ഗുരുവായൂർ സത്യാഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1931-32 - ൽ തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണ് ഗുരുവായൂർ സത്യാഗ്രഹം[1]. കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികകല്ലാണ് ഈ സമരം[2]. വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു. ഈ പ്രമേയത്തിൻ പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്. അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് , എ. കെ.ജി എന്നിവരാണ് നേതൃത്വം നൽകിയതു്[1][3]

പശ്ചാത്തലം[തിരുത്തുക]

കേരളത്തിലെ കോളനിവാഴ്ചക്കാലത്തു്, ബ്രിട്ടീഷുകാർ ഇവിടുത്തെ ജാതിവ്യവസ്ഥയെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു. ഹിന്ദു-മുസ്ലീം സംഘർഷമുണ്ടാക്കി അവ സജീവമായി നിലനിർത്തുക, മേൽജാതിക്കാരെ കീഴ്ജാതിക്കാർക്കെതിരെ ഇളക്കിവിടുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണു് അവർ ഭരണം നിലനിർത്താൻ വേണ്ടി സ്വീകരിച്ചത്. ഇത് കേരളത്തിൽ പ്രത്യേകിച്ചും മലബാറിൽ ഫലപ്രദമായി നടപ്പാക്കാൻ അവർക്ക് സാധിച്ചു[1].

ഗുരുവായൂർ ക്ഷേത്രം ജാതിഭേദമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് സമരസമിതി ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സാമൂതിരിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സാമൂതിരി സമരക്കാരുടെ ഈ ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. [4] ഇതിനെ തുടർന്നാണ് ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ സത്യാഗ്രഹമിരിക്കാൻ സമരക്കാർ തീരുമാനിച്ചത്.

സമര തീരുമാനം[തിരുത്തുക]

1931 ജൂലൈ 7 ന് ബോംബെയിൽ വെച്ചു നടന്ന എ.ഐ.സി.സിയിൽ കെ. കേളപ്പൻ‍‍ ക്ഷേത്ര സത്യഗ്രഹത്തിനായി വാദിക്കുകയും ഇതിനു വേണ്ടി ഗാന്ധിജിയുടെ സമ്മതം വാങ്ങുകയും ചെയ്തിരുന്നു. 1931 ആഗസ്റ്റ് 2 ന് കോഴിക്കോടു കൂടിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ തീണ്ടലിനും മറ്റാചാരങ്ങൾക്കുമെതിരെ സമരം നടത്താൻ കെ. കേളപ്പൻ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കുകയും ഗുരുവായൂരിൽ സത്യഗ്രഹം നടത്താൻ കേളപ്പനെ ചുമതലപ്പെടുത്തുകയും ചെയ്തു.[5] ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിനെതിരെ പോരാടാനുള്ള തീരുമാനം കൂടിയായിരുന്നു അതു്. എന്നാൽ കോൺഗ്രസിലെ തന്നെ മേൽജാതി ഹിന്ദുക്കളിലൊരു വിഭാഗം ഇതു് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന വാദമുയർത്തി. എങ്കിലും എല്ലാ എതിർപ്പിനെയും തൃണവൽഗണിച്ച് കേളപ്പനും എ. കെ. ജി.യും അടക്കമുള്ളവർ സത്യാഗ്രഹവുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. സമരത്തിന്റെ താത്വിക വശങ്ങളോടു താൽപര്യമുണ്ടായിരുന്നില്ലെങ്കിലും, ദേശീയ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താനുള്ള ഒരു മുന്നേറ്റം എന്ന രീതിയിലാണ് കൃഷ്ണപിള്ളയേപ്പോലുള്ളവർ ഈ സമരത്തിൽപങ്കുകൊള്ളാൻ തീരുമാനിച്ചത്.[6]

സമര സംഘാടനം[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രപ്രവേശനസത്യാഗ്രഹസ്മാരക കവാടം

