പിണറായി വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിണറായി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പിണറായി (വിവക്ഷകൾ) എന്ന താൾ കാണുക. പിണറായി (വിവക്ഷകൾ)
പിണറായി വിജയൻ

പിണറായി വിജയൻ കൊല്ലത്ത് തെരഞ്ഞെടുപ്പു പര്യടത്തിനിടെ


ജനനം (1944-03-21) മാർച്ച് 21, 1944 (വയസ്സ് 71)
പിണറായി, കണ്ണൂർ ജില്ല
രാഷ്ടീയകക്ഷി സി.പി.ഐ.(എം)
ജീവിതപങ്കാളി(കൾ) കമല
കുട്ടികൾ ഒരു മകൻ, ഒരു മകൾ
ഭവനം പിണറായി
മതം നിരീശ്വരവാദി

സി.പി.ഐ.(എം)-ന്റെ കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമാണ് പിണറായി വിജയൻ (ജനനം: മാർച്ച് 21, 1944 - ). കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയൻ സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. അടിയന്തരാവസ്ഥക്കാലത്തു് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നിട്ടുണ്ട്. 1970-ൽ 26-ആം വയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും ആ തിരഞ്ഞെടുപ്പിലെ അന്നുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തിനു് നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു.

സി.പി.ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റു് അംഗമായും പ്രവർത്തിച്ചിട്ടുണ്ടു്. 1998 മുതൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌.1996 മുതൽ 1998 കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്നോണം, വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോർഡ്ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പിണറായി വിജയൻ പങ്കു വഹിച്ചിട്ടുണ്ടെന്ന് മാതൃഭൂമി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ അഭിപ്രായപ്പെട്ടിരുന്നു [1].

1996 മുതൽ 1998 കാലഘട്ടത്തിൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി മന്ത്രിയായിരിക്കുമ്പോൾ, ലാവലിൻ കമ്പനിയുമായി നടന്ന സർക്കാർ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നു് ആരോപണമുണ്ടായതിനെ തുടർന്ന് യു. ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു [2]. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. സി.പി.എം. നേതൃത്വത്തിലുള്ള എൽ.ഡി.എഫ് മന്ത്രിസഭ സഭ അതിനു് അനുമതി നിഷേധിച്ചെങ്കിലും അന്നത്തെ കേരളാ ഗവർണ്ണർ ആർ.എസ്. ഗവായി അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി നൽകി. മഹാരാഷ്ട്രയിൽ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സഹായം ഉറപ്പുവരുത്താൻ ആർ.എസ്‌. ഗവായ്‌ യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു സി.പി.എം ആരോപിച്ചിരുന്നു. കേരളാ ഗവർണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയൻ സുപ്രീംകോടതിയിൽ ചോദ്യംചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ പിണറായി വിജയൻ ലാവലിൻ ഇടപാടിൽ സാമ്പത്തികലാഭം ഉണ്ടാക്കിയതിനു തെളിവ് ലഭിച്ചിട്ടില്ലന്നും അധികാരദുർവിനിയോഗം,കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ മാത്രമേ അന്വേഷണത്തിൽ തെളിവു ലഭിച്ചിട്ടുള്ളൂവെന്നും സി.ബി.ഐ കോടതിയിൽ സത്യവാങ്മൂലം നൽകുകയുണ്ടായി[3][4].

തുടർന്ന് കേസിന്റെ വിചാരണ നടന്നിരുന്ന തിരുവനന്തപുരം സി.ബി.ഐ. കോടതിയിൽ പിണറായി വിജയൻ ഉൾപ്പെടെ ഏഴുപേർ വിടുതൽ ഹർജി സമർപ്പിച്ചു. അത് പരിഗണിച്ച കോടതി പിണറായി വിജയനെ കേസിൽ പ്രതിചേർത്ത് വിചാരണ തുടരാനുള്ള വസ്തുതകൾ സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രത്തിൽ അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തുകയും അഴിമതി, അധfകാരദുർവ്വിനിയോഗം, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രം തന്നെ നിലനിൽക്കില്ലെന്നും പ്രസ്താവിച്ചു. [5] അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണു കേസിനു പിന്നിൽ എന്ന് സി.പി.ഐ.(എം) ആരോപിച്ചിരുന്നു.[6][7].

ജീവിത രേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പിണറായിയിൽ തെങ്ങു ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയമകനായി വിജയൻ എന്ന പിണറായി വിജയൻ 1944 മാർച്ച് 21-ന്‌ ജനിച്ചു.തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ. കുമാരൻ, നാണു എന്നിവർ സഹോദരങ്ങൾ.

പിണറായി ശാരദാവിലാസം എൽപി സ്കൂളിലും ,പെരളശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. പിണറായിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബി.എ. സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയായി.

രാഷ്ട്രീയ പ്രവർത്തനം[തിരുത്തുക]

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ സാന്നിധ്യം ഉള്ള കണ്ണൂർ ജില്ലയിലാണ് വിജയൻ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്തു എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ-യുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെയും സംസ്ഥാനതല നേതാവായിരുന്നു.

1967-ൽ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1972-ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1986-ൽ ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1998 സപ്തംബറിൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പത്തു വർഷത്തോളമായി പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു വരുന്നു. 2002-ൽ പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26-ന് പോളിറ്റ് ബ്യൂറോയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു.[8].പിന്നീട്‌ 2007 ഒക്ടോബർ 1-ന് പിണറായി വിജയനേ പോളിറ്റ് ബ്യൂറോയിൽ തിരിച്ചെടുത്തു.[9]. 2012 ഫെബ്രുവരി 10-ന് ഇദ്ദേഹം വീണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു[10].

