Jump to content

നിവർത്തനപ്രക്ഷോഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1931-1938 കാലത്ത്‌ രാജഭരണത്തിൻകീഴിലുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന്‌ വേണ്ടി നടത്തിയ പ്രക്ഷോഭമാണ്‌ നിവർത്തനപ്രക്ഷോഭം എന്നറിയപ്പെട്ടത്‌. [1]. ക്രൈസ്‌തവ-ഈഴവ-മുസ്ലിം സമുദായാംഗങ്ങളാണ്‌ പ്രക്ഷോഭത്തിന്‌ പിന്നിലുണ്ടായിരുന്നത്‌. 1932 ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗവണ്മെന്റ്‌ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ മുൻകൈയിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തോടുള്ള എതിർപ്പാണ്‌ പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്‌. Abstention എന്ന അർത്ഥത്തിലാണ്‌ നിവർത്തനം എന്ന്‌ ഉപയോഗിച്ചിരുന്നത്‌. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തൊട്ടാകെ നടന്നുവന്നിരുന്ന നിസ്സഹകരണസമരവുമായി ബന്ധമില്ല എന്ന്‌ കാണിക്കുന്നതിനാണ്‌ നിവർത്തനം എന്ന വാക്ക്‌ സ്വീകരിച്ചത്‌ [2] മഹാരാജാവ്‌ നടപ്പാക്കിയ ഭരണപരിഷ്‌കരണത്തിലൂടെ, പ്രധാനസമുദായങ്ങളായ ക്രൈസ്‌തവ-ഈഴവ-മുസ്ലിം സമുദായങ്ങൾക്ക്‌ നിയമനിർമ്മാണസഭയിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നതായി പരാതിപ്പെട്ടുകൊണ്ടായിരുന്നു പ്രക്ഷോഭം. മൂന്നു സമുദായക്കാരും ചേർന്ന്‌ സ്ഥാപിച്ച സംയുക്തരാഷ്ട്രീയസമിതിക്കായിരുന്നു പ്രക്ഷോഭത്തിന്റെ നേതൃത്വം. എൻ.വി. ജോസഫും സി. കേശവനുമായിരുന്നു ആദ്യകാലനേതാക്കന്മാർ.

പിന്നോക്കസമുദായങ്ങൾക്ക്‌ സർക്കാർ ഉദ്യോഗങ്ങളിലുള്ള പ്രാധിനിധ്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പബ്ലിക് സർവീസ് കമ്മീഷൻ രൂപവത്കരിക്കുകയും ഭൂസ്വത്തിന്റെ അടിസ്ഥാനത്തിൽ സമ്മതിദാനാവകാശം വിപുലമാക്കുകയും ചെയ്‌തത്‌ പ്രക്ഷോഭത്തിന്റെ രണ്ട്‌ വലിയ നേട്ടങ്ങളായി കണക്കാക്കപ്പെടുന്നു. ഈഴവ-മുസ്ലിം-ക്രൈസ്‌തവവിഭാഗങ്ങൾക്ക്‌ സർക്കാർ ഉദ്യോഗങ്ങളിൽ സംവരണം ഏർപ്പെടുത്തിയത്‌ ഇതിനെ തുടർന്നാണ്‌.

1937ൽ നടന്ന തിരഞ്ഞെടുപ്പിൽ സംയുക്തരാഷ്ടീയസമിതി നിയമസഭയിൽ ഭൂരിപക്ഷം സീറ്റുകൾ നേടിയെടുത്തു. സമിതിയദ്ധ്യക്ഷൻ ടി.എം. വർഗ്ഗീസ് ശ്രീമൂലം അസംബ്ലിയുടെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഉദ്യോഗസ്ഥന്മാർ കൂടി ഉൾപ്പെടുന്ന അസംബ്ലി ഒരു അവിശ്വാസപ്രമേയത്തിലൂടെ അദ്ദേഹത്തെ പുറത്താക്കുയാണ്‌ ചെയ്‌തത്‌. പിന്നീട്‌ പല അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതിനെത്തുടർന്ന്‌ സമിതിയുടെ നേതാക്കന്മാർ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സ്റ്റേറ്റ്‌ കോൺഗ്രസ്സിൽ ചേർന്നു. അതോടെ സംയുക്തരാഷ്ട്രീയ സമിതി രംഗത്ത്‌ നിന്ന്‌ അപ്രത്യക്ഷമായി.