എ. കെ. ജി.യെയാണ് സത്യഗ്രഹ വോളന്റിയർമാരുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. സത്യഗ്രഹത്തിന്റെ പ്രചാരണാർഥം കേളപ്പനും എ. കെ. ജി.യും അടക്കമുള്ളവർ നിരവധി പ്രദേശങ്ങൾ സന്ദർശിച്ച് തീണ്ടലും തൊടീലും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു. വടക്കൻ മേഖലയിലെ പ്രചാരണദൗത്യം എ. കെ. ജി.ക്കും സുബ്രഹ്മണ്യൻ തിരുമുമ്പിനുമായിരുന്നു. സത്യഗ്രഹത്തിനനുകൂലമായി പൊതുജനാഭിപ്രായം സ്വരൂപിക്കാൻ ഒരു ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഒരു പ്രചാരണം പൊന്നാനി താലൂക്കിൽ സംഘടിപ്പിക്കുകയുണ്ടായി. ഈ ശക്തമായ പ്രചാരണവേലയോടെ ഗുരുവായൂർ സമരത്തിനനുകൂലമായി കേരളമൊട്ടാകെ പൊതുജനാഭിപ്രായം ശക്തിപ്പെട്ടു. [7] കൂടാതെ സെപ്തംബർ 21 ചേർന്ന കെ.പി.സി.സി യോഗം കന്യാകുമാരി മുതൽ കാസർഗോഡ് വരെ സമരത്തിനു മുന്നോടിയായി ഒരു പ്രചാരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രചാരണവേലയുടെ അവസാനം ക്ഷേത്ര ഭാരവാഹികളെ കണ്ട് ഒരു നിവേദനം സമർപ്പിക്കാനും കെ.പി.സി.സി യോഗം തീരുമാനിച്ചു. [8]

ഗുരുവായൂർ സത്യഗ്രഹം നടത്താനായി കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രാധികാരികൾ അമ്പലത്തിന് ചുറ്റും മുള്ളുവേലി കെട്ടി. സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന് യാഥാസ്ഥിതികർ ഭീഷണി മുഴക്കി. എന്നാൽ ഇതൊന്നും കണ്ട് സമരക്കാർ പിൻവാങ്ങിയില്ല. എ. കെ. ജി.യുടെയും സുബ്രഹ്മണ്യൻ തിരുമുമ്പിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയർമാർ ഒക്ടോബർ 21ന് കാൽനടയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരേക്ക് പുറപ്പെട്ടു. വഴിനീളെ ആവേശഭരിതരായ ജനക്കൂട്ടം സംഘത്തിന് വരവേൽപ്പ് നൽകി. ഗുരുവായൂർ എത്തുന്നതുവരെയുള്ള യാത്രയും പ്രചാരണവും നാട്ടിൽ ഉണർവുണ്ടാക്കി[9].

സത്യാഗ്രഹസമരം[തിരുത്തുക]

ഒക്ടോബർ പതിനെട്ടിനു കോഴിക്കോടു വെച്ചു കൂടിയ പ്രത്യേക കെ.പി.സി.സി യോഗം നവംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്ര നടക്കൽ സമരം ആരംഭിക്കാൻ തീരുമാനിച്ചു. സമരത്തിനു മുന്നോടിയായി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ ഇരുപതുപേരുടെ ഒരു സംഘം കണ്ണൂരിൽ നിന്നും കാൽനടയായി ഗുരുവായൂരിലേക്കു തിരിച്ചു. ഈ ജാഥ ഒക്ടോബർ 31 ന് ഗുരുവായൂർ ക്ഷേത്ര നടക്കലെത്തുകയും, നവംബർ ഒന്നിന് നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. അന്നേ ദിവസം അഖിലകേരള ക്ഷേത്ര പ്രവേശന ദിനമായി ആചരിക്കപ്പെട്ടു.[10] കെ. കേളപ്പൻ പന്ത്രണ്ടു് ദിവസത്തെ നിരാഹാരം കിടന്നു. എന്നും പുലർച്ചെ മൂന്നുമണിക്ക് നടതുറക്കുമ്പോൾ സത്യഗ്രഹം തുടങ്ങും. പല നേതാക്കളും ഗുരുവായൂർ സമരസ്ഥലം സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി, ഉണ്ണിനമ്പൂതിരി സഭ തുടങ്ങിയ സാമൂദായിക സംഘടനകൾ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സമരത്തിന്റെ ആവേശം കുറഞ്ഞു വന്നു. സത്യഗ്രഹ സമരം പരാജയത്തിലേക്കു നീങ്ങാൻ തുടങ്ങി. നവംബർ ഏഴിന് സുബ്രഹ്മണ്യൻ തിരുമുമ്പ് അറസ്റ്റിലായി. ജനുവരി നാലിന് എ. കെ. ജി.യെയും അറസ്റ്റ് ചെയ്തു. [11]


