പാലിയം സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു.[1] സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി.കേശവൻ നിർവ്വഹിച്ചു. കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ. ചുരുക്കത്തിൽ കീഴാള വർഗ്ഗങ്ങൾ മറ്റുമനുഷ്യരെപ്പോലെ തലയുയർത്തി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയുള്ള അവകാശത്തിനായാണ് പാലിയം സമരം നടന്നത്.

കേരളത്തിന്റെ നാനാഭാഗത്തു നിന്നും വന്നെത്തിയ സന്നദ്ധസമരഭടന്മാർ ധീരമായി അറസ്റ്റു വരിച്ചു. മറ്റു സാമൂദായികസംഘടനകളും, പത്രങ്ങളും വരെയും ഈ സമരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കൊച്ചി-കൊടുങ്ങല്ലൂർ രാജകുടുംബാംഗങ്ങളും ഈ പ്രതിഷേധസമരത്തിൽ പങ്കുകൊണ്ടിരുന്നു.[2] നിരോധനാജ്ഞ നിലനിന്നിട്ടും എ.കെ.ജി പാലിയത്ത് സമരത്തിനെത്തി. ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെതുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു.

പശ്ചാത്തലം[തിരുത്തുക]

പഴയ കൊച്ചിസംസ്ഥാനത്തിൽ രാജാവ് കഴിഞ്ഞാൽ പിന്നെ പ്രധാനി പാലിയത്തച്ചനായിരുന്നു എന്നു പറയപ്പെടുന്നു. പാലിയത്തെ മേനോൻമാർക്ക് അച്ചൻ എന്ന സ്ഥാനപ്പേര് രാജാവ് നൽകിയിട്ടുള്ളതാണ്. കൊച്ചി സംസ്ഥാനത്തിലെ പ്രധാനമന്ത്രി സ്ഥാനവും, മുഖ്യസൈന്യാധിപസ്ഥാനവും പാലിയത്തച്ചൻമാർക്ക് തന്നെയായിരുന്നു.[3] ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയെ പാലിയത്തച്ചൻ താനുമായിട്ടുണ്ടായ ഒരു പ്രശ്നത്തിൽ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. പാലിയത്തച്ചന്റെ സ്വാധീനശക്തി അറിയാവുന്ന ഡച്ചുകാർ പാലിയത്തച്ചനോട് എതിരിടാന മുതിർന്നില്ല. അത്രക്കു ഉഗ്രപ്രതാപിയായിരുന്നു പാലിയത്തച്ചന്മാർ.[4]. അതുപോലെ തങ്ങളുടെ പ്രതാപത്തെ അംഗീകരിക്കാത്ത കീഴാളരെ യാതൊരൂ കൂസലും കൂടാതെ വധിക്കാനും ഈ കുടുംബക്കാർക്ക് മടിയില്ലായിരുന്നു[5]

സ്വകാര്യക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിൽ താൻഎതിരല്ലെന്ന് തന്നെ വന്നു കണ്ട് നിവേദനം സമർപ്പിച്ച പ്രജാമണ്ഡലം പ്രതിനിധികളോടായി രാജാവ് പറയുകയുണ്ടായി. അത്തരം ഒരു നീക്കത്തിന് രാജകൊട്ടാരം അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിൽ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും രാജാവ് ഇവരോട് പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.[6] ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഏതാണ്ട് 60000 ത്തോളം ആളുകൾ ഈ ഭീമഹർജിയിൽ ഒപ്പിട്ടിരുന്നു. കൊച്ചിയിലെ മുഴുവൻ ഹിന്ദുക്കളും സമ്മതിച്ചാൽ ഈ നിവേദനത്തിലുള്ള കാര്യങ്ങൾ നടപ്പിലാക്കാം എന്നാണ് രാജാവ് നിവേദനത്തിനു മറുപടിയായി പറഞ്ഞത്. രാജഭയംകൊണ്ട് കുറേപ്പേരങ്കിലും ഇതിനു സമ്മതിക്കില്ലെന്ന് രാജാവിന് അറിയാമായിരുന്നു.[7]

അവലംബം[തിരുത്തുക]


  1. "പാലിയം സമരം 62ആം വാർഷികം". ജനയുഗം ഓൺലൈൻ. 12-മാർച്ച്-2010. ശേഖരിച്ചത് 25-ഏപ്രിൽ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  2. എ., ശ്രീധരമേനോൻ. കേരളചരിത്രം - പാലിയം സമരം. ഡി.സി.ബുക്സ്. p. 386. ഐ.എസ്.ബി.എൻ. 81-264-1588-6. "പാലിയം സമരത്തിൽ എല്ലാ സമുദായക്കാരും, രാഷ്ട്രീയപാർട്ടികളും പങ്കെടുത്തു" 
  3. പാലിയം സമരം- പയ്യപ്പിള്ളി ബാലൻ പുറം 64 - പാലിയത്തച്ചൻമാരുടെ സ്വാധീനശക്തി
  4. കെ.പി., പദ്മനാഭമേനോൻ (1989). കൊച്ചിരാജചരിത്രം. മാതൃഭൂമി. "പാലിയത്തച്ചന്മാരുടെ പ്രതാപം" 
  5. "പാലിയത്തച്ചന്മാർ". ദേശാഭിമാനി. 06-മാർച്ച്-1948.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  6. പ്രജാമണ്ഡലം ചരിത്രം - പുറം 213
  7. പാലിയം സത്യഗ്രഹസമരചരിത്രം - പുറങ്ങ8 4,5
"https://ml.wikipedia.org/w/index.php?title=പാലിയം_സമരം&oldid=1751487" എന്ന താളിൽനിന്നു ശേഖരിച്ചത്