കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.പി.എം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
South Asian Communist Banner.svg
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ലോകസഭാ നേതാവ് ബസുദേവ് ആചാര്യ[1]
രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി[2]
സ്ഥാപിത വർഷം 1964
മുഖ്യ കാര്യാലയം 27-29, ഭായ് വീർ സിങ്ങ് മാർഗ്, ന്യൂഡൽഹി - 110001
മുന്നണി ഇടതുപക്ഷ ജനാധിപത്യ മുന്നണി
ആശയ സംഹിതകൾ കമ്മ്യൂണിസം മാർക്സിസം-ലെനിനിസം ജനകീയ ജനാധിപത്യ വിപ്ലവം
പ്രസിദ്ധീകരണങ്ങൾ പീപ്പിൾസ് ഡെമോക്രസി (ഇംഗ്ലീഷ്), ലോക് ലെഹർ (ഹിന്ദി), തീക്കതിർ (തമിഴ്), പ്രജാശക്തി (തെലുങ്ക്), ദേശാഭിമാനി (മലയാളം), ചിന്ത (മലയാളം), ആബ്ശാർ (ഉർദു)
വിദ്യാർഥി സംഘടന എസ്.എഫ്.ഐ.
യുവ സംഘടന ഡി.വൈ.എഫ്.ഐ.
മഹിള സംഘടന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ
തൊഴിലാളി സംഘടന സി.ഐ.ടി.യു.
കർഷക സംഘടന അഖിലേന്ത്യാ കിസാൻ സഭ
തിരഞ്ഞെടുപ്പു ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം
വെബ്‌സൈറ്റ് cpim.org
അനുബന്ധ ലേഖനങ്ങൾ ഇന്ത്യൻ രാഷ്ട്രീയം

ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ
ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ്

ഭാരതത്തിലെ ഒരു ഇടതു രാഷ്ട്രിയ കക്ഷിയാണ് സി.പി.ഐ.(എം) (CPI(M)) അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). സി.പി.(ഐ)എം. എന്നും അറിയപ്പെടുന്ന ഈ പാർട്ടിക്ക് കൂടുതൽ അടിത്തറയുള്ള സംസ്ഥാനങ്ങളാണ് കേരളം, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവ [അവലംബം ആവശ്യമാണ്]. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ നടന്ന സി.പി.ഐ.-യുടെ ഏഴാമത് പാർട്ടി കോൺഗ്രസ്സിനിടയിലാണ് സി.പി.(ഐ)എം. രൂപീകരിക്കപ്പെട്ടത്. [3]. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാർക്സിസ്റ്റ്-ലെനിനിസ്റ്റ തത്ത്വസംഹിതകൾ നടപ്പിലാക്കി സോഷ്യലിസ്റ്റ് വ്യവസ്ഥിതി അടിസ്ഥാനമായുള്ള ഒരു ഭരണസംവിധാനം സ്ഥാപിക്കുക എന്നതാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം [3]. [3]. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) എന്ന സംഘടനയിൽ നിന്ന് വിഘടിച്ചു വന്നവരാണ് സി.പി.ഐ.(എം) രൂപീകരിച്ചത്.[4]. സി.പി.ഐ.(എം)-ന്റെ 2009-ലെ ഔദ്യോഗിക കണക്കു പ്രകാരം അഖിലേന്ത്യാ തലത്തിൽ 10,42,287 അംഗങ്ങൾ ഉണ്ട്. 1964-ൽ പാർട്ടി തുടങ്ങിയ കാലയളവിൽ ഇത് 118,683 ആയിരുന്നു.[4]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ), ഭാരതീയ ജനതാ പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവയ്ക്ക് പിന്നിലായി, 2009-'10 കാലയളവിൽ സി.പി.ഐ.(എം)-ന്റെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ആകെ വരുമാനം 63 കോടി രൂപ ആയിരുന്നു. [5].

പ്രകാശ് കാരാട്ട് ആയിരുന്നു 2005 മുതൽ - 2015 ഏപ്രിൽ 19 വരെ സി പി ഐ എമ്മിന്റെ ജനറൽ സെക്രട്ടറി. . 2012 ഏപ്രിൽ 4 മുതൽ 9 വരെ കോഴിക്കോട് വെച്ച് നടന്ന 20-ആം പാർട്ടി കോൺഗ്രസ്സിലാണ്, രണ്ട് ഒഴിവുകൾ ഉൾപ്പെടെ 89 അംഗ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കേന്ദ്ര കമ്മിറ്റി പ്രകാശ് കാരാട്ടിനെ ജനറൽ സെക്രട്ടറി ആയി വീണ്ടും തിരഞ്ഞെടുത്തു.[6].

2015 ഏപ്രിൽ 14 മുതൽ 19 വരെ വിശാഖപട്ടണത്തു വെച്ചു നടന്ന 21-ആം പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നാലു പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള 16 അംഗ പോളിറ്റ് ബ്യൂറോയും അന്ന് തെരഞ്ഞെടുത്തു[7].

ഉള്ളടക്കം

ചരിത്രം[തിരുത്തുക]

CPIM office, Mysore

സി.പി.ഐ. (എം) എന്ന രാഷ്ട്രീയകക്ഷി രൂപം കൊള്ളുന്നത് 1964-ൽ ആണെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ രൂപം കൊള്ളുന്നത് ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒപ്പമാണ്[8].[അവലംബം ആവശ്യമാണ്]. 1937 ൽ പാർട്ടി ഔപചാരികമായി രൂപീകൃതമായിരുന്നു എങ്കിലും അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങൾ മൂലം ഒളിവിൽ പ്രവർത്തിക്കാനേ കഴിഞ്ഞിരുന്നുള്ളു. എന്നാൽ 1938ലെ ആലപ്പുഴയിലെ തൊഴിലാളികളുടെ പൊതുപണിമുടക്ക്, പുന്നപ്രവയലാർ സമരം എന്നീ വിപ്ലവമുന്നേറ്റങ്ങളിലൊക്കെക്കൂടെ പാർട്ടി അതിന്റെ കരുത്ത് തെളിയിച്ചിരുന്നു[9].

1920-ൽ രൂപീകൃതമായ സി.പി.ഐ. (അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി) എന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ് സി.പി.ഐ.(എം)-ന്റെ ആവിർഭാവം. അക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉയർന്നു വന്ന വരട്ടുതത്വവാദങ്ങൾക്കും റിവിഷനിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള എതിർപ്പുകളാണ് അവസാനം പിളർപ്പായി പരിണമിച്ചത് എന്നാണ് ഇത് സംബന്ധിച്ച സി.പി.ഐ. (എം)-ന്റെ ഔദ്യോഗിക നിലപാട് [10]. എന്നാൽ 1960-കളുടെ തുടക്കത്തിൽ സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ പ്രതിഫലനമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പെന്നും വ്യാഖ്യാനമുണ്ട്. പിളർപ്പിന് ശേഷം ഒരു വിഭാഗം ദേശീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യത്തോടേയും , മറ്റൊരു വിഭാഗം ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യത്തോടേയും പ്രവർത്തിക്കുന്നു. ഇതിൽ ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യം സ്വീകരിച്ച വിഭാഗമാണ് സി.പി.ഐ. (എം) [11].

ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തുന്ന കാര്യത്തിലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിത്തുടങ്ങിയത്. അക്കാലത്ത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും ഇന്തോ-ചൈനാ അതിർത്തിപ്രശ്നങ്ങളും വിഭാഗീയത മൂർച്ഛിക്കുവാൻ ഇടവരുത്തി [12]. 1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട് വെച്ച് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സിൽ[13] ആണ് വിഭാഗീയത പ്രത്യക്ഷമായി തുടങ്ങിയത്. ഈ സമ്മേളനത്തിൽ വെച്ച് പാർട്ടിയിലെ ഒരു വിഭാഗം ബദൽ പ്രമേയം അവതരിപ്പിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്[12].

പാർട്ടി സമ്മേളനത്തിന്റെ പിറ്റേ ദിവസം അന്നത്തെ മലബാർ കമ്മിറ്റി സെക്രട്ടറി ആയിരുന്ന കെ. ദാമോദരൻ സെക്രട്ടറിയേറ്റ് വിളിച്ചു കൂട്ടുകയും പരാജയപ്പെട്ട പ്രമേയത്തെ പിന്തുണച്ച കെ. ദാമോദരൻ, എൻ.ഇ. ബാലറാം, ടി.സി. നാരായണൻ നമ്പ്യാർ, പി.ആർ. നമ്പ്യാർ തുടങ്ങിയവർ മലബാർ കമ്മിറ്റിയിൽ നിന്നുള്ള രാജി സമർപ്പിക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്]. എന്നാൽ പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് ഈ രാജി സമർപ്പണം തെറ്റാണെന്ന് വിധിച്ചു [12].

1961-ൽ കാട്ടാമ്പള്ളിയിൽ വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിലും[12] വിഭാഗീയത രൂക്ഷമായിരുന്നു. മോസ്കോയിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടികളുടെ സമ്മേളനത്തിനു ശേഷമായിരുന്നു ഇത്. മുതലാളിത്തേതര പാത, സമാധാനപരമായ സഹവർത്തിത്വം, ദേശീയ ജനാധിപത്യം തുടങ്ങിയവയെ ചൊല്ലി മോസ്കോ സമ്മേളനത്തിൽ ഉയർന്നു വന്ന തർക്കങ്ങളുടെ അനുരണനങ്ങൾ ആയിരുന്നുവെങ്കിലും പ്രധാനമായും തർക്കവിഷയം ദേശീയ ജനാധിപത്യത്തെ ചൊല്ലി ആയിരുന്നു.[12]

ഇന്തോ-ചൈന അതിർത്തി തർക്കങ്ങൾ ഈ ആശയസമരത്തെ രൂക്ഷമാക്കുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചു[14]. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈ പ്രശ്നത്തിനെ രണ്ട് തരത്തിലാണ് സമീപിച്ചിരുന്നത്. സാമ്രാജ്യത്വ രാജ്യങ്ങളിൽ നിന്ന് ആയുധം ശേഖരിച്ചു കൊണ്ടാണെങ്കിലും ചൈനയെ എതിരിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ, അതിർത്തിതർക്കങ്ങൾ സമാധാനപരമായി ഉഭയകക്ഷിചർച്ചകളിലൂടെ വേണം പരിഹരിക്കേണ്ടത് എന്ന് മറുവിഭാഗം നിലപാട് എടുത്തു. 1961 ഏപ്രിൽ 7 മുതൽ 16 വരെ വിജയവാഡയിൽ നടന്ന ആറാം പാർട്ടി കോൺഗ്രസ്സിൽ (അതിനു മുന്നോടി ആയ നടന്ന കേരള സംസ്ഥാന സമ്മേളനമായിരുന്നു കാട്ടാമ്പള്ളിയിലേത്) അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ വക്കുവരെ എത്തി. ഏകീകരിച്ച ഒരു രാഷ്ട്രീയ പ്രമേയം പോലും അംഗീകരിക്കുവാൻ ആ പാർട്ടി കോൺഗ്രസ്സിൽ സാധിച്ചിരുന്നില്ല [12].

1962-ൽ ജനറൽ സെക്രട്ടറിയായിരുന്ന അജയ് ഘോഷ് മരിക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാട് പുതിയ ജനറൽ സെക്രട്ടറിയായും എസ്.എ. ഡാങ്കെയെ ചെയർമാൻ എന്ന പുതിയ സ്ഥാനത്തിലും നിയമിച്ചു. രണ്ടു വിഭാഗത്തിനും പ്രാതിനിധ്യം നൽകുകയായിരുന്നു ഇതിലൂടെ ചെയ്തത്. അതിൽ ഇ.എം.എസ്. ഇടതും ഡാങ്കെ വലതും വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു.[15].

