ഈഴവമെമ്മോറിയൽ ഹർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഈഴവ മെമ്മോറിയൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന്[1] തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ഈഴവമെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി എന്നറിയപ്പെടുന്നതു്.

പശ്ചാത്തലം[തിരുത്തുക]

തിരുവിതാംകൂറിലുണ്ടായ ആദ്യത്തെ ഭീമനിവേദനങ്ങളായിരുന്നു മലയാളി മെമ്മോറിയലും തുടർന്നുള്ള ഈഴവ മെമ്മോറിയലും. പിൽക്കാലത്ത്, പൗരസമത്വത്തിനുവേണ്ടി നടന്ന പ്രക്ഷോഭവും സംയുക്ത പ്രക്ഷോഭവും നിവർത്തന പ്രക്ഷോഭവും ഉത്തരവാദിത്ത പ്രക്ഷോഭവും സ്റ്റേറ്റ് കോൺഗ്രസുമെല്ലാം ഈ കൂട്ടായ്മകൾ നൽകിയ ഉണർവിൽനിന്നുണ്ടായതാണെന്നു പറയാം.[2]

സർക്കാർ ഉദ്യോഗങ്ങൾ നാട്ടുകാർക്കു നിഷേധിക്കുകയും പുറത്തുനിന്നുള്ളവരെ കുത്തിനിറയ്ക്കുകയും ചെയ്തുവന്ന അനീതിക്കെതിരെ, സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്ക് ലഭിക്കാൻ വേണ്ടിയൊരു നിവേദനം ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 1891 ജനുവരി 11ന് 10,028 പൗരന്മാർ ഒപ്പിട്ട [3]മലയാളിമെമ്മോറിയൽ എന്ന പേരിൽ മഹാരാജാവിന് സമർപ്പിച്ചിരുന്നു. അക്കാലത്ത് ഈഴവർ മുതലായ അവർണ്ണരെ തിരുവിതാംകൂറിൽ 5 രൂപയിൽ കൂടുതൽ മാസശമ്പളമുള്ള തസ്തികകളിൽ നിയമിച്ചിരുന്നില്ല. ക്രിസ്തുമതത്തിലേക്ക് മതം മാറ്റം നടത്തിയ അവർണ്ണർക്ക് പോലും എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാ‍ൽ ഈഴവർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. സ്കൂൾ പ്രവേശനത്തിനും ഇതു തന്നെയായിരുന്നു സ്ഥിതി. മതം മാറാതെ തന്നെ തങ്ങൾക്കും ഇവ ലഭിക്കണമെന്ന് ഈഴവർ ഈ ഹരജിയിലൂടെ ആവശ്യപ്പെട്ടു.

ഈഴവരുടെ അവശതകളെക്കുറിച്ച് ജി.പി. പിള്ള ഇംഗ്ലണ്ടിലെ കോമൺസ് സഭയുടെയും കോൺഗ്രസ്സ് സമ്മേളനങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു.എന്നാൽ അവയൊന്നും പ്രയോജനം ചെയ്തില്ല. എൽ.എം.എസ് ഡിഗ്രി നേടിയ ഡോ. പല്പു തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ഒരു ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ആ അപേക്ഷ തിരസ്കരിക്കപ്പെട്ടു.

