അയ്യത്താൻ ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരിലൊരാളായിരുന്നു അയ്യത്താൻ ഗോപാലൻ (3 മാർച്ച് 1861 - 2 മേയ് 1948). രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ പ്രചാരകനായിരുന്നു.

ജീവിതരേഖ[തിരുത്തുക]

തലശ്ശേരിയിൽ അയ്യത്താൻ ചന്തന്റെയും കല്ലാട്ട് ചിരുതമ്മാളിന്റെയും മകനായി ജനിച്ചു. ബ്രണ്ണൻ സ്കൂളിലും മിഷൻ സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈ മെഡിക്കൽ സ്ക്കൂളിൽ ചേർന്ന് അലോപ്പതി ഡോക്ടറായി. ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിൽ വിമുഖത കാട്ടി. സ്വന്തം കുടുമ മുറിച്ചു കളഞ്ഞതും മുക്കുവ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുത്തതും കാരണവരുടെ രോഷത്തിന് കാരണമാവുകയും അദ്ദേഹത്തെ വീട്ടിനു പുറത്താക്കുകയും ചെയ്തു. 1888 ൽ സർക്കാർ സർവ്വീസിൽ ഡോക്ടറായി പ്രവേശിച്ചു. പല നാടുകളിലേയും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ അദ്ദേഹത്തെ രാജാറാം മോഹൻറോയിയുടെ ബ്രഹ്മസമാജം ഏറെ ആകർഷിച്ചു. 1894 ൽ തന്റെ അമ്മാവന്റെ മകളെ പൂർണമായ ബ്രഹ്മസമാജ മുറ പ്രകാരം അദ്ദേഹം വിവാഹം ചെയ്തു. 1897 ൽ കോഴിക്കോട് ചിത്തരോഗാശുപത്രിയിൽ നിയമിതനായി. 1898 ജനുവരി 14 ന് കോഴിക്കോട് കേന്ദ്രീകരിച്ച് ബ്രഹ്മസമാജത്തിന്റെ ശാഖയുടെ പ്രവർത്തനം ആരംഭിച്ചു.

വിഗ്രഹാരാധനയെ എതിർക്കുക, മിശ്ര വിവാഹം നടത്തുക, മിശ്ര ഭോജനം നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, അയിത്തവും ജാതി വ്യത്യാസവും നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മ സമാജ പരിപാടികൾ അവർ ഏറ്റെടുത്തു. പ്രാർത്ഥനകൾക്കാവശ്യമായ കീർത്തനങ്ങൾ രചിച്ചിരുന്നതും അദ്ദേഹം തന്നെയായിരുന്നു.ചുരുങ്ങിയ കാലത്തിനിടെ മലബാറിലും തിരുവിതാംകൂറിലും നിരവധി ബ്രഹ്മ സമാജ ശാഖകൾ സ്ഥാപിച്ചു. 1924 ൽ ആലപ്പുഴയിൽ ശാഖ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മുൻ കൈയ്യിൽ നിരവധി മിശ്ര വിവാഹങ്ങളും നടത്തി. ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്ര നാഥ ടാഗോറിന്റെ 'ബ്രഹ്മധർമ്മ' എന്ന കൃതിയുടെ മലയാള പരിഭാഷ നിർവഹിച്ചു. ബാലന്മാരെയും വിദ്യാർത്ഥികളെയും ബ്രഹ്മസമാജത്തിന്റെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി ഭാര്യ കൗസല്യയുമൊത്ത് 'സുഗുണവർധിനി' എന്ന സംഘടന രൂപീകരിച്ചു.[1] അയ്യത്താൻ ഗോപാലന് ബ്രഹ്മ സമാജത്തിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളും (വാഗ്ഭടാനന്ദൻ) കാരാട്ട് ഗോവിന്ദ മേനോനും (ബ്രഹ്മാനന്ദ സ്വാമികൾ) മുൻപന്തിയിലുണ്ടായിരുന്നു.[2]

അദ്ദേഹത്തിന്റെ സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളെ മുൻ നിറുത്തി 1917 ൽ ബ്രിട്ടീഷ് സർക്കാർ 'റാവു സാഹേബ് ' പട്ടം നൽകി ആദരിച്ചു.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പി. ഗോവിന്ദപിള്ള (2010). കേരള നവോത്ഥാനം യുഗസന്തതികൾ യുഗശിൽപ്പികൾ. ചിന്ത. pp. 57–62. ISBN 81-262-0232-7.
  2. "രാജാറാം മോഹൻ റായിയുടെ വഴി". മനോരമ. May 19, 2013. ശേഖരിച്ചത് 19 മെയ് 2013. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അയ്യത്താൻ_ഗോപാലൻ&oldid=2280305" എന്ന താളിൽനിന്ന് ശേഖരിച്ചത്