അതിനു ശേഷം ഒത്തുപോകാനാവാത്ത വിധത്തിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാവുകയും 1964 ഏപ്രിൽ 11-ന് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൌൺസിൽ യോഗത്തിൽ നിന്ന് 32 നേതാക്കളുടെ ഇറങ്ങിപ്പോക്കിലേക്ക് നയിക്കുകയും ചെയ്തു. (ഇ.എം.എസ്സും നായനാരും വി.എസ്സും ഉൾപ്പെടെയുള്ള 32 അംഗങ്ങളാണ് ഇറങ്ങിപോയത്). ഈ ഇറങ്ങിപ്പോയ 32 നേതാക്കൾ ആന്ധ്രാ പ്രദേശിലെ തെന്നാലിയിൽ ഒരു കൺവെൻഷൻ വിളിച്ചു കൂട്ടുകയും അതിൽ പാർട്ടിയുടെ ഏഴാം കോൺഗ്രസ്സ് കൽക്കട്ടയിൽ വെച്ച് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു [12]. പ്രസ്തുത സമ്മേളനം ചൈനയിലെ കമ്യൂണിസ്റ്റ് നേതാവായ മാവോ സേ-തൂങ്ങിന്റെ ബാനറുകളാൽ ശ്രദ്ധേയമായിരുന്നു[അവലംബം ആവശ്യമാണ്]. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ വച്ച് ഒരു വിഭാഗം പ്രവർത്തകർ ഏഴാം പാർട്ടി കോൺഗ്രസ്സ് ചേരുകയും, ബോംബെയിൽ ഡാങ്കെയുടെ വിഭാഗം വേറെ പാർട്ടി കോൺഗ്രസ്സ് വിളിച്ചുകൂട്ടുകയും ചെയ്തു. കൽക്കട്ടയിൽ വെച്ച് നടന്ന പാർട്ടി കോൺഗ്രസ്സ് ജനകീയ ജനാധിപത്യ വിപ്ലവത്തിന്റേതായ ഒരു പാർട്ടി പരിപാടി അംഗീകരിച്ചപ്പോൾ ഡാങ്കെ വിഭാഗം ദേശീയ ജനാധിപത്യ വിപ്ലവത്തിന്റേതായ ഒരു പാർട്ടി പരിപാടിയും അവതരിപ്പിച്ചു. അതോടെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് പൂർണ്ണമായി [12].

ആദ്യ കാലം[തിരുത്തുക]

സി.പി.എമ്മിന്റെ തുടക്ക കാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. കേരളത്തിലും ബംഗാളിലും ബിഹാറിലും നിരവധി പ്രവർത്തകരെയും നേതാക്കളെയും സമരങ്ങളുടെയും മറ്റു പ്രവർത്തനങ്ങളുടെയും പേരിൽ പോലീസ് ജയിലിൽ അടച്ചു [16] . [അവലംബം ആവശ്യമാണ്] പാർട്ടിയുടെ കൽക്കട്ട കോൺഗ്രസ്സിന്റെ സമയത്ത് പല പ്രമുഖ നേതാക്കളേയും വിചാരണ കൂടാതെ ജയിലിലടക്കുകയുണ്ടായി. കൽക്കട്ടയിലെ പൊതുഗതാഗത സംവിധാനമായ ട്രാംവേയുടെ നിരക്കു വർദ്ധനക്കെതിരേയും, ഭക്ഷ്യവിലവർദ്ധനക്കെതിരേയും ജനകീയ സമരങ്ങളിൽ പങ്കെടുത്ത നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു [16]. അതുപോലെ തന്നെ 1965 ൽ കേരളത്തിൽ പാർട്ടിയുടെ നേതാക്കളെ കൂട്ടമായി അറസ്റ്റുചെയ്തു ജയിലിലാക്കുകയുണ്ടായി. ഓഗസ്റ്റ് 9, 1965 ൽ ബീഹാറിലെ കോൺഗ്രസ്സ് സർക്കാരിനെതിരേ സമരം ചെയ്ത സി.പി.ഐ(എം) പ്രവർത്തകരെ പോലീസ് മൃഗീയമായി വേട്ടയാടി. ജയിലിൽ നിന്നും വിട്ടയക്കപ്പെട്ട ആന്ധ്രപ്രദേശ് നേതാവായ പി. സുന്ദരയ്യ പിന്നീട് ചികിത്സക്കായി മോസ്ക്കോയിലേക്കു പോവുകയുണ്ടായി. സെപ്തംബർ 1965 മുതൽ ഫെബ്രുവരി 1966 വരെയുള്ള കാലഘട്ടത്തിൽ സുന്ദരയ്യ ആശുപത്രിയിലായിരുന്നു.[17].


1964 ന്റെ അവസാന കാലത്ത് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തൃശ്ശൂരിൽ വെച്ചു കൂടുവാൻ തീരുമാനിച്ചിരുന്നുവെങ്കിലും, നേതാക്കൾക്കെതിരേ നടന്ന അറസ്റ്റ് നടപടികാരണം ആ തീരുമാനം ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് പാർട്ടിയുടെ ആദ്യ കേന്ദ്ര കമ്മിറ്റി 1966 ജൂണിൽ ചേർന്നു. അവിടെ വെച്ച് ബംഗാൾ രാഷ്ട്രീയത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ രാഷ്ട്രീയ ബന്ധത്തിൽ നിന്ന് രാഷ്ട്രീയസ്വയംസേവക് സംഘിനോട് പ്രതിപത്തിയുള്ള ജനസംഘ് എന്ന പാർട്ടിയേയും, ചക്രവർത്തി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്രതപാർട്ടിയേയും ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തെ ചൈന, അൽബേനിയ, ന്യൂസീലാൻഡ് എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റ് ഘടകങ്ങൾ എതിർത്തതിനെ തുടർന്ന് അതേ വർഷം ഒക്ടോബറിൽ ജലന്ധറിൽ വെച്ചു നടന്ന ദേശീയ കൗൺസിൽ ഈ നിലപാട് മാറ്റി, ഇടതു ചിന്താഗതികളുള്ള പാർട്ടികളുമായി മാത്രമേ സഖ്യത്തിൽ ഏർപ്പെടുകയുള്ളൂ എന്ന് തീരുമാനിച്ചു [18].

നക്സൽബാരി മുന്നേറ്റം[തിരുത്തുക]

പ്രധാന ലേഖനം: നക്സൽ

1967 ൽ സി.പി.ഐ(എം) നേരിട്ട് ഒരു പ്രധാന പ്രശ്നമായിരുന്നു നക്സൽബാരി മുന്നേറ്റം. പാർട്ടിയിലെ തീവ്രചിന്താഗതിയുള്ള ആളുകൾ സി.പി.ഐ(എം) ഉറ്റുനോക്കുന്ന പാർലിമെന്ററി ആശയത്തെ ചോദ്യം ചെയ്യുകയുണ്ടായി. ഇതിനേത്തുടർന്നാണ് പ്രധാനമായും നക്സൽബാരി എന്നറിയപ്പെടുന്ന ഒരു വിഭാഗം പാർട്ടിയുടെ ഉള്ളിൽ ഉടലെടുക്കുന്നത് [19]. നക്സൽബാരി പശ്ചിമബംഗാളിലെ ഒരു ചെറിയ ഗ്രാമമാണ്, ഇതിൽ നിന്നുമാണ് ഈ പുതിയ ചിന്താഗതി വെച്ചു പുലർത്തുന്ന കൂട്ടർ തങ്ങളുടെ പുതിയ നീക്കത്തിന് നക്സൽബാരി മുന്നേറ്റം എന്ന പേരു സ്വീകരിച്ചത്. പശ്ചിമബംഗാളിൽ ചൈനീസ് മാർഗ്ഗത്തോട് ആഭിമുഖ്യം പുലർത്തുന്ന രണ്ട് വിമതഗ്രൂപ്പുകൾ തന്നെ പാർട്ടിക്കുള്ളിൽ ഉടലെടുക്കുകയുണ്ടായി [20]. ഇതിൽ ചാരുമജൂംദാറും, കനു സന്യാലും നേതൃത്വം കൊടുക്കുന്ന വിഭാഗം വളരെ പ്രബലരായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് ഘടകം ഈ ആശയങ്ങളെ സഹർഷത്തോടെ സ്വാഗതം ചെയ്യുകയുണ്ടായി [21]. 1968 ഏപ്രിൽ 5 മുതൽ 12 വരെ പശ്ചിമബംഗാളിലെ ബർദ്ധ്മാനിൽ വെച്ചു നടന്ന പാർട്ടി പ്ലീനത്തിൽ വെച്ച് ഈ വിമതർ ഒരു പ്രത്യേക സംഘടനയുണ്ടാക്കി സി.പി.ഐ(എം)മിൽ നിന്നും പിരിഞ്ഞുപോയി[22]. ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസ് എന്ന പേര് ഇവർ സംഘടനക്കായി കണ്ടെത്തി, സി.പി.ഐ(എം)മിലെ പ്രമുഖർ ഒന്നും തന്നെ വിട്ടുപോയില്ലെങ്കിലും, ഈ പിളർപ്പ് രാജ്യവ്യാപകമായി തന്നെ പ്രതിഫലിച്ചു. ഈ പുതിയ സംഘടന രക്തരൂക്ഷിത വിപ്ലവം തങ്ങളുടെ മാർഗ്ഗമായി സ്വീകരിച്ചു [22]. എന്നാൽ പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇവർ നടത്തിയ മുന്നേറ്റം, ഭരണകൂടം വളരെ ശക്തിയോടെ തന്നെ അടിച്ചമർത്തി [23].


സമാനരീതിയിലുള്ള വിമതസ്വരങ്ങൾ ആന്ധ്രപ്രദേശ് പാർട്ടി ഘടകത്തിനുള്ളിലും നടക്കുന്നുണ്ടായിരുന്നു. തെലുങ്കാന സായുധ വിപ്ലവത്തിൽ പങ്കെടുത്ത പല വയോധികരും, പാർട്ടിയുടെ ഇന്നത്തെ നിലപാടിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. നിയമസഭാംഗം കൂടിയായ ടി.നാഗി റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ഈ സംഘം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ ചോദ്യം ചെയ്തു. 1968 ന്റെ മധ്യത്തിൽ ആന്ധ്രപ്രദേശ് ഘടകത്തിന്റെ ഏതാണ്ട് പകുതിയോളം വരുന്ന അംഗങ്ങൾ സി.പി.ഐ(എം) ഉപേക്ഷിച്ച് ആന്ധ്രപ്രദേശ് കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസ് എന്ന സംഘടനയുണ്ടാക്കി[24]. ടി.നാഗി റെഡ്ഢി, ഡി.വി.റാവു, കൊല്ല വെങ്കയ്യ, സി.പി.റെഡ്ഢി എന്നിവരായിരുന്നു ഈ വിമതരിൽ പ്രമുഖർ[24].

ജനകീയ ജനാധിപത്യ വിപ്ലവം[തിരുത്തുക]

കൽക്കത്തയിൽ വെച്ചു നടന്ന ഏഴാം പാർട്ടി കോൺഗ്രസ്സിലാണ് ജനകീയ ജനാധിപത്യം എന്ന ആശയം നടപ്പിലാക്കിയത്. കർഷകരുടേയും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും മുകളിൽ തൊഴിലാളിവർഗ്ഗത്തിന് ആധിപത്യമുള്ള ഒരു ഭരണസംവിധാനം സ്ഥാപിക്കുക എന്നതാണ് സി.പി.ഐ(എം) വിഭാവനം ചെയ്ത ജനകീയ ജനാധിപത്യം. നിലവിലുള്ള ബൂർഷ്വാസി സർക്കാരിന്റെ കീഴിൽ ജനകീയ ജനാധിപത്യം സ്ഥാപിക്കുക എന്നത് അസാധ്യമാണ്. അതിന് തൊഴിലാളി വർഗ്ഗത്തിന്റെ പിന്തുണ കൂടിയേ തീരു എന്ന് സി.പി.ഐ(എം) കരുതുന്നു [25].