മലയാളി മെമ്മോറിയലിന്റെ അവതരണം രസിക്കാതെവന്ന തമിഴ്‌ബ്രാഹ്മണസംഘം താമസിയാതെ അതിലെ വാദങ്ങളെല്ലാം ഖണ്ഡിച്ചുകൊണ്ടു് ഒരു കൗണ്ടർ മെമ്മോറിയൽ രാജാവിനു സമർപ്പിച്ചിരുന്നു. ഫലത്തിൽ ഇതു് സമുദായങ്ങൾക്കിടയിൽ സ്പർദ്ധയ്ക്കു കാരണമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ ഡോ. പൽപ്പുവിൽനിന്നും കേരളത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ആചാരവൈകൃതങ്ങളെക്കുറിച്ചു് കേട്ടറിഞ്ഞിരുന്നു. ഈഴവസമുദായക്കാർ അനുഭവിച്ചുകൊണ്ടിരുന്ന അവശതകൾക്കു പരിഹാരമായി വിവേകാനന്ദൻ ഡോ. പൽപ്പുവിനോടു നിർദ്ദേശിച്ചതു് ഒരു യഥാർത്ഥസന്യാസിവര്യന്റെ കീഴിൽ ആ സമുദായം ഒത്തുചേരാനാണു്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളായപ്പോഴേക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതകളുള്ള ചെറുപ്പക്കാർ ഈഴവർക്കിടയിൽ ഉണ്ടായിത്തുടങ്ങിയെങ്കിലും ജാതിവ്യവസ്‌ഥിതി അവരുടെ സാമൂഹിക വികാസത്തിനു വലിയ തടസ്സമുണ്ടാക്കി. 1895 മേയ് മാസത്തിൽ ഡോ. പൽപ്പു തന്നെ ദിവാൻ ശങ്കരസുബ്ബയ്യർക്കു് സർക്കാരിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ചും സിവിൽ സർവീസ് നിയമനരീതിയെക്കുറിച്ചും സ്വന്തം നിലയിൽ ഒരു നിവേദനം സമർപ്പിച്ചു. വിദ്യാഭ്യാസം സിദ്ധിച്ച ഈഴവരുടെ സംഖ്യ 1875ൽ മൂന്നു ശതമാനമായിരുന്നത് 1891ൽ 12 ശതമാനമായിട്ടും ജാതിയുടെ പേരിൽ സർക്കാർ ഉദ്യോഗം നിഷേധിക്കുന്നതിനെ പരാതിയിൽ അദ്ദേഹം ശക്തമായി അപലപിക്കുന്നുണ്ട്. മാത്രമല്ല, സമുദായത്തെ ‘‘അയോഗ്യരാക്കുന്ന ഈ തടസ്സം അവർ ഹിന്ദുമതത്തിൽ തുടരുന്ന കാലത്തോളമേ ഉള്ളു’’ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. [4] ദിവാനുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല. പരാതി സമർപ്പണത്തെത്തുടർന്നു തിരുവിതാംകൂറിനകത്തും പുറത്തും തങ്ങൾക്കനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള ശ്രമവും പൽപു നടത്തുകയുണ്ടായി. ജി.പി.പിള്ളയെക്കൊണ്ടു പ്രശ്നം ഇന്ത്യൻ നാഷനൽ സോഷ്യൽ കോൺഫറൻസിൽ അവതരിപ്പിക്കുകയും അതുവഴി ദേശീയതലത്തിൽ ചർച്ചയ്ക്കു തുടക്കം കുറിക്കുകയും ചെയ്തു. ഇതിനൊപ്പം ‘തിരുവിതാംകോട്ടുകാരനായ ഒരു തീയൻ’ എന്ന തൂലികാനാമത്തിൽ ഡോ. പൽപു ബ്രിട്ടിഷ് - ഇന്ത്യൻ പത്രങ്ങളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. [5]ഇത്തരം ശ്രമങ്ങൾ വിഫലമായതോടെയാണ് 1896 സെപ്റ്റംബർ 3ന് 13,176 ഈഴവ സമുദായാംഗങ്ങൾ ഒപ്പിട്ടു ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഭീമഹർജിയായി ഈഴവ മെമ്മോറിയൽ രൂപംകൊള്ളുന്നത്. [6]

ഈഴവ മെമ്മോറിയൽ ഉള്ളടക്കം[തിരുത്തുക]

മെമ്മോറിയലിന്റെ ഉള്ളടക്കം ഇങ്ങനെ: “അടിയങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ഇതര ജാതിക്കാരോട് ഒത്തുനോക്കിയാൽ വളരെ മോശവും, വിശേഷിച്ച് ഇക്കാലത്ത് പരിഷ്കാരത്തിന് അവശ്യംവേണ്ടതായ ഇംഗ്ലീഷ് പഠിത്തമുള്ളവർ തീരെ ചുരുക്കവുമാണ് .... ഇതിനു കാരണം പഠിത്തത്തിന് സൗകര്യമില്ലായ്മ ഒന്നുമാത്രമല്ല. വിദ്യാഭ്യാസത്തിന്റെ പ്രയോജനമെന്ന് ജനങ്ങൾ വിചാരിക്കുന്ന ... സർക്കാരുദ്യോഗങ്ങളിൽ അടിയങ്ങൾക്ക് നിശ്ശേഷം അർഹതയില്ലെന്നു വച്ചിരിക്കുന്നതും പ്രധാനമായൊരു കാരണമാണ്.... അതിനാൽ ... മേലാലെങ്കിലും എല്ലാ ഗവൺമെന്റ് പള്ളിക്കൂടങ്ങളിലും കടന്നു പഠിച്ചുകൊള്ളത്തക്കവണ്ണവും, യോഗ്യതാനുസാരം അടിയങ്ങൾക്കും സർക്കാർ ഉദ്യോഗം കിട്ടത്തക്കവണ്ണവും ... കല്പനയുണ്ടാവണമെന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.” [7]

പരിണതഫലങ്ങൾ[തിരുത്തുക]

രണ്ടാമത്തെ സന്ദർശനത്തിനു് കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ കേരളത്തിലെ ജാതിപ്രശ്നം വീണ്ടും ബ്രിട്ടീഷ് പാർലമെന്റിന്റെ ശ്രദ്ധയിൽ എത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഡോ. പൽപുവിന്റെ ശ്രമഫലമായി തിരുവിതാംകൂറിലെ ഈഴവർക്ക് അയോഗ്യത കൽപിക്കുന്ന സർക്കാർ നിലപാടിനെപ്പറ്റി ബ്രിട്ടിഷ് പാർലമെന്റംഗം ഹെർബർട് റോബർട്‌സ് 1897ൽ ഇന്ത്യാ സെക്രട്ടറിയോടു ചോദ്യമുന്നയിച്ചു. [8]

ഇത്രയൊക്കെയായിട്ടും സർക്കാർ നിലപാടു മാറ്റമില്ലാതെ തുടർന്നതിനാൽ പ്രശ്നം ബ്രിട്ടിഷ് പാർലമെന്റിൽ ഉന്നയിക്കുകയും 1900ൽ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിനു നേരിട്ടു പരാതി നൽകുകയും ചെയ്തു. തുടർന്ന്, പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാനും നിലപാടിൽ തെല്ലൊന്ന് അയവുവരുത്താനും തിരുവിതാംകൂർ ഭരണകൂടം നിർബന്ധിതമായി. ഇതോടെ സമരത്തിനു തിരശീലയും വീണു. അവർണ്ണർക്ക് സ്കൂളുകളിൽ പ്രവേശനം ലഭിച്ചു. അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടിയുള്ള ഡോ. പല്പുവിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു ഈഴവമെമ്മോറിയൽ.

കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളും ജാതിവ്യവസ്ഥയും ബ്രിട്ടീഷ് പാർലമെന്റിൽ ഗൗരവമായ ചർച്ചാവിഷയമായി മാറിയതോടെ തിരുവിതാംകൂർ രാജകീയഭരണകൂടം ഇക്കാര്യത്തിൽ എന്തെങ്കിലും പരിഹാരം കാണുവാൻ നിർബന്ധിതമായി. ഇതിന്റെ ഫലമായി മഹാകവി കുമാരനാശാൻ, അയ്യൻകാളി തുടങ്ങിയവർ ആയിടെ നിലവിൽ വന്ന തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടു. 

തിരുവിതാംകൂറിലെ ജനാധിപത്യഭരണസംസ്കാരത്തിന്റെയും ജനകീയപ്രക്ഷോപണങ്ങളുടേയും ആദ്യകാലകാരണങ്ങളും ലക്ഷണങ്ങളുമായി മലയാളി മെമ്മോറിയൽ, കൗണ്ടർ മെമ്മോറിയൽ, ഈഴവമെമ്മോറിയൽ നിവേദനപരമ്പരകളെ പരിഗണിക്കുന്നു. സർക്കാരിൽനിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കിലും തിരുവിതാംകൂറിലെ രാഷ്ട്രീയബോധവും സാമൂഹികബോധവും വ്യാപകമാക്കാൻ ഈ വലിയ കൂട്ടായ്മ കാരണമായി. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനകളിലും സാമൂഹികമായ അവശതകളിലും കഴിഞ്ഞുകൂടിയ ഈഴവ സമുദായത്തിന് ഇതോടെ സംഘശക്തിയുടെ കർമോർജം കൈവന്നു.

ഇതും കാണുക[തിരുത്തുക]

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. ശേഖരിച്ചത് 2013 ഏപ്രിൽ 07. Check date values in: |accessdate= and |date= (help)
  2. https://www.manoramaonline.com/news/editorial/2021/09/03/ediorial-on-ezhava-memorial.html
  3. https://www.manoramaonline.com/news/editorial/2021/09/03/ediorial-on-ezhava-memorial.html
  4. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
  5. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
  6. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
  7. https://www.manoramaonline.com/news/editorial/2021/09/03/125th-anniversary-of-ezhava-memorial-submission.html
  8. https://www.manoramaonline.com/news/editorial/2021/09/03/ezhava-memorial-submission-and-malayala-manorama.html
"https://ml.wikipedia.org/w/index.php?title=ഈഴവമെമ്മോറിയൽ_ഹർജി&oldid=3657732" എന്ന താളിൽനിന്ന് ശേഖരിച്ചത്