സത്യാഗ്രഹത്തിനിടെ ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് കണ്ണൂർ ജയിലിൽ നിന്നും സമരമുഖത്ത് തിരിച്ചെത്തിയ എ.കെ.ജി. വീണ്ടും സത്യഗ്രഹ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തു. സമരം ഇഴഞ്ഞു നീങ്ങുന്നു എന്നു തോന്നിയ ഈ അവസരത്തിലാണ് പി. കൃഷ്ണപിള്ള ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ മണി മുഴക്കിയത്. മണി മുഴക്കി തൊഴുകുവാനുള്ള അവകാശം ബ്രാഹ്മണർക്കുമാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രം കാവൽക്കാർ കൃഷ്ണപിള്ളയെ അതിക്രൂരമായി തല്ലിച്ചതച്ചു.[12] പിറ്റേ ദിവസവും മണിയടിക്കുന്നത് കൃഷ്ണപിള്ള ആവർത്തിച്ചു,മർദ്ദനം വീണ്ടും പഴയതിലും ശക്തിയിൽ തുടർന്നു. കൃഷ്ണപിള്ള അക്ഷ്യോഭ്യനായിനിന്ന് ഈ മർദ്ദനമെല്ലാം ഏറ്റുവാങ്ങി.[12] ഈയവസരത്തിൽ തെല്ലും കൂശാതെ ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായൻമാർ അവരുടെ പുറത്തടിക്കും എന്ന് കാവൽക്കാരെ കൃഷ്ണപിള്ള പരിഹസിച്ചു.[13] കൃഷ്ണപിള്ളയേയും, പത്മനാഭൻ നമ്പ്യാരേയും ക്ഷേത്രം ജീവനക്കാർ ബലമായി പിടിച്ചു പുറത്താക്കി. കൃഷ്ണപിള്ള അവിടെ പിക്കറ്റിംഗ് ആരംഭിക്കുകയും, ക്ഷേത്രത്തിൽ വരുന്നവരോട് ഈ അനീതി അവസാനിക്കുന്നതുവരെയെങ്കിലും ക്ഷേത്രത്തിലേക്കു വരരുതേയെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ വിവരം രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ മറുപടിക്കായി ഒരാഴ്ച കാത്തിരിക്കണമെന്നും ക്ഷേത്രം ഭാരവാഹി കൃഷ്ണപിള്ളയോടാവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം സമരം അവസാനിപ്പിച്ചു.


ക്ഷേത്രഭാരവാഹികൾ സമരാനുകൂലികൾക്കെതിരേ നിരന്തരമായ ഉപദ്രവം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഡിസംബർ 28 ന് നേതാവ് എ.കെ.ഗോപാലന് ക്രൂരമായ മർദ്ദനമേറ്റു. പിറ്റേ ദിവസം പൊതുജനങ്ങൾ സമരമുഖം സംഘർഷമാക്കി. സത്യഗ്രഹികളെ തടയാനായി ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊതുജനങ്ങൾ കൂട്ടമായി ചെന്നു പൊളിച്ചു കളഞ്ഞു. ഗോപുരം വരെ ആർക്കും ചെല്ലാമെന്ന നിലവന്നപ്പോൾ അധികൃതർ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണുണ്ടായത്. [14] ജനുവരി 28 ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹം പുനരാരംഭിക്കുകയും ചെയ്തു. ഏറ്റെടുത്ത ലക്ഷ്യം പൂർത്തീകരിക്കുവാനായി തന്റെ ജീവൻ വരെ ബലികഴിക്കുവാൻ കേളപ്പൻ തയ്യാറായി. അദ്ദേഹം ക്ഷേത്രം എല്ലാവർക്കുമായി തുറക്കും വരെ ഉപവാസം അനുഷ്ഠിക്കുവാൻ തുടങ്ങി. ഇതോടെ ഗുരുവായൂർ എന്ന സ്ഥലം അഖിലേന്ത്യാ ശ്രദ്ധ നേടാൻ തുടങ്ങി. രാജ്യത്തിന്റെ പലഭാഗങ്ങളി. നിന്നും ക്ഷേത്ര ഭാരവാഹി കൂടിയായ സാമൂതിരിക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി.[15] കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഗുരുവായൂർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരജാഥകൾ ഗുരുവായൂരിലേക്കു പുറപ്പെടാൻ തുടങ്ങി. സവർണ്ണ ഹിന്ദുക്കളും ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി. കേളപ്പന്റെ ജീവൻ രക്ഷിക്കാനായി ഒപ്പു ശേഖരണവും അപേക്ഷകളും കേരളമൊട്ടാകെ നടന്നു. സമരം ക്ഷേത്രത്തിനകത്തേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇതൊരു വമ്പിച്ച പൊതു ജനപ്രക്ഷോഭമായി മാറിയേക്കാമെന്നു ഭയപ്പെട്ട് സർക്കാരും വിഷമവൃത്തത്തിലായി.[16] നേതാക്കൾ പ്രശ്നപരിഹാരത്തിനായി ഗാന്ധിജിക്കു കമ്പി സന്ദേശമയച്ചു. അവസാനം സമരം താൽക്കാലികമായി അവസാനിപ്പിക്കാനും, ഇതിന്റെ ഭാവി ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കാണിച്ച് ഗാന്ധിജി കേളപ്പന് സന്ദേശമയക്കുകയും, അതനുസരിച്ച് പൂർണ്ണ താൽപര്യത്തോടെയല്ലെങ്കിലും കേളപ്പൻ സമരമവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയുണ്ടായി.[17] 15568 പേർ ക്ഷേത്രപ്രവേശനത്തിനനുകൂലമായും, 2779 പേർ പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. 2106 പേർ നിഷ്പക്ഷത പാലിച്ചപ്പോൾ, 7302 പേർ ഈ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. 77 ശതമാനത്തോളം ആളുകൾ ക്ഷേത്രപ്രവേശനത്തിനെ അനുകൂലിക്കുകയുണ്ടായി. ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു.[18]