കേരളത്തിലേയും പശ്ചിമബംഗാളിലേയും ഐക്യമുന്നണി സർക്കാരുകൾ[തിരുത്തുക]

1957 ൽ കേരളത്തിൽ തിരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു[26]. ലോകത്തിൽ പലയിടത്തും തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ അധികാരത്തിൽ വന്നിരുന്നുവെങ്കിലും ഏഷ്യയിൽ ഇത് ആദ്യത്തേതായിരുന്നു. മാത്രവുമല്ല, കേരളം എന്നത് ഇന്ത്യ എന്ന ഫെഡറൽ സംവിധാനത്തിലെ ഒരു ചെറിയ സംസ്ഥാനം മാത്രവുമായിരുന്നു[26]. സി പി ഐ യുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രി സഭയായിരുന്നു അന്ന് നിലവിൽവന്നത്. ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ആയിരുന്നു മുഖ്യമന്ത്രി. തങ്ങൾ കമ്മ്യൂണിസ്റ്റ് നയപരിപാടികൾ അല്ല നടപ്പാക്കാൻ പോകുന്നത് മറിച്ച്, കോൺഗ്രസ്സ് മന്ത്രിസഭകൾ നടപ്പിലാക്കാത്ത കോൺഗ്രസിന്റെ നയങ്ങളാണ് നടപ്പിലാക്കുക എന്ന് ജനങ്ങളോടായി ചെയ്ത ഒരു റേഡിയോ സന്ദേശത്തിൽ ഇ.എം.എസ് പറയുകയുണ്ടായി[27] . ആദ്യ മന്ത്രിസഭ വിപ്ലവകരങ്ങളായ പല തീരുമാനങ്ങളുടെ ഒട്ടും വൈകാതെ കൈക്കൊണ്ടു. അതിൽ പ്രധാനപ്പെട്ട ഒരെണ്ണമായിരുന്നു, ജന്മികളും ഭൂവുടമളും അന്യായമായി നടത്തിയിരുന്ന കുടിയൊഴിപ്പിക്കലിനെ നിരോധിച്ചുകൊണ്ടുള്ള അടിയന്തരാധികാരനിയമം[28]. ഇതോടെ ജന്മികളും, വൻ ഭൂവുടമകളും സർക്കാരിനെതിരേ തിരിഞ്ഞു. കൂടാതെ സ്വകാര്യ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ന്യായമായ വേതനവും, ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റുന്ന സേവന വ്യവസ്ഥകളും അടങ്ങിയ വിദ്യാഭ്യാസബില്ലും ഇടതുമുന്നണി സർക്കാർ കൊണ്ടുവന്നു. കാർഷികബന്ധബില്ല് നിയമസഭയിൽ സർക്കാർ പാസ്സാക്കിയെടുത്തെങ്കിലും കേന്ദ്രത്തിനു സമർപ്പിക്കുന്നതിനു മുമ്പു തന്നെ കേരളത്തിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പൊട്ടിപ്പുറപ്പെട്ട വിമോചന സമരത്തിന്റെ ഫലമായി കേന്ദ്രം സംസ്ഥാന സർക്കാരിനെ 356-ആം വകുപ്പുയോഗിച്ച് പുറത്താക്കി [29].


1967 ൽ പശ്ചിമബംഗാളിലെ അജോയ് മുഖർജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിനെ കേന്ദ്രസർക്കാർ നീക്കം ചെയ്യുകയുണ്ടായി [30]. ഐക്യമുന്നണിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ ശ്രീ. പ്രഫുല്ലചന്ദ്രഘോഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പിന്തുണയോടുകൂടി പുതിയ മന്ത്രിസഭ നിലവിൽ വന്നുവെങ്കിലും അതിനു അധികകാലം ആയുസ്സുണ്ടായിരുന്നില്ല. സംസ്ഥാനത്ത് കേന്ദ്രം അനാവശ്യമായി ഇടപെടുന്നതിനെതിരേ ഐക്യമുന്നണി സംസ്ഥാനവ്യാപകമായി പ്രതിഷേധ കൊടുങ്കാറ്റഴിച്ചുവിട്ടു. സർക്കാർ ഇത്തരം പ്രതിഷേധ റാലികൾക്ക് വിലക്ക് ഏർപ്പെടുത്തി. ഐക്യമുന്നണി പൊതുപണിമുടക്കിനാഹ്വാനം ചെയ്തു. സമരത്തെ പോലീസ് അടിച്ചമർത്താൻ ശ്രമിച്ചു. ഒരാൾ കൊല്ലപ്പെടുകയും, നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനെതുടർന്ന് പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി[31].


സി.പി.ഐ(എം)മിന്റെ എട്ടാമത് പാർട്ടി കോൺഗ്രസ്സ് കേരളത്തിലെ കൊച്ചിയിൽ വെച്ചാണ് നടന്നത്. 1968 ഡിസംബർ 23 മുതൽ 29 വരെയായിരുന്ന സമ്മേളന കാലാവധി. ഈ ദിവസങ്ങളിൽ തമിഴ്നാട്ടിലെ കിലവൻമനി എന്ന സ്ഥലത്ത് 44 ദളിതരായ തൊഴിലാളികൾ ജീവനോടെ ചുട്ടുകരിക്കപ്പെട്ടു [32]. സി.പി.ഐ(എം) പിന്തുണയോടെ വേതനവർദ്ധനക്കായി സമരംചെയ്തതിന് ജന്മികളാണ് ഈ ക്രൂരകൃത്യം ചെയ്തത് [32]. 1969 ൽ കേരളത്തിലെ ഐക്യമുന്നണി സർക്കാർ സഖ്യകക്ഷികളുമായുള്ള തർക്കം മൂലം അധികാരത്തിൽ നിന്നും ഒഴിയാൻ നിർബന്ധിതരായി. സി.പി.ഐ, ആർ.എസ്.പി,മുസ്ലിംലീഗ് തുടങ്ങിയ ഘടകക്ഷിയിലെ മന്ത്രിമാർ രാജി വെച്ചു. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് ഒക്ടോബർ 24ന് തന്റെ രാജി സമർപ്പിച്ചു [33]. തുടർന്ന് സി.അച്യുതമേനോന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പിന്തുണയോടെ ഒരു സർക്കാർ അധികാരത്തിൽ വന്നുവെങ്കിലും ഏതാണ്ട് ഒരു വർഷം മാത്രമേ ഈ സർക്കാരിനും ആയുസ്സുണ്ടായിരുന്നുള്ളു [33].

സി.ഐ.ടി.യു[തിരുത്തുക]

1964-ലെ പിളർപ്പിനു ശേഷവും സി.പി.എം പ്രവർത്തകർ സി.പി.ഐയുടെ തൊഴിലാളി സംഘടനയിൽ പ്രവർത്തിച്ചിരുന്നു. പക്ഷെ, രണ്ടു പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ ഇവരെ ബാധിക്കുകയും 1969-ൽ 8 അംഗങ്ങൾ വിട്ടുപോരുകയും 1970-ൽ സമ്മേളനം വിളിച്ചു ചേർത്ത് സി.പി.എമ്മിന്റെതായി സി.ഐ.ടി.യു എന്ന തൊഴിലാളി സംഘടന രൂപീകരിക്കുകയും ചെയ്തു. ഉൽപ്പാദനം, വിതരണം, കൈമാറ്റം എന്നീ പ്രക്രിയകൾ സോഷ്യലിസം അടിസ്ഥാനമാക്കിയുള്ള ഒരു ഭരണസംവിധാനത്തിന്റെ കീഴെ കൊണ്ടുവന്നാൽ മാത്രമേ സമൂഹത്തിലുള്ള ചൂഷണം നിറുത്തലാക്കാൻ പറ്റുകയുള്ളു എന്ന സി.ഐ.ടി.യു വിന്റെ ഭരണഘടനയിൽ പറയുന്നു [34]. സമൂഹത്തിലെ എല്ലാത്തരം ചൂഷണവും തുടച്ചു നീക്കുവാൻ വേണ്ടിയാണ് സി.ഐ.ടി.യു നിലകൊള്ളുന്നത് [34]. സി.ഐ.ടി.യുവിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഏ.കെ.പത്മനാഭനും, ജനറൽ സെക്രട്ടറി തപൻ സെന്നുമാണ്.

ബംഗ്ലാദേശിലെ യുദ്ധം[തിരുത്തുക]

1971-ൽ ബംഗ്ലാദേശ് പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പാകിസ്താൻ ഈ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ ഇന്ത്യയുടെ സേന ബംഗ്ലാദേശിൽ പ്രവേശിച്ച് ജനങ്ങളെ സഹായിച്ചു[35]. നിരവധി അഭയാർത്ഥികൾ ഇന്ത്യയിൽ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ അഭയം തേടി. ഈ സമയത്ത് വിവിധ ദിശകളിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടികളിൽ സോവിയറ്റ് അനുകൂല കമ്യൂണിസ്റ്റ് പാർട്ടി, പ്രക്ഷോഭങ്ങളെ അനുകൂലിച്ചിരുന്നെങ്കിലും ചൈന അനുകൂല കമ്യൂണിസ്റ്റ് പാർട്ടി ഇതിനെ ചൈന പാകിസ്താനെ അനുകൂലിക്കുന്നു എന്ന നിലപാടിലായിരുന്നു. ഈ സമയം സി.പി.എം ഇത്തരം വിവിധ കമ്യൂണിസ്റ്റ് പാർട്ടികളെ പുതിയൊരു രാഷ്ട്രീയ നിലപാടിൽ എത്തിക്കുകയും ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി(ലെനിനിസ്റ്റ്) എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തു. പുതിയ പാർട്ടി സി.പി.എമ്മിന്റെ സഹോദരസംഘടനയാവുകയും ചെയ്തു.

ഇന്തോ-ചൈന യുദ്ധം[തിരുത്തുക]

പാർട്ടിയിൽ രൂപം കൊണ്ട പിളർപ്പ 1962 ഇന്തോ ചൈന യുദ്ധത്തിന്റെ സമയത്ത് ശക്തി പ്രാപിച്ചു. കോൺഗ്രസ്സിനോടുള്ള മൃദുലമായ സമീപനം എന്നതിനെക്കുറിച്ചു മാത്രം നിലനിന്നിരുന്ന പാർട്ടിയിലെ ഇടതു-വലതു തർക്കങ്ങൾ ഇന്തോ ചൈന യുദ്ധത്തോടുകൂടി മറ നീക്കി പുറത്തു വന്നു. ശത്രുവായ ചൈനയിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ കോൺഗ്രസ്സിനോടൊപ്പം കൂട്ടുകൂടാൻ പാർട്ടിയിലുള്ള ചെറിയ ഒരു വിഭാഗംമാത്രമാണ് തയ്യാറായത്‌ [36]. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെ ചർച്ചകളെ ചൂടുപിടിപ്പിക്കുന്നതായി തീർന്നു ഈ വിഷയം. എന്തു വിലകൊടുത്തും ഇന്ത്യയെ രക്ഷിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ, ചൈന അനുകൂലനിലപാടിലായിരുന്നു മറുപക്ഷം. അത് പാർട്ടിക്കകത്തു പിളർപ്പുണ്ടാക്കി, സാധിക്കുകയാണെങ്കിൽ ഒരു വിഭാഗത്തെ കോൺഗ്രസ്സിന്റെ പിന്നിൽ അണിനിരത്തണമെന്നും ഗൂഢമായി ആഗ്രഹിച്ചിരുന്ന കോൺഗ്രസ്സ് ഈ അവസരം മുതലാക്കി[37]. പ്രശ്നം സമാധാനമായി പരിഹരിക്കാൻ ഇന്ത്യയിലേക്കു വന്ന സോഷ്യലിസ്റ്റ് ചൈനയുടെ പ്രധാനമന്ത്രി ചു എൻ ലായ്, ഇന്ത്യയുടെ ഒരിഞ്ചു മണ്ണുപോലും ചൈനക്കു വിട്ടുകൊടുക്കില്ലെന്ന കോൺഗ്രസ്സിന്റെ പിടിവാശിമൂലം വെറും കൈയ്യോടെ മടങ്ങിപോകേണ്ടി വന്നു[38].

