദ്ദേഹം സംഘടിപ്പിച്ച ജാഥക്കെതിരെ ലാത്തിച്ചാർജ്ജ് നടക്കുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. കൊച്ചിയിൽ നടന്ന വ്യാപക മർദ്ദനമുറകളിൽ പ്രതിഷേധിച്ച് പനമ്പിള്ളി, ഇക്കണ്ടവാര്യർ, സി.ആർ. ഇയ്യുണ്ണി. ഡോ.എ.ആർ.മേനോൻ തുടങ്ങിയവർ നിയമസഭ അംഗത്വം രാജിവച്ചു. സെപ്റ്റംബർ 21 ന് പനമ്പിള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തു. പത്തുമാസക്കാലത്തോളം വിചാരണചെയ്യാതെ തടവിൽ പാർപ്പിച്ച അദ്ദേഹത്തോടൊപ്പം മറ്റു പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു.
ഏതാണ്ട് 1941-ൽ കൊച്ചി രാജ്യ പ്രജാമണ്ഡലം എന്ന ഒരു രാഷ്ടീയ കക്ഷി നിലവിൽ വന്നിരുന്നു. കോൺഗ്രസ്സിന്റെ പ്രവർത്തകർ നിരവധി പേർ ഇതിൽ അംഗത്വം സ്വീകരിച്ചിരുന്നു. താമസിയാതെ അതിന് ശക്തമായ ജനകീയ അടിത്തറ രൂപപ്പെട്ടു. പനമ്പിള്ളിയും തന്റെ ജയിൽവാസത്തിനുശേഷം പ്രജാമണ്ഡലത്തിന്റെ പ്രവർത്തകനായി.
1945 ൽ കൊച്ചിയിലെ തിരഞ്ഞെടുപ്പ് നടന്നപ്പോൾ അദ്ദേഹം എറണാകുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. എറണാകുളത്തെ മുനിസിപ്പൽ ചെയർമാനും കുലീന കുടുംബാംഗവും പരോപകാരി എന്ന പേരിൽ അറിയപ്പെട്ടിരുന്നയാളുമായ മാറായിൽ നാണുമേനോൻ ആയിരുന്നു എതിരാളി. ഗോവിന്ദമേനോൻ കടുത്ത മത്സരത്തിനൊടുവിൽ 7 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവായി. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ കള്ളുഷാപ്പിലും, തിരുവിതാംകൂർകാർ താമസിച്ചിരുന്ന ഹോസ്റ്റലുകളിലും മറ്റു വിലക്കപ്പെട്ട പല സ്ഥലങ്ങളിലും അദ്ദേഹം വോട്ട് ചോദിക്കാനും അദ്ദേഹം മടികാണിച്ചില്ല. ചാലക്കുടിക്കാരനായ തനിക്കെതിരെ പ്രയോഗിക്കപ്പെട്ട 'വരുത്തൻ' പ്രയോഗത്തെ സ്വീകരിച്ച അദ്ദേഹം ആദിമനിവാസികളേക്കാൾ വരത്തന്മാർ തന്നെ അധികമുള്ള കൊച്ചിയിൽ അത് തനിക്കനുകൂല ഘടകമാക്കി മാറ്റാനും ശ്രദ്ധിച്ചിരുന്നു. പ്രജാമണ്ഡലം നിയമസഭാകക്ഷിനേതാവായി ഗോവിന്ദമേനോനെ തിരഞ്ഞെടുത്തു. [4] അന്ന് നിയമസഭയിൽ ലഭ്യമായ ഏക മന്ത്രിസ്ഥാനമായ ജനകീയ മന്ത്രി ആവാൻ ആവശ്യമായ യോഗ്യത ഉണ്ടായിരുന്നിട്ടുകൂടി പ്രജാമണ്ഡലം അത് നിരാകരിച്ചു. അന്ന് പറമ്പി ലോനപ്പനിലൂടെ നാഷണലിസ്റ്റ് കക്ഷിക്കാണ് ഗ്രമോദ്ധാരണ മന്ത്രിസ്ഥാനം ലഭിച്ചത്. 1945 ജൂലൈ 11 ന് കേരളവർമ്മ മഹാരാജാവ് ഒരു വിളംബരത്തിലൂടെ ജനകീയ മന്ത്രിസ്ഥാനം രണ്ടാക്കി ഉയര്ത്തിയപ്പോൾ ആ സ്ഥാനം പ്രജാമണ്ഡലം സ്വീകരിക്കണമെന്ന് നിലപാടാണ് പനമ്പിള്ളി എടുത്തത്. എന്നാൽ പ്രജാമണ്ഡലം അതും നിരാകരിക്കുകയായിരുന്നു. ബാലകൃഷ്ണമേനോൻ പുതിയ മന്ത്രിയായി.