വാടിക്കൽ രാമകൃഷ്ണൻ വധക്കേസ്[തിരുത്തുക]

മാർക്സിസ്റ്റ്‌ പാർട്ടിയിൽ നിന്ന് ആർ.എസ്.എസ് ലേക്ക് എത്തിയ വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ പ്രതിയായിരുന്നു എന്നും അന്നത്തെ ഭരണസ്വാധീനം കൊണ്ട് പിണറായി വിജയൻ രക്ഷപ്പെട്ടതാണെന്നും ആർ.എസ്.എസ് ആരോപിക്കുന്നുണ്ട്[11].

അവലംബം[തിരുത്തുക]

 1. "മാതൃഭൂമി മുഖപ്രസംഗം". മാതൃഭൂമി. 22 ഒക്ടോബർ 1998. "വൈദ്യുത ഉല്പാദന വിതരണ രം‌ഗങ്ങളിൽ ഗണ്യമായ നേട്ടങ്ങൾ വിജയന്റെ കാലത്തുണ്ടായിട്ടുണ്ട്. എല്ലാം അദ്ദേഹം മുൻകയ്യെടുത്ത് ചെയ്തുവെന്നല്ല; തുടങ്ങിവെച്ചവയും പണിതീരാതെ അനന്തമായി നീളുന്നവയുമായ പദ്ധതികൾക്കും പരിപാടികൾക്കും വേണ്ടിയിരുന്നത് ഒരു ഉന്ത് ആണ്. അതദ്ദേഹം കൊടുത്തു. ലോവർ പെരിയാറിൽ നിന്നും ബ്രഹ്മപുരത്തു നിന്നും വൈദ്യുതി കിട്ടുവാൻ തുടങ്ങി. കക്കാട് പദ്ധതിക്ക് പുനരുജ്ജീവനമായി. ആതിരപ്പള്ളിയും കുറ്റ്യാടി എക്സ്റ്റൻഷനും വീണ്ടും ചലിച്ചു തുടങ്ങി. കേരളത്തിനു വേണ്ടി ഒരു വൈദ്യുത വികസനനയം പ്രഖ്യാപിച്ചത് വിജയനാണ്. അത് പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും പരിമിതമായ വിദേശമൂലധനത്തിനും സ്ഥാനം നൽകുന്ന ഒന്നായിരുന്നു. വിമർശനങ്ങളെ അവഗണിച്ച്, കോഴിക്കോടെ ഡീസൽ വൈദ്യുതകേന്ദ്രം സ്ഥാപിക്കുന്ന ജോലി അദ്ദേഹം തുടങ്ങി വച്ചു. ചീനയിൽ നിന്നുള്ള സഹായ സഹകരണങ്ങളോടെ ചെറുകിട വൈദ്യുത പദ്ധതികൾ തുടങ്ങുവാൻ പരിപാടിയുണ്ടാകി... വിജയൻ മന്ത്രിയാകുന്ന സമയത്ത് വ്യവസായങ്ങൾക്ക് നൂറ് ശതമാനം പവർകട്ട് ആയിരുന്നു. വീടുകൾക്ക് ലോഡ്‌ഷെഡിങ്ങ് വേറെ. ധാരാളം മഴ കിട്ടില് വൈദ്യുത ഉല്പാദനം മെച്ചപ്പെട്ടു; ഒന്ന് രണ്ട് പദ്ധതികൾ ഉല്പാദനക്ഷമങ്ങളായി; കിഴക്കൻ ഗ്രിഡിൽ നിന്ന് വൈദ്യുതി വാങ്ങുവാൻ മന്ത്രി ഏർപ്പാടുമുണ്ടാക്കി. എല്ലാം കൂടി, മൂന്നു കൊല്ലത്തിനകം, വ്യവസായങ്ങൾക്കുള്ള പവർകട്ട് മുഴുവൻ നീക്കാൻ വിജയനു കഴിഞ്ഞു; ജില്ലാ ആസ്ഥാനങ്ങളിൽ ലോഡ് ഷെഡിങ്ങും നിർത്തി..." 
 2. "Kerala Govt to hand over SNC Lavalin case to CBI: Chandy". One India. 1 March 2006. ശേഖരിച്ചത് 19 June 2012. "Vigilance Director Upendra Verma was also shunted out of the department a day after the investigating agency filed an FIR in the court without naming any politician in the list of accused." 
 3. പിണറായി വിജയൻ ഉൾപ്പെട്ട പണമിടപാടിന് തെളിവില്ല സിബിഐ മാധ്യമം ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010
 4. പിണറായിക്ക് എതിരെ തെളിവില്ലെന്ന് സി.ബി.ഐ മാതൃഭൂമി ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010
 5. ലാവലിൻ കേസിൽ പിണറായി ഉൾപ്പെടെയുള്ളവരുടെ ഹർജി അനുവദിച്ചു
 6. ലാവ്‌ലിൻ:സത്യം തെളിഞ്ഞു
 7. അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറേറെടുക്കും
 8. http://www.rediff.com/news/2007/may/26ker.htm
 9. http://www.rediff.com/news/2007/oct/01cpm.htm
 10. പിണറായി വീണ്ടും സെക്രട്ടറി
 11. http://organiser.org/Encyc/2012/7/8/-b-CPI(M)-on-the-brink,-leaders-facing-murder-charges--b-.aspx?NB=&lang=4&m1=&m2=&p1=&p2=&p3=&p4=&PageType=N

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്ര ജാലകം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പിണറായി_വിജയൻ&oldid=2284202" എന്ന താളിൽനിന്നു ശേഖരിച്ചത്