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം
Indicom.PNG

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

എ.കെ. ഗോപാലൻ
പി. കൃഷ്ണപിള്ള
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
എസ്.എ. ഡാൻ‌ഗെ,ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

ഭരണഘടന[തിരുത്തുക]

ലക്ഷ്യം[തിരുത്തുക]

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് സി.പി.ഐ. (എം) പ്രവർത്തിക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ[39] തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കുക വഴി സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുക എന്നതാണ് സി.പി.എംമിന്റെ ആത്യന്തികമായ ലക്ഷ്യം.[40]. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന നിവലിലുള്ള വ്യവസ്ഥിതി ഇല്ലാതെയാക്കുവാനും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്നുമാണ് സി.പി.ഐ. (എം)-ന്റെ അടിസ്ഥാന വിശ്വാസങ്ങളിലൊന്ന്. [40].

അംഗത്വം[തിരുത്തുക]

പാർട്ടിയുടെ ഭരണഘടന അംഗീകരിക്കാൻ തയ്യാറുള്ള ഇന്ത്യയിൽ വസിക്കുന്ന പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാൾക്കും പാർട്ടിയിൽ അംഗത്വം ലഭിക്കുന്നതാണ്. പാർട്ടിയുടെ അംഗത്വഫീസായ രണ്ടു രൂപ പ്രതിവർഷം അംഗമാകാൻ ആഗ്രഹിക്കുന്നയാൾ ഒടുക്കിയിരിക്കണം. 2004 ലെ കണക്കനുസരിച്ച് ഓരോ സംസ്ഥാനത്തിലുമുള്ള പാർട്ടി അംഗങ്ങളുടെ എണ്ണം [41].

കൊടി[തിരുത്തുക]

വീതിയുടെ ഒന്നരമടങ്ങ്‌ നീളമുള്ള ചെങ്കൊടിയാണ്‌ പാർട്ടിയുടെ കൊടി. കൊടിയുടെ മധ്യത്തിലായി വെളുത്തനിറത്തിൽ വിലങ്ങനെ വെച്ച അരിവാളും ചുറ്റികയും ഉണ്ടായിരിക്കും.[42]

തിരഞ്ഞെടുപ്പ് ചിഹ്നം[തിരുത്തുക]

CPIM election decorations.JPG

1968-ലെ ഇലക്ഷൻ സിംബൽസ് (റിസർവ്വേഷൻ ആൻഡ് അലോട്ട്‌മെന്റ്) ഓർഡറിലെ 17-ആം ഖണ്ഡിക അനുസരിച്ചുള്ള ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ 28 ഡിസംബർ 2011-ന് ഇറങ്ങിയ വിജ്ഞാപനമനുസരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-യുടെ തെരെഞ്ഞെടുപ്പ് ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രമാണ് [43].

ഘടന[തിരുത്തുക]

 1. പാർട്ടി കോൺഗ്രസ്‌
 2. പോളിറ്റ് ബ്യൂറോ (പി.ബി)
 3. കേന്ദ്ര കമ്മിറ്റി (സി.സി)
 4. സംസ്ഥാന കമ്മിറ്റി
 5. ജില്ലാ കമ്മിറ്റി
 6. ഏരിയ കമ്മിറ്റി
 7. ലോക്കൽ കമ്മിറ്റി
 8. ബ്രാഞ്ച്

ലെവി[തിരുത്തുക]

എല്ലാ പാർട്ടി അംഗങ്ങളും തങ്ങളുടെ വാർഷിക വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം പാർട്ടിയിലേക്ക് നൽകിയിരിക്കണം. ഇതിനെ പാർട്ടി ലെവി എന്നു പറയുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും പാർട്ടി ലെവി ഒടുക്കാത്ത അംഗങ്ങളെ പാർട്ടി അംഗത്വത്തിൽ നിന്നും നീക്കം ചെയ്യുന്നതുമാണ് [44].

സി.പി.ഐ(എം) ലെവി നിരക്ക് [45].

സി.പി.ഐ.എമ്മിന്റെ ജനറൽ സെക്രട്ടറിമാർ[തിരുത്തുക]

ജനറൽ സെക്രട്ടറിമാർ[46][47]
നമ്പർ പേര് കാലയളവ്
1 പി. സുന്ദരയ്യ 1964–1978
2 ഇ.എം.എസ്. നമ്പൂതിരിപ്പാട് 1978–1992
3 ഹർകിഷൻ സിംഗ് സുർജിത് 1992–2005
4 പ്രകാശ് കാരാട്ട് 2005–2015
5 സീതാറാം യെച്ചൂരി 2015-

തെരഞ്ഞെടുപ്പ് വിജയങ്ങൾ[തിരുത്തുക]

സംസ്ഥാന തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

പശ്ചിമബംഗാൾ 1967[തിരുത്തുക]

1967 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെതിരേ ഇടതുപക്ഷം ഒരു മുന്നണിയായല്ല മത്സരിച്ചത്, മറിച്ച് രണ്ട് വ്യത്യസ്ത പാർട്ടികളായിരുന്നു [48]. സി.പി.ഐ(എം) നേതൃത്വം കൊടുക്കുന്ന ഒരു മുന്നണിയും, സി.പി.ഐയുടെ നേതൃത്വത്തിൽ ബംഗ്ലാ കോൺഗ്രസ്സ് എന്ന മറ്റൊരു മുന്നണിയും. ഒരു ത്രികോണ മത്സരം തന്നെയുണ്ടായിരുന്നു ഭൂരിഭാഗം നിയോജകമണ്ഡലത്തിലും. സംസ്ഥാനത്തു നിലനിന്നിരുന്ന കോൺഗ്രസ്സ് വിരുദ്ധവികാരം കോൺഗ്രസ്സ് പാർട്ടിയെ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടുന്നതിൽ നിന്നും തടഞ്ഞു. സി.പി.ഐ(എം)ഉം, സി.പി.ഐ യുടെ നേതൃത്വത്തിലുള്ള ബംഗ്ലാ കോൺഗ്രസ്സും ചേർന്ന് മന്ത്രിസഭ രൂപീകരിക്കുകയുണ്ടായി[48]. ബംഗ്ലാ കോൺഗ്രസ്സിന്റെ അജോയ് മുഖർജിയെയായിരുന്നു മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. 1967-ൽ കേന്ദ്ര സർക്കാർ പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചു വിട്ടു. കോൺഗ്രസ് മറ്റൊരു സർക്കാരിന് ശ്രമിച്ചെങ്കിലും അതിനു അധികകാലം അധികാരം നിലനിർത്താൻ കഴിഞ്ഞില്ല. തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും സി.പി.എം അതിനെതിരെ സമരങ്ങൾ നടത്തുകയും ചെയ്തു.

1967 ലെ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ നില [49]

മത്സരിച്ചത് വിജയം പരാജയം ലഭിച്ച വോട്ടുകൾ ശതമാനം
135 45 17 2293026 18.11%

കേരള നിയമസഭ 1969[തിരുത്തുക]

1969-ൽ കേരളത്തിലെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സർക്കാർ നവംമ്പർ 1, 1969 ന് രാജിവെച്ചു. ഘടകകക്ഷികൾ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചതാണ് മന്ത്രിസഭ താഴെ വീഴാൻ കാരണം. കോൺഗ്രസിന്റെ പിന്തുണയോടെ സി.പി.ഐ നേതാവ് സി. അച്യുതമേനോന്റെ നേതൃത്വത്തിൽ സർക്കാർ രൂപവൽക്കരിക്കുകയും ചെയ്തു.

1967 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പു ഫലം [50].

മത്സരിച്ചത് വിജയം പരാജയം ലഭിച്ച വോട്ടുകൾ ശതമാനം
59 52 0 1476456 23.51%

പശ്ചിമബംഗാൾ 1969[തിരുത്തുക]

1969-ൽ പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുകയും സി.പി.എം 80 സീറ്റുകൾ നേടുകയും ചെയ്തു. ഏറ്റവും വലിയ കക്ഷിയായിരുന്നെങ്കിലും ഭരണത്തിലേക്ക് കയറാതെ മുന്നണിയെ ശക്തിപ്പെടുത്താനാണ് അന്ന് സി.പി.ഐ(എം) നേതൃത്വം ശ്രമിച്ചത്. 1970-ൽ പ്രസ്തുത സർക്കാർ താഴെ വീണപ്പോൾ പുതിയ സർക്കാരിനായി പാർട്ടി അവകാശവാദം ഉന്നയിക്കുകയും എന്നാൽ അതവഗണിച്ച് കേന്ദ്രം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ആണുണ്ടായത്. 1969 ലെ പശ്ചിമബംഗാൾ തിരഞ്ഞെടുപ്പു ഫലം[51].

മത്സരിച്ചത് വിജയം പരാജയം ലഭിച്ച വോട്ടുകൾ ശതമാനം
97 80 1 2676981 19.97%

കേരളനിയമഭ 1970[തിരുത്തുക]

1970-ൽ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ, സി.പി.എം 73 സീറ്റുകളിൽ മത്സരിച്ചു 29 സീറ്റുകൾ നേടുകയും സി.പി.ഐ നേതാവ് സി. അച്യുതമേനോൻ സർക്കാർ രൂപവൽക്കരിക്കുകയും കോൺഗ്രസ് അംഗങ്ങൾ സർക്കാരിൽ പങ്കാളികളാകുകയും ചെയ്തു. 1970 ലെ കേരളനിയമസഭാ തിരഞ്ഞെടുപ്പു ഫലം [52].

മത്സരിച്ചത് വിജയം പരാജയം ലഭിച്ച വോട്ടുകൾ ശതമാനം
73 29 1 1794213 23.83%

ലോകസഭാ തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

1967 ലെ പൊതു തിരഞ്ഞെടുപ്പ്[തിരുത്തുക]

ഈ തിരഞ്ഞെ‌ടുപ്പിൽ പാർട്ടി 59 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും അതിൽ 19പേർ മാത്രമേ വിജയിച്ചുള്ളു. ദേശീയ ശതമാനത്തിന്റെ 4.28% വോട്ടാണ് അന്ന് പാർട്ടി മൊത്തത്തിൽ നേടിയത്.

1967 ലെ പൊതു തിരഞ്ഞെടുപ്പു ഫലം [53].

മത്സരിച്ചത് വിജയം പരാജയം ലഭിച്ച വോട്ടുകൾ ശതമാനം
59 19 13 6246522 32.20%

1971 ലെ പൊതു തിരഞ്ഞെടുപ്പ്[തിരുത്തുക]

ശ്രീമതി ഇന്ദിരാഗാന്ധി ജനസമ്മതിയുള്ള ഒരു നേതാവായി ഉയർന്നു വരുന്ന ഒരു കാലമായിരുന്നു ഇത്. ഈ ഘട്ടത്തിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 85 സ്ഥാനാർത്ഥികളെ പാർട്ടി മത്സരിപ്പിച്ചെങ്കിലും 25 പേരു മാത്രമേ വിജയിച്ചുള്ളു. എന്നാൽ ലഭിച്ച വോട്ടുകളുടെ എണ്ണം ഇത്തവണ കൂടുതലായിരുന്നു.കേരളത്തിൽ നിന്ന് എ.കെ.ഗോപാലൻ ജയിച്ചു വന്നത് ഈ തിരഞ്ഞെടുപ്പിലായിരുന്നു. [54].