1946 ജൂലൈ 29 ൻ കൊച്ചിയിൽ ഉത്തരവാദഭരണം ആവശ്യപ്പെട്ട് ഉത്തരവാദദിനം ആചരിക്കപ്പെട്ടു. ഇത് പ്രജാമണ്ഡലത്തിന്റെ ആഹ്വാനമനുസരിച്ചായിരുന്നു. നിയമസഭാംഗങ്ങൾ രാജി വക്കുകയും മന്ത്രിമാരുടെ കൗൺസിലിനെതിരെ അവിശ്വാസം നടപ്പാക്കുകയും ചെയ്തു. 1946 ഓഗസ്റ്റ് 7 നാണ് അവിശ്വാസപ്രമേയം വതരിപ്പിച്ചുയകൊണ്ട് പനമ്പിള്ളി പ്രസംഗിച്ചത്.[5] അവിശ്വാസപ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസ്സാവുകയും മന്ത്രിമാർ രാജിവക്കുകയും ചെയ്തു. പിന്നീട് നിയമസമാധാനവും ധനകാര്യവുമൊഴികെയുള്ള വകുപ്പുകൾ നിയമസഭ തിരഞ്ഞെടുക്കുന്ന മന്തിസഭക്ക് നൽകാമെന്ന് മഹാരാജാവ് സമ്മതിക്കുകയും അതിനെ തുടർന്ന് പ്രജാമണ്ഡലം മന്ത്രിമാരെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തു. അങ്ങനെ ആദ്യത്തെ ജനകീയ മന്ത്രിസഭ നിലവിൽ വന്നു. 1946 സെപ്റ്റംബർ 9 ന് നിലവിൽ വന്ന ഈ മന്ത്രിസഭയിൽ പനമ്പിള്ളി, സി.ആർ. ഇയ്യുണ്ണി, സഹോദരൻ അയ്യപ്പൻ, ടി.കെ നായർ എന്നിവർ അംഗങ്ങൾ ആയിരുന്നു. 1945 ൽ നടന്ന നെല്ലായി ഉപതിരഞ്ഞെടുപ്പിൽ പനമ്പിള്ളി നാഷണലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്ന സി.ജെ. ചിറയത്തിനെതിരെ രൂപകാലങ്കാരപ്രധാനമായതും അപകീർത്തി പരത്തുന്നതുമായ പ്രസംഗം നടത്തി എന്നാരോപിച്ച് തിരഞ്ഞെടുപ്പ് വ്യവഹാരം നടക്കുകയും അതിൽ പനമ്പിള്ളിയും പ്രജാമണ്ഡലം സ്ഥാനാരത്ഥി ഇയ്യുണ്ണിയും കുറ്റക്കാരെന്ന് കണ്ട് രണ്ട് പേരുടെ നിയമസഭാംഗത്വവും ഉപതിരഞ്ഞെടുപ്പു തന്നെയും അസാധുവാക്കുകയും ചെയ്തു. [6]
ഈ മന്ത്രിസഭയിൽ ഭക്ഷ്യ-വിദ്യാഭ്യാസ വകുപ്പുകളായിരുന്നു പനമ്പിള്ളിക്ക്. പരിമിതമായ അധികാരങ്ങളാണ് കൊച്ചിയിലെ മന്ത്രിമാർക്ക് അന്ന് ഉണ്ടായിരുന്നത്. എല്ലാത്തരം ഭരണപരിഷ്കാരങ്ങൾക്കും ദിവാനേയും മഹാരാജാവിനേയും ആശ്രയിക്കേണ്ടതായും വന്നിരുന്നു. എങ്കിലും പനമ്പിള്ളി തന്റ്റെ പരിമിതമായ കഴിവുകളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചു. നെല്ലെടുപ്പ് പദ്ധതി എന്ന പേരിൽ ദേവസ്വം, പള്ളികൾ, ജന്മിമാർ എന്നീ വൻ ഭൂസ്വത്തുടമകളിൽ നിന്ന് അധിക നെല്ല് പിടിച്ചെടുത്ത് പൊതുജനങ്ങൾക്കിടയിൽ വിതരണം നടത്താൻ അദ്ദേഹം ശ്രദ്ധിച്ചു. എയ്ഡഡ് അദ്ധ്യപകർക്ക് മുഴുവൻ ക്ഷാമബത്തയും അനുവദിച്ചു. അഞ്ചാം ക്ലാസ്സു മുതൽ ഹിന്ദി പഠനം നിർബന്ധമാക്കി. അദ്ധ്യാപകർക്ക് പ്രയോജനകരമായ പല നിര്ദ്ദേശങ്ങളും അദ്ദേഹം നടപ്പിലാക്കി. ഇടക്കാലത്ത് പെൻഷൻ പറ്റി പിരിയേണ്ടടി വന്ന അദ്ധ്യാപകർ വിദ്യാഭ്യാസവർഷാവസാനം വരെ തുടർനനു പോകേണ്ടതാണ് എന്ന് നിശ്ശ്ചയിച്ചതും പനമ്പിള്ളിയായിരുന്നു. മലയാളം മുഷിമാർക്ക് അന്ന് മറ്റുള്ളവരേക്കാൾ ശമ്പളം കുറവായിരുന്നു. അവർക്ക് യോഗ്യത കുറവാണ് എന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. പനമ്പിള്ളിയുടെ ഇടപെടൽ മൂലം ഭാഷാദ്ധ്യാപകർക്ക് നേരെ കരുതപ്പെട്ടിരുന്ന ഭൃഷ്ട് നീക്കം ചെയ്യുകയും ഭാഷാദ്ധ്യാപകരുടെ ശമ്പളം മറ്റു അദ്ധ്യപകരുടെതിനു തുല്യമാക്കി ഏകീകരിക്കുകയും ചെയ്തു.
1946 ജൂലൈ 26 ൻ ഗോവിന്ദമേനോന്റെ പ്രേരണ നിമിത്തം മഹാരാജാവ് ഇന്ത്യൻ യൂണിയനിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് ഭരണഘടനാ നിർമ്മാണ സമിതിയിലേക്ക് പ്രതിനിധിയായി പനമ്പിള്ളിയെ തിറഞ്ഞെടുത്തു. ഭരണഘടനാ നിർമ്മാണ സഭയിൽ പനമ്പിള്ളി നടത്തിയ കന്നി പ്രസംഗം അംഗങ്ങളെയെല്ലാം വിസ്മയഭരിതരാക്കി. നെഹ്രു ഈ പ്രസംഗത്തെ പറ്റി പലതവണ പരാമർശം നടത്തി. പിന്നീട് കേന്ദ്ര ഭരണം സംബന്ധിച്ച വ്യവസ്ഥകളെ കുറിച്ച് പഠിച്ച് ശുപാർശ നൽകാനുള്ള കമ്മിറ്റിയിലും പനമ്പിള്ളി അംഗമായി. ഈ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ നെഹ്രു ആയിരുന്നു.
1947ൽ അദ്ദേഹത്തിന് തൊഴിൽ വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കേണ്ടതായി വന്നു. ഇക്കാലത്താണ് അദ്ദേഹം മിനിമം വേജസ് ബിൽ അവതരിപ്പിച്ചത്. എല്ലാ തൊഴിലാളികൾക്കും ലഭിക്കേണ്ടതായം കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കപ്പെട്ടു. തോട്ടം തൊഴിലാളികളുടെ ബോണസ് അദ്ദേഹം ഉയർത്തി. അവകാശങ്ങൽ ക്രമപ്പെടുത്തി.