പശ്ചാത്തലം

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങളിലൊന്നായിരുന്നു നാട്ടുരാജ്യങ്ങളിൽ നിയമനിർമ്മാണങ്ങൾക്കുവേണ്ടി ഒരു സംവിധാനം രൂപം നൽകുക എന്നത്. ഭരണം എളുപ്പമാക്കുക എന്നതിലുപരി അടിച്ചമർത്തപ്പെട്ടു എന്ന തോന്നലുളവാക്കിയിരുന്ന മധ്യവർഗ്ഗത്തെ അനുനയിപ്പിക്കുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു ഈ നടപടിക്കു പിന്നിൽ. റിപ്പൺ പ്രഭു ആണ് പരിഷ്കാരം നടപ്പിലാക്കിയത്, ബ്രിട്ടീഷ് സർക്കാർ വേണ്ടതിലധികം പ്രചാരണവും ഇതിനു വേണ്ടി നടത്തുകയുണ്ടായി. തിരുവിതാംകൂർ രാജ്യമാണ് ആദ്യമായി നിയമനിർമ്മാണ സഭക്കു രൂപം നൽകിയത്. 1888 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവാണ് ഇത് നടപ്പിലാക്കിയത്. സർക്കാർ നിയമിക്കുന്ന ആറ് ഉദ്യോഗസ്ഥരും, രണ്ട് അനൗദ്യോഗിക പ്രതിനിധികളുമുൾപ്പടെ എട്ടുപേരാണ് സഭയിലുണ്ടായിരുന്നത്.[3] 1898 ൽ ഈ നിയമം പുതുക്കുകയും, എട്ടുമുതൽ പതിനഞ്ചു വരെ അംഗങ്ങൾ നിയമസഭയിലുണ്ടായിരിക്കണമെന്നും അതിൽ അഞ്ചിൽ രണ്ട് ഭാഗം അനൗദ്യോഗിക അംഗങ്ങളായിരിക്കുമെന്നുമുള്ള ഭേദഗതി അവതരിപ്പിക്കുകയും ഉണ്ടായി. ജനങ്ങളുടെ പ്രശ്നങ്ങളിൽ കാര്യമായി ഇടപെടാത്തതുകൊണ്ട് ഈ നിയമസഭക്ക് ജനങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിലാണ് ജനങ്ങളുടെ പ്രശ്നങ്ങൾ രാജാവിനെ നേരിട്ടറിയിക്കുന്നതിനായി 1904 ൽ ശ്രീമൂലം പ്രജാസഭ രൂപീകരിക്കുന്നത്. പരമാവധി നൂറംഗങ്ങൾ വരെ ഈ സഭയിലുണ്ടായിരിക്കുമെന്നും, സഭയുടെ കാലാവധി ഒരു വർഷം വരെയായിരിക്കുമെന്നും നിയമം നിലവിൽ വന്നു.[4]ഇതിൽ 66 പേരെ പ്രാദേശിക നിയോജകമണ്ഡലങ്ങളിൽ നിന്നും, 24 പേരെ മുനിസിപ്പാലിറ്റികളിൽ നിന്നും തിരഞ്ഞെടുത്തു. ബാക്കിയുള്ളവരെ രാജാവ് നേരിട്ട് നാമനിർദ്ദേശം ചെയ്യുകയും ഉണ്ടായി.[5] 1907 ൽ നിയമസഭയിലേക്ക് നാല് അനൗദ്യോഗിക അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ശ്രീമൂലം പ്രജാസഭക്കു ലഭിച്ചു. പരിഷ്കാരങ്ങൾ ഓരോന്നും നടപ്പിൽ വരുമ്പോഴും സമൂഹത്തിലെ എല്ലാത്തരം ജാതികൾക്കും അതിന്റെ ഗുണവശങ്ങൾ അനുഭവിക്കാൻ കഴിയും എന്നുള്ളകാര്യം ഉറപ്പു വരുത്താൻ ഭരണാധികാരികൾക്ക് കഴിയാതെ പോയി.