മത്സരിച്ചത് വിജയം പരാജയം ലഭിച്ച വോട്ടുകൾ ശതമാനം
85 25 31 7510089 29.41%

രാഷ്ട്രീയ നിലപാടുകൾ[തിരുത്തുക]

കേരളത്തിലെ ഹരിപ്പാടുള്ള രക്തസാക്ഷി മണ്ഡപം

സായുധ വിപ്ലവം[തിരുത്തുക]

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സായുധ വിപ്ലവമെന്ന ആശയം അവതരിക്കപ്പെട്ടിരുന്നു. 1948-ൽ കൽക്കട്ടയിൽ വെച്ച് നടന്ന രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സിലാണ് കൽക്കത്താ തീസിസ് എന്ന പേരിൽ പ്രസിദ്ധമായ പ്രമേയം അന്നത്തെ അഖിലേന്ത്യാ സെക്രട്ടറിയായ ബി.ടി. രണദിവെ അവതരിപ്പിച്ചത്.[55].


സി.പി.ഐ. (എം)-ന്റെ തുടക്കകാലത്ത് തന്നെ ഒരു ഭാഗം നേതാക്കൾക്ക് പാർട്ടി പരിപാടിയിൽ സായുധ സമരം ഒരു നിലപാടായി ചേർക്കണമെന്ന ആഗ്രഹമുള്ളവരായിരുന്നു. ചൈനയിൽ മാവോ സേതൂങിന്റെ സംഘാടനത്തിൽ പരീക്ഷിക്കപ്പെട്ട വിപ്ലവമാതൃക ആയിരിക്കണം ഇന്ത്യയിലും പിന്തുടരേണ്ടതെന്ന് ഇക്കൂട്ടർ വാദിച്ചു. ചാരു മജൂംദാറും കാനു സന്യാലുമായിരുന്നു ഈ തീവ്രവാദികളിൽ പ്രമുഖർ. എന്നാൽ പാർട്ടിയുടെ നേതാക്കൾ പൂർണ്ണമായി ഈയൊരു സാധ്യതയെ തള്ളിക്കളഞ്ഞിരുന്നില്ല എന്നൊരു പക്ഷമുണ്ട്. [56].


പാർട്ടിക്കുള്ളിലെത്തന്നെ റിവിഷനിസത്തെ ചെറുത്ത് തോല്പിക്കുവാൻ മാവോ സേതൂങിന്റെ ചൈനാ മാതൃക സ്വീകരിച്ചു കൊണ്ട് ഭരണകൂടത്തിനെതിരെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള എട്ട് രേഖകൾ 1965-ൽ തന്നെ ചാരു മജൂംദാർ പുറത്തിറക്കിയിരുന്നു. 1967 വരെ പാർട്ടിക്കുള്ളിൽ തന്നെ ഈ രണ്ടു വിഭാഗങ്ങളും സമാധാനപരമായി സഹവർത്തിച്ചിരുന്നുവെങ്കിലും, 1967-ൽ പശ്ചിമ ബംഗാളിൽ സി.പി.ഐ. (എം)-ന്റെ കൂടെ പങ്കാളിത്തമുള്ള ഐക്യ മുന്നണി സർക്കാർ ഭരണത്തിലേറ്റത് മുതൽ അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിക്കുകയും, ചാരു മജൂംദാർ, കാനു സന്യാൽ എന്നിവരുടെ നേതൃത്വത്തിൽ സായുധ വിപ്ലവത്തിനായി ഒരു വിഭാഗം നേതാക്കളും അവരുടെ കീഴിലുള്ള അണികളും തയ്യാറെടുക്കുകയുമുണ്ടായി.[56].


എന്നാൽ സി.പി.ഐ. (എം)-ന്റെ പാർട്ടി പരിപാടിയിൽ അവതരിപ്പിക്കുന്ന വിപ്ലവാശയം സായുധ സമരത്തിനെ നിരാകരിക്കുന്നതാണ്. ഇന്ത്യയിലെ വിപ്ലവത്തിന്റെ സ്വഭാവം നിർബ്ബന്ധമായും ഫ്യൂഡൽ വിരുദ്ധവും, സാമ്രാജ്യത്വ വിരുദ്ധവും, കുത്തകവിരുദ്ധവും, ജനാധിപത്യപരവും ആയിരിക്കണമെന്നാണ് പാർട്ടി പരിപാടി ആഹ്വാനം ചെയ്യുന്നത് [10]. പാർലമെന്ററി ജനാധിപത്യ പ്രക്രിയയിലുള്ള ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് ഏതാനും ചില സ്ഥലങ്ങളിൽ മാത്രം അധികാരമേറുകയും, അത്തരം അധികാരസ്ഥാനങ്ങൾ ബൂർഷ്വാ ഭരണകൂട സംവിധാനത്തിന്റെ അന്തർലീനമായ തകരാറുകളെ കുറിച്ച് ജനങ്ങളെ ബോധവതികളാക്കുവാനുമായിരിക്കണം അത് അങ്ങനെ വർഗ്ഗ സമരത്തിന് മൂർച്ച കൂട്ടുവാൻ ഉപകാരപ്പെടുമെന്നുമാണ് സി.പി.ഐ. (എം)-ന്റെ വിലയിരുത്തൽ[57].

ചരിത്രപരമായ വിഡ്ഢിത്തം.[തിരുത്തുക]

1996 ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനേയും, ബി.ജെ.പിയേയും അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തിനു വേണ്ടി സി.പി.ഐ(എം) ദേവഗൗഡയുടെ സർക്കാരിന് പിന്തുണ നൽകാൻ തീരുമാനിച്ചു [58]. എന്നാൽ ഈ തൂക്കു മന്ത്രിസഭ ആദ്യം പ്രധാനമന്ത്രി സ്ഥാനം വെച്ചു നീട്ടിയത് കമ്മ്യണിസ്റ്റു പാർട്ടിക്കുനേരെയായിരുന്നു. അവരിൽ തന്നെ സർവ്വസമ്മതനായിരുന്ന ജ്യോതി ബസുവായിരുന്നു പ്രധാനമന്ത്രി പദത്തിനു യോഗ്യനായി അവർ കണ്ടത് [59]. എന്നാൽ പാർട്ടി പോളിറ്റ്ബ്യൂറോ ഈ നിർദ്ദേശം തള്ളിക്കളഞ്ഞു. ജ്യോതി ബസു, പോളിറ്റ് ബ്യൂറോ തീരുമാനത്തെ അംഗീകരിച്ചെങ്കിലും, പിന്നീട് പാർട്ടിയുടെ ഈ തീരുമാനത്തെ ചരിത്രപരമായ വിഡ്ഢിത്തം എന്നു വിശേഷിപ്പിക്കുകയുണ്ടായി. ദേവഗൗഡയുടെ വിദേശനയങ്ങളും, ആഭ്യന്തരസാമ്പത്തിക നയങ്ങളും കോൺഗ്രസ്സിന്റേതിൽ നിന്നും വ്യത്യസ്തമല്ല അതുകൊണ്ടു തന്നെ മന്ത്രിസഭയിൽ ഭാഗഭാക്കാവുക എന്നതല്ല പാർട്ടിയുടെ നയം മറിച്ച് കോൺഗ്രസ്സിനേയും ബി.ജെ.പിയേയും അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്നതു മാത്രമാണ് എന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തെ ന്യായീകരിക്കുകയുണ്ടായി[60].

ലീഗുമായുള്ള ബന്ധം[തിരുത്തുക]

1967 ൽ കോൺഗ്രസ്സിനെ നേരിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ലീഗുമായി ബന്ധം ഉണ്ടാക്കി [61]. എന്നാൽ ഈ നിലപാടെടുത്തതിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തെറ്റുപറ്റിയതായി ദേശീയതലത്തിൽ തന്നെ വിമർശനമുയർന്നു. മുസ്ലീം ലീഗുമായുള്ള ബന്ധം വർഗ്ഗസമരത്തിന്റെ ഭാഗമായിരുന്നു എന്ന് പറഞ്ഞ് പാർട്ടി ഈ ബന്ധത്തെ ന്യായീകരിക്കുകയുണ്ടായി [62] [അവലംബം ആവശ്യമാണ്]. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ബന്ധം ഉപേക്ഷിക്കുകയുണ്ടായി [63]. ലീഗൂമായി കൂട്ടുകൂടിയപ്പോഴും പാർട്ടി അതിന്റെ സ്വതന്ത്രമായ പദവി നിലനിർത്തിയിരുന്നു. പിന്നീട് മുസ്ലീം ലീഗിന്റെ സഹായത്തോടെയല്ലാതെതന്നെ സി.പി.ഐ എമ്മിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുകയും ചെയ്തു. 1967 ൽ ലീഗുമായി ബന്ധമുണ്ടാക്കുകയും പിന്നീട് അതുപേക്ഷിക്കുകയും ചെയ്തു, ഇതെല്ലാം പാർട്ടിയെ ശക്തിപ്പെടുത്താനേ സഹായിച്ചിട്ടുള്ളു എന്ന് പാർട്ടിയുടെ നേതാവായിരുന്ന ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ രേഖകളെ ഉദ്ധരിച്ച് അവകാശപ്പെടുന്നു. 1967 ലെ ലീഗുമായുള്ള ബന്ധവും, പിന്നീട് എം.വി.രാഘവന്റെ നേതൃത്വത്തിലവതരിപ്പിക്കപ്പെട്ട മുസ്ലീം ലീഗുമായി കൂട്ടുകൂടാനുള്ള ബദൽ രേഖ തള്ളിക്കളഞ്ഞതും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സമീപനത്തിന്റെ രണ്ടു രൂപങ്ങളാണെന്നും ഇ.എം.എസ് കൂട്ടിച്ചേർക്കുന്നു [64].

സ്റ്റാലിനിസ്റ്റ് ആശയങ്ങൾ സ്വീകരിക്കുന്നു[തിരുത്തുക]

1992ലെ മദ്രാസ് പാർട്ടി കോൺഗ്രസ്സോടുകൂടിയാണ് , കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാലിനിസ്റ്റ് ആശയങ്ങളോട് പ്രതിപത്തി പുലർത്തുന്നു എന്ന് മാധ്യമങ്ങൾ എഴുതാൻ തുടങ്ങിയത്. എന്നാൽ സ്റ്റാലിനിസം എന്നു മുദ്രകുത്തപ്പെട്ട ആശയങ്ങളിലെ ഗുണപരമായ വശങ്ങൾ മാത്രമാണ് തങ്ങൾ സ്വീകരിച്ചതെന്ന് പാർട്ടി പറയുന്നു. അതോടൊപ്പം തന്നെ സ്റ്റാലിന്റെ നിഷേധമാത്മക വശങ്ങളെ രൂക്ഷമായി എതിർക്കുകതന്നെയാണെന്നും ആവർത്തിച്ചു പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയനിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനായി സ്റ്റാലിൻ നൽകിയ സംഭാവനകളും, ഫാസിസത്തിനെതിരേ അദ്ദേഹത്തിന്റെ വിജയവും, എല്ലാം സ്വീകരിക്കപ്പെടേണ്ട മാതൃകകളാണ് എന്ന് 1992 ൽ ചെന്നൈയിൽ വെച്ചു നടന്ന പാർട്ടി കോൺഗ്രസ്സ് പാസ്സാക്കിയ പ്രമേയത്തിൽ പറയുന്നു [65]. കൂടാതെ യുദ്ധാനന്തര റഷ്യ പടുത്തുയർത്താൻ സ്റ്റാലിൻ സ്വീകരിച്ച നടപടികളും, സാമ്രാജ്യത്വ നീക്കങ്ങൾക്കെതിരേ സ്റ്റാലിൻ നടത്തിയ പടയോട്ടങ്ങളും ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കില്ല എന്നും പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു [65]. യൂറോപ്യൻ സാമ്രാജ്യശക്തികളിൽ നിന്ന് കോടിക്കണക്കിന് ജനങ്ങൾ സ്വാതന്ത്ര്യം നേടിയത് സ്റ്റാലിൻ നേതാവായിരുന്നപ്പോഴാണ് , ഇതാണ് സ്റ്റാലിൻ ആശയങ്ങളോട് പാർട്ടി പ്രതിപത്തി പുലർത്താൻ കാരണം എന്ന് ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ അഭിപ്രായപ്പെടുന്നു. [66].