കണ്ടോത്തെ കുറുവടി[തിരുത്തുക]

അന്ന് ജാതിവ്യവസ്ഥ ഏറ്റവും ശക്തമായി നിലനിന്നത് വടക്കൻ കേരളത്തിലാണ്. പയ്യന്നൂരിലെ കണ്ടോത്തെ ഒരു പൊതുനിരത്തിലൂടെ നടക്കാൻ താഴ്ന്ന ജാതിക്കാരെ അനുവദിച്ചിരുന്നില്ല. അടുത്തുള്ള ക്ഷേത്രത്തിന് അശുദ്ധിയുണ്ടാകും എന്നതായിരുന്നു കാരണം. ഗുരുവായൂർ സത്യഗ്രഹത്തിന്റെ പ്രചാരണാർഥം കേളപ്പനും എ.കെ.ജി.യും അടങ്ങുന്ന സംഘം ഈ വഴിയിൽ കൂടി ഹരിജനങ്ങളെയും കൂട്ടി ഘോഷയാത്ര നടത്തി. ഘോഷയാത്ര റോഡിന് സമീപം എത്തിയപ്പോൾ ചെറുപ്പക്കാരും സ്ത്രീകളും അടങ്ങുന്ന 200 ഓളം വരുന്ന ജനക്കൂട്ടം ഘോഷയാത്രയിൽ പങ്കെടുത്തവരെ മർദിക്കാൻ തുടങ്ങി. സ്ത്രീകൾ ഉലക്ക കൊണ്ടാണ് എ.കെ.ജി.യെയും മറ്റും തല്ലിച്ചതച്ചത്. ആക്രമണം അരമണിക്കൂർ നീണ്ടുനിന്നു. എ.കെ.ജി.യും, കേരളീയനും ബോധംകെട്ടുവീണു. കേരളീയന്റെ മരണ മൊഴി പോലും രേഖപ്പെടുത്തുകയുണ്ടായി. ഈ മർദനമാണു് പിന്നീട് "കണ്ടോത്തെ കുറുവടി" എന്ന പേരിൽ പ്രസിദ്ധമായ സംഭവം. എ.കെ.ജി.യുടെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ മർദനമായിരുന്നു ഇത്. [19] [20]

ഗുരുവായൂർ സത്യഗ്രഹത്തിന് ലഭിച്ച ഏറ്റവും നല്ല പ്രചാരണമായിരുന്നു കണ്ടോത്തെ കുറുവടി. മലബാർ ജില്ലാ ബോർഡ് അധികാരി കണ്ടോത്ത് എത്തുകയും എല്ലാവർക്കും യാത്രചെയ്യാൻ അധികാരമുണ്ടെന്ന് എഴുതിയ ബോർഡ് വഴിയിൽ സ്ഥാപിക്കുകയും ചെയ്തു.

അനന്തര ഫലം[തിരുത്തുക]

1947 ജൂൺ 12ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം ലഭിച്ചു. ഗുരുവായൂർ സത്യാഗ്രഹം ഫലമായി ഗുരുവായൂർ ക്ഷേത്രം ഉടനടി അവർണർക്ക് തുറന്നുകൊടുത്തില്ലെങ്കിലും, ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരായ പൊതുബോധം സജീവമാക്കാൻ ഈ സത്യാഗ്രഹത്തിനു് സാധിച്ചു. 1936 ൽ ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ഈ സത്യാഗ്രഹം സൃഷ്ടിച്ചു[21]. കേരളത്തിലെ ഒരു ക്ഷേത്രത്തിലും അവർണർക്ക് പ്രവേശിക്കാൻ ഇന്ന് തടസ്സമില്ലെങ്കിലും അന്യമതക്കാരെ പ്രവേശിപ്പിക്കാൻ പല ക്ഷേത്രാധികാരികളും തയ്യാറായിട്ടില്ല[1].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 • ഡോക്ടർ.ചന്തവിള, മുരളി (2009). സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്ര പഠനം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-2620226-2. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-13.
 • എ.കെ., ഗോപാലൻ (2009). എന്റെ ജീവിത കഥ. ചിന്ത പബ്ലിഷേഴ്സ്. ISBN 978-8126201426.