പ്രക്ഷോഭ കാരണങ്ങൾ

[തിരുത്തുക]

നിയമനിർമ്മാണ സഭയിലേക്കും, പ്രജാസഭയിലേക്കും സമ്മതിദാനാവകാശം ഉപയോഗിക്കാൻ ജനസംഖ്യയിൽ ന്യൂനപക്ഷം വരുന്ന ബ്രാഹ്മണർ, ക്ഷത്രിയർ, നായർ എന്നീ സമുദായങ്ങൾക്കു മാത്രമേ സാധിച്ചിരുന്നുള്ളു. അതിന്റെ ഫലമായി അവരുടെ നേതാക്കൾ മാത്രമേ സഭകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നുള്ളു. ഇത് വല്ലാത്തൊരു സാമൂഹിക അസമത്വം സൃഷ്ടിച്ചു. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന, ഈഴവർ, ക്രൈസ്തവർ, മുസ്ലീങ്ങൾ തുടങ്ങിയവർക്ക് സമ്മതീദാനാവകാശം ഉപയോഗിക്കാൻ അവസരം ലഭിച്ചില്ല. അതുകൊണ്ട് തന്നെ തങ്ങൾക്കും സഭകളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം ആനുപാതികമായി ലഭിക്കണമെന്ന് ഈ സമുദായങ്ങളിലുള്ളവർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലൂടെ ഈ അവകാശം നൽകുന്നതിനു പകരം ഈ സമുദായത്തിലുള്ള പ്രബലരെ നാമനിർദ്ദേശത്തിലൂടെ സഭകളിലെത്തിക്കാം എന്നുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടു. ഓരോ വർഷവും, ആറ് ഈഴവരേയും, ആറ് ക്രിസ്ത്യാനികളേയും, നാല് മുസ്ലീമുകളേയും നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചു. ജനാധിപത്യപ്രക്രിയയിലെ ഈ വിവേചനം പുതിയ പ്രശ്നങ്ങൾക്ക് വഴിതെളിച്ചു.[6]

പ്രക്ഷോഭം

[തിരുത്തുക]

നിയമസഭയിൽ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കുവാൻ പിൻതള്ളപ്പെട്ട സമുദായത്തിലെ ജനങ്ങൾ തീരുമാനിച്ചു. ഇവർ കൂടിച്ചേർന്ന് സംയുക്തരാഷ്ട്രീയകോൺഗ്രസ്സ് എന്നൊരു സംഘടനക്കു രൂപംകൊടുത്തു. തങ്ങൾ ആവശ്യപ്പെട്ട പ്രാതിനിധ്യം ലഭിക്കുന്നതുവരെ, തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ ഇവർ കൂട്ടായി തീരുമാനിച്ചു. 1932 ഡിസംബർ 17 തിരുവനന്തപുരത്തു ചേർന്ന ഒരു യോഗത്തിൽ സർക്കാരിനു സമർപ്പിക്കാൻ ഒരു മെമ്മോറാണ്ഡം തയ്യാറാക്കുകയും ചെയ്തു. എന്നാൽ ഈ മെമ്മോറാണ്ഡത്തിനോട് സർക്കാരിന്റെ നിലപാട് തികച്ചും നിരാശാജനകമായിരുന്നു. ഇതേ തുടർന്ന് 1933 ജനുവരി 25 ന് സി.ജെ. ജോണിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം സർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടാവുന്നതുവരെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ഈ ബഹിഷ്കരണപ്രക്ഷമാണ് നിവർത്തന പ്രക്ഷോഭം എന്നറിയപ്പെടുന്നത്. സി. കേശവൻ, എൻ.വി. ജോസഫ്, പി.കെ. കുഞ്ഞ്, സി.വി. കുഞ്ഞുരാമൻ, പി.എസ്. മുഹമ്മദ്, ബാരിസ്റ്റർ ജോർജ് ജോസഫ് എന്നിവരായിരുന്നു പ്രക്ഷോഭത്തിന്റെ നേതാക്കൾ. സംയുക്തരാഷ്ട്രീയകോൺഗ്രസ്സ് എന്ന സംഘടന അഖില തിരുവിതാംകൂർ സംയുക്തരാഷ്ട്രീയകോൺഗ്രസ്സ് എന്ന പുതിയ പേര് സ്വീകരിച്ചു. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കും വിധം നിയോജകമണ്ഡലങ്ങൾ പുനസംഘടിപ്പിക്കാം എന്ന് സർക്കാർ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചെങ്കിലും സമരസമിതി അത് തള്ളിക്കളയുകയായിരുന്നു.[1]

പ്രക്ഷോഭം കാലക്രമത്തിൽ ശക്തിയാർജ്ജിച്ചു വന്നു. 1935 മെയ് 11 ആം തീയതി സി.കേശവൻ കോഴഞ്ചേരിയിൽ വച്ചു ചെയ്ത പ്രസംഗത്തിൽ കോൺഗ്രസ്സിന്റെ സവർണ്ണ പ്രീണന നയത്തെ ശക്തിയായി വിമർശിക്കുകയുണ്ടായി. മാത്രമല്ല തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരേയും കേശവൻ വിമർശിക്കുകയുണ്ടായി. ഈ പ്രസംഗത്തിന്റെ പേരിൽ കേശവനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