പിളർപ്പ്[തിരുത്തുക]

1967 ൽ പാർട്ടി പിളർന്നു. അതിൽ നിന്നും മാർക്സിസ്റ്റ് ലെനിനിസ്റ്റ് (നക്സൽബാരി പ്രസ്ഥാനം) എന്ന പുതിയ ഒരു ഗ്രൂപ്പ് ഉദയം ചെയ്തു[67]. പാർട്ടിയുടെ നയങ്ങളിൽ എതിർപ്പുണ്ടായിരുന്നവരാണ് ഈ പുതിയ ഗ്രൂപ്പിനുവേണ്ടി വാദിച്ചവർ. പാർട്ടിയുടെ ഔദ്യോഗികനേതൃത്വത്തിനെതിരേയും, പാർട്ടി ഭരിച്ചിരുന്ന രണ്ട് സംസ്ഥാനങ്ങളിലെ നേതൃത്വത്തിനെതിരേയും സംഘടിച്ചു പ്രവർത്തിച്ചിരുന്നു. ഇവർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിനെ പുത്തൻ റിവിഷനിസ്റ്റുകാർ എന്ന് പറഞ്ഞ് രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ബീജിംഗ് റേഡിയോയും, ചൈനീസ് മാധ്യമങ്ങളും ഇതാണ് യഥാർത്ഥ മാർക്സിസ്റ്റ്-ലെനിനിസ്റ്റുകൾ എന്ന് പ്രഖ്യാപിച്ചു[68]. പത്രങ്ങൾ ഇവരാണ് യഥാർത്ഥ വിപ്ലവകാരികളെന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ കൊടുങ്കാറ്റു പോലെ വന്ന ഈ നക്സൽ ഗ്രൂപ്പ് പിന്നീട് നാമാവശേഷമായി. [69]

വിമർശനങ്ങളും വിവാദങ്ങളും[തിരുത്തുക]

ആന്ധ്ര അരി ഇടപാട്[തിരുത്തുക]

കേരളം, മദിരാശി,ആന്ധ്രപ്രദേശ്,മൈസൂർ എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭക്ഷ്യമേഖല കേന്ദ്രസർക്കാർ രൂപീകരിക്കുകയുണ്ടായി. ഈ മേഖലക്കുള്ളിൽ സ്വതന്ത്രവ്യാപാരം അനുവദിക്കുയും മിച്ചമുള്ള അരി കമ്മി നേരിടുന്ന സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ഒരു നയവും കേന്ദ്രസർക്കാർ ഇതിലൂടെ നടപ്പാക്കി[70]. എന്നാൽ കേന്ദ്രസർക്കാർ നിശ്ചയിച്ച നിരക്കിൽ അരി നൽകാൻ ആന്ധ്രപ്രദേശിലെ അരിയുടമകൾ തയ്യാറായില്ല. ഈ ഗൌരവമായ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ നിശ്ചയിച്ച വിലയിൽ അരി വിതരണം നടത്താൻ തങ്ങൾക്കുള്ള അധികാരം വിനിയോഗിക്കാൻ കേന്ദ്രം തയ്യാറായതുമില്ല[71]. അത്തവണത്തെ ഓണത്തിന് ഭക്ഷ്യക്ഷാമത്തെ ചെറുക്കാനായി കേരളം പൊതു ടെൻഡർ വിളിക്കാതെ ആന്ധ്രയിലെ ഒരു സ്വകാര്യ അരി കച്ചവടക്കാരനിൽ നിന്നും അരി ഇറക്കു മതി ചെയ്തു[72].

കേരളത്തിലെ വിമോചനസമരത്തിന് ഉൽപ്രേരകമായി വർത്തിച്ച ഒരു സംഭവം ആയിരുന്നു ഈ ആന്ധ്ര അരി ഇടപാട്. കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തിയ പ്രസ്തുത ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും അന്നത്തെ പ്രതിപക്ഷ എം.എൽ.എമാരും, പത്രങ്ങളും ആവശ്യപ്പെട്ടു [73]. അതനുസരിച്ച് ഹൈക്കോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് രാമൻനായർ കമ്മീഷൻ ഈ ഇടപാട് അന്വേഷിക്കാൻ തുടങ്ങി[74] . ഈ അരി ഇടപാടിൽ സംസ്ഥാനത്തിനു ഭയങ്കരമായ നഷ്ടം നേരിട്ടു എന്ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, ഈ റിപ്പോർട്ട് സർക്കാർ തള്ളിക്കളയുകയായിരുന്നു[75]. കേരളം ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു സംസ്ഥാനമായിരുന്നു. പൊതു ടെൻഡർ വിളിച്ച് അരി വാങ്ങാനുള്ള നടപടി തുടങ്ങിയാൽ അക്കൊല്ലത്തെ ഓണക്കാലം വളരെ ബുദ്ധിമുട്ടിലാകും, അതുകൊണ്ടാണ് സ്വകാര്യ കച്ചവടക്കാരനിൽ നിന്നും അരിവാങ്ങാനുള്ള തീരുമാനമെടുത്തത് എന്നുമാണ് ഈ റിപ്പോർട്ട് സ്വീകരിക്കാതിരിക്കാൻ സർക്കാർ നൽകിയ വിശദീകരണം[76].

ലോട്ടറി വിവാദം[തിരുത്തുക]

കേരളത്തിലെ പാർട്ടിയുടെ പത്രമായ ദേശാഭിമാനിക്കായി 2 കോടി രൂപ ലോട്ടറി രാജാവെന്ന് ആരോപിക്കുന്ന വ്യക്തിയിൽ നിന്നും സംഭാവന സ്വീകരിച്ചു എന്ന ആരോപണം കേരള രാഷ്ട്രീയത്തിൽ വിവാദമുണ്ടാക്കി.[77]. കടപ്പത്രത്തിന്റെ രൂപത്തിലാണ് ഈ പണം വാങ്ങിയത് എന്ന പാർട്ടി തുടക്കത്തിൽ അവകാശപ്പെട്ടെങ്കിലും, നിയമപരമായി ദേശാഭിമാനി പത്രത്തിന് ബോണ്ട് പുറത്തിറക്കാൻ കഴിയുമായിരുന്നില്ല[78]. പത്രത്തിൽ നല്കിവരുന്ന പരസ്യത്തിന്റെ തുക മുൻകൂറായി വാങ്ങിയതാണ് ഈ പണം എന്ന പാർട്ടി പിന്നീട് തിരുത്തി [78]. ഈ കേസ് വിജിലൻസ് അന്വേഷിക്കണം എന്ന പരാതിയെത്തുടർന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇ.പി.ജയരാജനെതിരേ എന്തെങ്കിലും തെളിവുകൾ കണ്ടെത്താൻ വിജിലൻസിനു കഴിഞ്ഞില്ല. മാത്രമല്ല, ദേശാഭിമാനിക്ക് കടപ്പത്രം പുറത്തിറക്കുവാൻ കഴിയുമോ എന്നത് തന്റെ അന്വേഷണപരിധിയിൽ വരുന്നതല്ല എന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പത്രത്തിന്റെ ജനറൽ മാനേജർ ആയിരുന്ന ഇ.പി. ജയരാജനെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് സ്ഥാനത്ത് തിരിച്ചെത്തി.[78] പണം തിരിച്ചു കൊടുത്തു എന്ന് പാർട്ടി അവകാശപ്പെടുകയും [അവലംബം ആവശ്യമാണ്] പോലീസ് കേസുകൾ ഒന്നും ഇല്ലാതെ വിവാദം അവസാനിക്കുകയും ചെയ്തു.

മഅദനിയുമായുള്ള സഖ്യം[തിരുത്തുക]

ദക്ഷിണേന്ത്യയിലെ നിരവധി ബോംബ്‌ സ്ഫോടനങ്ങളിൽ പങ്കുണ്ട് എന്നാരോപിക്കപ്പെടുന്ന അബ്ദുൾ നാസർ മദനിയുമായി 2009 ലോക സഭാ തിരഞ്ഞെടുപ്പിൽ മുന്നണിയിലെ കമ്യൂണിസ്റ്റ് സഖ്യകക്ഷികളുടെ എതിർപ്പുകൾ അവഗണിച്ച് രാഷ്ട്രീയ നീക്കുപോക്കിന് തയ്യാറായതും, മദനിയുമായി കേരള സംസ്ഥാന പാർട്ടി സെക്രട്ടറി വേദി പങ്കിട്ടതും വിവാദമായി.[79][80]. ആ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സഖ്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. എന്നാൽ പി.ഡി.പി.യുമായുള്ള സഖ്യത്തെ ന്യായീകരിച്ചുകൊണ്ട് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കൾ രംഗത്തെത്തി. ഒമ്പതു കൊല്ലത്തെ ജയിൽവാസം മദനിയിൽ മാറ്റങ്ങൾ വരുത്തിയെന്നും, അദ്ദേഹം മതേതരത്വത്തിന്റെ വക്താവാണെന്നുമാണ് പോളിറ്റ് ബ്യൂറോ അംഗവും, മുതിർന്ന സി.പി.എം നേതാവുമായി എസ്.രാമചന്ദ്രൻപിള്ള പറഞ്ഞത് [81]. പ്രാദേശികമായി ശക്തമായ സംഘടനയിലുള്ള നേതാക്കളുമായി സഖ്യം ഉണ്ടാക്കുന്നത് പ്രാദേശിക ഘടകത്തിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു [81]. പി.ഡി.പിയുമായി യാതൊരു സഖ്യവുമില്ല എന്നാണ് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞത് [82].