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 ഗുരുവായൂർ സത്യഗ്രഹത്തിന് 80 വയസ്, ദേശാഭിമാനി ദിനപത്രം, ശേഖരിച്ചതു് 1 നവംബർ, 2011
 2. കേരളത്തിലെ നവോത്ഥാനസമരങ്ങൾ, ഡോ ആർ രാധാകൃഷ്ണൻ
 3. എൽ., സുലോചനാദേവി (2010). ചട്ടമ്പി സ്വാമി ആൻ ഇന്റലക്ച്വൽ ബയോഗ്രഫി. സെന്റർ ഫോർ സൗത്ത് ഇൻഡ്യൻ സ്റ്റഡീസ്. p. 391. ISBN 978-81-905928-2-6.
 4. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം. 68
 5. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം. 68
 6. ദേശാഭിമാനി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥം. ചിന്ത. 1955. p. 11-12. ഗുരുവായൂർ സമരത്തിൽ അതിന്റെ താത്വിക വശത്തോടു യോജിച്ചില്ലെങ്കിലും, കൃഷ്ണപിള്ള കെ കേളപ്പന്റെ സഹായിയായി മുഴുവൻ സമയം പ്രവർത്തിക്കാനും സമരത്തെ ശക്തിപ്പെടുത്താനും തീരുമാനിച്ചു (എ.കെ.ഗോപാലൻ)
 7. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം. 68-69
 8. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം. 69
 9. ഗുരുവായൂർ ദേവസ്വം
 10. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം.70
 11. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം.70
 12. 12.0 12.1 "ഗുരുവായൂർ സത്യാഗ്രഹം". മാതൃഭൂമി ദിനപത്രം. 1931-12-25. സമരം ബലഹീനമാകുന്നതു കണ്ട കൃഷ്ണപിള്ള ഒരു ദിവസം ക്ഷേത്ര സോപാനത്തിൽ തൂക്കിയിരുന്ന മണി അടിച്ചു തൊഴുതു. ഇത് ക്ഷേത്രം അധികാരികളെ ക്രുദ്ധരാക്കി
 13. ആർ., കൃഷ്ണകുമാർ (2004-08-17). "എ മാൻ ആന്റ് എ മൂവ്മെന്റ്". ഫ്രണ്ട്ലൈൻ ഓൺനെറ്റ്. ഗുരുവായൂർ സത്യാഗ്രഹസമയത്ത് കൃഷ്ണപിള്ള ഏറ്റുവാങ്ങിയ പീഡനങ്ങൾ - നാലാമത്തെ ഖണ്ഡിക, അവസാന വാചകം
 14. കെ., മാധവൻ. പയസ്വിനിയുടെ തീരത്ത്. p. 48. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സമരക്കാർ ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചു(കെ.മാധവന്റെ ആത്മകഥയിൽ നിന്നും)
 15. എന്റെ ജീവിത കഥ - എ.കെ.ജി പുറം 51-52
 16. എന്റെ ജീവിത കഥ - എ.കെ.ജി പുറം 52
 17. എന്റെ ജീവിത കഥ - എ.കെ.ജി പുറം 53
 18. എന്റെ ജീവിത കഥ - എ.കെ.ജി പുറം 53
 19. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം. 69
 20. ദേശാഭിമാനി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥം. ചിന്ത. 1955. p. 11-12. പയ്യന്നൂരിൽ കണ്ടോത്ത് എന്ന സ്ഥലത്തു വെച്ച് എന്നേയും കേരളീയനേയും കൂടെയുണ്ടായിരുന്ന ഹരിജനങ്ങളേയും അവിടെയുള്ള കൃഷിക്കാർ ക്രൂരമായി മർദ്ദിച്ചു
 21. ഗുരുവായൂരിലേക്കു് സ്വാഗതം
"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ_സത്യാഗ്രഹം&oldid=3630595" എന്ന താളിൽനിന്ന് ശേഖരിച്ചത്