1948 ൽ കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. കൊച്ചി രാജ്യ പ്രജാമണ്ഡലം ഇതിനുള്ളിൽ കോൺഗ്രസ്സിൽ ലയിച്ചിരുന്നു. ഇക്കണ്ടവാര്യർ പ്രധാനമന്ത്രിയായി കൊച്ചിയിൽ ആധ്യ കോൺഗ്രസ് മന്ത്രിസഭ നിലവിൽ വന്നു. സഭയിൽ പനമ്പിള്ളിയും അംഗമായി. 1949 ജൂലൈ 1 ന് തിരു-കൊച്ചി സംസ്ഥാനം നിലവിൽവന്നു. ടി.കെ. നാരായണപിള്ള യായിരുന്നു മുഖ്യമന്ത്രി. ഈ മന്ത്രിസഭയിലും അദ്ദേഹം അംഗമായി. 1952 ൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ എ. ജെ. ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു. ഈ മന്ത്രി സഭയിലും അദ്ദേഹം മന്ത്രിയായി. 1954ൽ തിരു-കൊച്ചിയിലെ തിരഞ്ഞെടുപ്പൊൽ അദ്ദേഹം കോൺഗ്രസ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പിന്തുണയോടെ പി.എസ്.പി. (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) നേതാവായ പട്ടം താണുപിള്ള യാണ് മുഖ്യമന്ത്രിയായത്. ഒരു വർഷത്തിനകം ഈ മന്ത്രിസഭ തകർന്നപ്പോൽ പനമ്പിള്ളിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു. കോൺഗ്രസിൽ ഭിന്നിപ്പുണ്ടായപ്പോൾ ഈ മന്ത്രിസഭയും നിലം പൊത്തി.
മന്ത്രിസഭകൾ
[തിരുത്തുക]പിന്നീട് ഐക്യകേരളം നിലവിൽ വന്നശേഷം 1957 ൽ നടന്ന തിർഞ്ഞെടുപ്പിൽ ചാലക്കുടി യിൽ നിന്ന് മത്സരിച്ച പനമ്പിള്ളി ആദ്യമായി പരാജയത്തിന്റെ കയ്പു നീർ കുടിച്ചു. 1961 മൂന്നാം ധനകാര്യ കമ്മീഷൻ അംഗമായി. 1962 ൽ ലോലസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു. 1966ൽ അദ്ദേഹം കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രിയായി
1967 ൽ വീണ്ടും ലോകസഭയിലേക്ക് തിർഞ്ഞെടുക്കപ്പെടുകയും നിയമ-സാമൂഹിക ക്ഷേമ വകുപ്പിന്റെ മന്ത്രിയാവുകയും ചെയ്തു. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1967* | മുകുന്ദപുരം ലോകസഭാമണ്ഡലം | പനമ്പിള്ളി ഗോവിന്ദമേനോൻ | കോൺഗ്രസ് (ഐ.) | സി.ജി. ജനാർദനൻ | സ്വതന്ത്ര സ്ഥാനാർത്ഥി |
1962 | മുകുന്ദപുരം ലോകസഭാമണ്ഡലം | പനമ്പിള്ളി ഗോവിന്ദമേനോൻ | കോൺഗ്രസ് (ഐ.) | ടി.സി. നാരായണൻകുട്ടി | സി.പി.ഐ. |
1957 | മുകുന്ദപുരം ലോകസഭാമണ്ഡലം | പനമ്പിള്ളി ഗോവിന്ദമേനോൻ | കോൺഗ്രസ് (ഐ.) | സി.ജി. ജനാർദനൻ | പി.എസ്.പി. |
- 1970-ൽ മരണപ്പെടുന്നത് വരെ എം.പി.യായിരുന്നു.
ലോകസഭയിൽ
[തിരുത്തുക]1962 ല് നടന്ന പാർലമെൻറ് തിരനഞഞെടുപ്പിൽ മുകുന്ദപുരം ലോക് സഭാമണ്ഡലത്തിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടിയിലെ ടി.സി.നാരായണൻകുട്ടി യെ പരാജയപ്പെടുത്തി ലോക്‌സഭയിലേക്ക് തിരഞെടുക്കപ്പെട്ടു. 1957 ലെ തിരഞ്ഞെടുപീൽ പര്അജയപ്പെടുത്തിയ സി.ജി. ജനാർദ്ദനനെ കൊണ്ട് നാമനിർദ്ദേശ പത്രികയിൽ പിന്താങ്ങി ഒപ്പിടുവിക്കാൻ പോലും പനമ്പിള്ളിക്കായിരുനനനു. ലോകസഭാ അംഗമയിരുനനന കാലയളവിൽ വ്യ്വസായസ്ഥാപനങ്ങളുടെ പാർലമെൻററി കമ്മറ്റിയുടെ അദ്ധ്യക്ഷനായി പനമ്പിള്ളി നിയമിതനായി.