നന്ദിഗ്രാം പ്രശ്നം[തിരുത്തുക]

2007-ൽ പശ്ചിമ ബംഗാളിലെ നന്ദിഗ്രാം എന്ന സ്ഥലത്ത് സി.പി.എം സർക്കാർ, സ്ഥലം ഏറ്റെടുക്കൽ തടയാൻ ശ്രമിച്ച ജനങ്ങളും സി.പി.എം പ്രവർത്തകരും തമ്മിൽ അക്ക്രമങ്ങൾ അരങ്ങേറി.[83]. ജനങ്ങൾക്ക്‌ നേരെ പോലീസ് വെടി വക്കുകയും 14 പേർ കൊല്ലപ്പെടുകയും 70 നുമേൽ ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.[84] പാർട്ടി പ്രവർത്തകർ കൊലപാതകങ്ങളും ബലാൽസംഗങ്ങളും നടത്തിയതായി ആരോപണങ്ങൾ ഉയർന്നു.[85][86] പോലീസിനെയും പാർട്ടിപ്രവർത്തകരെയും നേരിടാൻ ബി.യു.പി.സി. എന്ന പേരിലുള്ള സംഘടനയ്ക്ക് ആയുധങ്ങൾ നൽകിയത് തങ്ങളായിരുന്നെന്ന് മാവോയിസ്റ്റ് നേതാവ് കിഷൻജി പിന്നീട് വെളിപ്പെടുത്തി.[അവലംബം ആവശ്യമാണ്]

ഇന്ത്യയിലെ കാർ കമ്പനിയായ ടാറ്റയുടെ പുതിയ നിർമ്മാണശാലക്ക് പശ്ചിമ ബംഗാൾ സി.പി.എം സർക്കാർ സിങ്കൂർ എന്ന സ്ഥലത്ത് 2008-ൽ സ്ഥലം ഏറ്റെടുത്ത് നൽകാൻ ശ്രമിച്ചതും തുടർന്ന് ജനങ്ങൾ നടത്തിയ ചെറുത്തുനിന്നതും സി.പി.എം പ്രവർത്തകർ അക്ക്രമങ്ങളും ബലാൽസംഗവും നടത്തിയതായി ആരോപണം ഉയർന്നതും വിവാദമായിരുന്നു.[87] തുടർന്ന് ടാറ്റ ആ ഉദ്യമം ഉപേക്ഷിക്കുകയും നിർമ്മാണശാല ഗുജറാത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.

എസ്.എൻ.സി. ലാവലിൻ വിവാദം[തിരുത്തുക]

പ്രധാന ലേഖനം: ലാവലിൻ കേസ് (കേരളം)

പള്ളിവാസൽ,പന്നിയാർ, ചെങ്കുളം, എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കാനഡയിലെ എസ്.എൻ.സി ലാവ്ലിൻ എന്ന കമ്പനിയുമായി നടത്തിയ കരാറിൽ സാമ്പത്തി ക്രമക്കേട് നടന്നു എന്നതായിരുന്നു ഈ വിവാദത്തിനു കാരണമായത്. കേരളത്തിലെ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട കേസിൽ ഒൻപതാം പ്രതിയാവുകയും അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു[88] . ഈ കേസിന്മേൽ ഗവർണ്ണറോട് പിണറായി വിജയനെതിരെയുള്ള വിചാരണ തടയാൻ സി.പി.എം സർക്കാർ ആവശ്യപ്പെട്ടതും ഗവർണ്ണർ അത് തള്ളിക്കളഞ്ഞതും വിവാദമായിരുന്നു. നിരവധി രാഷ്ട്രീയക്കാർ ഉൾപ്പെട്ട ഒരു വിവാദമായിരുന്നു ലാവ്ലിൻ കേസ്. മുൻപത്തെ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്ന സി.വി.പദ്മാരാജനാണ് ലാവ്ലിൻ കമ്പനിയുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയത്. [89][90].എന്നാൽ 2013 നവംബർ അഞ്ചിന് ഈ കേസ് നിയമപരമായി നിലനില്ക്കുന്നതല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് പിണറായി വിജയൻ ഉൾപ്പെടെയുള്ള ഏഴുപ്രതികളെ വെറുതെ വിടുകയും കേസ് തള്ളിക്കളയുകയും ചെയ്തു.[91]

രാഷ്ട്രപതി തിരഞ്ഞെടുപ്പ്[തിരുത്തുക]

2012 ൽ ഇന്ത്യൻ രാഷ്ട്രപതിയെ തിരഞ്ഞടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ചില വിമർശനങ്ങളെ നേരിടുകയുണ്ടായി. 2012 ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രധാനമായി രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു. കോൺഗ്രസ്സ് പിന്തുണയ്ക്കന്ന പ്രണബകുമാർ മുഖർജിയും, ബി.ജെ.പിയുടെ പിന്തുണയുള്ള പി.എ.സാംഗ്മയും. സി.പി.എമ്മിന്റെ പിന്തുണ പ്രണബ് മുഖർജിക്കായിരുന്നു. കോൺഗ്രസ്സ് നേതാവിന് സി.പി.എം പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ ഉയരുകയുണ്ടായി. എന്നാൽ പാർട്ടിനേതൃത്വം വ്യക്തമായ ന്യായീകരണങ്ങളുമായി അത്തരം വിവാദങ്ങളുടെയെല്ലാം മുന ഒടിച്ചു.

ബഹുജന സംഘടനകൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 • ^ക ഇറങ്ങിപ്പോയ 32 പേരുടെ പേരുകൾ.

അവലംബങ്ങൾ[തിരുത്തുക]