തുടർന്ന് ജൂൺമാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ നായർ സമുദായം ഭൂരിപക്ഷം സീറ്റുകളും പിടിച്ചെടുത്തു. എന്നാൽ ഈ തിരഞ്ഞെടുപ്പിനെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും നിയമസഭ പിരിച്ചുവിടണമെന്നും നിവർത്തനപ്രക്ഷോഭക്കാർ ആവശ്യപ്പെട്ടു. ഈ കാലയളവിൽ തിരുവനന്തപുരം സന്ദർശിച്ച വെല്ലസ്ലി പ്രഭുവിനെക്കണ്ട് സമരസമിതിക്കാർ നിവേദനം സമർപ്പിച്ചു. വെല്ലസ്ലി പ്രഭു ഇവരുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുകയുണ്ടായി, ഇതോടെ സർക്കാർ സമരക്കാരുമായി ഒത്തു തീർപ്പിലെത്താൻ നിർബന്ധിതരായി.

നിലവിലുള്ള തിരഞ്ഞെടുപ്പു സംവിധാനം പരിഷ്കരിക്കുവാനും, സർക്കാർ സർവ്വീസിൽ എല്ലാ സമുദായക്കാർക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുവാനും ആഗസ്റ്റിൽ സർക്കാർ ഒരു കമ്മീഷനെ നിയോഗിച്ചു. കരംതീരുവയുടെ പരിധി കുറച്ച് വോട്ടവകാശം കൂടുതൽ പേരിലേക്കെത്തിച്ചു. വാർഷിക നികുതിയായി ഒരു രൂപയെങ്കിലും അടക്കുന്നവർക്ക് സമ്മതിദാനാവകാശം ലഭ്യമായി. സർക്കാർ സർവീസിലേക്ക് കഴിവും, സമുദായമുൻഗണനയും പരിഗണിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നിയോജകമണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്തു. ഈഴവർ, ക്രൈസ്തവർ, മുസ്ലീമുകൾ എന്നിവർക്ക് നിയമസഭയിലെ നിശ്ചിത ശതമാനം സീറ്റുകൾ സംവരണം ചെയ്തു. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി അസംബ്ലിയിലേക്കുള്ള വോട്ടർമാരുടെ എണ്ണം 1,57,890 ൽ നിന്നും 5,00,569 ആയി ഉയർന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള അവകാശങ്ങൾക്കുപുറമെ സ്വന്തം സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതു കൂടിയായിരുന്നു നിവർത്തന പ്രക്ഷോഭത്തിന്റെ ലക്ഷ്യം എന്നു പറയാം.[7]

പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ സംയുക്തരാഷ്ട്രീയ സമിതിയുടെ സ്ഥാനാർത്ഥികൾ ഭൂരിപക്ഷവും വിജയിച്ചു. നേതാക്കളിലൊരാളായ ടി.എം.വർഗ്ഗീസ് നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി നിയമിതനായി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 കെ.കെ, സുമൻ (1976). അബ്സ്റ്റൻഷൻ മൂവ്മെന്റ് ഇൻ കേരള. കേരള ഹിസ്റ്റോറിക്കൽ ബുക്സ്.
  2. ജോർജ്ജ്, മാത്യു. കമ്മ്യൂണൽ റോഡ് ടു എ സെക്യൂലാർ കേരള. സൗത്ത് ഏഷ്യ ബുക്സ്. p. 93. ISBN 978-8170222828.
  3. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 102-103. ISBN 978-81-87480-76-1.
  4. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 103. ISBN 978-81-87480-76-1.
  5. കെ, ദാമോദരൻ (1997). കേരളത്തിലെ സ്വാതന്ത്ര്യസമരം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. കെ., രാമൻപിള്ള (2000). കേരള രാഷ്ട്രീയത്തിലെ അന്തർധാരകൾ.
  7. കേരളത്തിന്റെ ഇന്നലെകൾ, കെ.എൻ.ഗണേഷ്, തിരുവനന്തപുരം; 1997
"https://ml.wikipedia.org/w/index.php?title=നിവർത്തനപ്രക്ഷോഭം&oldid=2492813" എന്ന താളിൽനിന്ന് ശേഖരിച്ചത്