ചാലക്കുടിയിൽ
[തിരുത്തുക]ചാലക്കുടി പാലം യാഥാർത്ഥ്യമാകാൻ പനമ്പിള്ളി ചെയ്ത് വിദ്യ നിരവധി നാട്ടുകാർ അനുസ്മരിക്കുന്നുണ്ട്. 1966-ൽ തൃശ്ശൂർ പൂരം പ്രദർശനം ഉദ്ഘാടനം ചെയ്യാൻ തന്നെ ക്ഷണിച്ച സംഘാടകരോട് പകരമായി കേന്ദ്ര ജലസേചന വകുപ്പ് മന്ത്രിയായ റാവുവിനെ കൊണ്ട് ഉദ്ഘാടനം നിർവഹിപ്പിക്കാൻ ഏർപ്പാട് ചെയ്യുകയും ചാലക്കുടി വഴി വിമാനത്താവളത്തിലേക്ക് വരേണ്ട മന്ത്രിയെ തീവണ്ടി പാതയിലൂടെ പോയിരുന്ന പഴയ വഴിയിലൂടെ വിടുവാൻ പറയുകയും ചെയ്തു. മന്ത്രി വരേണ്ട സമയം തീവണ്ടി പോവുകയും, അതിനാൽ ഗതാഗത കുരുക്കിൽ പെട്ട് വളരെയധികം സമയം പാഴാക്കേണ്ടി വന്ന കേന്ദ്രമന്ത്രി റാവുവിന് പാലത്തിന്റെ ആവശ്യകത സ്വയം ബോധ്യമാവുകയും പിന്നീട് പാലം പണിയാനാവശ്യമായ അനുമതി നൽകുകയും ചെയ്തു.
നിയമവകുപ്പിലെ സംഭാവനകൾ
[തിരുത്തുക]- ബാങ്ക് ദേശ സാത്‌കരണ ബില്ല്
- പ്രീവി പേർസ് ബഹിഷ്കരണ ബില്ല്
വിമർശനങ്ങൾ
[തിരുത്തുക]അഞ്ചരലക്ഷക്കേസ്
[തിരുത്തുക]1946 ൽ കൊച്ചിയിലെ ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കുന്ന കാലത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചു കയറി. വിലയിൽ നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. എന്നാൽ ഇത് കേര കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട് പനമ്പിള്ളി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി വിലക്ക് നീക്കി. ഇത് വില വീണ്ടും ഉയരാൻ കാരണമാക്കി.
അവസാനകാലം
[തിരുത്തുക]കേന്ദ്രമന്ത്രിയായിത്തുടരവേ പനമ്പിള്ളിയ്ക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ടായി. അവ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് 1970 ഫെബ്രുവരി 18ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. അ വർഷം മേയ് 23ന് 64ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
സ്മാരകങ്ങൾ
[തിരുത്തുക]- എറണാകുളത്ത് ഒരു ജനനിബിഡമായ ഒരു പ്രദേശത്തിന് പനമ്പിള്ളി നഗർ എന്ന പേരാണ് നൽകിയിരിക്കുന്നത്.
- ചാലക്കുടിയിൽ പനമ്പിള്ളി സ്മാരക കലാലയം സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- പനമ്പിള്ളി ഗോവിന്ദമേനോൻ-ചരിത്രവഴിയിലെ ദീപശിഖ - എന്ന ഗ്രന്ഥം; എൽ.വി. ഹരികുമാർ. സാംസ്കാരിക പ്രസിദ്ധിക്കരണ വകുപ്പ്, കേരള സർക്കാർ 2004
അവലംബം
[തിരുത്തുക]- ↑ ഹരികുമാർ, എൽ.വി. എൻ.ബി. വനജ (ed.). പനമ്പിള്ളി ഗോവിന്ദമേനോൻ -ചരിത്രവഴിയിലെ ദീപശിഖ. കെ. രാമദാസ് (പ്രഥമ പതിപ്പ് ed.). തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധിക്കരണ വകുപ്പ്, കേരള സർക്കാർ. ISBN 81-88087-24-6.