 1. "പതിനഞ്ചാം ലോക് സഭാ അംഗങ്ങളുടെ ജീവചരിത്രം". ലോക സഭ സെക്രട്ടറിയേറ്റ്. ശേഖരിച്ചത്: 10 ജനുവരി 2012.
 2. "ഓർഡിനൻസ് അൺകോൺസ്റ്റിറ്റ്യൂഷനൽ: സി.പി.ഐ(എം)". ദ ഹിന്ദു. 2011-06-11. ശേഖരിച്ചത്: 2012-01-10.
 3. 3.0 3.1 3.2 സി.പി.ഐ(എം) രൂപവത്കരണം സി.പി.ഐ(എം) പശ്ചിമബംഗാൾ ഔദ്യോഗിക വെബ് ഇടത്തിൽ നിന്നും ശേഖരിച്ചത്
 4. 4.0 4.1 "എബൗട്ട് അസ്". കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). ശേഖരിച്ചത്: 27 ഡിസംബർ 2011.
 5. ഹിമാൻഷി ധവാൻ (18 ഓഗസ്റ്റ് 2010). "വിത്ത് റുപീസ് 497 ക്രോർ, കോൺഗ്രസ്സ് ഈസ് റിച്ചസ്റ്റ് പാർട്ടി". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത്: 27 ഡിസംബർ 2011.
 6. "ലീഡർഷിപ്പ്". കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). ശേഖരിച്ചത്: 27 ഡിസംബർ 2011.
 7. "യെച്ചൂരി സെക്രട്ടറി; 16 അംഗ പിബി". ദേശാഭിമാനി. ശേഖരിച്ചത്: 19 ഏപ്രിൽ 2015.
 8. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്1989 പുതുവത്സരദിനം - പുറം 11
 9. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്1989 പുതുവത്സരദിനം - പുറം 10
 10. 10.0 10.1 "സി.പി.ഐ.(എം) പാർടി പരിപാടി". കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കേരള സംസ്ഥാന കമ്മിറ്റി. ശേഖരിച്ചത്: 27 ഡിസംബർ 2011.
 11. ബിനോയ് വിശ്വം (10 ജനുവരി 2012). "സി.പി.ഐ.പരിപാടി പുതുക്കുമ്പോൾ". ജനയുഗം. ശേഖരിച്ചത്: 10 ജനുവരി 2012.
 12. 12.0 12.1 12.2 12.3 12.4 12.5 12.6 12.7 കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ - സി. ഭാസ്കരൻ
 13. "സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സ്". സി.പി.ഐ(എം) കേരള സംസ്ഥാന കമ്മിറ്റി. ശേഖരിച്ചത്: 11 ജനുവരി 2012.
 14. ബി.ആർ.പി. ഭാസ്കർ (16 നവംബർ 2004). "നമ്പൂതിരിപ്പാട് റൈറ്റിംഗ്സ്". ദ ഹിന്ദു. ശേഖരിച്ചത്: 11 January 2012. ഇന്തോ ചൈന യുദ്ധവും, പാർട്ടിയിലെ പിളർപ്പും.
 15. "ഹിസ്റ്ററി ഓഫ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)". ഇന്ത്യ വോയ്സ്. 16 മാർച്ച് 2009. ശേഖരിച്ചത്: 10 ജനുവരി 2012.
 16. 16.0 16.1 കൽക്കട്ടയിലെ ട്രാം സർവീസ് നിരക്കു വർദ്ധനക്കെതിരേയുള്ള സമരം പശ്ചിമബംഗാൾ സംസ്ഥാനകമ്മറ്റിയുടെ ഔദ്യോഗിക വെബ് വിലാസം
 17. എം.വി.എസ് കോടീശ്വര റാവു കമ്മ്യൂണിസ്റ്റ് പാർട്ടീസ് ആന്റ് യുണൈറ്റഡ് ഫ്രണ്ട്- എക്സ്പീരിയൻസ് ഇൻ കേരള & വെസ്റ്റ് ബംഗാൾ. ഹൈദരാബാദ്: പ്രജാശക്തി ബുക്ക് ഹൗസ്, 2003. പുറം. 17-18
 18. എം.വി.എസ് കോടീശ്വര റാവു കമ്മ്യൂണിസ്റ്റ് പാർട്ടീസ് ആന്റ് യുണൈറ്റഡ് ഫ്രണ്ട്- എക്സ്പീരിയൻസ് ഇൻ കേരള & വെസ്റ്റ് ബംഗാൾ. ഹൈദരാബാദ്: പ്രജാശക്തി ബുക്ക് ഹൗസ്, 2003. പുറം.234-235
 19. നക്സൽബാരിയുടെ ഉദയം സി.പി.ഐ(എം.എൽ) ഔദ്യോഗിക വിലാസത്തിൽ നിന്നും ശേഖരിച്ചത്
 20. ചാരുമജൂംദാർ സി.പി.ഐ(എം.എൽ) ഔദ്യോഗിക വിലാസത്തിൽ നിന്നും ശേഖരിച്ചത് 2001 ഒക്ടോബർ
 21. ഇന്ത്യയിലെ വിപ്ലവമുന്നേറ്റങ്ങളുടെ രീതി എന്തായിരിക്കണം എന്നതിനെക്കുറിച്ച് 5 ജൂലൈ 1967 ൽ പീപ്പിൾസ് ഡെയിലിയിൽ വന്ന വാർത്ത അഞ്ചാമത്തെ ഖണ്ഡിക നോക്കുക - മാർക്സിസ്റ്റ്.ഓർഗ് പുനപ്രസിദ്ധീകരിച്ചത്
 22. 22.0 22.1 എ.ഐ.സി.സി.ആർ രൂപീകരണം കസമപ്രൊജക്ടിൽ നിന്നും ശേഖരിച്ചത് - തീയതി ജൂലൈ 28, 2011
 23. ഡാർജിലിംഗ് നക്സൽബാരി മുന്നേറ്റം ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം - ശേഖരിച്ചത് - മെയ് 9,2003
 24. 24.0 24.1 എ.പി.സി.സി.സി.ആർ രൂപീകരണം സി.പി.ഐ(എം) ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത് - കറന്റ് സ്റ്റേറ്റ് ഓഫ് നക്സലിസം എന്ന ഭാഗം വായിക്കുക
 25. ജനകീയജനാധിപത്യം സി.പി.ഐ(എം) പാർട്ടി രേഖ സി.പി.ഐ(എം) വെബ് ഇടത്തിൽ നിന്നും ശേഖരിച്ചത്
 26. 26.0 26.1 ഗോവിന്ദപിള്ള, പി. ഹിസ്റ്ററി ആന്റ് സിഗ്നിഫിക്കൻസ് ഓഫ് കമ്മ്യൂണിസ്റ്റ് ലെഡ് ഗവൺമെന്റ് ഇൻ കേരള (PDF). എ.കെ.ജി.സെന്റർ ഫോർ റിസർച്ച് സ്റ്റഡീസ്. p. 5.
 27. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 119.
 28. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 120–122.
 29. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 138.
 30. ജോയ് ചാറ്റർജി 2007. പുറം. 311.
 31. ജോയ്, ചാറ്റർജി (2007). ദ സ്പോയിൽസ് ഓഫ് പാർട്ടിഷൻ, ബംഗാൾ & ഇന്ത്യ. ന്യൂയോർക്ക്: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 311. ISBN 978-0521-87536-3.
 32. 32.0 32.1 ദളിത് തൊഴിലാളികൾ ജീവനോടെ ചുട്ടുകരിക്കപ്പെട്ടു ഫ്രണ്ട്ലൈൻ - ലക്കം 12- ജൂൺ 2000
 33. 33.0 33.1 1969ലെ ഐക്യമുന്നണി സർക്കാരിന്റെ രാജി കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
 34. 34.0 34.1 സി.ഐ.ടി.യു ഭരണഘടന - ലക്ഷ്യങ്ങൾ സി.ഐ.ടി.യുവിന്റെ ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
 35. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരം ബി.ബി.സി.വാർത്ത-ശേഖരിച്ചത് 16 ഡിസംബർ 2011
 36. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 144.ഇന്ത്യ-ചൈന യുദ്ധവും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും
 37. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 144–145.ഇന്ത്യ-ചൈന യുദ്ധവും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും
 38. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 145.ഇന്ത്യ-ചൈന യുദ്ധവും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും
 39. "സി.പി.ഐ.(എം) പാർടി പരിപാടി". കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കേരള സംസ്ഥാന കമ്മിറ്റി. ശേഖരിച്ചത്: 27 ഡിസംബർ 2011.
 40. 40.0 40.1 "സി.പി.ഐ.(എം) ഭരണഘടന" (PDF). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)- പേജ് രണ്ട് - ആർട്ടിക്കിൾ രണ്ട് - ലക്ഷ്യം. ശേഖരിച്ചത്: 27 ഡിസംബർ 2011.
 41. പാർട്ടി അംഗങ്ങളുടെ എണ്ണം സി.പി.ഐ(എം) ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും - ശേഖരിച്ചത് ഏപ്രിൽ 03, 2005
 42. "സി.പി.ഐ.(എം) ഭരണഘടന" (PDF). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)- പേജ് രണ്ട് - ആർട്ടിക്കിൾ രണ്ട് - ലക്ഷ്യം. ശേഖരിച്ചത്: 27 ഡിസംബർ 2011.
 43. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (28 ഡിസംബർ 2011). "നോട്ടിഫിക്കേഷൻ ബൈ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ" (PDF). ഗസറ്റ് ഓഫ് ഇന്ത്യ. ശേഖരിച്ചത്: 11 ജനുവരി 2012.
 44. സി.പി.ഐ(എം) ഭരണഘടന - ലെവി നിർവചനം-ആർട്ടിക്കിൾ പത്ത് സി.പി.ഐ(എം) ഔദ്യോഗിക വെബ് ഇടത്തിൽ നിന്നും ശേഖരിച്ചത്
 45. സി.പി.ഐ(എം) ഭരണഘടന - ലെവി നിരക്ക് - ആർട്ടിക്കിൾ പത്ത് (ഒന്ന്) സി.പി.ഐ(എം) ഔദ്യോഗിക വെബ് ഇടത്തിൽ നിന്നും ശേഖരിച്ചത്
 46. "Members of PB – 7th to 19th Congress | Communist Party of India (Marxist)". Cpim.org. ശേഖരിച്ചത്: 20 December 2012.
 47. "CPI (M) Website". ശേഖരിച്ചത്: 9 October 2012.
 48. 48.0 48.1 പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് 1967 സി.പി.ഐ(എം) പശ്ചിമബംഗാൾ ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
 49. 1967 പശ്ചിമബംഗാൾ തിരഞ്ഞെടുപ്പു വിവരങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ
 50. 1967 ലെ കേരള തിരഞ്ഞെടുപ്പു ഫലം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ
 51. 1969 ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പു ഫലം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ
 52. 1970 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പു ഫലം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ
 53. 1967ലെ തിരഞ്ഞെടുപ്പു ഫലം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ - പേജ് 78 നോക്കുക
 54. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ , 1971 ലെ തിരഞ്ഞെടുപ്പു ഫലം പേജ് 79 നോക്കുക
 55. "റൈറ്റ് എബൗട്ട് ടേൺ!". മാർക്സിസ്റ്റ്.ഓർഗ്.
 56. 56.0 56.1 സുഹ്രിദ് ശങ്കർ ചതോപധ്യായ് (2010-04-10). "എൻഡ് ഓഫ് എ റെവല്യൂഷൻ". ഫ്രണ്ട്ലൈൻ. ശേഖരിച്ചത്: 2011-12-21.
 57. "ഹൗ ഡിഡ് ഔവർ പാർട്ടി ഇവോൾവ്?". സി.പി.ഐ(എം.എൽ). 1993-05-11. ശേഖരിച്ചത്: 2012-01-11.
 58. ചരിത്രപരമായ വിഡ്ഢിത്തത്തെക്കുറിച്ച് ബസുടെലഗ്രാഫ് - ശേഖരിച്ചത് 17 ജനുവരി 2010
 59. രാഷ്ട്രീയവിഡ്ഢിത്തത്തെ എതിർത്തവർ ന്യൂനപക്ഷമായിരുന്നു ഇന്ത്യൻ എക്സപ്രസ്സ് ദിനപത്രം -18 ജനുവരി 2010
 60. ഇ.എം.എസ്, നമ്പൂതിരിപ്പാട് (2010). എന്റെ ഫ്രണ്ട്ലൈൻ വർഷങ്ങൾ. ISBN 978-81-87496-93-9.
 61. ചന്ദ്രിക, സിങ് (1987). കമ്മ്യൂണിസ്റ്റ് ആന്റ് സോഷ്യൽ മൂവ്മെന്റ് ഇൻ ഇന്ത്യ. ഇന്ത്യ: മിത്തൽ പബ്ലിഷേഴ്സ്. p. 198. ISBN 81-7099-031-9.
 62. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 142. ഖണ്ഡിക 4
 63. ഇ.എം.എസ് നമ്പൂതിരിപ്പാട് ; ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998;ചിന്ത പബ്ലിഷേഴ്സ് ; കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് എന്ന അദ്ധ്യായം
 64. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 170. ഖണ്ഡിക 3
 65. 65.0 65.1 പതിനാലാം പാർട്ടികോൺഗ്രസ്സ് അംഗീകരിച്ച പ്രമേയം പാർട്ടിയുടെ ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും - പ്രമേയം 30 നോക്കുക
 66. ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌; ഫ്രണ്ട്ലൈൻ 1992 മാർച്ച് 14
 67. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്നക്സലൈറ്റുകളും ചൈനീസ് പാർട്ടിയും - പുറം 295
 68. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്നക്സലൈറ്റുകളും ചൈനീസ് പാർട്ടിയും - പുറം 297
 69. ഇ.എം.എസ് നമ്പൂതിരിപ്പാട് ; ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ; അദ്ധ്യായം 13
 70. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്അരിയുടെ രാഷ്ട്രീയം - പുറം 248
 71. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്അരിയുടെ രാഷ്ട്രീയം - പുറം 249
 72. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്അരിയുടെ രാഷ്ട്രീയം - പുറം 252
 73. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 131.കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലേക്ക്
 74. ജസ്റ്റീസ്.പി.ടി.രാമൻ നായർ ദ ഹിന്ദു ദിനപത്രം - ശേഖരിച്ചത് 26 മെയ് 2010
 75. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 132.കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലേക്ക്
 76. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 132.കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലേക്ക്
 77. കേരളത്തിലെ ലോട്ടറി വിവാദം ദ ഹിന്ദു ദിനപത്രം - ശേഖരിച്ചത്, ജൂലൈ 3 2008
 78. 78.0 78.1 78.2 ഇ.പി.ജയരാജനെ ദേശാഭിമാനി ജനറൽ മാനേജറായി തിരിച്ചെടുത്തു ഇന്ത്യൻ എക്സ്പ്രസ്സ് - ശേഖരിച്ചത്, 11 ജൂൺ 2008
 79. സി.പി.എമ്മും പി.ഡി.പിയുമായുള്ള ബന്ധം ടെലിഗ്രാഫ് ദിനപത്രം - ശേഖരിച്ചത് 14 ഏപ്രിൽ 2009
 80. സി.പി.എം സംസ്ഥാന സെക്രട്ടറി, പി.ഡി.പി. നേതാവുമായി വേദി പങ്കിടുന്നു റിഡിഫ് വാർത്ത - ശേഖരിച്ചത് - 1 ഏപ്രിൽ 2009
 81. 81.0 81.1 മദനിയുമായി വേദി പങ്കിട്ടതിൽ തെറ്റില്ല - പോളിറ്റ് ബ്യൂറോ അംഗം ദ ഹിന്ദു ദിനപത്രം - ശേഖരിച്ചത് 31 മാർച്ച് 2009
 82. കേരളത്തിൽ പി.ഡി.പിയുമായി, സി.പി.എമ്മിന് യാതൊരു സഖ്യവുമില്ല - പ്രകാശ് കാരാട്ട് ഇന്ത്യടുഡേ ദിനപത്രം - ശേഖരിച്ചത് - 29 മാർച്ച് 2009
 83. ഡോ.അശോക് മിത്ര (മുൻ സാമ്പത്തിക വകുപ്പ് മന്ത്രി) ഓൺ നന്ദിഗ്രാം
 84. "റെഡ്-ഹാൻഡ് ബുദ്ധ: 14 കിൽഡ് ഇൻ നന്ദിഗ്രാം റീഎൻട്രി ബിഡ്". ദി ടെലഗ്രാഫ്. 15 മാർച്ച് 2007. ശേഖരിച്ചത്: 2007-03-15.
 85. നന്ദിഗ്രാം ബലാൽസംഗത്തിന് ഇരകളായവർക്ക് നഷ്ടപരിഹാരം സ്റ്റേറ്റ്സ്മാൻ ദിനപത്രം - ശേഖരിച്ചത് 8 ഓഗസ്റ്റ് 2010
 86. നന്ദിഗ്രാം കേസുകൾ സി.ബി.ഐ അന്വഷിക്കുന്നു ഐ.ബി.എൻ ലൈവ് - ശേഖരിച്ചത് 19 ഡിസംബർ 2007
 87. നന്ദിഗ്രാം വിവാദം ഐ.ബി.എൻ ലൈവ്
 88. ലാവ്ലിൻ കേസ് ഇന്ത്യൻ എക്സ്പ്രസ്സ് - ശേഖരിച്ചത് 22 ജനുവരി 2009
 89. ലാവ്ലിൻ കേസ് പിണറായി വിജയന്റെ ഹർജി സുപ്രീംകോടതി തള്ളി മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 31 മാർച്ച് 2011
 90. പിണറായി വിജയൻ കുറ്റക്കാരനെന്ന് സി.ബി.ഐ ഇക്കണോമിക്സ് ടൈംസ് ശേഖരിച്ചത് 22 ജനുവരി 2009
 91. http://www.asianetnews.tv/top-news/20584-lavalin-case-dateline

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • ജോയ്, ചാറ്റർജി (2007). ദ സ്പോയിൽസ് ഓഫ് പാർട്ടിഷൻ, ബംഗാൾ & ഇന്ത്യ. ന്യൂയോർക്ക്: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 978-0521-87536-3.
 • ഇ.എം.എസ്, നമ്പൂതിരിപ്പാട് (2010). ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998. ഇന്ത്യ,കേരളം: ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0522-9.
 • സുർജിത്കുമാർ, ദാസ്ഗുപ്ത (1992). വെസ്റ്റ് ബംഗാൾസ് ജ്യോതി ബസു - എ പൊളിറ്റിക്കൽ പ്രൊഫൈൽ. ഇന്ത്യ: ഗ്യാൻ ബുക്സ്. ISBN 81-212-0420-8.
 • ഇ.എം.എസ്, നമ്പൂതിരിപ്പാട് (2008). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും. ഇന്ത്യ: ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0189-4.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]