{{cite book}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Cite has empty unknown parameters:|month=
,|chapterurl=
,|origdate=
, and|coauthors=
(help); Unknown parameter|origmonth=
ignored (help) - ↑ "History of Kerala Legislature" (in english). Public Relations Department, Govt. of Kerala. Archived from the original on 2006-12-14. Retrieved 2007-08-01.
{{cite web}}
: Cite has empty unknown parameters:|month=
and|coauthors=
(help)CS1 maint: unrecognized language (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-20.
- ↑ http://www.keralaassembly.org
കുറിപ്പുകൾ
[തിരുത്തുക]- ^ " സെൻറ്. തോമസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസ്സർ പി.രാമനാഥൻ പനമ്പിള്ളിയെക്കുറിച്ച്: “മലയാളത്തിലാകട്ടെ, ഇംഗ്ലീഷിലാകട്ടെ, നല്ല പ്രസംഗം കേൾക്കണമെങ്കിൽ ഗോവിന്ദമേനോനെ വരുത്തണം”
- ^ യുക്തി വാദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സമൂഹത്തിലെ അനീതികൾക്കും അസമത്വങ്ങൾക്കും എതിരേയുള്ള പോരാട്ടവും അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവത്കരണവും ആയിരുന്നിരിക്കണം എന്നാണ് എൽ.വി. ഹരികുമാർ കരുതുന്നത്.
- ^ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകളിൽ കേസുകൾ പഠിക്കുന്നതിനും അത് കോടതിയിൽ ശക്തിയായി വാദിക്കുന്നതിനും എതിർകക്ഷിയുടെ ബലഹീനതകൾമനസ്സിലാക്കി വിധി എപ്പോഴും അനുകൂലമാക്കാനും അദ്ദേഹത്തിന് അപാരമായ കഴിവ് ഉണ്ടായിരുന്നു.
- ^ പനമ്പിള്ളിയെ കൂടാതെ പി.മാണി, ജി.എസ്. ധാരാസിങ്ങ്, പി.ടി. ജേക്കബ്, എം.ഐ. പോൾ, സി.എസ്. പണിക്കർ, പുഴങ്കര ശങ്കരമേനോൻ, എം.കെ രാജ, പുതൂർ അച്യുതമേനോൻ, പി. കുമാരനെഴുത്തച്ഛൻ, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ, എന്നിവരാണ് അന്ന് നിയമസഭയിലേക്ക് ജയിച്ച പ്രജാമണ്ഡലം നേതാക്കൾ.
- ^ ..
^ പ്രജാമണ്ഡലത്തിന് സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് സ്വാധീനമുള്ളതുകൊണ്ട് മതവിശ്വാസികൾ ആ സംഘടനയുമായി അടുക്കരുത് എന്ന് ചിറയത്തിന്റെ പക്ഷക്കാർ പ്രചരണം നടത്തിയതിനു മറുപടിയായി പനമ്പിള്ളി നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. അത് ഇപ്രകാരമായിരുന്നു. " മതം അപകടത്തിലെന്ന മുദ്രാവാക്യം മുഴക്കി, നിയമസഭയിൽ കടന്നുകൂടി ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വപശുക്കളുടെ പിന്നാലെ പായുന്ന പടുകൂറ്റന്മാരെയോ അതോ അച്ചടക്കത്തോടും അനുസരണയോടും കൂടിയ , മൂക്കുകയറും കടിഞ്ഞാണും നിങ്ങളുടെ കൈയ്യിലുള്ള, കാളകളെയാണോ നിങ്ങൾക്കു വേണ്ടത്' - ഇതിൽ പടുകൂറ്റൻ എന്ന പ്രയോഗം നടത്തിയില്ല എന്ന് പനമ്പിള്ളി കോടതിയിൽ ബോധ്യപ്പെടുത്തുകയുണ്ടായി.
- Pages using the EasyTimeline extension
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- 1906-ൽ ജനിച്ചവർ
- 1970-ൽ മരിച്ചവർ
- ഒക്ടോബർ 1-ന് ജനിച്ചവർ
- മേയ് 23-ന് മരിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- ഇന്ത്യയുടെ നിയമമന്ത്രിമാർ
- ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ
- മൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- നാലാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
- മേനോന്മാർ
- തിരു-കൊച്ചി നിയമസഭാംഗങ്ങൾ